SignIn
Kerala Kaumudi Online
Thursday, 25 April 2024 11.26 AM IST

പ്രധാനമന്ത്രി പോലും കാതോർത്ത വാക്കുകൾ

varkala-radhakrishnan

ഒരു ജീവിതം ധന്യമായിത്തീരുന്നത് അന്യജീവനുതകി സ്വജീവിതം സമർപ്പിക്കപ്പെടുമ്പോഴാണ്. അത്തരത്തിൽ സമർപ്പിക്കപ്പെട്ട ധന്യമായ ജീവിതത്തിനുടമയായിരുന്നു വർക്കല രാധാകൃഷ്ണൻ. ലളിതമായ ജീവിതശൈലിയും യാഥാർത്ഥ്യബോധവും ആദർശാധിഷ്ഠിതമായ ജീവിതാഭിമുഖ്യവുമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ സവിശേഷമാക്കിയത്. ആരോടും വിദ്വേഷമില്ലാത്ത, എല്ലാവരോടും സൗഹൃദം പങ്കിടുന്ന അദ്ദേഹത്തിന്റെ പ്രകൃതം പൊതുപ്രവർത്തകർക്ക് എന്നും മാതൃകയായിരിക്കേണ്ടതാണ്. ആ ധന്യജീവിതത്തിന് തിരശ്ശീലവീണിട്ട് ഇന്ന് ഒരു വ്യാഴവട്ടം പൂർത്തിയാകുന്നു.

വർക്കല മുണ്ടയിൽ ആർ. വാസുദേവന്റെയും ജി. ദാക്ഷായണിയുടെയും സീമന്തപുത്രനായി 1927ൽ ആയിരുന്നു രാധാകൃഷ്ണന്റെ ജനനം. പ്രമുഖ സംസ്ക‌ൃത പണ്ഡിതനും ശ്രീനാരായണ ഗുരുവിന്റെ സതീർത്ഥ്യനും കുമാരനാശാന്റെ ഗുരുവുമായിരുന്ന മണമ്പൂർ ഗോവിന്ദനാശാൻ വർക്കലയുടെ പിതാമഹനാണ്. ഗുരുദേവന്റെ അനുഗ്രഹാശിസുകൾ നുകരാൻ ഭാഗ്യം സിദ്ധിച്ച പുണ്യശാലിയായിരുന്നു രാധാകൃഷ്ണൻ. ഗുരുദേവനാണ് തനിക്ക് .അന്നപ്രാശനം നടത്തിയതെന്ന് പൊതുവേദികളിൽ അദ്ദേഹം പറഞ്ഞിരുന്നു.

സ്‌കൂൾ വിദ്യാഭ്യാസം ആർ. ശങ്കർ പ്രഥമാദ്ധ്യാപകനായ ശിവഗിരി സ്‌കൂളിലും സെക്കൻഡറി വിദ്യാഭ്യാസം നടരാജഗുരു പ്രധാനാദ്ധ്യാപകനായ നെടുങ്കണ്ട ശ്രീനാരായണ വിലാസം ഹൈസ്കൂളിലുമാണ് പൂർത്തിയാക്കിയത്. തദവസരത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തു. കോളേജ് വിദ്യാഭ്യാസം ആലുവ യു.സി കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായി പൂർത്തിയാക്കി. അവർണരുടെ സഞ്ചാരസ്വാതന്ത്ര്യ‌ത്തിനു വേണ്ടിയുള്ള പാലിയം സത്യാഗ്രഹത്തിൽ പങ്കെടുത്തു. പിന്നീട് എറണാകുളം ലോ കോളേജിൽ നിന്നും നിയമബിരുദം നേടി അഭിഭാഷകവൃത്തിയിലേക്കും തുടർന്ന് സജീവ രാഷ്ട്രീയത്തിലേക്കും പ്രവേശിച്ചു.

1953ൽ ആദ്യമായി വർക്കല പഞ്ചായത്ത് രൂപീകൃതമായ വേളയിൽ പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി. പത്തുവർഷം തത്‌സ്ഥാനത്ത് തുടരുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനുശേഷം സി.പി.എം രൂപീകൃതമായ വേളയിൽ 1965ൽ നടന്ന തിരഞ്ഞെടുപ്പിൽ വർക്കല നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചുകൊണ്ടാണ് വർക്കല തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവന്നത്. തുടർച്ചയായ നാല് തിരഞ്ഞെടുപ്പ് പരാജയങ്ങൾക്കു ശേഷം 1980ൽ ജി. കാർത്തികേയനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ വർക്കല പിന്നീട് നാലുവട്ടം നിയമസഭാ സാമാജികനായി മാതൃകാപരമായ പ്രകടനം കാഴ്ചവച്ചു. രണ്ടാം നായനാർ മന്ത്രിസഭയിൽ നിയമസഭാ സ്പീക്കറായി തിളക്കമാർന്ന പ്രകടനമാണ് നടത്തിയത്. അഴിമതിനിരോധന നിയമം പാസാക്കാനായി 24 മണിക്കൂർ തുടർച്ചയായി സഭ സമ്മേളിച്ച് ചരിത്രം കുറിച്ചത് വർക്കല സഭാനാഥനായിരുന്ന അവസരത്തിലാണ്.

നിയമസഭയിലും ലോക്‌സഭയിലും അദ്ദേഹം നടത്തിയിട്ടുള്ള പ്രസംഗങ്ങൾ കേവലം രാഷ്ട്രീയ പ്രസംഗങ്ങൾ മാത്രമായിരുന്നില്ല. അറിയാനും അറിയിക്കാനുമുള്ള വിജ്ഞാനപ്രദമായ വാമൊഴികളായിരുന്നു അവ. ഇന്ത്യൻ പ്രധാനമന്ത്രി പോലും അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു. തനിക്കു ശരിയെന്നു വിശ്വാസമുള്ള കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്‌ചയ്ക്കും അദ്ദേഹം ഒരുക്കമായിരുന്നില്ല. നല്ലൊരു പാർലമെന്റേറിയനായിരുന്ന അദ്ദേഹത്തിന് രാഷ്ട്രീയവും ജീവിതവും വെവ്വേറെയായിരുന്നില്ല. അദ്ദേഹത്തിലെ കമ്മ്യൂണിസ്റ്റുകാരനും ശ്രീനാരായണീയനും നിഴലും നിലാവും പോലെ ഒന്നിനോടൊന്ന് പാരസ്പര്യപ്പെട്ടാണ് നിലനിന്നിരുന്നത്.

വ്യക്തിജീവിതത്തിൽ വർക്കലയ്ക്ക് താങ്ങും തണലുമായിരുന്നത് സഹധർമ്മിണി പ്രൊഫ. സൗദാമിനിയായിരുന്നു. റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഒഫ് കൊളീജിയറ്റ് എഡ്യൂക്കേഷൻ ആയിരുന്ന പ്രൊഫ. സൗദാമിനി 1994-ൽ ആകസ്മികമായി ലോകത്തോട് വിടപറഞ്ഞത് വർക്കലയ്‌ക്ക് വ്യക്തിപരമായി നികാത്താനാവാത്ത നഷ്ടമായിരുന്നു. ഹരി, ശ്രീലത, ജയശ്രീ എന്നിവരാണ് മക്കൾ.

രാഷ്ട്രീയ പ്രതിയോഗികൾക്കുപോലും ആദരണീയനായ രാഷ്ട്രീയക്കാരൻ, ശക്തനായ പാർലമെന്റേറിയൻ, ജാതി മതഭേദങ്ങൾക്കും രാഷ്ട്രീയ വൈരങ്ങൾക്കും അനീതമായി മനുഷ്യനെ മനുഷ്യനായി കണ്ട ശ്രീനാരായണീയൻ, ആദർശശുദ്ധിയുടെ കാര്യത്തിൽ ജീവിതത്തെ ക്രമബദ്ധമാക്കിയ വിപ്ളവകാരി, വിദ്വേഷവും അഹന്തയുമില്ലാത്ത സൗമ്യനായ പരോപകാരി, നിയമജ്ഞൻ തുടങ്ങി വിശേഷണങ്ങൾ നിരവധി ചാർത്താം വർക്കല രാധാകൃഷ്ണന്. അദ്ദേഹത്തിന്റെ പന്ത്രണ്ടാം ചരമവാർഷികദിനമായ ഇന്ന് ആ പാവന സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

( വർക്കല രാധാകൃഷ്ണൻ ഫൗണ്ടേഷൻ ചെയർമാനാണ് ലേഖകൻ ഫോൺ: 94470 26933 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARKALA RADHAKRISHNAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.