SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.29 PM IST

'വർക്കല മാമൻ' എന്റെ ഓർമ്മയിൽ

varkala-radhakrishnan

മുതിർന്ന പാർലമെന്റേറിയൻ

വർക്കല രാധാകൃഷ്‌ണന്റെ

ഓർമ്മകൾക്ക് 12 വയസ്സ്

.............................................

സോമനാഥ് ചാറ്റർജി ലോക്‌സഭാ സ്പീക്കർ ആയിരിക്കവേ അദ്ദേഹത്തിന് നിയന്ത്രിക്കാൻ വല്ലാതെ വിഷമിക്കേണ്ടിവന്ന പാർലമെന്റംഗമായിരുന്നു വർക്കല രാധാകൃഷ്ണൻ. സഭ നിയന്ത്രിക്കുന്ന ''പാനൽ ഓഫ് ചെയർമെൻ'' അംഗമെന്ന നിലയിൽ സ്പീക്കറുടെ കസേരയിൽ ഇരിക്കുമ്പോൾ വർക്കല കണിശക്കാരനും, ലോക്‌സഭാംഗത്തിന്റെ കസേരയിലിരിക്കുമ്പോൾ ഒന്നിനും വഴങ്ങാത്ത മെമ്പറുമായിരുന്നു. ഒരിക്കൽ സോമനാഥ് ചാറ്റർജി വർക്കലയോട് ''മിസ്റ്റർ വർക്കല രാധാകൃഷ്ണൻ, you are a good speaker but you may not be a good parliamentarian.'' എന്ന് പറഞ്ഞപ്പോൾ '' ഉടൻ വർക്കല തിരിച്ചടിച്ചു ''Sir, you may be a good Parliamentarian, but not a good speaker; I mean in the chair.'' ഉരുളക്ക് ഉപ്പേരി പോലെ ചിരിച്ചുകൊണ്ട് മറുപടി പറയാൻ അദ്ദേഹത്തിന്റെ ധൈര്യം അപാരമായിരുന്നു.

11 വർഷം ചിറയിൻകീഴ് ലോക്‌സഭാ മണ്ഡലത്തിന്റെ എം.പിആയിരുന്നു. പ്രിവിലേജസ് കമ്മിറ്റി, നിയമം-നീതിന്യായ സ്റ്റാൻഡിങ് കമ്മിറ്റി, ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗമെന്ന നിലയിലും 12, 13, 14 ലോക്‌സഭകളിൽ അദ്ദേഹം അസൂയാവഹമായ പ്രവർത്തനം കാഴ്ചവച്ചു. ലാളിത്യവും പാണ്ഡിത്യവും ഒത്തിണങ്ങിയ വ്യക്തിത്വം. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലായിരുന്നു.

വിവരാവകാശനിയമം വെള്ളം ചേർക്കാതെ പാസാക്കപ്പെട്ടതിൽ വർക്കലയുടെ കഠിനാദ്ധ്വാനമുണ്ട്. വനിതാസംവരണ ബില്ലിന്റെ കരട് രൂപം തയ്യാറാക്കാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും തെളിവുകൾ ശേഖരിച്ച പാർലമെന്ററിസമിതിയിൽ പ്രമുഖ പങ്കുവഹിച്ചു. സംസ്ഥാന തലസ്ഥാനങ്ങളിൽ ഹൈക്കോടതി ബെഞ്ചുകൾ സ്ഥാപിക്കാൻ അവസാനനാളുകൾ വരേയും അക്ഷീണം യത്നിക്കുകയുണ്ടായി. കേരളത്തിൽ നിന്നുള്ള വിമാനയാത്രക്കാരോടും തീവണ്ടി യാത്രക്കാരോടുമുള്ള അവഗണനയ്‌ക്കെതിരെ എം.പി.യെന്ന നിലയിൽ വർക്കല രാധാകൃഷ്ണന്റെ ഫലപ്രദമായ ഇടപെടലുകൾക്ക് കേരളം കടപ്പെട്ടിരിക്കുന്നു.

ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കവെ, ഒരു തീവണ്ടിയ്ക്ക് തന്റെ മണ്ഡലത്തിൽ സ്റ്റോപ്പനുവദിക്കാൻ കുളിമുറിയുടെ വാതിൽക്കൽ വരെ അദ്ദേഹം ചെന്നുമുട്ടിയത് ലാലു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

1999- 2004 ലെ പതിമൂന്നാം ലോക്‌സഭയുടെ കാലം. എ.ബി.വാജ്‌പേയ് പ്രധാനമന്ത്രിയായി ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരാണ് കേന്ദ്രത്തിൽ. ഒരിക്കൽ വെള്ളിയാഴ്ചകളിലെ പതിവ് സ്വകാര്യ ബില്ലുകളിന്മേലുള്ള ചർച്ച പുരോഗമിക്കുന്നു. ഗോവധ നിരോധനത്തിനുള്ള ബില്ലാണ് . മിക്ക എം.പിമാരും നാട്ടിലേക്ക് തിരിച്ചു. ശനിയും ഞായറും പാർലമെന്റിന് അവധിയാണ്. വർക്കലയാകട്ടെ എല്ലാ വാരാന്ത്യത്തിലും നാട്ടിലേക്ക് മടങ്ങുന്ന ആളുമല്ല. ബില്ല് വോട്ടെടുപ്പിലേക്ക് എത്തുമെന്നായപ്പോൾ അദ്ദേഹം എണീറ്റുനിന്നു. ''കോറം ഇല്ല'' എന്ന് ചൂണ്ടിക്കാട്ടി. ''ശരിയാണ്. കോറം തികയാൻ ഒരാളുടെ കുറവുണ്ട് '' എന്ന് ചെയർ കണ്ടെത്തി. സഭ നിറുത്തിവച്ചു. വളരെ പ്രയാസപ്പെട്ട് ഒരു ബി.ജെ.പി അംഗത്തെ തേടിപ്പിടിച്ച് സഭയിലേക്ക് കൊണ്ടുവന്നു. വർക്കല സീറ്റിൽനിന്നും എണീറ്റ് പുറത്തേക്ക് പോയി. ആ പോക്കിൽ അദ്ദേഹം വിളിച്ചുപറഞ്ഞു ''ഇപ്പോഴും കോറമില്ല!'' സഭ അന്നത്തേക്ക് പിരിഞ്ഞു!

1987 മുതൽ 91 വരെ കേരള നിയമസഭയുടെ സ്പീക്കറായിരുന്നപ്പോൾ നിരവധി റെക്കോർഡുകൾ സൃഷ്ടിച്ചു. നാലുവർഷം കൊണ്ട് 13 സെഷനുകളിലായി 312 സിറ്റിംഗ്. പൊതുപ്രവർത്തക അഴിമതി നിരോധന നിയമം പാസാക്കാൻ 1987 ഡിസംബർ 12ന് തുടങ്ങി 13 ന് വെളുപ്പിന് അവസാനിച്ച ഏറ്റവും ദൈർഘ്യമേറിയ സിറ്റിംഗ്. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളത്തിലാദ്യമായി ആർ. ബാലകൃഷ്ണപിള്ളയുടെ നിയമസഭാംഗത്വം റദ്ദാക്കിയ സ്പീക്കർ വർക്കല രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നുവെന്നും ഓർക്കണം. സ്പീക്കറെ മാറ്റാൻ രണ്ടുതവണ നോട്ടീസ് നൽകിയ പ്രതിപക്ഷം അത് പിൻവലിച്ചതും ചരിത്രം.

എന്റെ പിതാവ് കെ.അനിരുദ്ധനും വർക്കലയും വിദ്യാർത്ഥിപ്രസ്ഥാന കാലം മുതലേ സുഹൃത്തുക്കളായിരുന്നു. രണ്ടുപേരുടെയും രാഷ്ട്രീയം തുടങ്ങുന്നത് കെ.എസ്.പിയിലാണ്. വാറണ്ടിനെ തുടർന്ന് ഒളിവിൽപോയ വർക്കല എട്ടുമാസം താമസിച്ച് കോളേജ് പഠനം പൂർത്തിയാക്കിയത് അനിരുദ്ധന്റെ ജ്യേഷ്ഠൻ കുമാരൻ കോൺട്രാക്ടറുടെ കണ്ണമ്മൂല (തിരുവനന്തപുരം) യിലെ വീട്ടിലായിരുന്നു. എൻ. ശ്രീകണ്ഠൻനായർ, കെ.പങ്കജാക്ഷൻ, കെ.ആർ.ചുമ്മാർ തുടങ്ങിയവരുമായി ബന്ധപ്പെടുന്നത് ഈ വീട്ടിലെ ഒളിവുകാലത്താണ്.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും അധികാരവും അങ്ങേയറ്റം വിലമതിക്കുമ്പോൾത്തന്നെ കോടതിവിധികളിലെ തെറ്റുകളെ വിമർശിക്കാനും അദ്ദേഹം മടിച്ചില്ല. 1967ൽ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും 1996- 97 ലെ ഭരണപരിഷ്‌കരണ കമ്മിറ്റിയുടെ വൈസ്‌ചെയർമാൻ എന്ന നിലയിലും അദ്ദേഹം എക്സിക്യൂട്ടീവ് അധികാരങ്ങൾ ജനോപകാരപ്രദമായി ഉപയോഗിച്ചു. അഭിഭാഷകനായ വർക്കല ഒരിക്കലും ഫീസ് ചോദിച്ചിരുന്നില്ല. ' ആ ഗുമസ്തന് എന്തെങ്കിലും കൊടുക്കണേ' എന്ന് മാത്രം ഓർമ്മിപ്പിക്കും. എന്നും കർമ്മനിരതനായിരുന്ന അദ്ദേഹത്തിന് വിശ്രമം വായനയും വർത്തമാനവുമായിരുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARKALA RADHAKRISHNAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.