SignIn
Kerala Kaumudi Online
Friday, 29 March 2024 2.22 PM IST

രക്തക്കുഴൽ തടസങ്ങൾ: ആശങ്കയും കരുതലും

deep-vein-thrombosis

ഇന്ന് ലോക വാസ്‌കുലാർ ദിനം

...............................................

കേരളത്തിലെ രക്തക്കുഴൽ ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ സംഘടനയായ വാസ്‌കുലർ സർജൻസ് ഓഫ് കേരള ഇന്ന് മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയാണ്. രക്തക്കുഴലുമായി ബന്ധപ്പെട്ട കൊവിഡാനന്തര പ്രശ്‌നങ്ങൾ എത്രത്തോളം ഗുരുതരമാണ് ? കൊവിഡ് രോഗം രക്തക്കുഴലുമായി ബന്ധപ്പെട്ട് എന്തൊക്കെ ഗുരുതര പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത് എന്നിവ നോക്കാം .

കൊവിഡാനന്തരം രോഗികളിൽ രക്തംകട്ടപിടിക്കുന്ന അവസ്ഥ വളരെയധികം കണ്ടുവരുന്നുണ്ട്. ഈ രോഗാവസ്ഥ നമ്മുടെ ശരീരത്തിലെ എല്ലാ രക്തക്കുഴലുകളെയും ബാധിക്കുന്നു. ശരീരത്തിലെ രക്തക്കുഴലുകളെ പ്രധാനമായും മൂന്നായി തിരിക്കാം. ഹൃദയത്തിൽ നിന്ന് രക്തത്തെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്ന ധമനികൾ, രക്തം തിരികെ എത്തിക്കുന്ന സിരകൾ, ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന തീരെച്ചെറിയ കാപ്പിലറികൾ എന്നിവ. ഇതിൽക്കൂടി രക്തം തുടർച്ചയായി തടസമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്നതാണ് സാധാരണ അവസ്ഥ. ഒരു കാരണവശാലും രക്തം കട്ടപിടിക്കാൻ പാടില്ല. എന്നാൽ കൊവിഡ് രോഗികളിൽ രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യതയേറുന്നു. തത്ഫലമായി രക്തയോട്ടത്തിന് തടസം ഉണ്ടാകുന്നു.

നാം കേട്ടിട്ടുള്ള രോഗാവസ്ഥയാണ് ഡീപ്പ് വെയിൻത്രോംബോസിസ്. കാലിന്റെ ഏറ്റവും ഉള്ളിലുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയും രക്തത്തിന് തിരികെ പോകാൻ തടസം ഉണ്ടാകുകയും ചെയ്യുന്നു. തത്ഫലമായി കാലിൽ നീര് ഉണ്ടാകുന്നു. ചിലപ്പോൾ ഇതു മൂലം കാലുകളിൽ ഉണങ്ങാത്ത വ്രണങ്ങളും ഉണ്ടാകുന്നുണ്ട്. രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ച ഭാഗം അടർന്ന് മാറുകയും അത് ശ്വാസകോകത്തിലെത്തി ശ്വസനത്തിന് തടസമുണ്ടാക്കുകയും ചെയ്യുന്നു. ഗുരുതരമായ ഈയവസ്ഥയ്ക്ക് പൾമണറി എംബോളിസം എന്നാണ് പേര്. പലപ്പോഴും മരണകാരണമാകുന്ന ഗുരുതരാവസ്ഥയാണിത്. സാധാരണ വ്യക്തികളെക്കാളും കൊവിഡ് രോഗികളിൽ ഇതിന്റെ സാദ്ധ്യത 10 ഇരട്ടിയാണ്. അതുപോലെ ഗുരുതരമാണ് ധമനികളിൽ ഉണ്ടാകുന്ന രക്തതടസം. ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തചംക്രമണം തടസപ്പെടുന്നു എന്നത് മാത്രമല്ല പ്രധാന ആന്തരികഅവയവങ്ങളായ ഹൃദയം, ശ്വാസകോശം, തലച്ചോർ തുടങ്ങിയവയിൽ തടസം ഉണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്. കാലിലുണ്ടാകുന്ന രക്തതടസം കാരണം സാധാരണ രോഗികളെ അപേക്ഷിച്ച് കൊവിഡ് രോഗികളിൽ മരണസാദ്ധ്യത 10 ഇരട്ടിയിലധികമാണ്.

മറ്റ് രോഗസാദ്ധ്യതകൾ

വെരിക്കോസ് വെയിൻ ലോകത്ത് ഏറ്റവും സാധാരണമായി കാണപ്പെടുന്ന രോഗാവസ്ഥയാണ്. എല്ലാവർക്കും ചികിത്സയാവശ്യമില്ലെങ്കിലും അശാസ്ത്രീയവും അപൂർണവുമായ ചികിത്സ വെരിക്കോസിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കാം. ഇത്തരം രോഗികൾ കൃത്യമായ രോഗനിർണയവും ചികിത്സയും തേടേണ്ടതുണ്ട്. മരുന്നു കൊണ്ടോ അല്ലെങ്കിൽ ശസ്ത്രക്രിയ കൊണ്ടോ ഇവ പൂർണമായും ചികിത്സിച്ച് മാറ്റാം.

മറ്റൊന്ന് പ്രമേഹരോഗികളിൽ കാണുന്ന പ്രശ്‌നങ്ങളാണ്. കാലിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നു. ചില പ്രമേഹരോഗികളിൽ കാല് തന്നെ മുറിച്ചു മാറ്റേണ്ട അവസ്ഥയും ഉണ്ടാകുന്നുണ്ട്. ലോകത്ത് 30 സെക്കന്റിൽ ഒരു വ്യക്തിക്ക് പ്രമേഹരോഗം മൂലം കാലുകൾ മുറിച്ചുകളയേണ്ടി വരുന്നു എന്നത് രോഗത്തിന്റെ ഭീകരത വെളിവാക്കുന്നു.

ഈ പ്രതിസന്ധി മനസിലാക്കിക്കൊണ്ടാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടികൾക്ക് തുടക്കമിടുന്നത്. അവയവ വിച്ഛേദനരഹിത കേരളം (ആംപ്യൂട്ടേഷൻ ഫ്രീ കേരള) പ്രചാരണത്തിലൂടെ ഇത്തരം രോഗങ്ങളെ എങ്ങനെ നേരത്തെ തിരിച്ചറിയാം എന്നതു മുതൽ അവയ്ക്കുള്ള ഫലപ്രദമായ ചികിത്സാ രീതികളെക്കുറിച്ചും രോഗീപരിചരണത്തെക്കുറിച്ചും ബോധവത്കരണം നടത്തും.

(ലേഖകൻ വാസ്‌കുലർ സൊസൈറ്റി ഓഫ് കേരള പ്രസിഡന്റും വാസ്‌കുലർ-എൻഡോവാസ്‌കുലർ സർജനുമാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VASCULAR DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.