SignIn
Kerala Kaumudi Online
Thursday, 28 March 2024 8.43 PM IST

റാഞ്ചൽ സംഘം...!

vigilance

അഞ്ഞൂറും ആയിരവും കൈമടക്ക് വാങ്ങുന്നവരെ ചാടിവീണ് പിടിക്കുന്ന സമയമല്ലാതെ, ബാക്കി സമയമെല്ലാം ഉറക്കത്തിലായിരുന്ന വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ സിംഹഗർജനത്തോടെ സടകുടഞ്ഞെഴുന്നേൽക്കുന്ന കാഴ്ച കഴിഞ്ഞ ദിവസം കണ്ടു. മുഖ്യമന്ത്രിക്ക് കുരുക്കാവുന്ന വെളിപ്പെടുത്തൽ സ്വപ്നാസുരേഷ് നടത്തിയതിന് പിന്നാലെ, അവരുടെ കൂട്ടാളിയും യു.എ.ഇ കോൺസുലേറ്റിലെ മുൻ പി.ആർ.ഒയുമായ സരിത്തിനെ പാലക്കാട്ടെ ഫ്ലാറ്റിൽനിന്ന് സിനിമാസ്റ്റൈലിൽ റാഞ്ചിയെടുത്ത്, വിജിലൻസ് വാർത്തകളിൽ നിറഞ്ഞു. ചെരിപ്പിടാൻ പോലും അനുവദിക്കാതെ ബലമായി തട്ടിക്കൊണ്ടുപോയതാണെന്ന് സരിത്ത് തുറന്നടിച്ചതോടെ വിജിലൻസ് പ്രതിരോധത്തിലായി. ലൈഫ് മിഷൻ കേസിൽ ചോദ്യംചെയ്യാൻ നോട്ടീസ് നൽകി വിളിപ്പിച്ചെന്നാണ് വിജിലൻസ് പറഞ്ഞതെങ്കിലും നോട്ടീസ് നൽകിയിട്ടില്ലെന്നും തന്റെ ഫോൺ പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെന്നും സരിത്ത് വെളിപ്പെടുത്തിയതോടെ, ഭരണകൂടത്തിന്റെ ഉപകരണം മാത്രമാണ് വിജിലൻസെന്ന ആക്ഷേപം ശക്തമായി.

ലൈഫ് മിഷൻ കേസിൽ വിജിലൻസിന്റെയും സി.ബി.ഐയുടെയും അന്വേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്. ഒരേ കേസിൽ രണ്ട് അഴിമതിവിരുദ്ധ ഏജൻസികളുടെ അന്വേഷണം ഏറെ നിയമപ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നതാണ്. സി.ബി.ഐ അന്വേഷണം പാടില്ലെന്ന സർക്കാരിന്റെ ഹർജി തള്ളിയ ഹൈക്കോടതി സി.ബി.ഐയ്ക്ക് അന്വേഷണം തുടരാമെന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരായ സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ലൈഫ് പദ്ധതിയിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണമാരംഭിച്ചെന്നും പ്രിൻസിപ്പൽ സെക്രട്ടറിയെയടക്കം പ്രതിയാക്കിയെന്നുമാണ് സർക്കാരിന്റെ വാദം. സി.ബി.ഐ അന്വേഷണം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും സർക്കാർ പദ്ധതിയിൽ അഴിമതിയുണ്ടെങ്കിൽ സർക്കാർ ഏജൻസി തന്നെ അന്വേഷിക്കുമെന്നും സി.ബി.ഐയ്ക്ക് അധികാരമില്ലെന്നുമൊക്കെ ഹൈക്കോടതിയിൽ വാദിച്ചെങ്കിലും വിദേശത്തുനിന്ന് കിട്ടിയ പണത്തിന്റെ ഒരുപങ്ക് കോഴയായി സർക്കാരുദ്യോഗസ്ഥർക്ക് കിട്ടിയെന്നും വിദേശസഹായനിയന്ത്രണ ചട്ടലംഘനത്തെക്കുറിച്ച് അന്വേഷിക്കാനുള്ള അധികാരം സി.ബി.ഐയ്ക്കാണെന്നും വിജിലൻസിന് അധികാരമില്ലെന്നുമുള്ള കേന്ദ്രസർക്കാരിന്റെ വാദങ്ങൾ മുഖവിലയ്ക്കെടുത്താണ് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി പച്ചക്കൊടി കാട്ടിയത്. വിജിലൻസിന്റെ എഫ്.ഐ.ആറിൽ ശിവശങ്കറിനു പുറമേ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരും നിർമ്മാണകരാർ നേടിയ സെയ്ൻ വെഞ്ചേഴ്സ്, യൂണിടാക് കമ്പനിയുടമകളും പേര് വ്യക്തമാക്കാത്ത സർക്കാരുദ്യോഗസ്ഥരുമാണ് പ്രതികൾ.

ലൈഫ് കേസിൽ അന്വേഷണം ശക്തിപ്പെടുത്താൻ സി.ബി.ഐ തയ്യാറെടുക്കുന്നതിനിടെയാണ് സ്വപ്നയുടെ രഹസ്യമൊഴിയും വിജിലൻസിന്റെ റാഞ്ചൽ നാടകവും അരങ്ങേറിയത്. സി.ബി.ഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തി സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ ചോദ്യം ചെയ്തിരുന്നു. എം.ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവരെ ചോദ്യം ചെയ്യാൻ ചോദ്യാവലി തയ്യാറാക്കിയിരിക്കെയാണ് പുതിയ സംഭവങ്ങൾ. നിർമ്മാണകരാർ ലഭിക്കാൻ 4.48 കോടിരൂപ കമ്മിഷനായി നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സി.ബി.ഐക്കു മൊഴി നൽകിയിരുന്നു. ലൈഫ് മിഷൻ ഇടപാടിൽ തനിക്ക് കമ്മിഷൻ കിട്ടിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരും വെളിപ്പെടുത്തിയിരുന്നു. ഫ്ളാ​റ്റ് സമുച്ചയം നിർമിക്കാൻ ചട്ടം ലംഘിച്ച് വിദേശഫണ്ട് സ്വീകരിച്ചെന്നും നിർമാണകരാർ യൂണിടാക്കിനു നൽകിയതിൽ അഴിമതി നടന്നെന്നും സി.ബി.ഐ പറയുന്നു. യു.എ.ഇ കോൺസുലേ​റ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടിരൂപയിൽ 14.50 കോടിരൂപ ചെലവാക്കിയാണ് 140 ഫ്ളാ​റ്റുകൾ നിർമിക്കാൻ പദ്ധതി തയാറാക്കിയത്. ശേഷിക്കുന്ന തുക ഉപയോഗിച്ച് ആരോഗ്യകേന്ദ്രം നിർമ്മിക്കുമെന്നായിരുന്നു കരാർ. 2019 ജൂലായ് 11നാണ് കരാർ ഒപ്പുവച്ചത്. പദ്ധതിയുടെ പേരിൽ 4.48 കോടി രൂപ സ്വർണക്കടത്തു കേസിലെ പ്രതികൾക്കടക്കം കൈക്കൂലി നൽകിയെന്നു കരാറുകാരനായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. നിർമ്മാണക്കമ്പനി നൽകിയ കോഴ ഉന്നതഉദ്യോഗസ്ഥർക്കും ജനസേവകർക്കും ഉൾപ്പെടെ വീതംവച്ചതായാണ് സി.ബി.ഐ കണ്ടെത്തൽ. ഇത് ഗൗരവമേറിയതായതിനാലാണ് സി.ബി.ഐയുടെ അന്വേഷണം ഏതുവിധേനയും തടയാൻ സർക്കാർ സർവതന്ത്രങ്ങളും പയറ്റുന്നത്.

ലൈഫ് കോഴക്കേസിൽ അന്വേഷണം പിടിമുറുക്കാനുള്ള സി.ബി.ഐ നീക്കത്തിന് തടയിടാനാണ്, ശിവശങ്കറിനെ അഞ്ചാംപ്രതിയാക്കി വിജിലൻസ് കേസെടുത്തത്. സി.ബി.ഐ എത്തുംമുൻപ് ലൈഫ് മിഷനിൽ നിന്നും സെക്രട്ടേറിയറ്റിലെ തദ്ദേശവകുപ്പിൽ നിന്നും പദ്ധതിയുടെ യഥാർത്ഥ ഫയലുകൾ പിടിച്ചെടുത്തതും ഈ ലക്ഷ്യത്തോടെയാണ്. ഒരു കുറ്റകൃത്യത്തിൽ ഒരേസമയം രണ്ട് ഏജൻസികളുടെ അന്വേഷണം പാടില്ലെന്നിരിക്കെയാണ് ഇവിടത്തെ സമാന്തര അന്വേഷണങ്ങൾ. വിദേശസഹായത്തെക്കുറിച്ചും അതിലെ അഴിമതിയെക്കുറിച്ചും അന്വേഷിക്കാൻ വിജിലൻസിന് അധികാരമില്ല. ഒരുകോടിക്ക് താഴെയുള്ള വിദേശസഹായത്തെക്കുറിച്ച് പൊലീസ് ക്രൈംബ്രാഞ്ചിലെ എസ്.ഐ വരെയുള്ള ഉദ്യോഗസ്ഥർക്ക് അന്വേഷിക്കാം. വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് പദ്ധതിക്കായി യു.എ.ഇ റെഡ്ക്രസന്റ് നൽകിയത് ഒരു കോടി യു.എ.ഇ ദിർഹമാണ് (20.37കോടി രൂപ) വിദേശത്തുനിന്ന് പണമെത്തിച്ച ഇടപാടിൽ വിജിലൻസിന്റെ എഫ്.ഐ.ആറിന് സാധുതയില്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രാനുമതി തേടാതെ കരാറുണ്ടാക്കിയശേഷം, ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് വടക്കാഞ്ചേരി പദ്ധതി അംഗീകരിച്ചത്. എഫ്.സി.ആർ.എ ചട്ടത്തിലെ സെക്‌ഷൻ 3(1)(ബി) പ്രകാരം ജഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ, സർക്കാ‌ർ നിയന്ത്രണത്തിലുള്ള കോ‌പറേഷനുകൾ അടക്കമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാ‌ർക്കൊന്നും വിദേശസഹായം സ്വീകരിക്കാൻ പാടില്ല. സർക്കാരിന് പണം സ്വീകരിക്കണമെങ്കിലും കേന്ദ്രത്തിന്റെ മുൻകൂർ അനുമതി വേണം. അബുദാബിയിൽ രജിസ്ട്രേഷനുള്ള റെഡ് ക്രെസന്റിൽനിന്ന് സഹായം സ്വീകരിക്കാൻ കരാറൊപ്പിട്ടത് ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസാണ്. സംസ്ഥാനസർക്കാരിന്റെ പേരുപയോഗിച്ചാണ് വിദേശത്തുനിന്ന് സഹായംസ്വീകരിച്ചത്. നിർമ്മാണകരാറുകാരന് പണം നൽകിയതല്ല, സർക്കാരുമായുള്ള ധാരണാപത്രമാണ് യഥാർത്ഥ ഇടപാടെന്നാണ് സി.ബി.ഐ നിലപാട്.

പല്ലുകൊഴിഞ്ഞ സിംഹം

നിയമന അധികാരിയുടെ മുൻകൂർ അനുമതിയില്ലാതെ കേസും അന്വേഷണവും പാടില്ലെന്ന ചട്ടഭേദഗതിയോടെ, കൊടുംഅഴിമതിയുടെ വിവരം കിട്ടിയാലും കേസെടുക്കാനാവാതെ, പല്ലുകൊഴിഞ്ഞ സിംഹമായി മാറിയിരിക്കുകയാണ് വിജിലൻസ്. പാർലമെന്റ് പാസാക്കിയ അഴിമതിനിരോധ നിയമത്തിലെ പുതിയ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാൻ ഉന്നതാധികാരിയുടെ അനുമതി വേണം. മുഖ്യമന്ത്രിയുടെയോ ഗവർണറുടെയോ അനുമതിയില്ലാതെ വിജിലൻസിന് അനങ്ങാനാവില്ല. സർക്കാർ ഓഫീസുകളിലെ ചെറിയ കൈക്കൂലി ചാടിവീണ് പിടിക്കുന്നതല്ലാതെ വിജിലൻസിന് കാര്യമായ പണിയില്ലാതായി. പരാതികൾ സർക്കാരിലേക്ക് അയയ്ക്കുന്ന പോസ്റ്റ് ഓഫീസായി വിജിലൻസ് ആസ്ഥാനം മാറിയിട്ടുണ്ട്. അന്വേഷണത്തിന് അനുമതിതേടിയുള്ള അപേക്ഷകൾ സെക്രട്ടേറിയറ്റിലെ ചവറ്റുകൂനയിലാണ്. രണ്ട് മുൻമന്ത്രിമാർക്കും ലീഗ് എം.എൽ.എയ്ക്കുമെതിരായ കേസിനേ സമീപകാലത്ത് അനുമതികിട്ടിയുള്ളൂ. പാലാരിവട്ടം കേസിൽ വി.കെ.ഇബ്രാഹിംകുഞ്ഞ്, അനധികൃത സ്വത്ത് കേസിൽ വി.എസ്.ശിവകുമാർ, പ്ലസ്ടു കോഴക്കേസിൽ കെ.എം.ഷാജി എന്നിവർക്കെതിരെ നീങ്ങാനാണ് അനുമതികിട്ടിയത്. വരുമാന സത്യവാങ്മൂലത്തിൽ തമിഴ്നാട്ടിലെ ഭൂമി വെളിപ്പെടുത്താത്തതിന് വിരമിക്കുന്നതിന് ഒരാഴ്ചമുൻപ്, ഡി.ജി.പി ഡോ.ജേക്കബ് തോമസിനെതിരെയും കേസിന് അനുമതി നൽകി. സർക്കാരിന്റെ നിലപാടുനോക്കിയാണ് ഗവർണറും തീരുമാനമെടുക്കുക. പരാതികളിൽ ഗവർണർ 90 ദിവസത്തിനകം തീരുമാനമെടുക്കേണ്ടതുണ്ട്. നിഷേധിച്ചാൽ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം. അതിനാൽ പരാതികളും അപേക്ഷകളും പൂഴ്‌ത്തുകയാണ് പതിവ്. പമ്പാ ത്രിവേണിയിലെ 1.28ലക്ഷം ഘനയടി മണലും ചെളിയും നീക്കാനുള്ള ഇടപാടിലൂടെ കരാറുകാർക്ക് കൊള്ളലാഭമുണ്ടാക്കാൻ ഒത്താശ ചെയ്തെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ പത്തനംതിട്ട ജില്ലാ കളക്ടർക്കെതിരെ പോലും വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നിഷേധിച്ചിരിക്കുകയാണ്.

വമ്പന്മാരെ തൊടില്ല

ഇന്റർവ്യൂവിന് പങ്കെടുക്കാത്ത ബന്ധുവിനെ ന്യൂനപക്ഷവികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരാക്കിയതിൽ മുൻമന്ത്രി കെ.ടി.ജലീലിനെതിരേ കേസിന് അനുമതിയില്ല. സ്വജനപക്ഷപാതവും ഔദ്യോഗികപദവിയുടെ ദുരുപയോഗവും വിജിലൻസിന്റെ അന്വേഷണപരിധിയിൽ പെടുന്നതാണ്. വിജിലൻസ് അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നായിരുന്ന സർക്കാർ നിലപാടോടെ, ഗവർണറും അനുമതി നിഷേധിച്ചു. പമ്പാ ത്രിവേണിയിലെ 1.28ലക്ഷം ഘനയടി മണലും ചെളിയുംനീക്കി കരാറുകാർക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള നടപടികളിൽ ചീഫ് സെക്രട്ടറിയായിരുന്ന ടോംജോസിനെതിരെ അന്വേഷണത്തിന് അനുമതി നൽകിയില്ല. കണ്ണൂരിലും സമാനനടപടിയുണ്ടായിരുന്നു. ഡാമുകളിലെ ആയിരം കോടിയുടെ മണൽവാരി വിപണിയിൽ വിറ്റഴിക്കാനുള്ള കരാർ ടെൻ‌ഡറില്ലാതെ റഷ്യൻ മലയാളിയുടെ കമ്പനിക്ക് നൽകാൻ ശ്രമിച്ചതും കണ്ണടച്ചു. മുഖ്യമന്ത്രിയുടെ നെതർലാൻഡ്സ് സന്ദർശനത്തിൽ സഹായിച്ച കമ്പനിയെ റീ-ബിൽഡ് കേരളയുടെ പ്രളയപ്രതിരോധ പദ്ധതിയുടെ കൺസൾട്ടൻസി ടെൻഡറിൽ ഉൾപ്പെടുത്താൻ ഫയലിലെഴുതിയതിൽ പരാതിയുണ്ടായെങ്കിലും മുൻ ചീഫ്സെക്രട്ടറി വിശ്വാസ് മേത്തയ്ക്കെതിരേ അന്വേഷണമില്ല. ആദ്യം ഒഴിവാക്കപ്പെട്ട ഹസ്‌കോണിംഗ് കമ്പനിക്കായാണ് ശുപാർശ. ഈ കമ്പനിയെ ഉൾപ്പെടുത്തിയില്ലെങ്കിൽ നെതർലാൻഡ്സുമായുള്ള നയതന്ത്റബന്ധത്തെ ബാധിക്കുമെന്നും ഫയലിലെഴുതി. ചീഫ് സെക്രട്ടറിയുടെ ഓഫീസിലടക്കം സർക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മിന്റ് കൺസൾട്ടൻസി നിയമനങ്ങൾ നടത്തിയതിലും അന്വേഷണമില്ല. കിൻഫ്രയുമായുള്ള കരാറിന്റെ മറവിലാണ് സെക്രട്ടേറിയറ്റിലടക്കമുള്ള നിയമനങ്ങൾ.

വാക്കിലൊതുങ്ങും

അഴിമതിവിരുദ്ധത

വിജിലൻസിനും സി.എ.ജിക്കും പിന്നാലെ ലോകയുക്തയുടെയും പല്ലും നഖവും കൊഴിച്ചതോടെ, ഭരണാധികാരികളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും അഴിമതിക്കെതിരായുള്ള നിയമപോരാട്ടങ്ങൾ ദുർബലമാണിപ്പോൾ. പാർലമെന്റ് പാസാക്കിയ അഴിമതിനിരോധ നിയമത്തിലെ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാൻ വിജിലൻസിന് ഉന്നതാധികാരിയുടെ അനുമതി വേണം. അഴിമതിയോ ക്രമക്കേടുകളോ കണ്ടെത്തിയാൽ പൊതുസേവകർ പദവിയൊഴിയണമെന്ന് അർദ്ധജുഡീഷ്യൽ അധികാരമുള്ള ലോകായുക്ത പ്രഖ്യാപിക്കുമ്പോൾ, ഉത്തരവാദപ്പെട്ട അധികാരിക്ക് ഇരുകക്ഷികളുടെയും വാദം കേട്ടശേഷം അത് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാമെന്നാണ് ഓർഡിനൻസിലൂടെ വന്ന ഭേദഗതി. ഇതോടെ, ലോകായുക്തയ്ക്ക് മേൽ അപ്പീൽ അധികാരിയായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങിയ ഭരണനിർവഹണ സംവിധാനം മാറി.

ആരോപണവിധേയൻ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയാൽ ആ പദവിയിലിരിക്കാൻ യോഗ്യനല്ലെന്ന് പ്രഖ്യാപനം നടത്തുകയും ഇത് ഗവർണറോ മുഖ്യമന്ത്രിയോ അടക്കം ഉന്നതഅധികാരികളാരാണോ അവർ അതുപോലെ അംഗീകരിക്കണമെന്നുമായിരുന്നു ലോകായുക്ത നിയമത്തിലെ വകുപ്പ് 14ലെ വ്യവസ്ഥ. ഇത് ഇല്ലാതായതോടെ, ഉന്നതർക്കെതിരായ ലോകായുക്ത ഉത്തരവുകൾ അതേപടി നടപ്പാക്കേണ്ടതില്ല. ഇതോടെ ലോകായുക്തയെന്ന അഴിമതിവിരുദ്ധ സംവിധാനത്തിന്റെ പല്ലുകൊഴിഞ്ഞു. ലോകായുക്ത ഹർജി തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നത് മാത്രമാണ് ആശ്വാസം. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അഴിമതികളെക്കുറിച്ച് വിജിലൻസിൽ പരാതിപ്പെടാനും വിജിലൻസ് കോടതിയിൽ ഹർജി നൽകാനും മുൻപ് പൗരന്മാർക്ക് കഴിയുമായിരുന്നു. നിയമന അധികാരിയുടെ മുൻകൂർ അനുമതിയില്ലാതെ കേസും അന്വേഷണവും പാടില്ലെന്ന ചട്ടഭേദഗതിയോടെ, കൊടുംഅഴിമതിയുടെ വിവരം കിട്ടിയാലും കേസെടുക്കാനാവാത്ത സ്ഥിതിയിലാണ് വിജിലൻസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIGILANCE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.