SignIn
Kerala Kaumudi Online
Thursday, 28 March 2024 11.46 PM IST

ലോക കേരളസഭയുടെ രാഷ്ട്രീയപരിസരങ്ങൾ

vivadavela

ലോക കേരളസഭയുടെ മൂന്നാംസമ്മേളനവും അവസാനിച്ചു. രണ്ടാം ലോകകേരളസഭയെ ബഹിഷ്കരിച്ചതു പോലെ മൂന്നാമത് സഭാ സമ്മേളനവും പ്രതിപക്ഷം ബഹിഷ്കരിച്ചു. മുഖ്യമന്ത്രി ഇതിനെ കടുത്തഭാഷയിൽ വിമർശിച്ചു. രണ്ടാം ലോക കേരളസഭ സമ്മേളിക്കുമ്പോൾ പ്രതിപക്ഷം സർക്കാരിനെതിരായ വിമർശനം കടുപ്പിച്ചിരുന്നു. 2019ലായിരുന്നു ആ സമ്മേളനം. 2018ൽ ആദ്യത്തെ ലോക കേരളസഭ വിവാദങ്ങളില്ലാതെയാണ് കടന്നുപോയത്. അന്ന് പ്രതിപക്ഷത്തിന്റെ പൂർണ സഹകരണമുറപ്പാക്കുന്നതിൽ ഭരണപക്ഷമായ ഇടതുപക്ഷം വിജയിച്ചു. എന്നാൽ 2019 ലെത്തിയപ്പോൾ കാലാവസ്ഥ മാറി.

പ്രളയക്കെടുതി സൃഷ്ടിച്ച സാമ്പത്തിക പരാധീനതകൾക്ക് നടുവിൽ നിന്നുകൊണ്ട് ലോക കേരളസഭ ആഡംബരത്തോടെ കൊണ്ടാടുന്നതിൽ പ്രതിപക്ഷം വിയോജിപ്പ് അറിയിച്ചു. അവർ അതിന് പ്രധാന കാരണമായി പറഞ്ഞത് നിയമസഭയിൽ ലോകകേരളസഭ സമ്മേളിക്കുന്ന ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ച് പുതുക്കിപ്പണിതതിന്റെ പാഴ്ചെലവിനെപ്പറ്റിയാണ്. സർക്കാർ അത് പാഴ്‌ചെലവല്ലെന്ന് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. തൊട്ടുമുമ്പ് നവീകരിച്ച ഹാൾ 16 കോടി മുതൽമുടക്കി വീണ്ടും പുതുക്കിപ്പണിയുന്നത് ധൂർത്തല്ലേ എന്നായിരുന്നു അന്ന് പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ ചോദ്യം. 16 കോടിക്ക് കരാറാണെങ്കിലും കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി ഒൻപത് കോടിയിൽ തീർക്കുമെന്നും അവർ സുതാര്യതയുള്ള സ്ഥാപനമാണെന്നും സ്പീക്കർ വാദിച്ചു. പ്രതിപക്ഷത്തെ പലർക്കും ഊരാളുങ്കലിനോട് അത്ര വിപ്രതിപത്തിയൊന്നുമില്ല. 2011ലെ ഉമ്മൻ ചാണ്ടി ഭരണകാലത്തും പല കരാറുകളും ലഭ്യമാക്കിയിരുന്നത് ഊരാളുങ്കലിനാണെന്നതും എല്ലാവർക്കുമറിയാം. പക്ഷേ,​ ഊരാളുങ്കലിന്റെ ഭരണസാരഥ്യത്തിലെ സി.പി.എം മേൽക്കോയ്മ കൊണ്ടുകൂടിയാകാം ഇടതുസർക്കാർ മിക്കവാറും എല്ലാ പദ്ധതികളും ഏല്പിക്കുന്നത് ഊരാളുങ്കലിനെയാണ്.

വെറുതെ എന്തിന് കോടികൾ പൊടിച്ച് ശങ്കരനാരായണൻ തമ്പി ഹാൾ നവീകരിക്കുന്നു എന്ന ചോദ്യമാണ് പ്രതിപക്ഷം പ്രധാനമായും ഉയർത്തിയത്. അതൊരർത്ഥത്തിൽ ന്യായവുമാണ്. രണ്ട് ദിവസം സമ്മേളിക്കുന്ന ലോക കേരളസഭയ്ക്ക് വേണ്ടി,​ എന്തിനാണ് നല്ല വൃത്തിയും വെടിപ്പുമുള്ള ഹാൾ വീണ്ടും നവീകരിക്കുന്നത്?​ ഇതൊക്കെ പ്രസക്തമായ ചോദ്യങ്ങളായിരുന്നെങ്കിലും തിരുവായ്ക്ക് എതിർവാ ഇല്ലാത്തത് കൊണ്ടാകാം പ്രതിപക്ഷ എതിർപ്പ് അലിഞ്ഞില്ലാതായി.

ഒന്നും രണ്ടും ലോക കേരളസഭകൾ ഭംഗിയായി നടന്നു. പിന്നാലെ കൊവിഡ് എത്തി. അതുകൊണ്ട് മൂന്നാം കേരളസഭ കൂടാനായില്ല. ആ സഭയാണ് കൊവിഡാനന്തര കേരളത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമ്മേളിച്ചത്.

അതും പ്രതിപക്ഷം ബഹിഷ്കരിച്ചു. നടത്തിപ്പിലെ ധൂർത്തൊക്കെ ആരോപിച്ചെങ്കിലും ബഹിഷ്കരണത്തിന് പ്രധാന കാരണം അതൊന്നുമല്ലെന്നാണ് പ്രതിപക്ഷം ഇത്തവണ വാദിച്ചത്. അത് പ്രധാനമായും നാട്ടിലിപ്പോൾ അരങ്ങു തകർത്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയവിവാദമാണ്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നസുരേഷ് നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ വെളിപ്പെടുത്തലുകൾ സൃഷ്ടിച്ച വിവാദം. അതിന്മേൽ തെരുവിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഘർഷഭരിതമായ പോരാട്ടം.

സംസ്ഥാനത്തെമ്പാടും മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷസമരം നടക്കുന്നു. അത്തരം പ്രതിഷേധമാർച്ചുകൾ സംഘർഷത്തിലേക്ക് നീങ്ങുമ്പോൾ പൊലീസ് ലാത്തിച്ചാർജുകളും കശപിശകളുമൊക്കെ സ്വാഭാവികം. വ്യാപക പൊലീസ് അതിക്രമത്തിലും മറ്റും യൂത്ത് കോൺഗ്രസുകാർക്കടക്കം പരിക്കേൽക്കുന്നു. ഇടുക്കിയിൽ ഒരു യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസിന്റെ ലാത്തിയടിയേറ്റ് കാഴ്ചനഷ്ടപ്പെട്ടു. .

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ യാത്രാവിമാനത്തിൽ കയറിപ്പറ്റിയ രണ്ട് യൂത്ത് കോൺഗ്രസുകാർ വിമാനം ലാൻഡ് ചെയ്തയുടനേ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയത് വൻ കോലാഹലമായി കത്തിപ്പടർന്നു. വിമാനത്തിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ വധശ്രമമാണ് നടന്നതെന്ന വ്യാഖ്യാനം സി.പി.എം കേന്ദ്രങ്ങളിൽ നിന്നുണ്ടായി. സംസ്ഥാന പൊലീസും ആ നിലയ്ക്കാണ് പെരുമാറുന്നത് കണ്ടത്. രണ്ട് യൂത്ത് കോൺഗ്രസുകാരിപ്പോൾ ജയിലിലാണ്. വിമാനത്തിൽ മുദ്രാവാക്യം മുഴക്കിയ ഇവരെ എൽ.ഡി.എഫ് കൺവീനർ കൂടിയായ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ ഉന്തിയിടുന്ന ദൃശ്യങ്ങൾ വൈറലായിട്ടും ആ നിലയ്ക്കുള്ള കേസന്വേഷണമല്ല നടക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു. ജയരാജനെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കത്തിലാണ് അവരുടെ രോഷമത്രയും.

'വിമാന സംഭവ'ത്തിന് തൊട്ടുപിന്നാലെ കേരളത്തിലങ്ങോളമിങ്ങോളം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും തെരുവിലിറങ്ങി. അവരിറങ്ങിയാലുള്ള അവസ്ഥ കേരളത്തിന് നന്നായറിയാം. അങ്ങനെ ഇറങ്ങിയവർ പയ്യന്നൂരിൽ കോൺഗ്രസ് ഓഫീസിന് മുന്നിലുണ്ടായിരുന്ന ഗാന്ധിപ്രതിമയുടെ തല തല്ലിത്തകർത്തു. (ഗാന്ധിജിക്ക് തന്നെ വിലയില്ലാതായിക്കൊണ്ടിരിക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ ഒരു കൊച്ചുദേശമായ പയ്യന്നൂരിൽ ഇതല്ലേ സംഭവിച്ചുള്ളൂവെന്ന് ആശ്വസിക്കാം!) ഗാന്ധിത്തല തകർക്കാൻ കണ്ടെത്തിയ ഇടം പയ്യന്നൂർ തന്നെയായതിലുമുണ്ട് കൗതുകം. ഗാന്ധി ദണ്ഡികടപ്പുറത്ത് ഉപ്പുകുറുക്കൽ സമരം നടത്തിയ അതേവേളയിൽ കെ. കേളപ്പന്റെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന ഉപ്പുകുറുക്കൽ സമരം പയ്യന്നൂരിലായിരുന്നല്ലോ.

അത് പോട്ടെ. പയ്യന്നൂരിൽ മാത്രമല്ല പ്രശ്നം. തിരുവനന്തപുരത്ത് ഇന്ദിരാഭവന് മുന്നിലൂടെ കടന്നുപോയ പ്രകടനക്കാർ അവിടെയുണ്ടായിരുന്ന കാറിന് കേടുപാട് വരുത്തിയത്രെ. പിറ്റേദിവസം പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിനകത്തേക്ക് ചില ഡി.വൈ.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചുകയറി. രണ്ടുപേരെ അവിടെയുണ്ടായിരുന്ന ജീവനക്കാർതന്നെ കീഴ്പ്പെടുത്തി പൊലീസിനെ ഏല്പിച്ചു. അങ്ങനെ കലാപകലുഷിതമായ അന്തരീക്ഷം. കീരിയും പാമ്പും പോലെ കടിച്ചുകീറാൻ പ്രതിപക്ഷവും ഭരണപക്ഷവും നിൽക്കുമ്പോഴാണ് മൂന്നാം ലോകകേരളസഭയുടെ വരവ്. ഈ അന്തരീക്ഷത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിക്കുന്നതിലെ വൈരുദ്ധ്യം മുഴച്ചുനിൽക്കുകയും അണികളെ ചിന്താക്കുഴപ്പത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് തിരിച്ചറിയുന്നതിനാലാണ് പ്രതിപക്ഷം മൂന്നാം ലോകകേരളസഭ ബഹിഷ്കരിച്ചത്. അത് തീരുമാനിച്ചത് ലോക കേരളസഭയ്ക്ക് തലേന്ന് ചേർന്ന യു.ഡി.എഫ് യോഗത്തിലാണ് . പക്ഷേ അവർ ഒരു മാതൃക കാട്ടി. വിദേശങ്ങളിൽ നിന്നെത്തുന്ന കോൺഗ്രസ് അനുകൂല പ്രവാസി സംഘടനകളെ സഭാസമ്മേളനത്തിൽ പങ്കെടുക്കുന്നതിൽനിന്ന് നേതൃത്വം വിലക്കിയില്ല. അങ്ങനെ അവർ ലോക കേരളസഭയിൽ പങ്കെടുത്തു. പ്രതിപക്ഷമെന്ന നിലയിൽ രാഷ്ട്രീയബഹിഷ്കരണം തുടർന്നെന്ന് മാത്രം.

ആത്യന്തികമായി ലോക കേരളസഭ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യത്തെയും ആശയത്തെയും കണ്ണടച്ച് എതിർക്കുന്നില്ലെന്ന് തന്നെയാണ് പ്രതിപക്ഷം ഇതിലൂടെ വ്യക്തമാക്കിയത്. അതിൽ തെറ്റ് പറയാനില്ല. അതേസമയം, തന്നെ ലോക കേരളസഭ എന്താണ് നൽകിയതെന്ന ചോദ്യവും ചില ഘട്ടങ്ങളിൽ പ്രതിപക്ഷം ചോദിക്കാതിരുന്നിട്ടില്ല.

ലോക കേരളസഭ

ലോക കേരളസഭയിൽ 351 അംഗങ്ങളാണ് ആകെയുള്ളത്. സംസ്ഥാനത്തെ 140 നിയമസഭാംഗങ്ങളും 29 പാർലമെന്റംഗങ്ങളും( ലോകസഭയിലെയും രാജ്യസഭയിലെയുമായി) ഇതിലംഗങ്ങളാണ്. പ്രവാസികളായി 182 പേരുണ്ട്. ഇന്ത്യക്ക് പുറത്തുള്ളവർ 104 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 36 പേരുണ്ട്. തിരിച്ചെത്തിയ പന്ത്രണ്ട് പേരുണ്ട്. എമിനന്റ് പ്രവാസികളായി 30 പേരെ ഉൾപ്പെടുത്തിയിരിക്കുന്നു. വിവിധ പ്രവാസമേഖലകളിലെ പ്രമുഖരെ ക്ഷണിതാക്കളായും ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളത്തെ സംബന്ധിച്ചിടത്തോളം പ്രവാസിസമൂഹം പരമപ്രധാനമാണ്. കേരളത്തിന്റെ മൊത്തവരുമാനത്തിൽ 30 ശതമാനവും പ്രവാസികളുടെ സംഭാവനയാണ്. ഇന്ത്യയിൽ ഏറ്റവുമധികം പ്രവാസിവരുമാനമുള്ള സംസ്ഥാനമാണ് കേരളം. ആഭ്യന്തരവരുമാനത്തിൽ ഇടിവ് സംഭവിച്ചപ്പോഴെല്ലാം കേരളത്തിന് കൈത്താങ്ങായത് വിദേശമലയാളികളാണ്. കേരളത്തിലെ വിവിധ ബാങ്കുകളിലായുള്ള പ്രവാസി നിക്ഷേപം മാത്രം ഏതാണ്ട് രണ്ടരലക്ഷം കോടിക്കടുത്ത് വരും.

കേരളത്തെ താങ്ങിനിറുത്തുന്ന പ്രവാസികൾക്ക് നാം മതിയായ പരിഗണന നൽകുന്നുണ്ടോയെന്ന ചിന്തയിൽ നിന്നാകാം ലോക കേരളസഭയുടെ ഉത്‌ഭവം. അതുകൊണ്ട് കേരളസഭയുടെ ഉദ്ദേശശുദ്ധിയെ ആരും കുറ്റം പറയില്ല. കുറ്റം പറയുന്നത് ശരിയുമല്ല. ഒന്നും രണ്ടും പ്രളയകാലത്തും കൊവിഡ് കാലത്തും പ്രവാസിസംഘടനകളിൽ നിന്നടക്കം സഹായം നിർലോഭം ലഭ്യമാക്കാൻ ഒന്നും രണ്ടും ലോക കേരളസഭകൾ സഹായകരമായിട്ടുണ്ടന്നു വേണം കരുതാൻ.

പക്ഷേ ഈ ലോക കേരളസഭകൾ രണ്ട്, മൂന്ന് ദിവസം ഗഹനമായ വിഷയങ്ങളിൽ സംവദിച്ച് പിരിയുന്നതോടെ, അവിടെ കൈക്കൊള്ളുന്ന തീരുമാനങ്ങൾ അവിടെ അവസാനിക്കുകയാണോ എന്ന ചോദ്യം അത്രമേൽ ആശാസ്യമല്ല. എന്തുകൊണ്ടാണങ്ങനെ സംഭവിക്കുന്നത്? ഒന്നും രണ്ടും ലോക കേരളസഭകൾ കൈക്കൊണ്ട തീരുമാനങ്ങളിൽ എത്രയെണ്ണം നടപ്പാക്കിയെന്ന ചോദ്യത്തിന് നോർക്ക വകുപ്പിൽ നിന്ന് ഇതുവരെയും ഉത്തരം കിട്ടിയിട്ടില്ലെന്ന് പ്രതിപക്ഷം പറയുന്നതിനെ ഗൗരവമായി തന്നെ കാണണം.

ലോക കേരളസഭയും

പ്രതിപക്ഷവും

ലോക കേരളസഭകളിൽ രാഷ്ട്രീയമായി എന്തൊക്കെ കുറവുകൾ കണ്ടെത്താനായാലും പ്രതിപക്ഷത്തിനും കരുതലോടെ മാത്രമേ അതിനെ സമീപിക്കാനാവൂ എന്നതാണ് മറ്റൊരു കൗതുകം. കാരണം പ്രതിപക്ഷത്തിനും വേണ്ടപ്പെട്ടവരാണ് പ്രവാസി സമൂഹം. ഏതൊരു രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെയും നിലനില്പിന് പ്രവാസിസമൂഹത്തിന്റെ പിന്തുണ ഒഴിച്ചുകൂടാനാവാത്തതാണ് .

മൂന്നാം ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷതീരുമാനത്തെ അതിക്രൂരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത് രാഷ്ട്രീയമായ ചാട്ടുളിയായിരുന്നു. അത് വല്ലാതെ മുറിവേല്പിക്കുമെന്ന് തിരിച്ചറിഞ്ഞുള്ള ആക്രമണമാണ് കുശാഗ്രബുദ്ധിയായ അദ്ദേഹം നടത്തിയത്. പ്രതിപക്ഷം കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിസർക്കാരിനോടുള്ള എതിർപ്പ് കൊണ്ടാണ് ലോക കേരളസഭ ബഹിഷ്കരിച്ചതെന്ന് പ്രതിപക്ഷനേതാവ് ആവർത്തിച്ച് ന്യായീകരിച്ചത് പ്രവാസിലോകത്തോടല്ല തങ്ങളുടെ വിയോജിപ്പെന്ന് വ്യക്തമാക്കാനായിരുന്നു. എന്നാൽ, വിദേശത്ത് നാടിനായി വിയർപ്പൊഴുക്കുന്നവർക്ക് ഇങ്ങനയെങ്കിലും നാട്ടിലൊരു വേദിയൊരുക്കി അംഗീകരിക്കുമ്പോൾ ധൂർത്തെന്ന് പറഞ്ഞ് ആക്രമിക്കാൻ വരുന്നതിനെതിരെ ഇന്ത്യയിലെ തന്നെ അധികാരരാഷ്ട്രീയകേന്ദ്രങ്ങളിലെ ഏറ്റവും വലിയ സ്വാധീനശക്തിയായ എം.എ. യൂസഫലി വിലപിച്ചത് പ്രതിപക്ഷത്തെ വെട്ടിലാക്കി. യൂസഫലിയുടെ പ്രതികരണം നിർഭാഗ്യകരമായെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞതും അതിനാലാണ്. പ്രവാസികളോടുള്ള എതിർപ്പുകൊണ്ടല്ല ബഹിഷ്കരണമെന്ന് യൂസഫലിക്കായി അദ്ദേഹം വിശദീകരിച്ചു.

പ്രവാസി സമൂഹത്തിന്റെ സ്വാധീനം ഏറ്റവും ശക്തിയായി നിലനിൽക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ കേരളഘടകത്തെയും അങ്കലാപ്പിലാക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ. നാട്ടിൽ ഒരു വേദിക്ക് അതിയായി ആഗ്രഹിക്കുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം ലോക കേരളസഭ അങ്ങേയറ്റം ആകർഷകമാണ്. പ്രതിപക്ഷം വിവാദമുയർത്തുമ്പോൾ അതവരെ മുറിവേല്പിച്ചേക്കാം. മുസ്ലിംലീഗിന്റെയൊക്കെ നിലനില്പിന് തന്നെ കാരണഭൂതരായ പ്രവാസികൾക്ക് മുറിവേൽക്കുന്ന സാഹചര്യം ലീഗ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കും. അതുകൊണ്ടാണ്, എങ്ങും തൊടാതെയുള്ള പ്രതികരണത്തിന് ലീഗ് നേതൃത്വം മുതിർന്നത്.

നോർക്കയും യൂസഫലിയും

ലോക കേരളസഭയും

ലോക കേരളസഭയുടെ പ്രസക്തി വർദ്ധിപ്പിക്കുന്ന ചില നിർണായക ഇടപെടലുകൾക്ക് ഇക്കഴിഞ്ഞ മൂന്നാംസഭ സാക്ഷ്യം വഹിച്ചെന്നത് കാണാതെ വയ്യ. അതിലൊന്നാണ് നെടുമങ്ങാട് സ്വദേശിയായ യുവാവിന് പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം സഭാവേദിയിൽ വച്ച് നേരിട്ട് യൂസഫലിയിൽ നിന്ന് ലഭിച്ചത്.

ആ യുവാവ് നോർക്കയിൽ അപേക്ഷ നൽകിയിട്ടും സാധിക്കാത്ത കാര്യമാണ് യൂസഫലി മുഖേന നടന്നത്. ഇവിടെ ഒരു ചോദ്യം പ്രസക്തമാവുന്നു, പ്രവാസികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനായി നിയുക്തമായ നോർക്കവകുപ്പ് കൊണ്ട് എന്താണ് പ്രയോജനം?.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.