SignIn
Kerala Kaumudi Online
Thursday, 25 April 2024 12.03 PM IST

ജനിതകവ്യതിയാനം സംഭവിച്ച സാമൂഹ്യകേരളം

photo

വർഷങ്ങൾക്ക് മുമ്പാണ്. കടുത്ത വേനൽക്കാലം. ആദരണീയനായ പി.കെ. വാസുദേവൻ നായർ അന്ന് സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്നു. വെളുത്ത അംബാസഡർ കാർ സെക്രട്ടറിക്ക് സഞ്ചരിക്കാനായി പാർട്ടി ഒരുക്കിക്കൊടുത്തിരുന്നു. അതിൽ യാത്രചെയ്ത് ഒരിടത്തെത്തിയാൽ വിയർത്തൊരു പരുവമാകും. അന്ന് പാർട്ടിയിലെ താരതമ്യേന ചെറുപ്പക്കാരിലൊരാളായിരുന്ന പന്ന്യൻ രവീന്ദ്രൻ പി.കെ.വിയോട് ചോദിച്ചു. പാർട്ടിക്ക് ഇതിലൊരു എയർകണ്ടീഷണർ സ്ഥാപിച്ചാലെന്താ? പി.കെ.വിക്ക് അതൊട്ടും ദഹിച്ചില്ല. അദ്ദേഹം കടുത്ത സ്വരത്തിൽ പന്ന്യനെ തിരുത്തി, ഉപദേശിച്ചു. അങ്ങനെ ആർഭാടത്തിൽ ചെയ്യേണ്ടതല്ല പാർട്ടി കാര്യങ്ങൾ. പന്ന്യനും പിൽക്കാലജീവിതത്തിൽ ഇതൊരു പാഠമായിരുന്നു. ഇന്ന് സി.പി.ഐയിൽ ലാളിത്യം മുഖമുദ്ര‌യാക്കി ജീവിക്കുന്ന അപൂർവം നേതാക്കളിലൊരാൾ പന്ന്യനാണല്ലോ.

ഇക്കഥ ഇവിടെ പറയാൻ കാരണം കഴിഞ്ഞ ദിവസം ഒരു പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായുണ്ടായ ടെലിഫോൺ സംഭാഷണമാണ്. കേരളത്തിൽ സമീപദിവസങ്ങളിൽ വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പോപ്പുലർഫ്രണ്ട് ഹർത്താലും എൻ.ഐ.എ റെയ്ഡും അടക്കം കലാപകലുഷിതമായ അന്തരീക്ഷം തന്നെയാണ് ചർച്ചാവിഷയം. പൊലീസ് ആ ഹർത്താലിനെ കൈകാര്യം ചെയ്ത രീതി അടക്കമാണ് തർക്കങ്ങളും വിവാദങ്ങളുമെല്ലാം നുരഞ്ഞ് പൊന്തുന്നത്.

യഥാർത്ഥത്തിൽ ഇത്തരമൊരു സാഹചര്യം കേരളത്തിലെങ്ങനെ സംജാതമായി എന്നതിനെപ്പറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു സാത്വികനും പരന്ന വായനക്കാരനും ആഴത്തിൽ കാര്യങ്ങളെ അപഗ്രഥിക്കുന്നയാളുമായ ആ നേതാവിന്റെ വർത്തമാനം. ശരിയാണ്, കേരളത്തിന് എന്താണ് സംഭവിച്ചിരിക്കുന്നത്? അതിലൊരു ഘടകം നമ്മുടെ മുഖ്യധാരാ രാഷ്ട്രീയനേതൃത്വങ്ങൾക്ക് സംഭവിച്ചിട്ടുള്ള മൂല്യശോഷണവും കൂടിയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതൊരു പരിധിവരെ ശരിയുമാണ്. പഴയകാല കേരളീയ രാഷ്ട്രീയനേതൃത്വത്തെ നോക്കൂ. എല്ലാവരും തലയെടുപ്പോടെ വിരാജിച്ചവർ, ലാളിത്യത്തെ ഉപാസിച്ചവർ., പരന്ന വായനക്കാർ, ആഴത്തിൽ കാര്യങ്ങളെ അപഗ്രഥിക്കാൻ കൂട്ടാക്കിയിരുന്നവർ. സാമൂഹ്യപ്രതിബദ്ധതയോടെ കാര്യങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ടുള്ളവർ. ആർഭാടങ്ങളോട് വിട്ടുവീഴ്ചയില്ല. പ്രീണന മനോഭാവമില്ല. ഇന്ന് അവ പൂർണമായും ഇല്ലാതായിപ്പോയെന്നല്ല. എന്നാൽ ആ പ്രത്യയശാസ്ത്ര ദൃഢത വല്ലാതെ താഴ്ന്നുപോയിരിക്കുന്നു . ഇടതുപക്ഷമെന്ന പുരോഗമനപക്ഷത്ത് പോലും അത് വളരെ പ്രകടമാണ്. ഇതിന്റെയെല്ലാം തുടർചലനമെന്ന നിലയ്ക്ക് വേണം കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവങ്ങളെ വീക്ഷിക്കാൻ. അസഹിഷ്ണുത വർദ്ധിക്കുന്നു. സംഘർഷങ്ങൾ അസ്വസ്ഥമാക്കുന്നു. പരസ്പരമുണ്ടായിരുന്ന സാഹോദര്യം, വിദ്വേഷമില്ലായ്മ എന്നിവയെല്ലാം മാറിപ്പോയിരിക്കുന്നു. ഇത് സാമൂഹ്യമായ മൂല്യച്യുതിയാണ്. ആഗോളീകരണ, ഉദാരീകരണ കാലഘട്ടത്തിന്റെ ഉപോത്‌പന്നമാണ്. എന്നിരുന്നാലും നമ്മുടെ സാമൂഹ്യാന്തരീക്ഷത്തിൽ ഇടപെട്ട് ആത്മാർത്ഥതയോടെ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയം ഒരളവുവരെ പരാജയപ്പെടുന്നതും ഈ നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നുണ്ടെന്ന് വേണം കരുതാൻ.

രാജ്യവ്യാപകമായാണ് എൻ.ഐ.എയുടെ റെയ്ഡ് കഴിഞ്ഞ ദിവസം നടന്നത്. പതിനഞ്ച് സംസ്ഥാനങ്ങളിൽ നടന്നു. ഏറ്റവുമധികം ആളുകൾ അറസ്റ്റിലായ സംസ്ഥാനം കേരളമാണ്. തൊട്ടടുത്ത് തന്നെ മറ്റ് സംസ്ഥാനങ്ങളുമുണ്ട്. യു.പിയും കർണാടകയും ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും റെയ്ഡ് നടന്നെങ്കിലും ഹർത്താൽ നടന്നത് കേരളത്തിൽ മാത്രമാണ്. അതിന്റെ പേരിൽ വ്യാപക അക്രമങ്ങളും നടന്നു കേരളത്തിൽ. സമീപകാലത്തൊന്നും ഒരു ഹർത്താലിലും കേട്ടിട്ടില്ലാത്ത വണ്ണം. ശബരിമല യുവതീപ്രവേശന വിധിയുണ്ടായ വേളയിൽ കലാപകലുഷിതമായ അന്തരീക്ഷമുണ്ടായിട്ടുണ്ട്. അതിനൊപ്പമോ അതിനെയും കടത്തിവെട്ടുന്നതോ ആയ സംഭവങ്ങളാണ് ഇക്കഴിഞ്ഞ ഹർത്താൽദിനത്തിൽ അരങ്ങേറിയത്.

പോപ്പുലർ ഫ്രണ്ടും

ഇസ്ലാമിസ്റ്റുകളും

1977ൽ രൂപീകൃതമായ സിമി നിരോധിക്കപ്പെട്ട ശേഷം ഉടലെടുത്തതാണ് പോപ്പുലർ ഫ്രണ്ട്. കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റിയും നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ടും യോജിച്ച് 2006 മുതൽ പോപ്പുലർ ഫ്രണ്ട് നിലവിൽവന്നു. മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംഘടനയായി രംഗത്തെത്തിയ പോപ്പുലർ ഫ്രണ്ട് നവസാമൂഹ്യപ്രസ്ഥാനമെന്ന് സ്വയം ലേബൽ ചെയ്ത് മനുഷ്യാവകാശ പ്രശ്നങ്ങളും മറ്റും ഏറ്റെടുക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളാണ് മുന്നോട്ടുവച്ചത്. സംവരണവിഷയത്തിൽ ഉൾപ്പെടെ മുസ്ലിംന്യൂനപക്ഷ അവകാശങ്ങൾക്കായി ശക്തിയായി അവർ മുന്നോട്ടുവന്നു.

കേരളത്തിൽ മതേതര പ്രതിച്ഛായയുമായി നിലകൊള്ളുന്ന മുസ്ലിംലീഗ് പോലുള്ള രാഷ്ട്രീയപാർട്ടികളിൽ നിന്ന് വ്യത്യസ്തമായാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിച്ചുവന്നത്. യഥാർത്ഥത്തിൽ 1992ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട ശേഷം ഇന്ത്യയിലാകെ മുസ്ലിം മതവിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ടുവന്ന അരക്ഷിതാവസ്ഥയിൽ നിന്നുദ്ഭവിച്ച നിരവധി സംഘടനകളുണ്ടായിട്ടുണ്ട്. പലതിനും തീവ്രവാദസ്വഭാവത്തോടെയുള്ള പ്രവർത്തനരീതികളുമുണ്ടായി. പോപ്പുലർഫ്രണ്ടിനെയും ആ ഗണത്തിലാണ് പെടുത്തിപ്പോന്നത്.

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് കൊളോണിയൽ തന്ത്രം പിൽക്കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ സമർത്ഥമായി പയറ്റിയെടുക്കുന്നതിൽ വിജയിച്ച സംഘപരിവാറിന്റെ രാഷ്ട്രീയം സമ്മാനിച്ച ഉപോത്‌പന്നങ്ങളാണ് ഇത്തരം മുസ്ലിം തീവ്രവാദസംഘടനകളെന്നും പറയാം. മാലേഗാവ് സ്ഫോടനത്തിന്റെയൊക്കെ പുറത്തുവന്ന കഥകൾ സംഘപരിവാർ പടച്ചുവിട്ട വിധ്വംസകരാഷ്ട്രീയത്തിന്റെ വിളംബരമായിരുന്നു. ഇസ്ലാമിക ഭീകരവാദ രാഷ്ട്രീയവും സംഘപരിവാർ രാഷ്ട്രീയവും ഇന്ത്യയിൽ പരസ്പര പൂരകമായി നിലകൊള്ളുന്നുവെന്നാണ് മതേതരവിശ്വാസത്തിലധിഷ്ഠിതമായ സാമാന്യജനത്തിന്റെ ബോദ്ധ്യം.

കേരളത്തിലുണ്ടായ

സാമ്പത്തിക മുന്നേറ്റവും

പ്രേരകം

എൺപതുകളിൽ തുടങ്ങിയ ഗൾഫ് കുടിയേറ്റത്തിന്റെ ശക്തിപ്പെടൽ കേരളത്തിന്റെ സാമൂഹ്യഘടനയെ ആകെ മാറ്റിമറിച്ചു. സമ്പത്ത് വൻതോതിൽ ആളുകളിലേക്കെത്താൻ തുടങ്ങി. സമ്പത്ത് കുമിഞ്ഞുകൂടുമ്പോൾ അത് പിന്നെ കൂട്ടുപിടിക്കുന്നത് മതത്തെയാകും. മതചേരിതിരിവുകൾ ശക്തിപ്പെടാൻ തുടങ്ങുന്നത് അങ്ങനെയാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ കേരളീയ സാമൂഹ്യപരിസരത്തെ പിടികൂടാനാരംഭിച്ചു.

പലനിലയ്ക്കും അത് പ്രകടമാകാൻ തുടങ്ങി. ആഗോളവത്കരണ, ഉദാരവത്കരണ പ്രക്രിയകൾ ശക്തിപ്പെട്ടത് ഈ സാമ്പത്തിക കുടിയേറ്റത്തെയും അതിന്റെ ഫലമായ മറ്റ് ചലനങ്ങളെയും വലിയ തോതിൽ സ്വാധീനിച്ചു. തൊണ്ണൂറുകളുടെ ആദ്യത്തിൽ നരസിംഹറാവു സർക്കാർ ആരംഭിച്ച ആഗോളവത്കരണനയം, ബാബറി മസ്ജിദിന്റെ തകർച്ച എന്നിവയെല്ലാം ഇന്ത്യൻ രാഷ്ട്രീയത്തിൽ കൃത്യമായ ധ്രുവീകരണത്തിന് കൂടി തുടക്കം കുറിക്കുകയായിരുന്നു.

ഒരുപക്ഷേ, ഇരുപത്തിയൊന്നാം നൂറ്റാണ്ട് രണ്ടായിരത്തിന് ശേഷമല്ല ഇന്ത്യയിൽ ആരംഭിച്ചതെന്ന് സാമൂഹ്യനിരീക്ഷകർ വിലയിരുത്താറുണ്ട്. ആഗോളീകരണപ്രക്രിയയ്‌ക്ക് തുടക്കം കുറിച്ച 1991ൽത്തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയിൽ തുടക്കം കുറിച്ചെന്ന് വേണം കരുതാൻ. അതെ, അതുതന്നെ സംഗതി. പിന്നീടിങ്ങോട്ട് നോക്കൂ. ശാസ്ത്ര, സാങ്കേതികരംഗത്തുണ്ടായ മുന്നേറ്റങ്ങൾക്കൊപ്പം നവീനങ്ങളായ സാങ്കേതികവിദ്യകളിലേക്ക് ലോകവും രാജ്യവും മാറി. മൊബൈൽഫോണിലൂടെ സംസാരിക്കുന്നത് പോലും എൺപതുകളിലൊക്കെ ആരെങ്കിലും സ്വപ്നത്തിൽ പോലും കണ്ടിരിക്കുമോ?

ഇത്തരം വികാസങ്ങൾക്കും സാമ്പത്തികാധീശത്വത്തിനുമൊപ്പമാണ് മതങ്ങളെ ആശ്രയിച്ചുള്ള പുതിയ സമീപനരീതിയിലേക്കും ആളുകൾ മാറിത്തുടങ്ങുന്നത്. മറ്റൊന്നും ചിന്തിക്കാനില്ലാത്തപ്പോൾ മതത്തെ കൂട്ടുപിടിക്കുന്നു. അതിൽനിന്ന് മതതീവ്രവാദത്തിലേക്ക് ചുവടുമാറുന്നു. കാമ്പസുകളൊക്കെ ഒരു പരിധിവരെ തൊണ്ണൂറുകളിലുണ്ടായിരുന്ന അന്തരീക്ഷത്തിൽ നിന്നെല്ലാം മാറി വേറൊരു തലത്തിലായി.

പലതരത്തിലുള്ള അരാജകത്വത്തിന്റെയും അസ്വസ്ഥതയുടേതുമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ അതിദ്രുതം മാറിപ്പോകുന്ന കാഴ്ച. കേരളത്തിലാണ് ഗൾഫ് ബൂം നേരത്തേ തന്നെ അതിന്റെ പാരമ്യത്തിലേക്ക് കുതിച്ചുകൊണ്ടിരുന്നത് എന്നതുകൊണ്ട് കേരളം പല വിധ്വംസകസാഹചര്യങ്ങൾക്കും വഴിയൊരുക്കുന്ന ഇടം കൂടിയായിട്ടുണ്ടെന്നതാണ് ഭീതിജനകം.

എല്ലാ മതങ്ങളിലും തീവ്രവാദശക്തികൾ സ്വാധീനം കൂട്ടിത്തുടങ്ങി എന്നത് യാഥാർത്ഥ്യമാണെങ്കിലും ഇസ്ലാമിൽ അതിനുണ്ടാകുന്ന മാനം വേറെയാണ്. കാരണം ആഗോളമായിത്തന്നെ ഏറ്റവും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഇസ്ലാമിക തീവ്രവാദം. അതിന്റെ ഇന്ത്യൻ പതിപ്പ് അങ്ങേയറ്റം സെൻസേഷണലായ മാനം കൈവരിക്കുന്നത് അതിനാലാണ്. ആ തീവ്രവാദവുമായി ബന്ധപ്പെട്ട ഏറ്റവും സ്ഫോടനാത്മകമായ വാർത്തകൾ സമീപകാലത്തായി കേരളത്തെ കേന്ദ്രീകരിച്ചാവുന്നത് നേരത്തേപറഞ്ഞ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിലെ മാറ്റമാണ് വ്യക്തമാക്കുന്നത്.

കേരളീയമനസ്സുകൾ അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കൊവിഡ് കാലം അതിന് തീവ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. ക്രൈസ്തവ- മുസ്ലിം സൗഹാർദ്ദത്തിന് പേരുകേട്ടിരുന്ന കേരളത്തിൽ ഇന്നതല്ല സ്ഥിതി. ക്രൈസ്തവർക്കിടയിൽ, പ്രത്യേകിച്ച് കത്തോലിക്കർക്കിടയിൽ മുസ്ലിംവിദ്വേഷം വലിയ നിലയിലാണ് പ്രചരിക്കുന്നത്. ഇത്തരം ധ്രുവീകരണത്തിൽ നിന്നെല്ലാം വിളവെടുക്കാൻ തയാറെടുത്ത് നിൽക്കുന്നത് സംഘപരിവാറാണ്.

പ്രമുഖ മാദ്ധ്യമപ്രവർത്തകൻ വെങ്കടേശ് രാമകൃഷ്ണൻ സമീപകാലത്ത് അഭിപ്രായപ്പെട്ടത് പോലെ കേരളത്തിലെ ഭൂരിപക്ഷസമുദായത്തിലെ അടുക്കളകൾ ഭൂരിഭാഗവും ഇതിനകം തന്നെ ഹിന്ദുത്വവത്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അത് വോട്ടായി മാറാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിനുത്തരവും അദ്ദേഹം നല്കി. അതിന്റെ നേട്ടം കൊയ്യാൻ മാത്രമുള്ള നേതൃശേഷിയോ വിശ്വാസ്യതയോ ആ രാഷ്ട്രീയപാർട്ടിയുടെ നേതൃത്വത്തിന് കൈവരിക്കാനാവാത്തതാണ് സംഗതി. കേരളത്തിന്റെ പാർലമെന്ററി രാഷ്ട്രീയരംഗത്ത് മുഖ്യധാരാ നേതൃത്വം ഇപ്പോഴും സി.പി.എം നയിക്കുന്ന ഇടതുമുന്നണിക്കും കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിനുമാണ്. ഇവർക്ക് മുകളിലേക്ക് കയറിപ്പോകാനുള്ള വിശ്വാസ്യത കൈവരിക്കാൻ ബി.ജെ.പിക്കോ അവർ നേതൃത്വം കൊടുക്കുന്ന എൻ.ഡി.എയ്ക്കോ ഇതുവരെ സാധിച്ചിട്ടില്ല.

എന്നാൽ അവരുടെ നീക്കങ്ങൾക്ക് ഉത്തേജനം പകരുന്ന സംഭവങ്ങളാണ് പോപ്പുലർ ഫ്രണ്ടിനെ ചൊല്ലിയുള്ള വിവാദങ്ങളിലൂടെ ഈ ദിവസങ്ങളിൽ കേരളം കണ്ടുകൊണ്ടിരിക്കുന്നത് എന്നുവേണം കരുതാൻ. ശക്തമായ രാഷ്ട്രീയപാരമ്പര്യം അവകാശപ്പെടാവുന്ന നമ്മുടെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ പുതിയ നേതൃത്വങ്ങൾ അതുകൊണ്ടുതന്നെ കാലത്തിനനുസരിച്ച് പലതലങ്ങളിലും ഉയരേണ്ടിയിരിക്കുന്നു. ജനിതകവ്യതിയാനം സംഭവിച്ച കേരളം മയക്കുമരുന്ന്, സ്വർണക്കള്ളക്കടത്ത്, മതതീവ്രവാദം തുടങ്ങിയ ദൗർബല്യങ്ങളിൽ പെട്ട് ചീഞ്ഞളിഞ്ഞ് നശിക്കാതിരിക്കാനുള്ള ജാഗ്രത കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.