SignIn
Kerala Kaumudi Online
Friday, 19 April 2024 1.03 PM IST

സി.പി.എം പാർട്ടി കോൺഗ്രസ് ഉയർത്തുന്ന ചിന്തകൾ

vivadavela

" ബി.ജെ.പി, അധീശ രാഷ്ട്രീയപ്പാർട്ടിയായി ഉയർന്നുവരികയും ആർ.എസ്.എസ് ശൃംഖല അതിവേഗത്തിൽ വ്യാപിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ പാർട്ടിയുടെ സ്വതന്ത്രമായ ശക്തിയിലും രാഷ്ട്രീയ ഇടപെടൽ ശേഷിയിലും കൂടുതൽ ഇടർച്ച സംഭവിച്ചിട്ടുണ്ട് "- കണ്ണൂരിൽ സമാപിച്ച സി.പി.എമ്മിന്റെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിൽ സ്വയംവിമർശനപരമായി ഇങ്ങനെ വിലയിരുത്തി.

സി.പി.എം കരുതുന്നത് പാർട്ടിയുടെ സ്വതന്ത്രമായ ശക്തി വളർത്താതെ രാജ്യത്ത് പോരാട്ടം സാദ്ധ്യമല്ലെന്നാണ്. പോരാട്ടം നടത്തേണ്ടത് പ്രധാനമായും ഹിന്ദുത്വ വർഗീയ, കോർപ്പറേറ്റ് പ്രീണന ഭരണകൂട നയങ്ങൾക്കെതിരെയാണ്.

സി.പി.എം പറയുന്നത് ശരിയാണ് . ഹിന്ദുത്വ വർഗീയ, കോർപ്പറേറ്റ് പ്രീണന ഭരണകൂടത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടത് ജനാധിപത്യ, മതേതര റിപ്പബ്ലിക്കിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. ഉത്തരേന്ത്യയിലും മറ്റും നേരത്തേ മുഖ്യധാരാസമൂഹം ഞെട്ടലോടെ മാത്രം കാണുകയും കേൾക്കുകയും ചെയ്തിരുന്ന പല വർഗീയ ഇടപെടലുകളും ഇന്നിപ്പോൾ സാധാരണവത്കരിക്കപ്പെട്ടിരിക്കുന്നു. മതന്യൂനപക്ഷങ്ങളിൽ പെട്ട, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൽപ്പെട്ട സ്ത്രീകളെ വർഗീയവാദികൾ കൂട്ടമാനഭംഗം ചെയ്ത് ആഘോഷിക്കുന്ന നിഷ്ഠുരമായ കാഴ്ചയെപ്പറ്റി കണ്ണൂർ പാർട്ടി കോൺഗ്രസിനിടയിൽ ഒരു ദിവസം വാർത്താസമ്മേളനം നടത്തിയ പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഓർമ്മിപ്പിച്ചിരുന്നു.

സി.പി.എം പറയുന്നത് ഹിന്ദുത്വ ശക്തികളെ ഒറ്റപ്പെടുത്താൻ അടിസ്ഥാനപരമായ മുന്നുപാധിയാണ് പാർട്ടിയെ ശക്തിപ്പെടുത്തൽ എന്നാണ്. ഹിന്ദുത്വത്തിനും അതിന്റെ വ്യത്യസ്ത വർഗീയ സംവിധാനങ്ങൾക്കുമെതിരായ പോരാട്ടം രാഷ്ട്രീയവും ആശയപരവും സാംസ്കാരികവും സാമൂഹ്യവുമായ മേഖലകളിൽ സുസ്ഥിരമായി നടത്തേണ്ടതുണ്ട്. ഹിന്ദുത്വ അജൻഡയ്ക്കെതിരായ സമരം ശക്തിപ്പെടുത്താൻ മൂർത്തമായ നടപടികൾ ഏറ്റെടുക്കണമെന്നും രാഷ്ട്രീയപ്രമേയം പറയുന്നു.

എന്നാൽ, എന്തുകൊണ്ടാണ് സി.പി.എമ്മിന് അതിന്റെ സ്വതന്ത്രശക്തിയിൽ പ്രഖ്യാപിച്ച ലക്ഷ്യത്തിലേക്ക് നടന്നടുക്കാൻ രാജ്യത്ത് കഴിയാതെ പോകുന്നത്? അതിന് ഒരു കാരണമായി പറയാവുന്നത് പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ ശാഠ്യമാണ്.

വർഗസമരവും സ്വത്വ രാഷ്ട്രീയവും

സി.പി.എം ഉൾപ്പെടെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മുന്നോട്ട് വയ്ക്കുന്നത് വർഗസമര കാഴ്ചപ്പാടാണ്. എന്നാൽ, ജാതികളും ഉപജാതികളുമൊക്കെയായി വർഗ, വർണ വൈവിദ്ധ്യങ്ങളുടെ സംഗമഭൂമിയായ ഇന്ത്യ പോലെ സങ്കീർണമായൊരു രാജ്യത്ത് ഈ കാഴ്ചപ്പാട് എത്രത്തോളം പ്രയോഗവത്കരിക്കാനാകും എന്നത് സുപ്രധാന ചോദ്യമാണ്.

ഇന്ത്യാ രാജ്യത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം പ്രാദേശിക രാഷ്ട്രീയപ്പാർട്ടികൾ ശക്തിപ്പെട്ടതും പ്രവർത്തനരംഗം കൈയടക്കി നിൽക്കുന്നതും ജാതി രാഷ്ട്രീയത്തിന്റെ പിൻബലത്തിലാണ്. അതായത്, സ്വത്വരാഷ്ട്രീയവാദമാണ് അവയെ നിലനിറുത്തുന്നതെന്ന് പറയാം. അവയോട് പൊരുത്തപ്പെടാൻ മാത്രമുള്ള വിശാല കാഴ്ചപ്പാടിലേക്ക് നീങ്ങാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വൈമുഖ്യമുണ്ടെന്നതാണ് വാസ്തവം.

സമീപകാലത്തായി ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിച്ച പ്രക്ഷോഭങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു. അതിലേറ്റവും പ്രധാനം കർഷകസമരമായിരുന്നു. മണ്ഡികൾക്ക് പകരം കോർപ്പറേറ്രുകളാൽ നിയന്ത്രിക്കപ്പെടുന്ന വിപണിസംവിധാനത്തിലേക്ക് കർഷകർ അടിമവത്കരിക്കപ്പെടാൻ വഴിയൊരുക്കിയേക്കാവുന്ന നിയമങ്ങൾ എന്ന തിരിച്ചറിവിലാണ് ധനികകർഷക വിഭാഗങ്ങളടക്കം പ്രക്ഷോഭരംഗത്തേക്കിറങ്ങിയത്. ഒരു വർഷത്തിലേറെ നീണ്ടുനിന്ന സമരത്തിനൊടുവിൽ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് അടക്കം മുന്നിൽക്കണ്ട് കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദി സർക്കാർ വിവാദ നിയമങ്ങൾ മരവിപ്പിക്കുകയുണ്ടായി.

രാജ്യം കണ്ട ഐതിഹാസികമായൊരു പ്രക്ഷോഭത്തിന്റെ ഉജ്വല വിജയമായാണ് ഇത് ആഘോഷിക്കപ്പെട്ടത്. ഈ പ്രക്ഷോഭത്തിൽ വർഗസമരാധിഷ്ഠിതമായ പാതയിലാണ് സമരൈക്യം പ്രഖ്യാപിച്ചുകൊണ്ട് സി.പി.എം അനുകൂല കിസാൻസഭയടക്കം അണിചേർന്നത്. അതൊരുതരത്തിൽ പൂർണമായ ഉൾച്ചേരലിന് വിലങ്ങുതടിയായെന്ന് പറയാം. കർഷകസമരത്തിന്റെ പങ്കുപറ്റി സമരൈക്യ പാതയിൽ നീങ്ങാൻ സി.പി.എം ആഹ്വാനം ചെയ്യുമ്പോഴും വർഗസമര കാഴ്ചപ്പാടിലേ സഞ്ചരിക്കൂവെന്ന അവരുടെ പ്രത്യയശാസ്ത്ര ശാഠ്യം അതിന് പരിമിതികൾ സൃഷ്ടിച്ചു.

ധനിക കർഷകരായാലും കർഷകസ്വത്വം ഉയർത്തിപ്പിടിച്ചുള്ള പോരാട്ടമാണ് അവർ നടത്തുന്നത്. അതിനെ വർഗസമരത്തോട് കൂട്ടിയിണക്കി ശക്തിപ്പെടുത്താനാവില്ലെന്ന് സി.പി.എം തിരിച്ചറിയാതില്ല. അത് തിരിച്ചറിഞ്ഞുതന്നെ കിസാൻസഭ സമരത്തിൽ അണിചേർന്ന് പാർട്ടി കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചെന്ന് മാത്രം. അതുകൊണ്ട് കർഷകസമരത്തിന്റെ നേട്ടം സി.പി.എമ്മിന് ലഭിച്ചെന്ന് പറയാനാകുമോ? ഇല്ലേയില്ല.

സി.പി.എമ്മിന്റെ പ്രതിസന്ധി

ബംഗാളിലെയും ത്രിപുരയിലെയും തകർച്ചയ്ക്ക് ശേഷം സി.പി.എം അത്യഗാധമായ പ്രതിസന്ധിയെ ആണ് രാജ്യത്ത് അഭിമുഖീകരിക്കുന്നതെന്ന് പറയാം. നന്ദിഗ്രാമിലും സിംഗൂരിലും വ്യാവസായിക മുന്നേറ്റമുണ്ടാക്കി നേട്ടം കൊണ്ടുവരാൻ ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുണ്ടായ ഇടതുപക്ഷ സർക്കാർ ശ്രമിച്ചതാണല്ലോ തിരിച്ചടിയായത്.

സിംഗൂരിൽ ടാറ്റായുടെ കാർഫാക്ടറിക്ക് സ്ഥലമനുവദിക്കാനെടുത്ത ബുദ്ധദേബ് സർക്കാരിന്റെ തീരുമാനം തെറ്റെന്ന് പറയാനാവില്ല. പലായനത്തിന്റെയും മറ്റും കെടുതികൾ ഇപ്പോഴും നേരിടുന്ന സംസ്ഥാനമാണ് പശ്ചിമബംഗാൾ. തദ്ദേശീയമായ സാമൂഹ്യദാരിദ്ര്യം നന്നായി അനുഭവിക്കുന്ന നാടും ആണ്. പലരും കേരളത്തിലേക്കടക്കം തൊഴിലിനായി വരുന്നു. ഷാലിമാർ എക്സ്‌പ്രസ് എന്നൊരു തീവണ്ടി കേരളത്തിലേക്ക് പുറപ്പെടുന്ന ദിവസത്തെ കാഴ്ചകളെപ്പറ്റി പലരും വിവരിച്ചു കേട്ടിട്ടുണ്ട്. ജീവിക്കാൻ പാടുപെടുന്ന മനുഷ്യരുടെ ദൈന്യചിത്രങ്ങൾ മായ്ച്ചു കളയാൻ 33വർഷം ഭരിച്ചിട്ടും സി.പി.എം നേതൃത്വത്തിലുള്ള സർക്കാരിന് സാധിച്ചിട്ടില്ല.

കൃഷിക്ക് ഏറെ ഫലഭൂയിഷ്ടമായ മണ്ണാണ് ബംഗാളിലേത്. വൻതോതിൽ കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണേറെയും. സിംഗൂരിൽ യഥാർത്ഥ ഭൂവുടമകൾ നാട്ടിൽ വികസനം വന്ന് നാട്ടുകാർക്ക് തൊഴിലുണ്ടാകുന്നെങ്കിൽ ആകട്ടെയെന്നാണ് ചിന്തിച്ചത്. അവർ സ്വമേധയാ സർക്കാരിന് ഭൂമി വിട്ടുനൽകാമെന്ന ഉറപ്പിന്മേലാണ് ടാറ്റാ ഫാക്ടറിയെ ബുദ്ധദേബ് ക്ഷണിച്ചത്.

പക്ഷേ, പാട്ടകൃഷിക്കാരുടെ നിലപാട് കാര്യങ്ങളെ മാറ്റിമറിച്ചു. അവർ ഫാക്ടറിക്കെതിരെ സമരം ചെയ്തു. നീണ്ട കാലം ഭരിച്ച സർക്കാരിനെതിരെ മറ്റ് തരത്തിൽ സംസ്ഥാനത്തുയർന്നുവന്നിരുന്ന ജനരോഷം ഇതിനോട് താദാത്മ്യം പ്രാപിച്ചപ്പോൾ മമത ബാനർജിയുടെ രാഷ്ട്രീയകൗശലം നന്നായി പ്രവർത്തിച്ചു. മമത ബാനർജിയും തൃണമൂൽ കോൺഗ്രസും സിംഗൂർ പ്രതിരോധത്തിന് എരിവ് പകർന്നു. മമത നിരാഹാരം കിടന്നു. പ്രക്ഷോഭം കത്തിപ്പടർന്നു.

നന്ദിഗ്രാമിൽ കുറേക്കൂടി തീവ്രമായിരുന്നു കാര്യങ്ങൾ. രണ്ടും ചേർന്ന് 2011ൽ ഇടതുസർക്കാരിനെ തകർത്തുകളഞ്ഞു. തൃണമൂലിനെ ബംഗാളികൾ അധികാരത്തിലേറ്റി.

പിന്നീടിങ്ങോട്ട് തൃണമൂൽ അക്ഷരാർത്ഥത്തിൽ ബംഗാളിനെ അടക്കി ഭരിച്ചു. ക്ലബ്ബുകൾ കേന്ദ്രീകരിച്ചുള്ള ഗുണ്ടാരാഷ്ട്രീയം അരങ്ങുതകർത്തു. ഒരുകാലത്ത് രാജാക്കന്മാരായി വിലസിയിരുന്ന സി.പി.എമ്മുകാർക്ക് പുറത്തിറങ്ങാൻ വയ്യാതായി. സി.പി.എം എന്നു കേട്ടാലേ അടി കിട്ടുന്ന അവസ്ഥയായി. പലരും പ്രാണരക്ഷാർത്ഥം തൃണമൂലുകളായി.

ജനകീയ വിഷയങ്ങളിൽ ഇടപെട്ടും മറ്റും പതുക്കെപ്പതുക്കെ തിരിച്ചുവരാൻ ശ്രമിക്കുന്നുണ്ട് സി.പി.എം. പക്ഷേ തൃണമൂലിന്റെ പ്രഭാവത്തെ മറികടക്കാനുള്ള ശേഷിയില്ല. റാലികളിലും മറ്റും കാണുന്ന ആവേശം വോട്ടിംഗിൽ ഇടതിന് അനുകൂലമായി പ്രതിഫലിക്കുന്നില്ല.

കണ്ണൂർ പാർട്ടി കോൺഗ്രസിലേക്കെത്തിയപ്പോൾ മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പ് കൂടി പൂർത്തിയായിക്കഴിഞ്ഞിരുന്നു ബംഗാളിൽ. കഴിഞ്ഞ വർഷം നടന്ന ആ തിരഞ്ഞെടുപ്പിൽ ഒരാളെപ്പോലും വിജയിപ്പിക്കാൻ സി.പി.എമ്മിന് അവിടെ സാധിച്ചില്ല.

കോൺഗ്രസും സി.പി.എമ്മും

കോൺഗ്രസിനോടുള്ള സമീപനത്തെ ചൊല്ലിയാണ് സി.പി.എം കഴിഞ്ഞ 22ാം പാർട്ടി കോൺഗ്രസിൽ പ്രധാനമായും തർക്കിച്ചത്. ഹൈദരബാദിലായിരുന്നു ആ പാർട്ടി കോൺഗ്രസ്. കോൺഗ്രസിനോട് രാഷ്ട്രീയസഖ്യമില്ലാതെ, വിശാല മതേതര കക്ഷികളുടെ നീക്കുപോക്കുകൾ ബി.ജെ.പിയെ തോല്പിക്കുന്നതിന് ആകാമെന്ന അടവുനയത്തിലാണ് ഹൈദരബാദ് കോൺഗ്രസ് അവസാനം ധാരണയിലെത്തിയത്.

അത്തരം തർക്കങ്ങൾക്കൊന്നും പ്രസക്തിയില്ലാത്ത വിധം ദേശീയ രാഷ്ട്രീയം മാറിമറിഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തൊട്ടാകെ രണ്ടുപേരെയാണ് സി.പി.എമ്മിന് വിജയിപ്പിക്കാനായത്. ഒരാൾ കേരളത്തിലും ഒരാൾ തമിഴ്നാട്ടിലും. തമിഴ്നാട്ടിൽ നിന്ന് സി.പി.ഐക്ക് ഒരാൾ. രണ്ട് പാർട്ടികൾക്കും കൂടി മൂന്നേ മൂന്ന് പേർ.

2004ൽ 43 സീറ്റുകൾ വരെ തനിച്ച് നേടിയ പാർട്ടിയാണ് സി.പി.എം എന്നോർക്കുന്നത് കൗതുകകരമായിരിക്കും. പക്ഷേ, കോൺഗ്രസിനോട് രാഷ്ട്രീയസഖ്യം വേണ്ടെന്ന നിലപാടിൽ നിന്ന് ഇപ്പോഴും സി.പി.എം മാറാതിരിക്കുന്നത് അവരുടെ പ്രത്യയശാസ്ത്ര ശാഠ്യം ഒന്നുകൊണ്ട് മാത്രമാണ്. ബി.ജെ.പിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താനായി മതേതര കക്ഷികളുടെ വിശാല കൂട്ടായ്മ ഒരുക്കണമെന്ന നിലയിലേക്ക് പൊതുവായെത്തിയെങ്കിലും കോൺഗ്രസുമായി രാഷ്ട്രീയസഖ്യം പറ്റില്ലെന്നാണ് സി.പി.എം ഇപ്പോഴും പറയുന്നത്. കേരളഘടകം ഇതിനായി ശക്തിയായി വാദിച്ചുനിൽക്കുന്നത്, കേരളത്തിലെ പാർട്ടിയുടെ മുഖ്യശത്രുസ്ഥാനത്ത് ഇപ്പോഴും കോൺഗ്രസ് തുടരുന്നുവെന്നതിനാലാണ്.

എങ്കിലും സംസ്ഥാനങ്ങളിൽ അവിടങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയ സ്ഥിതിഗതികൾക്കനുസരിച്ച് പ്രാദേശിക നീക്കുപോക്കുകൾ തീരുമാനിക്കാമെന്ന നിലയിലേക്ക് സി.പി.എം മാറിയിട്ടുണ്ട്. തമിഴ്നാട്ടിൽ ഡി.എം.കെ നേതൃത്വം കൊടുക്കുന്ന സഖ്യത്തിൽ കോൺഗ്രസും സി.പി.എമ്മും മുസ്ലിംലീഗുമെല്ലാം നിൽക്കുന്നത് പോലെ.

പ്രാദേശിക കക്ഷികൾ മാത്രം മതിയോ?

സി.പി.എമ്മിന്റെ സ്വതന്ത്ര ശക്തിയും സി.പി.എമ്മും സി.പി.ഐയും മറ്റ് ഇടതുപാർട്ടികളും ചേർന്നുള്ള ഇടതുമുന്നണിയും ശക്തിപ്പെടുത്തണമെന്നാണ് സി.പി.എം എപ്പോഴും പറയുന്നത്. പക്ഷേ, കോൺഗ്രസിനോട് കൂട്ടുചേരുന്നതിൽ സി.പി.ഐക്ക് മറിച്ചൊരു നിലപാടാണ്. കോൺഗ്രസ് പാൻ ഇന്ത്യൻ മുഖമുള്ള ദേശീയ പാർട്ടിയായാണ് അവർ കാണുന്നത്. അതുകൊണ്ട് ഇടതുപാർട്ടികൾ പ്രാദേശിക കക്ഷികളുമായി മാത്രം മതി ധാരണയുണ്ടാക്കാൻ എന്ന് തീരുമാനിച്ചാൽ, അത് ഫലത്തിൽ ഇടതുപാർട്ടികളുടെ നിലവാരം തന്നെ പ്രാദേശികതലത്തിലേക്ക് താഴ്ത്തപ്പെടില്ലേയെന്ന് സി.പി.ഐ നേതാക്കൾ ചോദിക്കാറുണ്ട്. അങ്ങനെ ചിന്തിച്ചുനോക്കുമ്പോൾ ശരിയാണല്ലോ എന്ന് നമുക്കും തോന്നിപ്പോകും. പക്ഷേ, സി.പി.എം കോൺഗ്രസിനെ അങ്ങനെയൊരു ശക്തിയായി കാണാനേ കൂട്ടാക്കുന്നില്ല. അതിന് പ്രത്യയശാസ്ത്രപരമായ ചില കാരണങ്ങളും അവർ ചൂണ്ടിക്കാണിക്കുന്നു: "കോൺഗ്രസ് പാർട്ടി ഇന്ത്യൻ ഭരണവർഗങ്ങളുടെ അതായത്, വൻകിട ബൂർഷ്വാസികളുടെയും ഭൂപ്രഭുക്കളുടെയും താത്‌പര്യങ്ങളെ പ്രതിനിധീകരിക്കുന്നു. അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നവലിബറൽ നയങ്ങളാണ് പിന്തുടരുന്നത്."

അതോടൊപ്പം സി.പി.എം ചൂണ്ടിക്കാട്ടുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയസ്വാധീനവും സംഘടനാശക്തിയും ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. "മതനിരപേക്ഷമാണെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഹിന്ദുത്വ കക്ഷികൾക്ക് ആശയപരമായ വെല്ലുവിളി ഫലപ്രദമായി ഉയർത്താനാവുന്നില്ല. ദുർബലമായ കോൺഗ്രസിന് എല്ലാ മതനിരപേക്ഷ പ്രതിപക്ഷ പാർട്ടികളെയും അണിനിരത്താനാവുന്നില്ല."

അതായത്, കോൺഗ്രസ് ഒന്നിനും കൊള്ളാത്ത പാർട്ടിയായി അധ:പതിച്ച് പോയിരിക്കുന്നുവെന്ന് സാരം. കോൺഗ്രസിനെ വിശ്വസിച്ച് കൂടെകൂട്ടാനാവില്ലെന്ന് പറഞ്ഞ് പ്രാദേശികപാർട്ടികളിൽ പ്രതീക്ഷയർപ്പിക്കുന്ന സി.പി.എമ്മിന് ബി.ജെ.പിക്കെതിരെ ഏതെല്ലാം തലങ്ങളിൽ പരമാവധി വോട്ടുകൾ സ്വരൂപിക്കാനാവും എന്നൊരു ചോദ്യം കണ്ണൂർ പാർട്ടി കോൺഗ്രസ് തീരുമ്പോഴും ഉച്ചത്തിൽ മുഴങ്ങുന്നുണ്ട്.

കോൺഗ്രസിന്റെ നിലപാടില്ലായ്മ കണ്ടില്ലേയെന്ന് കേരള സി.പി.എമ്മിന് ചോദിക്കാൻ കിട്ടിയ ഒരവസരത്തെ കൂടി ഓർമ്മിപ്പിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. അത് കണ്ണൂർ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിലേക്ക് സ്വന്തം പാർട്ടിയുടെ വിലക്ക് ലംഘിച്ച് കെ.വി. തോമസ് എന്ന മുതിർന്ന കോൺഗ്രസ് നേതാവ് പങ്കെടുത്തതിനെ സംബന്ധിച്ചാണ്. തോമസിനെ സി.പി.എം തന്ത്രപൂർവ മാണ് ക്ഷണിച്ചത്. അദ്ദേഹം നിരാശനായി കോൺഗ്രസ് നേതൃത്വത്തോട് കുറച്ചുകാലമായി ഇടഞ്ഞുനിൽക്കുന്നുവെന്ന് സി.പി.എമ്മിനറിയാം. അവരത് മുതലെടുക്കാൻ നോക്കി. കോൺഗ്രസ് നേതൃത്വം കൃത്യമായി കുഴിയിൽ വീണുകൊടുത്തു.

തോമസിന്റെ വരവ് ആഘോഷമാക്കാനും തോമസിനെ ചാരി കോൺഗ്രസിന്റെ 'വിശ്വാസ്യതയില്ലായ്മ'യെ ഉദാഹരിക്കാനും കേരള സി.പി.എം നേതാക്കളോളം പോന്ന ആരാണ് ഈ ഭൂമുഖത്തുള്ളത്!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, CPM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.