SignIn
Kerala Kaumudi Online
Saturday, 20 April 2024 3.26 AM IST

വിവാദത്തിലെ കറുപ്പും വെളുപ്പും

vivadavela

നീണ്ട ഇടവേളയ്ക്ക് ശേഷം കേരള രാഷ്ട്രീയം വീണ്ടും സ്വർണക്കടത്ത് കേസിന്റെ പേരിൽ ഇളകിമറിയുന്നു. 2020ൽ അമിട്ടായി വന്നുവീണതാണ് സ്വർണക്കടത്ത് കേസ്. നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ച സ്ത്രീയെ കൈമെയ് മറന്ന് സഹായിക്കാൻ, അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയിരുന്ന എം.ശിവശങ്കർ എന്ന ഐ.എ.എസുകാരൻ ഇടപെട്ടതിൽ നിന്നാണ് വിവാദങ്ങളുടെ തുടക്കം. ശിവശങ്കർ സ്വപ്നസുരേഷ് എന്ന സ്ത്രീയെ വഴിവിട്ട് സഹായിച്ചപ്പോൾ പെട്ടുപോയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അങ്ങനെ സോളാർ കേസിന്റെ പേരിൽ നാറിയ ഭരണസിരാകേന്ദ്രം സമാനമായ നിലയിൽ വീണ്ടും നാറിയിരിക്കുന്നു. അന്ന് യു.ഡി.എഫായിരുന്നെങ്കിൽ ഇന്ന് എൽ.ഡി.എഫ് സർക്കാരാണെന്ന് മാത്രം. അന്ന് യു.ഡി.എഫിനെ ഘോരഘോരം ആക്രമിച്ച് തൃപ്തിയടഞ്ഞ ഇടതുപക്ഷം തങ്ങൾക്ക് നേരെവന്ന ആക്രമണങ്ങളെ കൊഞ്ഞനംകുത്തിക്കൊണ്ട് തിരിച്ചടിക്കുന്നു.

ശിവശങ്കർ സസ്പെൻഷനിലായി. സ്വപ്ന സുരേഷ് അഴിക്കുള്ളിലുമായി. എൻ.ഐ.എയും ഇ.ഡിയും കസ്റ്റംസുമെല്ലാം പലനിലയ്ക്ക് ചോദ്യം ചെയ്തിട്ടും സ്വർണക്കടത്ത് കേസിൽ ഭരണരാഷ്ട്രീയ നേതൃത്വത്തിലേക്ക് കൂട്ടിക്കെട്ടാവുന്ന തെളിവുകൾ പുറത്തുകൊണ്ടുവരാനായില്ല. അഥവാ, തെളിവുകളുടെ അഭാവം കാരണം സ്വയം എരിഞ്ഞടങ്ങാനായിരുന്നു ആ കേസിന്റെ വിധി. സ്വർണക്കടത്തിൽ തുടങ്ങിയ വിവാദം അതിനകം ഡോളർ കടത്തിലേക്കും കടന്നിരുന്നു. അതങ്ങനെയങ്ങ് കത്തി സ്വയം അമർന്നു. പേമാരി വന്നു. വെള്ളപ്പൊക്കമുണ്ടായി. കൊവിഡ് മഹാമാരി ലോകത്തെ മരവിപ്പിച്ചുനിറുത്തി. 2021ൽ നിയമസഭാ തിരഞ്ഞെടുപ്പ് കടന്നുവന്നു. അപ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയാകെയും പ്രതിരോധത്തിലേക്ക് വലിപ്പിച്ചടുപ്പിച്ച സ്വർണ, ഡോളർ കടത്ത് കേസുകൾ ഏതാണ്ട് ആളുകൾ മറന്നുകഴിഞ്ഞിരുന്നു. അന്തിച്ചർച്ചകൾ എരിവും പുളിവും മസാലയും ആവോളം ചേർത്ത് അവതരിപ്പിച്ച ചാനലുകൾക്ക് പോലും കേസുകളുടെ ദയനീയമായ അന്ത്യം കണ്ടപ്പോൾ പരിഹാസ്യമായി തോന്നി. പ്രമുഖ ന്യൂസ് ചാനലിലെ ക്ഷോഭിക്കുന്ന യുവത്വമായി കൊണ്ടാടപ്പെടുന്ന ന്യൂസ് അവർ അവതാരകൻ ആ പരിഹാസം അതേ സ്പിരിറ്റോടെ പ്രകടമാക്കുകയും ചെയ്തു. ഒന്നാം പിണറായി സർക്കാരിനെ ഒരിടയ്ക്ക് മുൾമുനയിൽ നിറുത്തിയ വിവാദത്തെ വകഞ്ഞുമാറ്റിക്കൊണ്ട് പിണറായിസർക്കാരിന് തുടർഭരണമേറാൻ സാധിച്ചു. ആരോപണശരങ്ങളെയ്ത് ആക്രമിച്ചുകളിച്ച പ്രതിപക്ഷത്തിന്റേത് ദയനീയ പരാജയമായിപ്പോയി. എന്നാൽ, കെട്ടടങ്ങിയെന്ന് തോന്നിയിടത്തു നിന്ന് സ്വർണക്കടത്തും അനുബന്ധ വിവാദങ്ങളും ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റിരിക്കുകയാണ്.

അശ്വത്ഥമാവ്

വെറുമൊരാന

സസ്പെൻഷൻ കാലാവധി തീർന്ന് സർവീസിൽ തിരിച്ചെത്തിയ എം. ശിവശങ്കർ ഐ.എ.എസ് എഴുതിയ അശ്വത്ഥാമാവ് വെറുമൊരാന എന്ന ആത്മകഥ, മറവിയിലാണ്ടുകിടന്ന സ്വർണക്കടത്ത് വിവാദത്തെ വീണ്ടുമുണർത്തി. ഇരയുടെ പരിവേഷത്തോടെയാണ് ആത്മകഥയിൽ ശിവശങ്കർ അവതരിച്ചത്. എന്നാൽ, ഒരു കാലത്ത് ശിവശങ്കറിന്റെ

മനസ്സാക്ഷി സൂക്ഷിപ്പുകാരിയെന്ന് പറയാവുന്നത്രയും അടുപ്പത്തിലായിരുന്ന സ്വപ്ന സുരേഷിനെ ഈ ആത്മകഥ മുറിവേല്പിച്ചു. അതിനിടയിൽ അവരും ജയിൽമോചിതയായി പുറത്തെത്തിയിരുന്നല്ലോ.

സ്വപ്ന സുരേഷ് മാദ്ധ്യമങ്ങൾക്ക് മത്സരിച്ച് അഭിമുഖങ്ങൾ നൽകി. അതിലെല്ലാം ശിവശങ്കറിനെതിരെ അതിനിശിതമായ വിമർശനങ്ങൾ അഴിച്ചുവിട്ടു. പക്ഷേ ശിവശങ്കർ അതിനോട് പ്രതികരിച്ചില്ല. സ്വർണക്കടത്ത് വിവാദം വീണ്ടും പുകഞ്ഞ് തുടങ്ങിയത് അപ്പോൾ മുതലായിരുന്നു. എന്നാലത് ആളിപ്പടർന്നില്ല. ആ സമയത്ത് നൽകിയ അഭിമുഖങ്ങളിലെല്ലാം സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുമായി വ്യക്തിബന്ധമില്ലെന്ന് ആവർത്തിച്ചതും ശ്രദ്ധേയമാണ്. എന്നാലിപ്പോൾ അവർ മുഖ്യമന്ത്രിക്കെതിരെ അതിഗുരുതരമായ ആക്ഷേപമുയർത്തി വീണ്ടും വിവാദങ്ങളുടെ വെള്ളിവെളിച്ചത്തിലേക്ക് പ്രവേശിച്ചു.

മുഖ്യമന്ത്രിയെ കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദ്ദം ചെലുത്തിയെന്ന തരത്തിൽ തന്റേതായി പുറത്തുവന്ന ഓഡിയോ ടേപ്പ് ശിവശങ്കറിന്റെ തിരക്കഥയായിരുന്നെന്ന് ഈ അഭിമുഖങ്ങളിൽ സ്വപ്ന വെളിപ്പെടുത്തി. പൊലീസുദ്യോഗസ്ഥയാണ് മൊബൈലിൽ ശബ്ദം റെക്കോഡ് ചെയ്തതെന്നും അവർ പറയുകയുണ്ടായി. പൊടിതട്ടിപ്പോയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചാടി വീണ് അന്വേഷണത്തിനൊരുങ്ങിയത് ഇതേത്തുടർന്നാണ്. അവർ വീണ്ടും സ്വപ്നയെ ചോദ്യം ചെയ്തു. കള്ളപ്പണ ഇടപാടുകളിൽ കൂടുതൽ വിവരങ്ങൾ ശിവശങ്കറിന് അറിയാമായിരുന്നു എന്നായിരുന്നു സ്വപ്നയുടെ മറ്റൊരു വെളിപ്പെടുത്തൽ. ഈ പുതിയ വിവരങ്ങൾ വച്ചാണ് ഇ.ഡി വീണ്ടും സ്വപ്നയെ ചോദ്യം ചെയ്യാനിറങ്ങിപ്പുറപ്പെട്ടത്. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു എറണാകുളം മജിസ്ട്രേറ്റ് കോടതി മുമ്പാകെ അവർ രഹസ്യമൊഴി നൽകിയതും പിന്നാലെ ബോംബ് പൊട്ടിച്ചതും. സി.ആർ.പി.സി വകുപ്പ് 164 പ്രകാരം ഒരാൾ കോടതി മുമ്പാകെ നൽകുന്ന രഹസ്യമൊഴിയിലെ വിവരങ്ങൾ പരസ്യപ്പെടുത്താൻ പാടില്ലാത്തതാണ്. എന്നാൽ അതിലുള്ളതെന്ന് പറ‍ഞ്ഞാണ് സ്വപ്നയുടെ ഇപ്പോഴത്തെ വിവാദ വെളിപ്പെടുത്തൽ. ഇതിന്റെ രാഷ്ട്രീയമാനം പല തലങ്ങളിലേക്കുയരുന്നതും ഈ അസാധാരണ നീക്കങ്ങൾ കൊണ്ടാണ്.

സ്വപ്നയ്ക്ക് ഇങ്ങനെയൊരു വെളിപ്പെടുത്തലിന് അവസരമുണ്ടാക്കിയത് ഏതുതരം ആത്മധൈര്യമായിരിക്കാമെന്ന ചോദ്യമുയർന്നു. അവരിപ്പോൾ ജോലി ചെയ്യുന്ന എൻ.ജി.ഒ ആയ ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ രാഷ്ട്രീയബന്ധം ചർച്ചയാവുന്നത് അങ്ങനെയാണ്. അത് കൃത്യമായ സംഘപരിവാർ അനുകൂല സംഘടനയാണ്. സ്വപ്നയും സ്വർണക്കടത്ത് കേസിലെ അവരുടെ കൂട്ടുപ്രതി സരിത്തും ഈ സംഘടനയുടെ ജീവനക്കാരാണിപ്പോൾ. സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജ്, കറകളഞ്ഞ ആർ.എസ്.എസ് അനുഭാവി. വിദ്വേഷപ്രസംഗത്തിന്റെ പേരിൽ പുലിവാല് പിടിച്ച പി.സി. ജോർജും പ്രവാചകനിന്ദയുടെ പേരിൽ പുലിവാല് പിടിച്ച ബി.ജെ.പി നേതൃത്വവും വിവാദങ്ങളെ വഴി തിരിച്ചുവിടാൻ കണ്ടെത്തിയ മാർഗമാണോ സ്വപ്നയിലൂടെ സാധിച്ചെടുത്തത് എന്ന് ഇടതുനേതാക്കൾ സംശയിക്കുന്നത് അതിനാലാണ്. എന്നിരുന്നാലും, ഇത്തരമൊരു തുറന്നുപറച്ചിലിന്, സ്വർണക്കടത്ത് കേസിൽ പ്രതിയായ ഒരാൾക്ക് എല്ലാ അവസരങ്ങളും തുറന്നിട്ട് കൊടുത്തത് സ്വയം കൃതാനർത്ഥമായ ചെയ്തികളല്ലേ എന്ന ചോദ്യം മുഖ്യമന്ത്രി പിണറായി വിജയന് സ്വയം ചോദിക്കേണ്ടി വരുന്നു എന്നതാണ് ഇടതുപക്ഷം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ ദുര്യോഗം . സ്വപ്നയുടെ ആക്ഷേപം ശരിയായാലും തെറ്റായാലും അത്തരമൊന്നിന് അവസരമുണ്ടാക്കിയത് സ്വന്തം ഓഫീസിൽ ചില ഐ.എ.എസുകാരെ കയറൂരിവിട്ടത് കൊണ്ടായിരുന്നില്ലേ എന്ന് മുഖ്യമന്ത്രി സ്വയം ചോദിക്കുന്നുണ്ടാവും ഇപ്പോൾ. ഇടതുപക്ഷ സർക്കാരുകൾ ഒരു കാലത്തും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണിത്. ഒരുതരത്തിൽ, അസ്തിത്വപ്രതിസന്ധിയെന്ന് വിളിക്കാം. 2006 ലുണ്ടായ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തോ അതിനും മുമ്പുണ്ടായിരുന്ന നായനാർ ഭരണകാലങ്ങളിലോ ഇത്തരമൊരു തരംതാണ വിവാദത്തിന് സന്ദർഭമോ സാഹചര്യമോ ഉണ്ടായിട്ടേയില്ല.

സ്വപ്നയുടെ ആരോപണവും

വിവാദപ്പെരുമഴയും

സ്വപ്ന സുരേഷ് നിലവിൽ സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതിയാണ് (ഒന്നാം പ്രതിയെ ഇതുവരെ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കണ്ടെത്താനായിട്ടില്ല!).

പ്രതിയായ സ്വപ്ന സുരേഷ് എറണാകുളം മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യമൊഴിയിലാണ് മുഖ്യമന്ത്രിക്കെതിരെ വിവാദ വെളിപ്പെടുത്തലുകളുള്ളതെന്നാണ് പറയുന്നത്. അതിലെ ചില കാര്യങ്ങളാണ് അവർ പുറത്തുവിട്ടതും. 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലായിരുന്നപ്പോൾ ബാഗേജ് ക്ലിയറൻസിനായി ശിവശങ്കർ ഐ.എ.എസ് തന്നെ വിളിച്ചെന്നും യു.എ.ഇ കോൺസുലേറ്റ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സാധനങ്ങൾ കൊടുത്തയച്ചു എന്നുമാണ് സ്വപ്ന മാദ്ധ്യമങ്ങളോട് പറഞ്ഞത്. ബിരിയാണിച്ചെമ്പിൽ കൊടുത്തയച്ച സാധനങ്ങളുടെ കൂട്ടത്തിൽ ലോഹസമാനമായ സാധനങ്ങളുണ്ടായിരുന്നു എന്ന് സ്വപ്ന പറഞ്ഞു. അതിന് പിന്നാലെയാണിപ്പോൾ നാടുനീളെ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള മുറവിളികളുയരുന്നതും മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയതും. കരിങ്കൊടി പ്രകടനങ്ങൾക്ക് തടയിടാനായി, മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് വരുന്ന മാദ്ധ്യമപ്രവർത്തകർക്ക് പോലും കറുത്ത മാസ്കിന് വിലക്കേർപ്പെടുത്തുന്ന അതിവിചിത്രമായ കാഴ്ച. ഇതേത് ലോകമെന്ന് ജനം ചോദിക്കുന്നു. അതവിടെ നിൽക്കട്ടെ.

സ്വപ്നയുടെ വെളിപ്പെടുത്തൽ സൃഷ്ടിക്കുന്ന നിയമപ്രശ്നങ്ങൾ നാട്ടിൽ ഒരു സംവാദത്തിന് തന്നെ വഴി തുറന്നിരിക്കുന്നു. ഒന്നാമത്, സ്വപ്ന പ്രതിയാണ്. പ്രതിയുടെ രഹസ്യമൊഴിയെന്നത് ഒരിക്കലും സാക്ഷിമൊഴിയാവില്ല. കുറ്റസമ്മതമേ ആകൂ. അങ്ങനെയെങ്കിൽ അത് 164(1) പ്രകാരമുള്ള സ്റ്റേറ്റ്മെന്റാകുമോ എന്നാണ് ഒരു ചോദ്യം. അങ്ങനെയെങ്കിൽ അതേത് കേസിൽ? പ്രതിക്ക് സി.ആർ.പി.സി 306ാം വകുപ്പ് പ്രകാരം കേസിൽ അപ്രൂവർ (മാപ്പുസാക്ഷി) ആകാൻ കുറ്റസമ്മത മൊഴി നൽകാം. എന്നാൽ അതിന് പ്രോസിക്യൂഷന്റെ സമ്മതം വേണം. പ്രോസിക്യൂഷന്റെ സമ്മതം ഇവിടെയില്ല.

സ്വപ്നയോട് എറണാകുളം ജില്ലാ കോടതിയാണ് 164 പ്രകാരമുള്ള മൊഴി മജിസ്ട്രേറ്റ് കോടതിയിൽ നൽകാൻ നിർദ്ദേശിച്ചതെന്നാണ് പ്രതിയോടടുത്ത് നിൽക്കുന്നവരുടെ വാദം. അങ്ങനെ കോടതിക്ക് നിർദ്ദേശിക്കാൻ എന്തധികാരമെന്ന മറുചോദ്യവുമുണ്ട്

കേസിൽ സ്വപ്നയ്ക്ക് അപ്രൂവർ ആകാൻ കുറ്റസമ്മത മൊഴി നൽകാൻ അവകാശമുണ്ടെങ്കിൽത്തന്നെ അത് അന്തിമ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുള്ള കസ്റ്റംസ് കേസിൽ മാത്രമാണ്. അതാകട്ടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുമാണ്. ഇ.ഡി, എൻ.ഐ.എ കേസുകളിൽ അപ്രൂവർ സ്റ്റേജ് ആയിട്ടില്ല. അങ്ങനെ വേണമെങ്കിൽ പോലും പ്രോസിക്യൂഷൻ സമ്മതിക്കണം. അതായത്, പ്രോസിക്യൂഷന്റെ സമ്മതമില്ലാത്ത പ്രതിയുടെ മൊഴി അനുവദനീയമല്ലെന്നാണ്, ഈ രഹസ്യമൊഴിക്ക് പിന്നിലെ ദുരൂഹത കാണിക്കുന്നതെന്ന് ഇടത് അനുകൂല നിയമജ്ഞർ വാദിക്കുന്നു.

തിരിച്ചുള്ള ചോദ്യങ്ങളും അതുപോലെ പ്രസക്തമാണ്. 164 സ്റ്റേറ്റ്മെന്റ് കൊടുത്താൽ അതെങ്ങനെ കലാപത്തിന് ആഹ്വാനം നൽകലാകുമെന്നതാണ് അതിലൊരു ചോദ്യം. കാരണം കലാപ ആഹ്വാനത്തിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത് സംസ്ഥാന സർക്കാരാണ്. വിചാരണക്കോടതിയിൽ മൊഴി നൽകിയാലല്ലേ അതിന് വിലയുള്ളൂ എന്നിരിക്കെ അതിനെ ഭയത്തോടെ കാണുന്നതെന്തിനെന്ന് പ്രതിപക്ഷ നിയമവിദഗ്ദ്ധർ ചോദിക്കുന്നു. നിയമവശങ്ങളെ ചൊല്ലിയുയരുന്ന സംവാദങ്ങൾ നടക്കട്ടെ. പക്ഷേ, പ്രതിപക്ഷത്തിന് ഒരായുധം വീണു കിട്ടിയാൽ അവർ അതുവച്ച് പ്രതിഷേധം കത്തിക്കാൻ നോക്കുന്നത് ഏതുകാലത്തും ഇന്ത്യൻ രാഷ്ട്രീയത്തിലെ ശീലമാണ്. അതിൽ അസഹിഷ്ണുത നിലവിട്ട രീതിയിൽ പ്രകടമാക്കുന്നത് സ്വേച്ഛാധിപത്യരീതിയാണെന്ന് ആരെങ്കിലും വിമർശിച്ചാൽ കുറ്റം പറയുന്നതെങ്ങനെയാണ്? കറുപ്പിനോടുള്ള ഇപ്പോഴത്തെ വിലക്കിനെ നോക്കിക്കാണേണ്ടത് ഇങ്ങനെയാണ്.

കറുപ്പും വിലക്കും

സ്വപ്നയുടെ വിവാദ വെളിപ്പെടുത്തലിന് ശേഷം നാട്ടിലാകെ പ്രതിഷേധ സമരാഗ്നികളാണ്. മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം പ്രതിപക്ഷ പോഷകസംഘടനകളടക്കം കരിങ്കൊടി കാണിക്കലും പ്രതിഷേധ പ്രകടനങ്ങളും നടത്തി വരികയാണ്.

മുഖ്യമന്ത്രിക്ക് അതിന്റെ പേരിൽ സുരക്ഷ കൂട്ടുന്നതിൽ തെറ്റ് പറയാനാവില്ല. എന്നാൽ, പൊലീസ് ഈ അധികാരത്തെ മറയാക്കി അതിരുവിട്ട നിലയിൽ പെരുമാറുന്നത് ഒരു തരത്തിലും ജനാധിപത്യസംവിധാനത്തിൽ അംഗീകരിക്കാനാവില്ല. ഒരാൾ ഏതുനിറത്തിലുള്ള വസ്ത്രം, അല്ലെങ്കിൽ മാസ്ക് ധരിക്കണമെന്നത് അയാളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. ഭരണഘടന അനുവദിച്ച് കൊടുത്തിട്ടുള്ളതാണ്. അത് അനുവദിക്കാതിരിക്കുന്നത് അപകടകരവും ഭീതിപ്പെടുത്തുന്നതുമായ അവസ്ഥയാണ്. ജനാധിപത്യത്തിൽ തീരെ ആശാസ്യമല്ല ഈ സംഗതി. പ്രത്യേകിച്ച് സമരങ്ങളിലൂടെ വളർന്നുവന്നിട്ടുള്ള സി.പി.എം നേതൃത്വം നൽകുന്ന മുന്നണി സംസ്ഥാനം ഭരിക്കുമ്പോൾ. സോളാർ കേസ് കത്തിപ്പടർന്ന നാളുകളിൽ കരിങ്കൊടി പ്രതിഷേധം നടത്തിയ ഡി.വൈ.എഫ്.ഐക്കാരെ പൊലീസ് മർദ്ദിച്ചപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പ്രസംഗിച്ചത് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

അതേ പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ഈ സമീപഭൂതകാലം മറന്നുപോയത് ഇടതുപക്ഷ രാഷ്ട്രീയത്തെ തന്നെ അപ്രസക്തമാക്കുന്ന പ്രഹേളികയല്ലേ?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARUPPU VELUPPU, VIVADAVELA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.