SignIn
Kerala Kaumudi Online
Friday, 19 April 2024 11.21 PM IST

വഴിപിഴച്ചു പോകുന്ന വിഴിഞ്ഞം സമരം

photo

വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം 137 ദിവസം പിന്നിടുന്നു. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികളെ മുൻനിറുത്തിയുള്ള സമരം അരങ്ങേറുന്നത്. സംഘർഷങ്ങൾ നിറഞ്ഞ ആപത്കരമായ സ്ഥിതിവിശേഷത്തിലേക്ക് സമരത്തിന്റെ തലം വഴിമാറിയിരിക്കുകയാണ്. പദ്ധതിപ്രവൃത്തികൾക്ക് സർക്കാർ സൗകര്യമൊരുക്കിക്കൊടുക്കണമെന്ന ഹൈക്കോടതിയുടെ തിട്ടൂരം പോലും കാറ്റിൽ പറത്തപ്പെട്ടാണ് സമരം മുന്നേറുന്നത്. കോടതിവിധി മാനിക്കപ്പെടുന്നില്ല. ഇതിനെതിരെ മറുഭാഗത്ത് തുറമുഖ സംരക്ഷണ സമിതിയുടെ സമരവും വന്നതോടെ കൃത്യമായ ധ്രുവീകരണം കണ്ടുതുടങ്ങി. തീരമേഖല അങ്ങേയറ്റം സെൻസിറ്റീവാണ്. മത്സ്യത്തൊഴിലാളി സമൂഹം വൈകാരികമായി പ്രതികരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ സർക്കാരിനും ഈ സമരത്തെ പ്രതിരോധിക്കുകയെന്നത് തീ കൊണ്ടുള്ള കളിയാണ്. സമരം കൈവിട്ട് പോയ ദിവസത്തിൽ കലാപത്തോളമടുക്കുന്ന സംഘർഷമാണ് വിഴിഞ്ഞത്ത് കണ്ടത്.

തീരശോഷണം എന്ന ആശങ്കയാണ് വിഴിഞ്ഞം സമരസമിതിക്കാർ പ്രധാനമായും ഉയർത്തുന്നത്. തീരശോഷണം വലിയ വെല്ലുവിളി തന്നെയാണ്. കുറച്ചു കാലമായി പരിസ്ഥിതിപ്രവർത്തകരും പരിസ്ഥിതി സംഘടനകളും മത്സ്യമേഖലാ വിദഗ്ദ്ധരുമുൾപ്പെടെ ചൂണ്ടിക്കാട്ടുന്നതാണ് തീരശോഷണമെന്ന പ്രതിഭാസം. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി ഇതുവരെ നടന്നുവന്ന നിർമ്മാണപ്രവൃത്തികൾ ആ മേഖലയിൽ ഏതെല്ലാം വിധത്തിലുള്ള സാമൂഹ്യ, സാമ്പത്തിക ആഘാതങ്ങൾ സൃഷ്ടിച്ചുവെന്നതും പഠനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്.

തീരവാസികളുടെ ആശങ്കകൾ തീർച്ചയായും കണക്കിലെടുക്കപ്പെടേണ്ടതാണ്. അതേസമയം, മത്സ്യത്തൊഴിലാളി സമൂഹത്തെ ചൂഷണത്തിന് വിട്ടുകൊടുക്കുന്ന ഏർപ്പാട് പാടില്ലതാനും. ഏതെല്ലാമോ തരത്തിൽ അഡ്രസ്സ് ചെയ്യപ്പെടേണ്ട സങ്കീർണങ്ങളായ പ്രശ്നങ്ങൾ തിരുവനന്തപുരത്തിന്റെ തീരമേഖലയിൽ നിലനിൽക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം സർക്കാരും പൊതുസമൂഹവുമെല്ലാം ഗൗരവത്തോടെ ഉൾക്കൊള്ളേണ്ട സംഗതിയാണ്.

എന്നുവച്ചാൽ ഇപ്പോൾ അവിടെ അക്രമാസക്തമായ നിലയിലേക്ക് വഴിമാറിപ്പോയ സമരത്തെ പൂർണമായും ന്യായീകരിക്കുക സാദ്ധ്യമല്ല. ലത്തീൻ അതിരൂപത മുന്നോട്ടുവച്ചത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആശങ്കകൾ തന്നെയാണ്. സർക്കാർ തുടക്കത്തിലേ അനുഭാവപൂർവം അതിനെ നോക്കിക്കാണാൻ തയാറായിരുന്നുവെങ്കിൽ ഇപ്പോഴത്തെ നിലയിൽ അത് വഷളായിപ്പോകുമായിരുന്നുവെന്ന് കരുതാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വേണമായിരുന്നു തുടക്കത്തിലേ ചർച്ച നടത്താൻ എന്ന് നമ്മുടെ പൊതുമണ്ഡലത്തിൽ കാര്യങ്ങളെ ഗൗരവപൂർവ്വം വീക്ഷിക്കുന്ന പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇന്നിപ്പോൾ കാര്യങ്ങൾ കൈവിട്ട് പോയി. സഭാനേതൃത്വവും ഒരുതരം പ്രതികാരബുദ്ധിയോടെ നീങ്ങുന്നു. ആശാസ്യമല്ല ഈ സംഗതി. വിഴിഞ്ഞത്ത് ഏറ്റവുമൊടുവിൽ കേന്ദ്രസേനയെ ഇടപെടുവിക്കാനുള്ള നീക്കമാണ് നടക്കുന്നത്. തുറമുഖ പദ്ധതിക്കരാർ ഏറ്റെടുത്തിരിക്കുന്ന അദാനിഗ്രൂപ്പാണ് ഈ ആവശ്യവുമായി നീങ്ങുന്നത്. അത് കാര്യങ്ങളെ കൂടുതൽ കുഴപ്പത്തിലാക്കുമെന്നുറപ്പാണ്. തീരമേഖല നേരത്തേ പറഞ്ഞത് പോലെ സെൻസിറ്റീവാണ്. ആത്മാർത്ഥതയുള്ളവരാണ് മത്സ്യത്തൊഴിലാളികൾ. കേരളത്തിന്റെ സൈന്യം എന്ന് ഇവരെ പ്രളയകാലത്ത് വിശേഷിപ്പിച്ചത് കേരളീയ പൊതുസമൂഹം ആകെയാണ്. പ്രളയകാലത്തെ അവരുടെ രക്ഷാപ്രവർത്തനങ്ങളും ഇടപെടലും തുറന്നുകാട്ടിത്തന്നത് ഈ പാർശ്വവത്കൃത ജനതയുടെ ആത്മാർത്ഥമനസ്സിനെയാണ്. അതിനെ നമ്മൾ ഉൾക്കൊള്ളേണ്ടേ?

തീരശോഷണവും

പഠനങ്ങളും

കാലാവസ്ഥാ വ്യതിയാനം പലവിധ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്നുണ്ട്. തീരശോഷണം അതിന്റെയൊരു അവസ്ഥാന്തരമാണ്. തിരുവനന്തപുരത്ത് വലിയതുറയിലും ശംഖുമുഖത്തുമൊക്കെ സമീപകാലത്തുണ്ടായ തീരശോഷണം വലിയ അളവിൽ മത്സ്യത്തൊഴിലാളിജനതയ്ക്ക് സ്വന്തം മണ്ണ് നഷ്ടമാക്കിയിട്ടുണ്ട്. പലരും സിമന്റ് ഗോഡൗണുകളിലും മറ്റും അങ്ങേയറ്റം ദുരിതമയമായ അവസ്ഥയിൽ കഴിയേണ്ടിവരുന്ന കാഴ്ച ആരുടെയും കരളലിയിപ്പിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിയമസഭയിൽ വികാരഭരിതമായി ഇത് അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം അവിടം സന്ദർശിച്ച് ബോദ്ധ്യപ്പെട്ട സംഗതിയാണ്.

വിഴിഞ്ഞത്തെ തുറമുഖപദ്ധതി നിർമാണം ആരംഭിച്ച ശേഷമാണ് ഈ തീരശോഷണമടക്കമുള്ള പ്രതിഭാസം രൂക്ഷമായത് എന്ന ആശങ്കയാണ് മത്സ്യത്തൊഴിലാളിസമൂഹം ഉയർത്തുന്നത്. ഇക്കാര്യത്തിൽ ശാസ്ത്രീയമായ ഒരു തീർപ്പ് ഇനിയും ഉണ്ടായിട്ടില്ല. പഠനങ്ങൾ നടക്കുന്നു. ചില വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് ഇക്കാര്യത്തിൽ കൂടുതൽ ശാസ്ത്രീയപഠനങ്ങൾ അനിവാര്യമാണ് എന്നാണ്. വിഴിഞ്ഞത്തെ നിർമാണം വടക്കോട്ട് മാറി ഇങ്ങനെയൊരു തീരശോഷണം വരുത്തുന്ന അവസ്ഥയില്ലെന്നും ഈ തീരശോഷണത്തിന് മറ്റ് സാമൂഹ്യാഘാതങ്ങളാകാം കാരണമെന്നുമാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ വിശദവും വിശ്വാസയോഗ്യവുമായ പഠനത്തിന്, സർക്കാർ തന്നെ മുൻകൈയെടുക്കണം. എന്നാൽ, സമരത്തെ അടച്ചാക്ഷേപിക്കുന്നത് വൈകാരികമായി പ്രതികരിക്കുന്ന ഒരു സമൂഹത്തെ കൂടുതൽ പ്രകോപിതരാക്കാനും അതുവഴി കൂടുതൽ സങ്കീർണതയിലേക്ക് കാര്യങ്ങളെത്തിക്കാനുമേ വഴിയൊരുക്കുകയുള്ളൂ.

സമരസമിതി നേതാവായ എ.ജെ. വിജയന്റെയും ഭാര്യ ഏലിയാമ്മ വിജയന്റെയും നേർക്ക് സംശയമുനകൾ എയ്യുന്നുണ്ട്. അവരുടെ അഞ്ച് വർഷത്തെ ബാങ്കിടപാടുകൾ കേന്ദ്ര ഏജൻസികൾ കർശനമായി നിരീക്ഷിച്ചുവരുന്നുവെന്നൊക്കെയാണ് വാർത്തകൾ. സമരത്തിന് പിന്നിലെ വിദേശ ഫണ്ടിംഗ് ആക്ഷേപത്തോട് ചേർത്തുവായിക്കാനാകും ഇത്തരം വാർത്തകൾ നമ്മെ സഹായിക്കുക. വിമോചനസമരത്തിന്റെ ഓർമ്മകൾ അലയടിക്കുന്ന തീരമാണ് തിരുവനന്തപുരത്തിന്റേത്. ഫ്ലോറിയുടെയൊക്കെ മരണം ഉണ്ടാക്കിവച്ച ആഘാതം എത്രത്തോളമാണ്. വിമോചനസമരത്തിന് വിദേശ ധനസഹായമുണ്ടായിയെന്ന തരത്തിൽ പല പഠനങ്ങളും പിൽക്കാലത്ത് നടന്നുവല്ലോ.

ഇനി ആരാണ് ഈ എ.ജെ. വിജയൻ എന്ന് കൂടി അന്വേഷിക്കുമ്പോഴാണ് അതിലെ കൗതുകം. ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി മന്ത്രിസഭയിൽ അംഗമായിട്ടുള്ള, തിരുവനന്തപുരം തീരം ഉൾപ്പെട്ട മണ്ഡലത്തിന്റെ പ്രതിനിധി കൂടിയായ ആന്റണി രാജുവിന്റെ സഹോദരൻ. വിജയന്റെ ഭാര്യ ഏലിയാമ്മ വിജയൻ തിരുവനന്തപുരത്തെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകയാണ്. സഖിയുടെയൊക്കെ ഭാരവാഹിയായിരുന്നവർ. ആന്റണി രാജു മന്ത്രിയായത് കൊണ്ട് മാത്രമാണ് വിജയന് നേർക്ക് കൂടുതൽ നിലപാട് കടുപ്പിക്കാത്തത് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ, ഇടതുപക്ഷസർക്കാർ എന്ന നിലയ്ക്ക് അത്തരത്തിൽ നീങ്ങുന്നത് ആന്റണി രാജുവിന്റെ ബന്ധുവായില്ലെങ്കിൽ പോലും നല്ലതല്ലെന്ന് ചിന്തിക്കുന്നവരാണ് കേരളീയ പൊതുസമൂഹത്തിൽ പലരും.

വിഴിഞ്ഞം

സ്വപ്നപദ്ധതിയോ?

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായാൽ കൊളംബോയിലെ 1500 കോടിയുടെ ചരക്കുനീക്കം വിഴിഞ്ഞത്തെത്തുമെന്നാണ് സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാദം. "രാജ്യത്തെ ചരക്കുനീക്കത്തിന്റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്ട്ര കപ്പൽചാലിലൂടെ പോകുന്നു. ചരക്കുനീക്കത്തിന്റെ മുക്കാൽ പങ്കും നിലവിൽ കൊളംബോയിൽ നിന്ന് കൈകാര്യം ചെയ്യുന്നു. ഇതുവഴി പ്രതിവർഷം 2000 കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടാകുന്നു. വിഴിഞ്ഞം യാഥാർത്ഥ്യമാകുമ്പോൾ 1500 കോടിയുടെ ചരക്കുനീക്കം വിഴിഞ്ഞം വഴിയാകും. തുറമുഖ നിർമാണത്തിന്റെ ആദ്യഘട്ടത്തിലെ 400 മീറ്ററിന്റെ രണ്ട് ബെർത്തുകൾ പ്രവർത്തനക്ഷമമായാൽ തന്നെ ആദ്യവർഷം ചുരുങ്ങിയത് 200 കോടിയുടെ ക്രയവിക്രയമുണ്ടാകും. ഇത് യഥാക്രമം 7822 കോടിയിലെത്താനും വൈകില്ല. 7700 കോടി ചെലവിൽ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഒരു ദശലക്ഷം ടി.ഇ.യു കണ്ടെയ്നർ കൈകാര്യം ചെയ്യാൻ തുറമുഖം പ്രാപ്തമാകും"- മന്ത്രിയുടെ സ്വപ്നം ഇങ്ങനെ പോകുന്നു.

മന്ത്രിയുടെ സ്വപ്നം യാഥാർത്ഥ്യമാവട്ടെ എന്നുതന്നെയാണ് വികസനം ആഗ്രഹിക്കുന്ന എല്ലാവരും ചിന്തിക്കുന്നത്. പക്ഷേ അതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ ആശങ്ക കണക്കിലെടുക്കപ്പെടേണ്ടത് തന്നെയാണ്.

2013ൽ ഉമ്മൻ ചാണ്ടി ഭരണകാലത്താണ് അദാനിയുമായി തുറമുഖ കരാറിൽ ഏർപ്പെടുന്നത്. അന്ന് പദ്ധതി പൊതുമേഖലയിൽ വേണമെന്ന് വാദിച്ച് ശക്തിയുക്തം എതിർത്തവരാണ് സി.പി.എമ്മും ഇടതുമുന്നണിയും. കടൽക്കൊള്ള എന്ന തലക്കെട്ടിൽ കരാറിലെ ക്രമക്കേടിനെ ചോദ്യം ചെയ്ത് മുഖ്യവാർത്തയടക്കം സി.പി.എം മുഖപത്രം അക്കാലത്ത് നൽകി. പിന്നീട് ക്രമേണ വിവാദം കെട്ടടങ്ങി. ഇടതുസർക്കാർ അധികാരത്തിലേറിയതോടെ പദ്ധതിയുടെ വക്താക്കളായി അവർ മാറുന്നതാണ് കണ്ടത്.

ലത്തീൻ സഭയ്ക്ക് തുടക്കത്തിലും പദ്ധതിയോട് എതിർപ്പുണ്ടായിരുന്നു. ആർച്ച് ബിഷപ്പ് സൂസപാക്യം അന്ന് ആശങ്ക വ്യക്തമാക്കി. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ അനുനയനീക്കത്തിലൂടെ അവരെ വശത്താക്കി. മത്സ്യത്തൊഴിലാളി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. ഈ പാക്കേജ് പൂർണതോതിൽ നടപ്പാക്കുന്നതിൽ ആ സർക്കാരിന്റെ കാലത്തേ തുടങ്ങിയ അലംഭാവം കൂടുതലായതേയുള്ളൂ. ഇനിയെങ്കിലും അത് നടപ്പാക്കാനുത്സാഹം കാട്ടണം സർക്കാർ എന്ന ആവശ്യം ഉയരുന്നുണ്ട്.

ഇവിടെ ലത്തീൻസഭയ്ക്കും ചില താത്പര്യങ്ങളുണ്ടാവാം. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളിൽ ലത്തീൻസമുദായാംഗങ്ങൾ മാത്രമല്ല. മുസ്ലിങ്ങളുമുണ്ട്. അവർ മീൻപിടുത്തത്തേക്കാളേറെ മത്സ്യക്കച്ചവടത്തിൽ ശ്രദ്ധയൂന്നുന്നവരാണ്. പരമ്പരാഗത മീൻപിടുത്തത്തിനിറങ്ങുന്ന ലത്തീൻസമുദായാംഗങ്ങളെ ഉപയോഗപ്പെടുത്തി സഭയുടെ അധീശശക്തി കൂട്ടാൻ ശ്രമിക്കുന്ന ലത്തീൻസഭാ നേതൃത്വം വിഴിഞ്ഞത്തെ പുതിയ സാമൂഹ്യസാഹചര്യങ്ങളിൽ മുതലെടുപ്പ് നടത്തുന്നുണ്ടോ എന്നും സംശയിക്കപ്പെടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIZHINJAM PORT PROTEST
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.