SignIn
Kerala Kaumudi Online
Friday, 19 April 2024 6.26 AM IST

കുപ്പിയിലായ പ്രാണജലം

photo

ഏതു നിമിഷവും പൊട്ടിത്തകർന്നുപോകാവുന്ന കുപ്പിയിലാണ് നമ്മുടെ പ്രാണജലം. അതിനാൽ, ഭാവിയെക്കുറിച്ചും ഭാവി തലമുറകളെക്കുറിച്ചും ആശങ്കപ്പെടുന്ന ഏതൊരു മനുഷ്യനും ആദ്യം ചിന്തിക്കുന്നത് ജലത്തെക്കുറിച്ചാവും. എന്നാൽ, ഇനി വരാൻ പോകുന്ന യുദ്ധം ജലത്തിനുവേണ്ടിയാകും എന്നു പറയുന്നതിന്റെ അർത്ഥംപോലും അറിയാത്തവർ വികസനത്തെക്കുറിച്ച് ചിന്തിക്കുകയും നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ജലസമൃദ്ധമായ കേരളത്തിന് കുടിവെള്ളത്തിനായി കേന്ദ്രസ‌ർക്കാർ വഴി അമേരിക്കയിലോ റഷ്യയിലോ ഉഗാണ്ടയിലോ അപേക്ഷിക്കേണ്ടിവരുന്ന ഒരു കാലത്തെക്കുറിച്ച് ഇപ്പോൾ ആരും ചിന്തിക്കുന്നുണ്ടാവില്ല. നമ്മുടെ വികസന കാഴ്ചപ്പാടുകൾ ഇപ്പോൾ നടക്കുന്ന നിലയിലാണെങ്കിൽ ഈ നാട്ടിൽ പ്രൈമറി സ്കൂളുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങൾ വയോധികാരാകും മുമ്പ് അത് സംഭവിക്കാനിടയാകും. എന്തുകൊണ്ട്?

ഭൂമിയിലെ സർവചരാചരങ്ങളും ഈ വിശ്വപ്രകൃതിയുടെ ഭാഗമാണ്. മൂന്ന് വഴികളിലൂടെയാണ് അത് പ്രകടമാകുന്നത്. ഒന്ന് വായു. രണ്ട് വെള്ളം, മൂന്ന് ആഹാരം. ഇത് മൂന്നും എല്ലാ ജീവജാലങ്ങൾക്കും ആവശ്യമാണെങ്കിലും അതിന്റെ ശാശ്വതമായ ലഭ്യതയ്ക്കുവേണ്ടി നമ്മൾ എന്താണ് ചെയ്യുന്നത്. ഇവയെല്ലാം നശിപ്പിക്കുന്നതിനായുള്ള പ്രക്രിയകളാണ് ലോകത്തെമ്പാടും നടക്കുന്നത്. എന്നാൽ ഇവ ശാശ്വതമാക്കാൻ വികസ്വരരാഷ്ട്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പ്രകൃതിയെ തകർക്കുന്ന വികസന പ്രവർത്തനങ്ങൾക്കു പകരം പ്രകൃതിയെക്കൂടി പരിരക്ഷിക്കുന്ന വികസനത്തിനാണ് അത്തരം രാഷ്ട്രങ്ങൾ ഊന്നൽ നൽകുന്നത്. രാസായുധങ്ങൾക്കും യുദ്ധവിമാനങ്ങൾക്കും മാത്രമല്ല വിദഗ്ദ്ധചികിത്സയ്ക്കും നമ്മൾ വികസിത രാഷ്ട്രങ്ങളെ ആശ്രയിക്കുന്നു. അത് നമ്മുടെ നാട്ടിലെ തൊഴിലാളികൾക്കും ഇതര ജനവിഭാഗങ്ങൾക്കും ലഭ്യമാക്കാനാവില്ലെന്നു മാത്രം!

ജലം. നിറമോ മണമോ രുചിയോ രൂപമോ ഇല്ലാത്ത ലായനി. ജീവജാലങ്ങളുടെ പ്രാണജലം. അത് ഇല്ലാതായാൽ ഭൂമി ജഡമായി മാറും. ഭൂമി ഭൂമിയായി തുടരുന്നത് ജലമുള്ളതുകൊണ്ടാണ്. പക്ഷേ, ഒരു ജലദിനംകൂടി (മാർച്ച് 22) കടന്നുപോകുമ്പോൾ നീരൊഴുക്കുകളുടെ താളമേളങ്ങൾ പശ്ചാത്തലസംഗീതമായി കേൾക്കുന്നില്ല. എവിടെയും പ്രകൃതിസംരക്ഷകരുടെയും വികസനമല്ലന്മാരുടെയും വായ്ത്താരികൾ മാത്രം. വികസനത്തിന്റെ സിൽവർ പാതയുടെ പേരിൽ നടക്കുന്ന അവകാശവാദങ്ങൾക്കും കോലാഹലങ്ങൾക്കുമായി ചെലവഴിക്കുന്ന ഊർജ്ജത്തിന്റെയും പണത്തിന്റെയും സമയത്തിന്റെയും 10 ശതമാനം ആത്മാർത്ഥമായി പങ്കിട്ടിരുന്നെങ്കിൽ കേരളത്തിലെ രണ്ടു നദികളെങ്കിലും പൂർവപ്രതാപത്തോടെ ഒഴുകിപ്പരക്കുമായിരുന്നു. തെളിനീർപ്രവാഹത്തിൽ നമ്മുടെ നാട് വീണ്ടും താരുണ്യവതിയാകുമായിരുന്നു. അത് ഭാവിയിലേക്കുള്ള ഏറ്റവും ആശാസ്യമായ ചൂണ്ടുപലകയാകുമായിരുന്നു . പക്ഷേ, അങ്ങനെ സംഭവിക്കുന്നില്ല. സംഭവിക്കുന്നതെന്താണ്?

സംഘാടകർക്ക് ലാഭം കിട്ടിയാൽ പോരാ, കൊള്ളലാഭം കിട്ടണം. അതിന് കൈയുംകണക്കും, വേഗത്തിൽ തിരിച്ചറിയാത്ത അതിബൃഹത്തായ പദ്ധതികൾ വേണം. അത് നടന്നാലും നടന്നില്ലെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നാലും ആർക്ക് ചേതം ? കിട്ടാനുള്ളത് കിട്ടേണ്ടവർക്ക് കിട്ടിയിട്ടുണ്ടാവും. അതാണ് പുതിയ കാലത്തിന്റെ വികസനമന്ത്രം. കാവുകൾ കരിഞ്ഞാലെന്ത്, കുളങ്ങൾ കുഴിച്ചുമൂടിയാലെന്ത്, തോടും പുഴകളും കായലും മണലാരണ്യമായാലെന്ത്, കാട്ടുമൃഗങ്ങൾ പൊറുതിമുട്ടി നാട്ടിലിറങ്ങി മനുഷ്യരെ തിന്നാലെന്ത്, തീരമാകെ കടൽ വിഴുങ്ങിയാലെന്ത്? നമുക്ക് വികസനം വേണം. സ്വന്തം കീശവീർപ്പിക്കാൻ മാത്രമല്ല, സ്വന്തം തലമുറകളെ മാത്രം രാജകീയ സുഖഭോഗങ്ങളിൽ വാഴിക്കാനുള്ള ഈ കുതന്ത്രങ്ങൾ എത്രകാലം തുടരാനാവും?

കുടിവെള്ളം പാഴാക്കി കളയുമ്പോഴും ഓർക്കുക; ലോകത്ത് 180 കോടി ജനങ്ങൾ മാലിന്യംകലർന്ന ജലമാണ് കുടിക്കുന്നതെന്ന് ഓരോ 15 സെക്കൻഡിലും ഒരു കുട്ടി ജലജന്യരോഗങ്ങളാൽ മരണാവസ്ഥയിലാണെന്ന്.
ലോകമാകെയുള്ള മലിനജലത്തിന്റെ 80 ശതമാനവും ജലവിതരണവുമായി കലരുന്നുണ്ടെന്നാണ് കണ്ടെത്തൽ. 70 ശതമാനം വ്യവസായമാലിന്യങ്ങളും നദികളിലെ ജലവുമായി കലരുന്നു. പ്രതിദിനം 20 ലക്ഷം ടൺ ജൈവമാലിന്യങ്ങളെങ്കിലും ജലവിതരണ സ്രോതസുകളുമായി കലരുന്നുവെന്നാണ് കണക്ക്. ശുദ്ധജലലഭ്യതയ്ക്കായുള്ള ആഗോളപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക വിഭാഗം ലോകജലദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

പരകോടി ജലതന്മാത്രകൾ ചേർന്ന് ഒരു പുഴയോ മഴയോ ആയിത്തീരാനുള്ള കനിവിൻ വഴികളെ നാം കൊട്ടിയടച്ചു കൊണ്ടിരിക്കുകയാണ്. ആറന്മുളയിലെ ഏറ്റവും പ്രകൃതി രമണീയമായ പാടശേഖരത്തെ മുടിച്ചുകൊണ്ട് വരാനിരുന്ന വിമാനത്താവള സമുച്ചയത്തിന്റെ പഴയ താളുകൾ പരിശോധിച്ചാൽ മനസ്സിലാകുന്ന ഒരു വാസ്തവമുണ്ട്. വർഷങ്ങൾ നീണ്ട തന്ത്രപരമായ നീക്കങ്ങളുടെ തുടർച്ചയായിരുന്നു ആറന്മുള വിമാനത്താവള പദ്ധതിയെന്ന്. പമ്പയാറിന്റെ കൈവഴിയായ വരട്ടാർ ആയിരുന്നു ആറന്മുള പാടശേഖരത്തിന്റെ മുഖ്യ ജലസ്രോതസ്സ്. അതിനെയാണ് ആദ്യം ഇല്ലാതാക്കിയത്. ആ റൂട്ടിൽ വിശാലമായ ഒരു റോഡ് വെട്ടാനായിരുന്നു മൂന്ന് പതിറ്റാണ്ട് മുമ്പുള്ള പദ്ധതി.

ഭൂമിയിൽ വിവിധരൂപത്തിൽ ലഭ്യമായ ജലത്തിന്റെ ആകെ അളവ് 140 കോടി ഘനകിലോമീറ്റർ ആണെന്നാണ് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ഭാഗമായി കണക്കാക്കിയിരുന്നത്. ഭൂമിയുടെ ഉപരിതലത്തിന്റെ 71ശതമാനം ജലത്താൽ ആവൃതമാണ്. അതിൽ 96.5 ശതമാനവും സമുദ്രജലമാണ്. ശേഷിക്കുന്ന മൂന്നര ശതമാനം മാത്രമാണ് ശുദ്ധജലം. ഇതിന്റെ മുക്കാൽ പങ്കും മഞ്ഞുമലകളിലും ഹിമാനികളിലുമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലം കിട്ടാക്കനിയുമാണ്.

ആയുർവേദ ഗ്രന്ഥങ്ങളിൽ മഴവെള്ളത്തെക്കുറിച്ചും ജലത്തിന്റെ ഉപയോഗവ്യവസ്ഥയെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അമൃതിനു സമാനമാണ് ജലം. മഴവെള്ളമാണ് കുടിക്കാൻ ഏറ്റവും ഹിതം. ഭൂമിയിൽ വീണുകഴിഞ്ഞാൽ ദേശകാലങ്ങൾക്കനുസരിച്ചായിരിക്കും മഴവെള്ളത്തിന്റെ ഗുണം.

1993 മാർച്ച് 22നായിരുന്നു ആദ്യ ലോക ജലദിനം. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള 1992ലെ അന്താരാഷ്ട്ര പരിസ്ഥിതി വികസന സമ്മേളനത്തിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. ലോകത്ത് എല്ലാവർക്കും 2030നകം ശുദ്ധജലം ലഭ്യമാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം.

'പാനീയം പ്രാണിനാം പ്രാണം വിശ്വമേവ ച തന്മയം'. പ്രാണനുള്ളവയ്ക്കെല്ലാം പ്രാണനാണ് ജലം. ലോകംതന്നെ ജലാത്മകമാണ്. ജീവന്റെ ഉദ്ഭവവും ജലത്തിൽനിന്ന്. മനുഷ്യശരീരം 80 ശതമാനവും ജലം. അതുകൊണ്ടുതന്നെ ജലത്തിന്റെ ഉപയോഗം വളരെ ശ്രദ്ധിച്ചുവേണം.

''അവനാണ് ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നവൻ. എന്നിട്ട് അത് മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകൾ പുറത്തുകൊണ്ടുവരികയും അനന്തരം അതിൽ നിന്ന് പച്ചപിടിച്ച ചെടികൾ വളർത്തിക്കൊണ്ട് വരികയും ചെയ്തു. ആ ചെടികളിൽ നിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്തുവരുത്തുന്നു. ഈന്തപ്പനയിൽ നിന്ന് തൂങ്ങിനില്‍ക്കുന്ന കുലകൾ പുറത്തുവരുന്നു.... നീ കണ്ടില്ലേ; അല്ലാഹു ആകാശത്തുനിന്നു വെള്ളം ചൊരിഞ്ഞു. എന്നിട്ട് അതുമുഖേന വ്യത്യസ്ത വർണങ്ങളുള്ള പഴങ്ങൾ ഉത്പാദിപ്പിച്ചു...''എന്ന് ഖുറാനിൽ നമ്മൾ വായിക്കുന്നു.

സസ്യലതാദികളിലെ സ്വേദനവും ജലാശയങ്ങളിലെ ബാഷ്പീകരണവും ജന്തുജാലങ്ങളുടെ വിയർപ്പുമെല്ലാം ചേർന്നതാണ് മഴ. ഭൂമിയുടെ ജലചക്രമണം വളരെ പ്രധാനമാണ്. ഏറ്റവും ഉയരം കൂടിയ മരത്തിന്റെ അഗ്രത്തെ ഇലകൾമുതൽ ഭൂമിക്കടിയിലെ ഏറ്റവും അവസാനത്തെ ജലപാളിവരെ ചേർന്നതാണ് ജലചക്രമണവ്യവസ്ഥ. അതാണ് തകർന്ന് തരിപ്പണമാകുന്നത്. സ്വയം സംഭവിക്കുന്നതല്ല ഇത്. നാം ദുർമോഹങ്ങളാൽ വരുത്തിത്തീർക്കുന്നതാണ്. കേരളത്തിലെ 62 ശതമാനം ജനങ്ങളും ഭൂഗർഭജലത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഭൂഗർഭ ജലവിതാനം അടിക്കടി താഴുന്നതിനാൽ വേനൽ എത്തുന്നതോടെ ഭൂരിപക്ഷം കിണറുകളും മറ്റ് ജലാശയങ്ങളും വറ്റിവരളുന്നു. നിലവിലുള്ള സമീപനം തുടർന്നാൽ വരുംകാലത്തെ അവസ്ഥ പ്രവചനാതീതമാവും. ജലത്തെ മുറിവേൽപ്പിക്കുന്നതൊന്നും അഭികാമ്യമല്ല, ഭൂമിക്കും നമുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.