SignIn
Kerala Kaumudi Online
Friday, 19 April 2024 10.07 AM IST

പരിഹാരമില്ലാത്ത വെള്ളക്കെട്ടുണ്ടോ ?

vellam

തിരുവനന്തപുരത്ത് ഓപ്പറേഷൻ അനന്തയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത് 2015 ലാണ്. തമ്പാനൂർ, കിഴക്കേകോട്ട എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനായിരുന്നു പ്രോജക്ട്. പദ്ധതിക്കായി വിവിധപ്രദേശങ്ങളിലെ മഴക്കാല നീരൊഴുക്ക് വിന്യാസരീതികളെക്കുറിച്ചുള്ള സർവേ നടത്തി റിപ്പോർട്ടുകൾ തയ്യാറാക്കി നൽകിയത് ഈ ലേഖകന്റെ നേതൃത്വത്തിലാണ്. പദ്ധതിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. അതിന്റെ ഗുണവുമുണ്ട്. എന്നാൽ സമ്പൂർണ പ്രശ്നപരിഹാരങ്ങളോ തുടർപ്രവർത്തന സംവിധാനങ്ങളോ ഉണ്ടായില്ല. അതുകൂടി പൂർത്തീകരിച്ചാലേ സമഗ്രപരിഹാരം കാണാനാവൂ.

താമരക്കുളം, മാഞ്ഞാലിക്കുളം, പത്മതീർത്ഥക്കുളം, പുത്തരിക്കണ്ടം വയൽ എന്നീ ജലസ്രോതസുകളും എട്ടോളം വരുന്ന കുന്നുകളും ഇല്ലാതായപ്പോഴാണ് നഗരത്തിൽ വെള്ളപ്പൊക്കം രൂക്ഷമായത്.

കടൽ സാമീപ്യമുള്ള കൊച്ചി, കുളങ്ങളുടെയും കനാലുകളുടെയും നാടായിരുന്നു. അവയൊന്നും കണക്കിലെടുക്കാതെ റോഡുകളും കെട്ടിടങ്ങളും നിർമ്മിച്ചിടത്തു നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. അശാസ്ത്രീയമായ ഓടകളുടെയും കനാലുകളുടെയും നിർമ്മാണവും മാലിന്യങ്ങളും കൂടിയായപ്പോൾ പെയ്‌ത്തുമഴയുടെ സ്വാഭാവിക ഒഴുക്ക് നിലച്ചു. ചെറുമഴകൾ പോലും വലിയ വെള്ളക്കെട്ട് സൃഷ്‌ടിക്കുമെന്നായി. കടലിന്റെ സാമീപ്യമുള്ളതിനാൽ വേലിയേറ്റ ഘടകങ്ങളും പ്രതിസന്ധിയാണ്.

മഴയുടെ തീവ്രത, സമയം, നീരൊഴുക്കിന്റെ അളവ്, സമയം, പ്രദേശങ്ങൾ എന്നിവ അനുസരിച്ചാണ് വെള്ളക്കെട്ടുണ്ടാകുന്നത്. ഓരോ ഇടങ്ങളിലും മഴവെള്ളം കേന്ദ്രീകരിക്കാനുള്ള സമയവും ദൂരവും വർദ്ധിപ്പിക്കേണ്ടതുണ്ട്. ഉപരിതല നീരൊഴുക്കിന്റെ വേഗത നിയന്ത്രിക്കേണ്ടതും പ്രധാനമാണ്. മഴവെള്ളത്തിന്റെ നീരൊഴുക്ക് നിശ്ചയിക്കുന്നതിൽ ഭൂപ്രകൃതി, ഭൂമിയുടെ കിടപ്പ്, ചരിവ്, മണ്ണിന്റെ സ്വഭാവം, ഭൂവിനിയോഗ രീതികൾ, കെട്ടിടങ്ങൾ, റോഡുകൾ
എന്നിവയും പരിഗണിക്കേണ്ടതാണ്.

വീഴുന്നിടത്ത് താഴട്ടെ

ഭൂജലം വർദ്ധിക്കട്ടെ

മഴ വീഴുന്നിടത്ത് തന്നെ താഴട്ടെ എന്ന കാഴ്ചപ്പാടിൽ സ്ഥലജല പരിപാലനമാണ് അനിവാര്യം. ഓരോ പ്രദേശത്തെയും മഴവെള്ളം ഒഴുക്കി കൊണ്ടുപോകുന്നതിൽ കാനകൾക്കും കനാലുകൾക്കും വലിയ പങ്കാണുള്ളത്. ഇവയുടെ നീളം, വീതി, ആഴം, മാലിന്യരഹിതമായ അവസ്ഥ എന്നീ ഘടകങ്ങൾക്കനുസരിച്ചാണ് ജലത്തിന്റെ ഒഴുക്ക് സുഗമമാവുന്നത്. കേരളത്തിലെ അശാസ്‌ത്രീയ ഓടനിർമ്മാണവും വെള്ളക്കെട്ടുകൾക്ക് കാരണമാണ്. വെള്ളക്കട്ടുകളെപ്പോലെ തന്നെ ഭൂജലത്തിന്റെ കുറവും വലിയൊരു പ്രശ്നമാണ്. പരമാവധി മഴവെള്ളത്തെ മണ്ണിൽത്താഴ്‌ത്തി അതിന് പരിഹാരം കാണാം. ഗ്രില്ലറുകൾ, പി.വി.സി പൈപ്പുകൾ, പ്രത്യേകതരം ഗാലറികൾ എന്നിവയിലൂടെ മഴവെള്ളം ഭൂമിയിലേക്ക് ഇറക്കാം. ഇതിലൂടെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനൊപ്പം, ഭൂജലശേഷി കൂട്ടുകയും കൊതുക് പെരുകുന്നത് ഒഴിവാക്കുകയും ചെയ്യാം.

വെള്ളക്കെട്ടിനും

ജലക്ഷാമത്തിനും

പരിഹാരം


വീടുകളിലും സ്ഥാപനങ്ങളിലും മഴവെള്ളസംഭരണവും കൃത്രിമ ഭൂജലപരിപോഷണവും നടപ്പിലാക്കിയാൽ ജലക്ഷാമവും വെള്ളക്കെട്ടും ഒരേസമയം ഒഴിവാക്കാനാകും. കിണറുകൾ, കുളങ്ങൾ എന്നിവയിലേക്ക് മഴവെള്ളത്തെ കടത്തിവിടാം. വീടുകളിൽ ശാസ്ത്രീയമായ സസ്യപരിപാലനം പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഓടകളുടെ മുകൾവശം സിമന്റ് ചെയ്ത് സീൽ ചെയ്യുന്നത് ഒഴിവാക്കണം. ഗ്രില്ലറകൾ പോലുള്ള സംവിധാനം ഇടയ്ക്കിടെ ആകാം. ശാസ്ത്രീയ മാലിന്യസംസ്‌കരണം പരാജയപ്പെടുന്നത് ഓടകളും കനാലുകളും ജലസ്രോതസുകളും മലിനമാകാൻ കാരണമാകുന്നു. ഇതിന്റെ ഫലമായി സ്വാഭാവികനീരൊഴുക്ക് തടസപ്പെടുന്നതും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതും സാധാരണമാണ്. സ്വാഭാവിക നീർച്ചാലുകളുടെ ഗതി മാറ്റിതീർത്ത് നിർമിച്ചിട്ടുള്ള കെട്ടിടങ്ങളും റോഡുകളും വെല്ലുവിളിയാണ്. ദുരന്തനിവാരണ നിയമമനുസരിച്ച് പൊതുതാത്‌പര്യാർത്ഥം പല നിർമ്മിതികളും മാറ്റിയ അനുഭവങ്ങളുണ്ട്. നഗരങ്ങളിലെ വെള്ളക്കെട്ട് സമ്പൂർണമായി ഒഴിവാക്കാൻ ചില നിർമ്മിതികൾ പുനഃക്രമീകരിക്കേണ്ടിവരും. സ്വാഭാവിക നീരൊഴുക്കിനറിയില്ല മനുഷ്യർ തയ്യാറാക്കിയ വഴികളും
രീതികളും. അങ്ങനെ വരുമ്പോൾ ചിലയിടങ്ങളിൽ നിർമ്മിതികൾ ഒഴിവാക്കപ്പെടണം. വെള്ളക്കെട്ട് ഒഴിവാക്കേണ്ട പ്രദേശങ്ങളുടെ സ്വാഭാവിക നീരൊഴുക്ക് വിന്യാസവ്യവസ്ഥ മനസിലാക്കി വെള്ളക്കെട്ട് ഭൂപടങ്ങളും രേഖകളും തയ്യാറാകണം. പഴയകാല
രേഖകളും ഭൂപടങ്ങളും ലഭ്യമാണ്. അവകൂടി പരിഗണിച്ച് പുതിയ വഴികൾ സജ്ജമാക്കണം. വെള്ളക്കെട്ട് ബാധിത പ്രദേശങ്ങൾ മനസിലാക്കാൻ മഴയത്ത് ഉൾപ്പെടെ തിരുവനന്തപുരത്ത് സർവേ നടത്തിയിരുന്നു. പലയിടങ്ങളിലും ആ രീതി വേണ്ടിവരുന്ന സാഹചര്യങ്ങളും ഉണ്ടാകാം. നിലവിൽ പലപ്പോഴും കനാൽ നിർമാണം ഓടകൾ തയ്യാറാക്കൽ എന്നിവ മാത്രമാണ് നടക്കുന്നത്. അവ മാത്രം കൊണ്ട് സമ്പൂർണ പരിഹാരമാവില്ല. ഓരോ പ്രദേശത്തും വ്യത്യസ്ത മാർഗങ്ങൾ അവലംബിക്കേണ്ടിവരും. മാലിന്യം കൈകാര്യം ചെയ്യുന്നതിൽ ജനങ്ങളുടെ സഹകരണം പ്രധാന ഘടകമാണ്. കേരളത്തിൽ മാലിന്യ വാഹിനികളാണ് ജലസ്രോതസ്സുകൾ. അവയ്ക്കുകൂടി മാറ്റമുണ്ടാകണം. കനാലുകളുടെയും ചാനലുകളുടെയും സംരക്ഷണവും പ്രധാനമാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ സമഗ്രവും ശാസ്ത്രീയവുമായ മാസ്റ്റർ പ്ലാൻ ആവശ്യമാണ്.

മഴക്കാലങ്ങളിലുൾപ്പെടെ നഗരങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കേണ്ട സ്ഥിതിയാണ് . മഴയുടെ നാടായ കേരളത്തിൽ ഒരേസമയം ജലക്ഷാമം പരിഹരിക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും കഴിയുന്ന സാങ്കേതികരീതികൾ മുന്നിലുണ്ട്. വീടുകളുടെ മുറ്റങ്ങൾ മൊത്തമായി സിമന്റിടുന്ന രീതി ഒഴിവാക്കി ഒരു മീറ്റർ വിസ്തൃതിയിൽ ഒരുവശത്തായി ഗ്രില്ലറകൾ സജ്ജീകരിക്കാം. വെള്ളക്കെട്ട് ഒഴിവാക്കുന്ന ഈ രീതി തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ സജ്ജമാക്കാൻ ഈ ലേഖകന്റെ
നേതൃത്വത്തിൽ കഴിഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് മേഖലകളിൽ
ഇത്തരം ഗ്രില്ലറകൾ വ്യാപകമാക്കാം.
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനങ്ങൾ
ആവശ്യമാണ്. ദുരന്തനിവാരണ നിയമമനുസരിച്ചുള്ള ഉത്തരവുകളും വേണ്ടിവരും. സമഗ്രമായ സർവേ
ബഹുജന പങ്കാളിത്തത്തോടെ നടത്താം. കൃത്യമായ ബോധവത്‌കരണം ആവശ്യമാണ്. ഓരോ പ്രദേശത്തും വസിക്കുന്നവർക്ക് തന്നെ കുറെ കാര്യങ്ങൾ ചെയ്യാനാവും. അവർക്ക് കൂടി പ്രയോജനപ്പെടുന്നെന്ന് ബോദ്ധ്യപ്പെടുത്തിയാൽ ബഹുജന സഹകരണം വേഗത്തിൽ ഉറപ്പാക്കാം. കനാലുകളുടെ നവീകരണം, ആവശ്യമെങ്കിൽ പുതിയവയുടെ നിർമ്മാണം എന്നിവയും പ്രധാനമാണ്. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സാങ്കേതിക മാർഗങ്ങളുണ്ട്. അവയെല്ലാം റസിഡന്റ്സ് അസോസിയേഷനുകൾ, മറ്റു സംഘടനകൾ എന്നിവർക്ക് പരിശീലനം നൽകി ബോദ്ധ്യപ്പെടുത്തേണ്ടതാണ്.

വെള്ളക്കെട്ട് പ്രശ്നങ്ങൾ സ്ഥിരമായി പരിഹരിക്കാൻ വിവിധ വകുപ്പുകളുടെ സഹകരണം ആവശ്യമാണ്. ഓരോ വകുപ്പുകളും വ്യത്യസ്ത നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് അവ നടപ്പിലാക്കുന്ന രീതി മാറണം. മുൻകൂട്ടി തയ്യാറാക്കിയ മാസ്റ്റർ രേഖയുടേയും ഭൂപടത്തിന്റെയും അടിസ്ഥാനത്തിലാകണം പ്രവർത്തനങ്ങൾ. വിവിധഘട്ടങ്ങളിൽ ആവശ്യമായ ബഹുജന പങ്കാളിത്തവും ഉറപ്പാക്കണം. കൃത്യമായ ഒരു മിഷനിലൂടെ സമയബന്ധിതമായി പരിപാടികൾ നടപ്പിലാക്കണം. തുടർപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനവും ആവശ്യമാണ്. മാർഗങ്ങളും സാങ്കേതികവിദ്യകളും മുന്നിലുണ്ട്. വേണ്ടത് ഉറച്ച ചുവടുവയ്‌പുകൾ മാത്രം.

ഫോൺ : 9847547881

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATER LOGGING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.