SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.17 PM IST

പദ്ധതി വേണ്ട, ദാഹജലം തരുമോ?

illustration

ജലാശയങ്ങളും അണക്കെട്ടുകളും സമൃദ്ധമായിട്ടും വേനൽ കടുത്തതോടെ ഇടുക്കി ജില്ല ദാഹിച്ചു തൊണ്ടപൊട്ടാറായ സ്ഥിതിയാണ്. ലോറേഞ്ചിലും ഹൈറേഞ്ചിലും ജനം ഒരുപോലെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. സ്ത്രീകൾ കുടങ്ങളുമായി പൊതുടാപ്പുകൾക്ക് മുന്നിൽ മണിക്കൂറുകൾ കാത്തുനിൽക്കുന്നതും ദൂരെ സ്ഥലങ്ങളിൽ നിന്ന് വെള്ളം ചുമന്നു കൊണ്ടുവരുന്നതും പതിവുകാഴ്ചയായി മാറിയിട്ടുണ്ട്. ശുദ്ധജലത്തിന് കടുത്തക്ഷാമം നേരിടുന്നതിനിടെ പലയിടത്തും പൈപ്പ് പൊട്ടുക കൂടി ചെയ്തതോടെ ദിവസങ്ങളോളം വെള്ളം കിട്ടാത്ത അവസ്ഥയിലാണ് പല പ്രദേശങ്ങളും. ജോലിഭാരം കൂടിയതോടെ ജലഅതോറിട്ടിയും കിതയ്ക്കുകയാണ്. ജലക്ഷാമത്തിന്റെ രൂക്ഷതയും ദുരിതവും പല പ്രദേശങ്ങളിൽ പല രൂപങ്ങളിലാണ്. ചിലയിടങ്ങളിൽ മഴക്കാലത്തും വേനൽക്കാലത്തും കുടിവെള്ളം വിലകൊടുത്ത് വാങ്ങണം. ചിലയിടങ്ങളിൽ വില കൊടുത്താൽപ്പോലും വെള്ളം കിട്ടാനില്ലാത്ത അവസ്ഥ.

ഒഴുകുന്നു കോടികൾ,

കുടിക്കാൻ തുള്ളിയില്ല

കുടിവെള്ളത്തിന്റെ കാര്യത്തിൽ പദ്ധതികൾക്കും വാഗ്ദാനങ്ങൾക്കും പഞ്ഞമില്ലാത്ത നാടാണ് ഇടുക്കി. കോടികൾ ചെലവഴിച്ചിട്ടും നാട്ടുകാർക്ക് ഒരു തുള്ളി വെള്ളം പോലും നൽകാത്ത പദ്ധതികൾ നിരവധിയുണ്ട് ജില്ലയിൽ. ചുരുങ്ങിയ നാളുകൾക്കകം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾ അനിശ്ചിതമായി നീളുന്നതോടെ ചെലവും കുത്തനെ ഉയരുന്നു. ഇടുക്കി ജലാശയത്തിലെ ജലം ശുദ്ധീകരിച്ച് മൂന്ന് താലൂക്കുകളിലെ മൂന്നരലക്ഷത്തോളം ആളുകൾക്ക് കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള 795 കോടിയുടെ ആലടി- കുരിശുമല അഞ്ചുരുളി കുടിവെള്ള പദ്ധതി 21 വർഷമായിട്ടും പൂർത്തിയായില്ല. ഉടുമ്പൻചോല താലൂക്കിലെ വണ്ടൻമേട്, നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ, ഇരട്ടയാർ, ഉടുമ്പൻചോല, സേനാപതി, ശാന്തൻപാറ, രാജാക്കാട്, രാജകുമാരി, പീരുമേട് താലൂക്കിലെ ചക്കുപള്ളം, ഉപ്പുതറ, ഇടുക്കി താലൂക്കിലെ കാമാക്ഷി, മരിയാപുരം, കാഞ്ചിയാർ, വാത്തിക്കുടി പഞ്ചായത്തുകൾ, കട്ടപ്പന നഗരസഭ, വാഗമൺ വില്ലേജ് എന്നിവയാണ് പദ്ധതിയുടെ പരിധിയിലുള്ളത്. 2018 ജനുവരിയിലെ കണക്ക് പ്രകാരം 795 കോടിയാണ് ചെലവ് പ്രതീക്ഷിച്ചത്. എന്നാൽ പദ്ധതി പൂർത്തിയാകുമ്പോൾ 1000 കോടിയിലെത്തുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നു. ഇടുക്കി സംഭരണിയുടെ ഭാഗമായ അഞ്ചുരുളിയിൽ നിന്ന് ശുദ്ധീകരിക്കുന്ന വെള്ളം 1250 കിലോമീറ്റർ ദൂരം പൈപ്പിട്ട് 3,72,000 വീടുകളിൽ വെള്ളം എത്തിക്കുന്നതായിരുന്നു പദ്ധതി. വാട്ടർ അതോറിട്ടി സർവേ നടപടികൾ ആറുമാസം കൊണ്ട് പൂർത്തീകരിച്ചെങ്കിലും തുടർ നടപടികൾ ഇഴയുകയാണ്.

വണ്ടന്മേട് പഞ്ചായത്തിൽ ലോകബാങ്ക് സഹായത്തോടെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിയ അഞ്ചരക്കോടിയുടെ കുടിവെള്ള പദ്ധതി കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണമാണ്. നിർമാണം പൂർത്തിയാക്കി 20 വർഷമായിട്ടും ഒരു തുള്ളി വെള്ളം പോലും പദ്ധതിയിൽ നിന്ന് ആർക്കും കിട്ടിയില്ല. ജലവിതരണത്തിന് ഉറവിടം കണ്ടെത്താതെ നിർമാണം നടത്തിയതാണ് പദ്ധതി പാളാൻ കാരണം. ലഭിച്ച 5.29 കോടി രൂപ ഉപയോഗിച്ച് ടാങ്കുകളും ആമയാറിന് സമീപം പമ്പ് ഹൗസും ശുദ്ധീകരണ പ്ലാന്റും പണിതു. പ്രതിദിനം 20 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാവുന്ന പ്ലാന്റാണ് നിർമ്മിച്ചത്. ഇവിടേക്ക് വൈദ്യുതി എത്തിക്കുകയും പഞ്ചായത്തിലുടനീളം പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്തു. പമ്പ് ഹൗസിന് സമീപം അഞ്ച് മീറ്റർ ഉയരത്തിൽ ചെക്ക് ഡാം നിർമിച്ച് വെള്ളം തടഞ്ഞു നിറുത്തി പമ്പ് ചെയ്യാനായിരുന്നു തീരുമാനം. ഇതിന് ആവശ്യമായ അഞ്ചര ഹെക്ടർ സ്ഥലം ഏറ്റെടുത്ത് നൽകാൻ വണ്ടൻമേട് പഞ്ചായത്ത് തയ്യാറായില്ല. ഇതോടെ പദ്ധതി ഉപേഷിച്ചു.

അടിമാലി ഗ്രാമപഞ്ചായത്തിലെ വാളറ പത്താം മൈൽ 20 സെന്റ് കോളനിയിൽ വർഷങ്ങളായുള്ള ജീവിതപ്രശ്‌നം കുടിവെള്ളമാണ്. വിവിധ ഘട്ടങ്ങളിലായി അഞ്ച് കുടിവെള്ള പദ്ധതികൾ ഇവിടെ ആരംഭിച്ചു. 2004- 05 സാമ്പത്തിക വർഷം 25 ലക്ഷം മുടക്കി പണി പൂർത്തിയാക്കിയ ജലധാര പദ്ധതിയായിരുന്നു പ്രധാനം. 20 സെന്റ് കോളനിയുടെ മലമുകൾ ഭാഗമായ മുനിയറച്ചാലിൽ ടാങ്ക് നിർമിച്ച് മുന്നിയറച്ചാലിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പൈപ്പ് വഴി വീടുകളിലെത്തിക്കുന്നതായിരുന്നു പദ്ധതി. തുടക്കത്തിൽ രണ്ട് മാസത്തോളം വെള്ളമെത്തിയെങ്കിലും ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ നിർമാണത്തിന് ഉപയോഗിച്ചതിനാൽ പദ്ധതി അധികകാലം പ്രയോജനപ്പെട്ടില്ല. തുടർന്നും ഇതേ മാതൃകയിൽ കുടിവെള്ള പദ്ധതികൾ നടപ്പാക്കി. ഇതിന്റെയെല്ലാം ശേഷിപ്പുകളായി മുനിയറച്ചാൽ മലയിൽ നാല് ടാങ്കുകൾ ഉണ്ടെന്നതൊഴിച്ചാൽ കുടിവെള്ളം മാത്രം കിട്ടാനില്ല. ഏറ്റവുമൊടുവിൽ വന്ന ജലനിധി പദ്ധതിയിലായിരുന്നു പിന്നീട് പ്രതീക്ഷയത്രയും. നിർധന കുടുംബങ്ങൾ 4000 രൂപ വീതം പദ്ധതി വിഹിതമടച്ച് കുടിവെള്ളത്തിന് കാത്തിരിക്കാൻ തുടങ്ങിയിട്ട് 10 വർഷമായി. ഒരു കോടിയിലേറെ ചെലവിട്ടെങ്കിലും പദ്ധതി ഇനിയും പൂർത്തിയായിട്ടില്ല.

വാട്ടർ അതോറിട്ടിയുടെ ഹെലിബേറിയ കുടിവെള്ള പദ്ധതിയിൽ നിന്ന് വിതരണം ചെയ്യുന്നുണ്ടെങ്കിലും കുട്ടിക്കാനം ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും വെള്ളം ലഭ്യമല്ല. ഇവിടെ കുടിവെള്ള വിതരണത്തിന് 2000 മുതൽ ത്രിതല പഞ്ചായത്തുകൾ ലക്ഷങ്ങളാണ് ചെലവഴിച്ചത്. പൈപ്പ് ലൈൻ, ടാങ്ക്, കുളം എന്നിവ നിർമിച്ചെങ്കിലും ജലവിതരണം നാമമാത്ര ദിവസങ്ങളിലാണ് നടന്നത്. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ വിവിധ വർഷങ്ങളിൽ പൈപ്പ് ലൈൻ നിർമിക്കാൻ ലക്ഷങ്ങളാണ് ചെലവഴിച്ചത്. എന്നാൽ, ഗുണനിലവാരമില്ലാത്ത ജി.ഐ.പൈപ്പുകൾ ഉപയോഗിച്ചതിനാൽ ആദ്യ പമ്പിംഗിൽ തന്നെ പലതും പൊട്ടി. ശേഷിച്ചവ ക്രമേണ തുരുമ്പെടുത്ത് നശിച്ചു.

കഞ്ഞിക്കുഴി പഞ്ചായത്തിലെ മാക്കുപാറയിലെ ഇരുപതോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ പത്ത് വർഷത്തിനിടെ 15 ലക്ഷത്തോളം രൂപ ചെലവിട്ടെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATER SCARCITY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.