SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.08 PM IST

ഒത്തുപിടിച്ചാൽ  കൊയ്യാം  നേട്ടങ്ങൾ  നിരവധി

photo

ഉൾനാടൻ ജലാശയങ്ങൾ, പുഴകൾ, കനാലുകൾ എന്നിവയാൽ സമ്പന്നമായ കേരളത്തിന് അനുയോജ്യമായ പദ്ധതിയാണ് ഉൾനാടൻ ജലഗതാഗതവും ചരക്കുനീക്കവും. 590 കിലോമീറ്റർ കടൽത്തീരത്തിന് പുറമേയാണ് തെക്ക് മുതൽ വടക്കേയറ്റം വരെ ജലഗതാഗത മാർഗങ്ങളുള്ളത്. ദേശീയജലപാതകൾ ഫലപ്രദമായി വിനിയോഗിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും ബന്ധപ്പെട്ട ഏജൻസികളും ഒത്തുപരിശ്രമിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു.

കൊല്ലം കോട്ടപ്പുറം ദേശീയജലപാത മൂന്ന് അടിയന്തരമായി വിനിയോഗിക്കാനുള്ള നടപടികളാണ് ആവശ്യം. ഇതിന് സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണം. ചരക്കുനീക്കം നടത്തുന്ന ബാർജ് കമ്പനികളെ ആകർഷിക്കണം. അഞ്ചു വർഷമെങ്കിലും അവസരം ലഭിക്കുന്ന ദീർഘകാല ചരക്കുനീക്കൽ കരാറുകൾ നൽകണം. ഇളവുകളും ആനുകൂല്യങ്ങളും നൽകി സംരംഭകരെ ആകർഷിക്കണം.

തുടക്കം പൊതുമേഖലയിലാകട്ടെ

പൊതുമേഖലാ സ്ഥാപനങ്ങളുടെ ചരക്കുകൾ ജലമാർഗമാക്കിയാൽ തന്നെ നേട്ടം കൈവരിക്കാൻ കഴിയും. കൊച്ചിയിലെ ഫാക്ടാണ് ഇതിന് മാതൃക. കമ്പനിയുടെ രാസവസ്തുക്കൾ വർഷങ്ങളായി ഈ പാതയിലൂടെയാണ് കൊണ്ടുപോകുന്നത്. മുമ്പ് ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലേയ്ക്ക് പെട്രോളിയം ഉത്പന്നങ്ങൾ ജലമാർഗം എത്തിച്ചിരുന്നു. കായലുകളുടെയും പുഴകളുടെയും തീരങ്ങളിൽ നിരവധി പൊതുമേഖലാ വ്യവസായശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ അസംസ്കൃതവസ്തുക്കളും ഉത്പന്നങ്ങളും ജലമാർഗത്തിലേയ്ക്ക് മാറ്റാൻ കഴിഞ്ഞാൽ ചരക്കുഗതാഗതത്തിൽ വൻനേട്ടമാകും.

കൊച്ചിയിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിന്റെ ഉത്പന്നങ്ങൾ ചവറ കെ.എം.എം.എൽ ഉൾപ്പെടെ അസംസ്കൃതവസ്തുക്കളായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം ചരക്കുകൾ ജലമാർഗമാക്കാൻ കഴിയും. ഫാക്ടിന്റെ വളങ്ങൾ ജലമാർഗം കൊണ്ടുപോകുന്നതും പരിഗണിക്കാവുന്നതാണ്.

ബാർജുകൾ കുറവ്

ദേശീയജലപാത നിർമ്മിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് നാഷണൽ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി അധികൃതർ പറയുന്നു. അവ വിനിയോഗിക്കാൻ നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരാണ്. റോഡ് മാർഗം ചരക്കുനീക്കാൻ ലോറികളും ട്രക്കുകളും പ്രവർത്തിപ്പിക്കുന്നത് പോലെ ബാർജ് സർവീസിന് കമ്പനികളെ ആകർഷിക്കണം. ഇളവുകളും ആനുകൂല്യങ്ങളും നൽകിയാലേ കമ്പനികൾ രംഗത്തുവരൂ. കേരളത്തിന്റെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ബാർജുകൾ ഇല്ലെന്നതാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്.

ബാർജുകളുടെ രജിസ്ട്രേഷൻ ഉൾപ്പെടെ നടപടികളിൽ കേന്ദ്ര ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് ഇളവുകൾ അനുവദിക്കണം. ഷിപ്പിംഗ് മന്ത്രാലയം, മാരിടൈം ബോർഡ്, തുറമുഖ വകുപ്പ്, ജലഗതാഗത വകുപ്പ് എന്നിവയുടെ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണ്.

മുഖം തിരിച്ച് റോഡ് ലോബി

ജലമാർഗമുള്ള ചരക്കുനീക്കത്തോട് ഷിപ്പിംഗ് ഏജൻസികളും ട്രാൻസ്പോർട്ട് ഏജൻസികളും മുഖം തിരിക്കുക മാത്രമല്ല, എതിർക്കുകയുമാണ്. റോഡ് വഴി ചരക്കുനീക്കുന്ന ലോബിയുടെ സമ്മർദ്ദം ഇതിന് പിന്നിലുണ്ട്. ജലമാർഗത്തിലേയ്ക്ക് മാറിയാൽ തങ്ങളുടെ ബിസിനസും വരുമാനവും ഇടിയുമെന്ന ആശങ്കയാണ് കാരണം. പത്ത് ലോറികൾ കൈകാര്യം വഹിക്കുന്ന ചരക്ക് ഒരു ബാർജിന് കൊണ്ടുപോകാൻ കഴിയും. ട്രാൻസ്‌പോർട്ടിംഗ് ലോബിയുടെ സമ്മർദ്ദം ചെറുക്കാൻ കഴിയണം.

ദേശീയജലപാതയിൽ ഉൾപ്പെടുന്ന ആലപ്പുഴയ്ക്കും ചങ്ങനാശേരിക്കുമിടയിൽ ഇത്തരം ചരക്കുനീക്കം വിജയകരമായി നടക്കുന്നുണ്ട്. 2021- 2022 സാമ്പത്തികവർഷം 17 ലക്ഷം ടൺ ചരക്കുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. കൊല്ലത്തു നിന്ന് കശുഅണ്ടി, ആലപ്പുഴയിൽ നിന്ന് കയർ, കോട്ടയത്തു നിന്ന് റബറും റബർ ഉത്പന്നങ്ങളും ഇടുക്കിയിലെ സുഗന്ധവ്യഞ്ജനങ്ങളുമുൾപ്പെടെ കൊച്ചി തുറമുഖത്തും വിപണികളിലും ബാർജുകളിൽ എത്തിക്കാനുള്ള വിപുലമായ സാദ്ധ്യതകൾ വിനിയോഗിക്കാൻ കഴിയും.

വർക്കലയിലെ പ്രശ്നങ്ങൾ

കൊല്ലം കോവളം സംസ്ഥാനപാതയിലെ വർക്കല ഭാഗത്ത് കനാൽ നിർമ്മാണം പ്രതിസന്ധിയിലാണ്. നെടുങ്ങണ്ട മുതൽ തടേറ വരെയാണ് പ്രശ്‌നങ്ങൾ. കനാൽ തീരം കൈയേറിയവരെയും താമസക്കാരെയും ഒഴിപ്പിച്ചാലേ നിർമ്മാണം ആരംഭിക്കാൻ കഴിയൂ. വർക്കല വലിയ തുരപ്പ് (ടണൽ), ചിലക്കൂർ ചെറിയതുരപ്പ്, ശിവഗിരി വലിയതുരപ്പ് എന്നിവയാണ് സുഗമമായ ഗതാഗതത്തിന് തടസം.

സ്ഥലം ഏറ്റെടുക്കുന്നതിനും തീരത്ത് താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനും പദ്ധതി തയ്യാറാക്കിവരുകയാണ്. ഇതിന് ശേഷമേ നിർമ്മാണജോലികൾ ആരംഭിക്കൂവെന്ന് സംസ്ഥാന ജലപാത അധികൃതർ അറിയിച്ചു.

തടസങ്ങൾ നീക്കണം

ജലമാർഗമുള്ള ചരക്കുനീക്കത്തിന് തടസമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കണ്ടെത്തണമെന്നും വിദഗ്ദ്ധർ പറയുന്നു. ടെർമിനലുകളും ഗോഡൗണുകളും 11 സ്ഥലങ്ങളിലുണ്ട്. ഇവിടെ കയറ്റിറക്ക് പ്രശ്‌നങ്ങളുമുണ്ട്. തൊഴിൽ പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കാനാകണം.

ഡ്രെഡ്‌ജിംഗിനെയും ബാർജുകളുടെ സഞ്ചാരത്തെയും തടസപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കാൻ ജനങ്ങളെ ബോധവത്കരിക്കേണ്ടത് ആവശ്യമാണ്. ചീനവലകളും മറ്റും നീക്കേണ്ടതിനാൽ മത്സ്യത്തൊഴിലാളികളും എതിർപ്പുമായി രംഗത്തുവരുന്നു. ചില മത്സ്യബന്ധനമേഖലകളിൽ നിന്ന് ഇവർക്ക് പിന്മാറേണ്ടിവന്നിട്ടുണ്ട്. ഇവർക്ക് ബദൽമാർഗങ്ങൾ ഒരുക്കുകയും പദ്ധതിയുടെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുകയും ചെയ്യണം.

തുറമുഖങ്ങളെ ബന്ധിപ്പിക്കണം

കേരള തീരത്ത് കൊച്ചി ഉൾപ്പെടെ 20 ചെറുതും ഇടത്തരവുമായ തുറമുഖങ്ങളുണ്ട്. ഇവയെ ബന്ധിപ്പിച്ച് ചരക്കുനീക്കം വർദ്ധിപ്പിക്കാം. കൊച്ചിയിൽ ഇറക്കുമതി ചെയ്യുന്ന ചരക്കുകൾ ജലമാർഗം തെക്ക്, വടക്കൻ ജില്ലകളിൽ എത്തിക്കാൻ കഴിയും.

വലിയ ബാർജുകൾക്ക് സഞ്ചരിക്കുന്നതിന് കായലുകളിൽ ചില തടസങ്ങൾ നിലവിലുണ്ട്. ജലപാതയിലെ ഉയരം കുറഞ്ഞ പാലങ്ങളാണ് ഇവയിൽ പ്രധാനം. കണ്ടെയ്‌നർ ബാർജുകൾ കടന്നുപോകാൻ കഴിയുന്ന വിധത്തിൽ പാലങ്ങൾ പൊളിച്ച് ഉയർത്തിപ്പണിയണം. കോട്ടയം -കൊച്ചി, കോട്ടയം -ആലപ്പുഴ റൂട്ടുകളിലും ചാവക്കാട്, മലബാർ മേഖലകളിലും ഇത്തരം പാലങ്ങളുണ്ട്.

പ്രതികരണങ്ങൾ

''ജലപാതകൾ ഉപയോഗപ്പെടുത്താൻ സംസ്ഥാന സർക്കാരാണ് മുൻകൈ എടുക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും. ജലപാത നിർമ്മിക്കലാണ് അതോറിറ്റിയുടെ ചുമതല. പ്രയോജനപ്പെടുത്താൻ സർക്കാരും സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളും പദ്ധതികൾ ആവിഷ്‌കരിക്കണം. ജലപാത ടൂറിസം യാനങ്ങളും യാത്രാബോട്ടുകളും വലിയ തോതിൽ ഉപയോഗിക്കുന്നുണ്ട്."

മാത്യു ജോർജ്

ഡയറക്ടർ

നാഷണൽ ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി

''ജലഗതാഗതസൗകര്യങ്ങൾ വിപണനം ചെയ്യാൻ സർക്കാരും ബന്ധപ്പെട്ട ഏജൻസികളും തയ്യാറാകണം. ഇതു സംബന്ധിച്ച് വ്യക്തമായ നയം സർക്കാർ രൂപീകരിക്കണം. വിവിധ ഏജൻസികളുമായി ഏകോപനം നിർവഹിക്കണം. ബാർജ് സർവീസ് നടത്തുന്ന സംരംഭകരെ ആകർഷിക്കാനും ചരക്ക് ഉറപ്പാക്കാനും കഴിഞ്ഞാൽ കൂടുതൽ പേർ രംഗത്തുവരും."

പ്രകാശ് അയ്യർ

മുൻ അംഗം

മാരിടൈം ബോർഡ്,

ഷിപ്പിംഗ് ഏജന്റ്

''കസ്റ്റംസ് നിയമക്കുരുക്കാണ് കണ്ടെയ്‌നറുകൾ ജലമാർഗം കൊണ്ടുപോകാൻ തടസം. വൈകാതെ അതും പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 224 കണ്ടെയ്‌നറുകൾ കയറ്റാവുന്ന പുതിയ ബാർജ് നിർമ്മിക്കും. 24 ട്രക്കുകൾ റോഡ് വഴി സഞ്ചരിക്കുന്നത് ഒറ്റ ബാർജ് ഓടിക്കുമ്പോൾ ഒഴിവാകും. ചെലവിൽ 40 ശതമാനം വരെ കുറവും വരും."

എബ്രഹാം വർഗീസ്

മാനേജിംഗ് ഡയറക്ടർ

കോട്ടയം പോർട്ട്സ് ആൻഡ് കണ്ടെയ്‌നർ ടെർമിനൽ സർവീസസ്

''കോവളം മുതൽ ബേക്കൽ വരെ സംസ്ഥാന ജലപാത മൂന്നു ഘട്ടങ്ങളായി നടപ്പാക്കുകയാണ് ലക്ഷ്യം. 2026ൽ പദ്ധതി പൂർത്തിയാക്കും. റോഡ് മാർഗമുള്ള ചരക്കുനീക്കം പരമാവധി ജലമാർഗമാക്കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.""

ചീഫ് എൻജിനീയർ

കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചറേഴ്സ് ലിമിറ്റഡ്

''ഉൾനാടൻ ജലഗതാഗ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. ചവറയിലെ കെ.എം.എം.എല്ലിന് ബാർജിൽ രാസവസ്തുക്കൾ എത്തിക്കുന്നുണ്ട്. ഗേറ്റ്, പാലങ്ങളുടെ ഉയരക്കുറവ്, ആഴക്കുറവ് തുടങ്ങിയ തടസങ്ങൾ ഒഴിവാക്കിയാൽ സാദ്ധ്യതകൾ വിനിയോഗിക്കാൻ കഴിയും."

വക്താവ്

കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ

(അവസാനിച്ചു)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATERWAYS SERIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.