SignIn
Kerala Kaumudi Online
Thursday, 25 April 2024 5.32 PM IST

കേരളത്തിനുമുണ്ട് കോവളം മുതൽ ബേക്കൽ വരെ സ്വപ്നപദ്ധതി

photo

തിരുവനന്തപുരം ജില്ലയിലെ കോവളം മുതൽ കാസർകോട് ജില്ലയിലെ ബേക്കൽ വരെ നീളുന്ന 620 കിലോമീറ്റർ ദൈർഘ്യമുള്ള ഉൾനാടൻ ജലപാത വികസിപ്പിക്കുന്ന വൻപദ്ധതിയാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ആറായിരം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 300 കോടി രൂപയോളം ചെലവഴിച്ചുകഴിഞ്ഞു. കിഫ്ബിയുടേതാണ് സാമ്പത്തികസഹായം.

കോട്ടപ്പുറം മുതൽ കോഴിക്കോട് കല്ലായിവരെ പാത ദീർഘിപ്പിച്ച് 2016ൽ കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവച്ചിരുന്നു. ബാക്കി ഭാഗമാണ് സംസ്ഥാന സർക്കാർ വികസിപ്പിക്കുക. കോവളം മുതൽ കൊല്ലം വരെയും കോഴിക്കോട് മുതൽ ബേക്കൽ വരെയും നിലവിലുള്ള ജലപാതകളും കനാലുകളും വികസിപ്പിക്കുകയും കൃത്രിമ കനാലുകൾ നിർമ്മിച്ചും പരസ്പരം ബന്ധിപ്പിച്ചുമാണ് പദ്ധതി നടപ്പാക്കുക. ചരക്കുനീക്കം, യാത്രാസൗകര്യം എന്നിവയിലൂടെ പ്രാദേശികവികസനവും ടൂറിസം പ്രോത്സാഹനവും ഉറപ്പാക്കി ജലപാത അധിഷ്ഠിതമായ സാമ്പത്തിക ഇടനാഴിയായി വെസ്റ്റ് കോസ്റ്റ് കനാൽ പദ്ധതിയെ മാറ്റുകയാണ് ലക്ഷ്യം. സംസ്ഥാന ജലപാത പദവി നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ മുൻഗണന നൽകി ആരംഭിച്ച പദ്ധതിയാണിത്. അദ്ദേഹം ചുമതല വഹിക്കുന്ന കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) യും ചേർന്ന് രൂപീകരിച്ച കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വിൽ) എന്ന കമ്പനിയാണ് പദ്ധതി നിർവഹണം നടത്തുന്നത്. 2017 ഒക്ടോബറിലാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്.

കോവളം മുതൽ ബേക്കൽ വരെ 40 മീറ്റർ വീതിയിലും 2.20 മീറ്റർ ആഴത്തിലും കനാലുകൾ വികസിപ്പിക്കും. ഇതുവഴി വൻതോതിൽ ചരക്കുനീക്കം നടത്തുക, ടൂറിസം പദ്ധതികൾ നടപ്പാക്കുക എന്നിവയാണ് മുഖ്യലക്ഷ്യങ്ങൾ. മലബാർ മേഖലയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പദ്ധതി പുതുജീവൻ നൽകും. അറിയപ്പെടാത്ത നിരവധി ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാനും പദ്ധതി സഹായകമാകുമെന്ന് ക്വിൽ അധികൃതർ പറഞ്ഞു.

കോവളം -വർക്കല

പുനരധിവാസം

തിരുവനന്തപുരം ജില്ലയിലെ കോവളം മുതൽ വർക്കല വരെ കനാൽ വീതി കൂട്ടൽ ആരംഭിച്ചു. കനാൽ തീരത്ത് താമസിക്കുന്നവരും കൈയേറിയവരുമായ 1360 കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. 247.2 കോടി രൂപ ഇതിനായി കിഫ്ബി അനുവദിച്ചു. കനാൽ വികസനത്തിന് 19 ഏക്കർ സ്ഥലം പലയിടങ്ങളായി ഏറ്റെടുക്കണം. ഇതിനായി 66 കോടി രൂപ കിഫ്ബി നൽകി.

പാർവതി പുത്തനാർ

കോവളം മുതൽ ആക്കുളം കായൽ വരെ 16 കിലോമീറ്റർ ദൂരത്തിൽ പാർവതി പുത്തനാർ വീതിയും ആഴവും കൂട്ടി വികസിപ്പിക്കുന്ന ജോലികൾ തുടരുകയാണ്. തീരങ്ങൾ സൗന്ദര്യവത്കരിക്കുക, ജെട്ടികൾ നിർമ്മിക്കുക തുടങ്ങിയവയും ഉൾപ്പെട്ടതാണ് പദ്ധതി. 183 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കനോലി കനാൽ

കോഴിക്കോട് നഗരത്തിലൂടെ കടന്നുപോകുന്ന കനോലി കനാൽ നവീകരണമാണ് പദ്ധതി. കനാലിന് വീതികൂട്ടി യാത്രയ്ക്ക് സജ്ജമാക്കുകയാണ് ലക്ഷ്യം. കനാലിലെ പഴയ പാലങ്ങൾ പൊളിച്ച് ബോട്ടുകൾക്ക് പോകാവുന്ന വിധത്തിൽ ഉയർത്തിപ്പണിയണം. 118 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് ലീ അസോസിയേറ്റ്സ് എന്ന സ്ഥാപനം തയ്യാറാക്കിവരുകയാണ്.

കണ്ണൂരിൽ

പുതിയ കനാൽ

കണ്ണൂർ ജില്ലയിൽ മാഹിക്കും വളപട്ടണം പുഴയ്ക്കുമിടയിൽ മൂന്ന് സ്ഥലങ്ങളിൽ ജലപാതയെ ബന്ധിപ്പിക്കാൻ കനാലില്ല. ഇവിടങ്ങളിൽ പുതിയ കനാൽ നിർമ്മിക്കും. 26 കിലോമീറ്റർ ദൂരത്തിലാണ് കരകീറി കാനാൽ സൃഷ്ടിക്കേണ്ടത്. സ്ഥലമേറ്റെടുക്കൽ നടപടികൾ തുടരുകയാണ്.

കാസർകോട്ടും പുതിയ കനാൽ

കാസർകോട് ജില്ലയിൽ നീലേശ്വരത്തിനും ബേക്കലിനുമിടയിലും പുതിയ കനാൽ നിർമ്മിക്കും. ആറര കിലോമീറ്റർ ദൂരത്തിലാണ് ചിത്താരിപ്പുഴയെ ബന്ധിപ്പിച്ച് കനാൽ നിർമ്മിക്കുക. 278 കോടി രൂപയാണ് ചെലവ്. കിഫ്ബി അംഗീകാരം നൽകി. സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചു.

ആറായിരം കോടി ചെലവ്

കോവളം മുതൽ ബേക്കൽ വരെ വെസ്റ്റ് കോസ്റ്റ് കനാലും അനുബന്ധ കനാലുകളും നിർമ്മിക്കുകയാണ് പദ്ധതിയെന്ന് ക്വിൽ അധികൃതർ പറഞ്ഞു. ബാർജുകളിൽ ചരക്കുനീക്കവും യാത്രാ, ടൂറിസം ബോട്ടുകളുടെ സർവീസും വർദ്ധിപ്പിക്കും. വാട്ടർ മെട്രോ, സ്പീഡ് ബോട്ട് സർവീസ്, ഹൗസ് ബോട്ടുകൾ എന്നിവയ്ക്ക് സഞ്ചരിക്കാനും കഴിയുന്ന വിധത്തിലാണ് കനാലുകൾ വികസിപ്പിക്കുക. ജലപാതയെ സാമ്പത്തിക ഇടനാഴിയായി വളർത്താനാകും വിധമാണ് ആസൂത്രണം.

ആറായിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന് ബഡ്‌ജറ്റ് വിഹിതമായി ലഭിക്കുന്ന തുകയും ഉപയോഗിക്കും. ബാക്കി തുക കിഫ്ബിയാണ് ലഭ്യമാക്കുക. ജലപാതകൾ വികസിപ്പിച്ചശേഷം ബോട്ട് ജെട്ടികൾ, ചരക്ക് ടെർമിനലുകൾ, ഗോഡൗണുകൾ എന്നിവയും നിർമ്മിക്കും.

ലക്ഷ്യങ്ങൾ

# കോവളം മുതൽ ബേക്കൽ വരെ തുടർച്ചയായ ജലഗതാഗത സംവിധാനം

# കേരളമാകെ സാമ്പത്തിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുക

# ടൂറിസം പ്രവർത്തനങ്ങൾക്ക് വേഗതയും ശക്തിയും പകരുക

# ഓരോ 20- 25 കിലോമീറ്ററിനിടയിൽ വിനോദസഞ്ചാര ഗ്രാമങ്ങളും ആക്ടിവിറ്റി സെന്ററുകളും സ്ഥാപിക്കുക

# അപകടകരമായ വസ്തുക്കളുടെ നീക്കം റോഡുകളിൽ നിന്ന് 2025 ഓടെ ഒഴിവാക്കി ജലമാർഗമാക്കുക

വെസ്റ്റ് കോസ്റ്റ് കനാൽ

കോവളം ബേക്കൽ 620 കിലോമീറ്റർ

ദേശീയപാതയ്ക്ക് സമാന്തരമായി കനാൽ

‌കൊല്ലം കോട്ടപ്പുറം ദേശീയജലപാത 168 കിലോമീറ്റർ

കോട്ടപ്പുറം കല്ലായി (കോഴിക്കോട്) ദേശീയജലപാത 160 കിലോമീറ്റർ

നാളെ: ഒത്തുപിടിച്ചാൽ കൊയ്യാം

നേട്ടങ്ങൾ നിരവധി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATERWAYS SERIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.