SignIn
Kerala Kaumudi Online
Friday, 19 April 2024 12.44 AM IST

ഖത്തറിൽ വിരിഞ്ഞ ഏഷ്യൻ വസന്തം

ff

രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഏഷ്യൻ മണ്ണിലേക്ക് തിരിച്ചെത്തിയ ലോകകപ്പ് ഫുട്ബാൾ ഖത്തറിൽ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കി നോക്കൗട്ടിന്റെ പടവുകളിലെത്തുമ്പോൾ കാൽപ്പന്തുകളിയുടെ ചരിത്രംതന്നെ മാറ്റിയെഴുതപ്പെടുകയാണ്. ആർക്കും ആരെയും തോൽപ്പിക്കാവുന്ന കളിയായി ഫുട്ബാൾ മാറിക്കഴിഞ്ഞു.പാരമ്പര്യശക്തികളായ യൂറോപ്യൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളെ വീഴ്ത്താൻ ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും ടീമുകൾ അവതാരമെടുത്തിരിക്കുന്നു. ഏഷ്യയിൽ നിന്ന് രണ്ട് ടീമുകളേ പ്രീ ക്വാർട്ടറിലെത്തിയുള്ളൂവെങ്കിലും ആതിഥേയ വൻകരയുടെ അഭിമാനമുയർത്തുന്ന മുഹൂർത്തങ്ങൾ ഖത്തറിൽ പിറന്നുകഴിഞ്ഞു. ഏഷ്യൻ ഫുട്ബാളിന്റെ വസന്തകാലത്തിന്റെ വരവറിയിച്ച ഖത്തർ ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് വിശേഷങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

അട്ടിമറിക്കപ്പ്

പ്രവചനങ്ങളെയെല്ലാം കാറ്റിൽപ്പറത്തിയ ഒരു ലോകകപ്പാണിത്. ആദ്യ റൗണ്ടിൽ ദുർബലരെന്ന് വിലയിരുത്തപ്പെട്ട ടീമുകൾ വമ്പന്മാരെ അട്ടിമറിക്കുന്നു. ഒരു ഗ്രൂപ്പിലും ആർക്കും എല്ലാ കളികളും ജയിച്ച് കേമന്മാരാകാനാവുന്നില്ല. ഓരോ ഗ്രൂപ്പും മരണഗ്രൂപ്പായി മാറുന്ന സ്ഥിതി. എട്ട് വമ്പൻ അട്ടിമറികൾക്കാണ് ഖത്തർ സാക്ഷ്യം വഹിച്ചത്. ഏഷ്യൻ രാജ്യങ്ങളായ ജപ്പാനും കൊറിയയും സൗദിയും ഇറാനും അട്ടിമറി വിജയങ്ങളിലൂടെ വിസ്മയം സൃഷ്ടിച്ചപ്പോൾ ആഫ്രിക്കയിൽ നിന്ന് അട്ടിമറിക്കാരായി ടുണീഷ്യയും മൊറോക്കോയും കാമറൂണുമെത്തി.രണ്ട് മുൻ ലോക ചാമ്പ്യന്മാരെ തോൽപ്പിച്ച ജപ്പാനാണ് അട്ടിമറിക്കൂട്ടത്തിലെ രാജാവ്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അഞ്ചുവട്ടം കപ്പുയർത്തിയ ബ്രസീലും മുൻ ചാമ്പ്യന്മാരായ ജർമ്മനിയും അർജന്റീനയും സ്പെയ്നും രണ്ടാം റാങ്കുകാരായ ബെൽജിയവുമൊക്കെ തോൽവിയുടെ രുചിയറിഞ്ഞു. ഇതിൽ ജർമ്മനിക്കും ബെൽജിയത്തിനും ആദ്യ റൗണ്ടിൽ പുറത്താവേണ്ടിയും വന്നു. ആദ്യ റൗണ്ടിൽ എല്ലാമത്സരങ്ങളും ജയിച്ച ഒരു ടീം പോലുമില്ല.

സൗദിയു‌ടെ സർപ്രൈസ്

കിരീടപ്രതീക്ഷയുമായി വന്ന മെസിയെയും കൂട്ടരെയും സൗദി അറേബ്യ തോൽപ്പിക്കുന്നതായിരുന്നു ഖത്തറിലെ ആദ്യ അട്ടിമറിക്കാഴ്ച. ആദ്യ മത്സരത്തിനിറങ്ങി ആദ്യ പകുതിയിൽ മെസി പെനാൽറ്റിയിലൂടെ നേടിയ ഗോളിന് മുന്നിൽനിന്ന അർജന്റീനയെ രണ്ടാം പകുതിയിൽ അഞ്ചുമിനിട്ടിന്റെ ഇടവേളയിൽ നേടിയ രണ്ട് ഗോളുകൾക്കാണ് സൗദി തോൽപ്പിച്ചത്. 48-ാം മിനിട്ടിൽ സലേ അൽഷെഹ്‌രിയും 53-ാം മിനിട്ടിൽ സലേം അൽദവാസിരിയുമാണ് സൗദിക്കുവേണ്ടി സ്കോർ ചെയ്തത്. സൗദി ഗോളി അൽ ഒവൈസിന്റെ സേവുകളും നിർണായകമായി.

ഈ തോൽവിയു‌ടെ ഞെട്ടലിൽ നിന്ന് അർജന്റീന തിരിച്ചുവരികയും ഗ്രൂപ്പ് ചാമ്പ്യന്മാരായിത്തന്നെ പ്രീ ക്വാർട്ടറിലെത്തുകയും അവിടെ ഓസ്ട്രേലിയയെ തോൽപ്പിച്ച് ക്വാർട്ടർ ബർത്ത് സ്വന്തമാക്കുകയും ചെയ്തത് ആരാധകഹൃദയങ്ങൾക്ക് ആശ്വാസമാണ്. പക്ഷേ സൗദിക്ക് ആദ്യ കളിയിലെ അത്ഭുതം ആവർത്തിക്കാനായില്ല. പോളണ്ടിനോടും മെക്സിക്കോയോടും തോറ്റ് നാട്ടിലേക്ക് മടങ്ങിയെങ്കിലും അർജന്റീനയ്ക്ക് എതിരെ വിജയം നേടി ദേശീയ അവധി ആഘോഷിച്ച ഓർമ്മകൾ ഒരിക്കലും മായുകില്ല.

ജപ്പാന്റെ കുതിപ്പ്

ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മികവ് പ്രകടിപ്പിച്ചത് ജപ്പാനാണ്. രണ്ട് മുൻ ലോകചാമ്പ്യന്മാർക്കൊപ്പം ഒരേ ഗ്രൂപ്പിൽ പെട്ടുപോയ ജപ്പാൻ അവിടെ നിന്ന് മുന്നോട്ടെത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല.എന്നാൽ ജർമ്മനിയെയും സ്പെയ്നെയും തോൽപ്പിച്ച് ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലെത്തിയിരിക്കുന്നു. സൗദി മാതൃകയിലായിരുന്നു ജർമ്മനിക്കെതിരെ ജപ്പാൻ വിജയവും .33-ാംമിനിട്ടിൽ ഇക്കേ ഗുണ്ടോഗൻ പെനാൽറ്റിയിലൂടെ മുന്നിലെത്തിച്ച ജർമ്മനിയെ 75-ാം മിനിട്ടിൽ റിറ്റ്സു ഡുവോനും 83-ാം മിനിട്ടിൽ താകുമ അസാനോയും നേടിയ ഗോളുകൾക്ക് ജപ്പാൻ അട്ടിമറിച്ചു.ആദ്യ മത്സരത്തിൽ ഏഴുഗോളടിക്കുകയും രണ്ടാം മത്സരത്തിൽ 1-1ന് സമനില വഴങ്ങുകയും ചെയ്ത സ്പെയ്ൻ ജപ്പാനെതിരെ 11-ാം മിനിട്ടിൽ ലീഡ് ചെയ്തിട്ടും തോറ്റു. റിറ്റ്സു തനാക്കയും ആവോ തനാക്കയും മൂന്ന് മിനിട്ട് വ്യത്യാസത്തിലാണ് ജപ്പാനുവേണ്ടി ഗോളുകൾ നേടിയത്.

ആഫ്രിക്കയുടെ അങ്കം

ഏഷളയിൽ നിന്ന് മാത്രമല്ല ആഫ്രിക്കയിൽ നിന്നും കറുത്ത കുതിരകളുണ്ടായി. ക്രൊയേഷ്യയും ബെൽജിയവും അണിനിരന്ന ഗ്രൂപ്പിൽ നിന്ന് ചാമ്പ്യന്മാരായ മൊറോക്കോയാണ് വീര്യത്തിൽ മുന്നിൽ.ലോക രണ്ടാം റാങ്കുകാരെന്ന ബെൽജിയത്തിന്റെ ആത്മവിശ്വാസം കാറ്റിൽപ്പറത്തി രണ്ടാം പകുതിയിൽ റൊമെയ്ൻ സായിസും സക്കറിയ അബുഖലാലും നേടിയ ഗോളുകളുടെ വിജയം. ഈ തോൽവിയാണ് ബെൽജിയത്തിന്റെ പുറത്താകലിൽ നിർണായകമായത്. ക്രൊയേഷ്യയെ ഗോളടിക്കാനാവാതെ സമനിലയിൽ തളയ്ക്കുകയും ചെയ്താണ് മൊറോക്കോ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്.

പ്രീ ക്വാർട്ടർ ഉറപ്പിച്ചശേഷം ആഫ്രിക്കൻ എതിരാളികളെ നിസാരമായിക്കണ്ട് റിസർവ് ബെഞ്ചുമായി ഇറങ്ങിയ ലോക ചാമ്പ്യന്മാരെ ഞെട്ടിച്ചത് വാബി കർസി 58-ാം മിനിട്ടിൽ നേടിയ ഗോളാണ്. ടുണീഷ്യ പ്രീ ക്വാർട്ടറിലെത്തിയില്ലെങ്കിലും എക്കാലത്തേക്കും ഓർമ്മിക്കാവുന്ന ഒരു വിജയം സ്വന്തമാക്കി.ബ്രസീലിനെതിരെ ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ കാമറൂൺകാരനായി വിൻസന്റ് അബൂബക്കർ ചരിത്രം രചിച്ച കളിയിൽ ബ്രസീലിനെ ലോകകപ്പിൽതോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി കാമറൂൺ മാറി.ഗോളടിച്ചശേഷം ജഴ്സിയൂരി ആഹ്ളാദിച്ച അബൂബക്കറിനെ രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും കാട്ടാനെത്തിയ റഫറി അതിനുമുമ്പ് ഗോളടിച്ചതിന് അഭിനന്ദിച്ചത് മായാത്ത കാഴ്ചയായി.

അട്ടിമറികൾ അവസാനിക്കുന്നില്ല

32 ടീമുകൾ മാറ്റുരച്ച ഗ്രൂപ്പ് ഘട്ടം തോൽവിയറിയാത്തത് അഞ്ച് ടീമുകൾ മാത്രമാണ്. അക്കൂട്ടത്തിൽ മുൻ ലോകചാമ്പ്യന്മാരായി ഇംഗ്ലണ്ട് മാത്രം. മുൻനിര ക്രൊയേഷ്യയും ഹോളണ്ടും മാത്രമാണ് തോൽവിയുടെ വേദന അറിയാതെ പ്രീക്വാർട്ടറിലെത്തിയത്. അമേരിക്ക,മൊറോക്കോ എന്നിവർക്കും തോൽവി നേരിടേണ്ടിവന്നില്ല. അമേരിക്ക പക്ഷേ പ്രീ ക്വാർട്ടറിൽ ഹോളണ്ടിന് മുന്നിൽ വീണു.മെസി,നെയ്മർ,ക്രിസ്റ്റ്യാനോ എന്നീ മൂന്നുപേരുടെ ടീമും ഗ്രൂപ്പ് റൗണ്ടിൽ തോൽവിയറിഞ്ഞു എന്നതും കൂട്ടിവായിക്കണം. പോർച്ചുഗലിനെതിരെ ഇൻജുറി ടൈമിലായിരുന്നു ദക്ഷിണ കൊറിയൻ വീരഗാഥ. കൊറിയ ജയിച്ചപ്പോൾ ഉറുഗ്വേയുടെ സൂര്യൻ അസ്തമിക്കുന്നതും ലൂയിസ് സുവാരേസ് പൊട്ടിക്കരയുന്നതും കണ്ടു . വെയിൽസിനെ ഇറാൻ വീഴ്ത്തിയതും ഇൻജുറി ടൈമിൽത്തന്നെ.

ഞെട്ടിക്കുന്ന പുറത്താകലുകൾ

ഒരോ ജയവും തോൽവിയും സമനിലയും നേടിയ ജർമ്മനി ജപ്പാന്റെ കുതിപ്പിന് മുന്നിൽ തുടർച്ചയായ രണ്ടാം ലോകകപ്പിലും പ്രീ ക്വാർട്ടർ ക‌ടമ്പയ്ക്ക് മുന്നിൽതട്ടി വീണു. ലോകകപ്പ് നേടിയശേഷം തുടർച്ചയായി രണ്ട് ലോകകപ്പുകളിൽ ഗ്രൂപ്പ് റൗണ്ടിൽ പുറത്തായെന്ന നാണക്കേടും ജർമ്മനിക്ക് നേരിടേണ്ടിവന്നു. കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ബെൽജിയത്തിന്റെ സുവർണ തലമുറയ്ക്ക് ബാക്കി ലോകകപ്പ് ടി.വിയിൽ കാണാനേ യോഗമുള്ളൂ.മെക്സിക്കോയും ഡെന്മാർക്കും ഘാനയുമാണ് പുറത്തായ മറ്റ് പ്രമുഖ ടീമുകൾ.

ഗോൾ വഴങ്ങാത്തവരില്ല

ഗോള്‍ വഴങ്ങാതെ പ്രീക്വാർട്ടറിലെത്താൻ ആർക്കും കഴിഞ്ഞില്ല. ഓരോ ഗോൾ മാത്രം വഴങ്ങിയ ആറ് ടീമുകളുണ്ട്. ബ്രസീലും, ഹോളണ്ടും, ടുണീഷ്യയും, മൊറോക്കോയും, ക്രൊയേഷ്യയും, സ്വിറ്റ്‌സർലാൻഡും. മൂന്നു കളിയും തോറ്റ ഒരേയൊരു ടീം ആതിഥേയരായ ഖത്തർ മാത്രമാണ്.

വാർ അഴിക്കുന്ന കുരുക്കുകൾ

ഇത്തവണ ഫിഫ അവതരിപ്പിച്ച വീഡിയോ അസിസ്റ്റ് റഫറി തീരുമാനങ്ങളിൽ നിർണായക പങ്ക് വഹിച്ചു. വാർ പലരേയും ചതിച്ചു. പല ഗോളും വാർ പരിശോധനയിൽ ഓഫ്സൈഡായി മാറി. പലരും ഗോളാഘോഷം നടത്തിയശേഷമാണ് വാറിന്റെ നിരാകരണവിധി എത്തിയത്. സ്പെയ്നിനെതിരെ ജപ്പാന്റെ വിജയം നിശ്ചയിച്ച ഗോളിനുള്ള പന്ത് സൈഡ് ലൈൻ കടന്നിട്ടില്ലെന്ന് ക്യാമറകളാണ് തെളിയിച്ചത്. ബ്രൂണോ ഫെർണാണ്ടസോ റൊണാൾഡോയോ ആരാണ് ഗോളിന്റെ അവകാശിയെന്ന് നിശ്ചയിച്ചതും ടെക്നോളജിതന്നെ .

ഓർമ്മക്കാഴ്ചകൾ

മാതൃരാജ്യത്തിനെതിരെ ഗോളിടിച്ചിട്ടും ആഘോഷിക്കാത്ത എംബോളയുടെയും ലോകകപ്പിൽ നിന്ന് പുറത്തായെന്ന് അറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ സുവാരേസിന്റെയും പോർച്ചുഗലിനെ തോൽപ്പിച്ച് പ്രീ ക്വാർട്ടറിലെത്തിയപ്പോൾ സന്തോഷം സഹിക്കാനാവാതെ കരഞ്ഞുകൊണ്ട് ഗ്രൗണ്ടിലിരുന്ന കൊറിയൻ നായകൻ സൺ ഹ്യൂം മിന്നിന്റെയും ദൃശ്യങ്ങൾ മറിക്കാനാവില്ല. പരിക്കേറ്റ് നിരവധിതാരങ്ങൾ മടങ്ങുന്നതും ഖത്തറിൽ കണ്ടു.

പ്രതിഷേധങ്ങളുടെ വേദി

ഖത്തർ ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ചില പ്രതിഷേധങ്ങളും അരങ്ങേറി. ഇറാനെതിരായ

മത്സരത്തിന് മുമ്പ് വാം അപ്പിനിറങ്ങിയ ഇംഗ്ളണ്ട് ടീം ഗ്രൗണ്ടിൽ മുട്ടുകുത്തിനിന്ന് വംശീയ വെറിക്കെതിരായ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ആദ്യം ചെയ്തത്.തൊട്ടുപിന്നാലെ മത്സരത്തിന് മുമ്പ് തങ്ങളുടെ ദേശീയ ഗാനമുയർന്നപ്പോൾ അത് ആലപിക്കാൻ കൂട്ടാക്കാതെ ഇറാൻ താരങ്ങൾ മിണ്ടാതെ നിന്ന് പ്രതിഷേധു. നാട്ടിൽ കത്തിപ്പടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ നൽകാനായാണ് താരങ്ങൾ ദേശീയ ഗാനം ആലപിക്കാതിരുന്നത്. സർക്കാർ കണ്ണുരുട്ടിയതോടെ അടുത്ത കളിമുതൽ അവർ ദേശീയ ഗാനംപാടി.

ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കാനായി മഴവിൽ നിറമുള്ള 'വൺ ലവ് ' ആംബാൻഡുകൾ ധരിക്കാനുള്ള ചില യൂറോപ്യൻ ടീം ക്യാപ്ടന്മാരുടെ നീക്കത്തെ ഫിഫ വിലക്കിയതിനെതിരെ ജർമ്മൻ ടീം ജപ്പാനെതിരായ മത്സരത്തിൽ ടീം ഫോട്ടോ എടുക്കുമ്പോൾ വായ പൊത്തിനിന്നു. പക്ഷേ കളി തോറ്റ് അവർക്ക് മുഖം പൊത്തി മടങ്ങേണ്ടിവന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WC
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.