SignIn
Kerala Kaumudi Online
Saturday, 20 April 2024 7.20 AM IST

തിരിച്ചറിയപ്പെടാതെ പോയ നേതാവ്

kk

" അമുൽ കുര്യനുമായി ഒരു അഭിമുഖം നടത്തണം. വർഗീസ് കുര്യനെന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടന്ന ധവള വിപ്ളവത്തെക്കുറിച്ച് പുതിയ തലമുറ അറിയണം. നമ്മൾക്കൊരുമിച്ച് പോകാം.' കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിൽ പ്രയാർ ഗോപാലകൃഷ്ണൻ നടത്തിയ ഈ അഭ്യർത്ഥന പാലിക്കാനായില്ല. ഞങ്ങൾ ഇരുവരുടെയും വർഗീസ് കുര്യന്റെയും അസൗകര്യങ്ങളും അതിനൊരു തടസമായി. എന്നാൽ ഒരിക്കൽ ഡൽഹിയിൽ കുര്യനുമായി ഹ്രസ്വമായ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയും ചെയ്തു. പ്രയാറിനെക്കുറിച്ച് അന്ന് കുര്യൻ ആവേശത്തോടെ പറഞ്ഞ വാക്കുകൾ ഇന്നും മറന്നിട്ടില്ല. ജീവിതത്തിലും കർമ്മരംഗത്തും ഒരുപോലെ വിശുദ്ധി കാത്തുസൂക്ഷിച്ച നേതാവായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച പ്രയാർ ഗോപാലകൃഷ്ണൻ. അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും കർമ്മകുശലതയും സ്വന്തം പാർട്ടിക്കാർ പോലും

തിരിച്ചറിഞ്ഞോ എന്ന് സംശയമാണ്.

മിൽമ എന്നൊരു സ്ഥാപനം മാത്രം മതി പ്രയാർ ഗോപാലകൃഷ്ണനെ കേരളം എന്നെന്നും ഓർമ്മിക്കാൻ. മിൽമ പ്രയാർ വളർത്തിവലുതാക്കിയ കുട്ടിയാണ്. കേരളത്തിലെ ക്ഷീരകർഷകന് ജീവിതമാർഗം ഉണ്ടാക്കിക്കൊടുത്ത ആളെന്ന നിലയിൽ മാത്രമല്ല,പരസ്യത്തിൽ പറയുന്നതുപോലെ മലയാളികൾ എന്നും കണികണ്ടുണരുന്ന നന്മയായി മിൽമയെ മാറ്റിയതും പ്രയാർ ഗോപാലകൃഷ്ണനായിരുന്നു. പ്രയാർ എന്ന മികച്ച സഹകാരിയുടെ അശ്രാന്ത പരിശ്രമമാണ് മിൽമയെ ഇന്നുകാണുന്ന നിലയിൽ ഉയർത്തിയെടുത്തത്. പക്ഷേ അതൊന്നും തന്റെ മാത്രം ക്രെഡിറ്റായി അദ്ദേഹം ഒരിക്കലും അവകാശപ്പെട്ടില്ല. രാജ്യത്ത് ക്ഷീരവിപ്ളവം സ‌ൃഷ്ടിച്ച കുര്യനെ നേരിൽക്കണ്ട് അദ്ദേഹത്തിൽ നിന്നും ലഭിച്ച പ്രോത്സാഹനമാണ് ഈ വഴി സഞ്ചരിക്കാൻ പ്രയാറിനെ പ്രേരിപ്പിച്ചത്. കുര്യനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ നൂറുനാവായിരുന്നു പ്രയാറിന്.

55000 ലിറ്റർ പാൽ സംഭരിക്കുകയും 45000 ലിറ്റർ വിൽക്കുകയും ചെയ്ത കാലത്തുനിന്നും 15 ലക്ഷം ലിറ്റർ പാൽ സംഭരിച്ച് 14 ലക്ഷം വിൽക്കുന്ന കോടികളുടെ വരുമാനമുള്ള സ്ഥാപനമായി മിൽമ വളർന്നിരിക്കുന്നു. വൈവിദ്ധ്യമാർന്ന ഉത്‌പന്നങ്ങളും പുറത്തിറക്കുന്നു. ഈ നേട്ടത്തിന്റെ പങ്ക് കേരളത്തിന്റെ ക്ഷീരവിപ്ളവത്തിന് ദിശാബോധം നൽകിയ പ്രയാറിന് നൽകാതിരിക്കാൻ ആർക്കും കഴിയില്ല. വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നെങ്കിലും മിൽമയുടെ കാര്യത്തിൽ അദ്ദേഹം ഒരിക്കലും രാഷ്ട്രീയം കളിച്ചിരുന്നില്ല. മിൽമയുടെ ഭരണനേതൃത്വത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന എല്ലാവർക്കും മാർഗദർശിയായിരുന്നു പ്രയാർ.

നിയമസഭാ സാമാജികനെന്ന നിലയിലും പ്രയാർ മികച്ച പെർഫോമൻസാണ് കാഴ്ചവച്ചത്. കാര്യങ്ങൾ പഠിച്ച് സഭയിൽ അവതരിപ്പിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു. പക്ഷേ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ നൽകുന്നതിൽ സ്വന്തം പാർട്ടിയായ കോൺഗ്രസിന്റെ നേതൃത്വം വേണ്ടത്ര താത്പര്യമെടുത്തോയെന്ന് സംശയിക്കുന്നവർ ഏറെയാണ്. ഗ്രൂപ്പ് വീതംവയ്ക്കലുകൾക്കിടയിൽ അർഹമായ അംഗീകാരം ലഭിക്കാതെപോയ നേതാവാണ് പ്രയാർ. പക്ഷേ അദ്ദേഹം അതേക്കുറിച്ചൊന്നും ഒരിക്കലും പരാതി പറഞ്ഞില്ല. നേരിൽക്കണ്ട പല അവസരങ്ങളിലും ചോദിച്ചിട്ടുണ്ട്. പക്ഷേ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കിയിട്ടേയുള്ളൂ. ഒരുപക്ഷേ കേരളത്തിന്റെ കൃഷി വകുപ്പുമന്ത്രിയാകാൻ പ്രയാറിന് അവസരം ലഭിച്ചിരുന്നെങ്കിൽ കാർഷിക മേഖലയിലും വലിയ കുതിപ്പിന് വഴിയൊരുക്കുമായിരുന്നു.

കറകളഞ്ഞ വിശ്വാസിയായിരുന്നു പ്രയാർ. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും എന്നും മുറുകെപ്പിടിച്ചയാൾ. ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു. ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രയാർ സ്വീകരിച്ച നിലപാട് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. തന്റെ കാഴ്ചപ്പാടിൽ നിന്ന് അണുവിട അദ്ദേഹം പിന്നിലേക്ക് പോയില്ല. ആ വഴിയിൽ സർക്കാരുമെത്തിയത് ചരിത്രം.

കേരളകൗമുദിയിൽ പലപ്പോഴും പ്രയാർ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഏത് വിഷയമായാലും ആഴത്തിൽ പഠിക്കുന്നതായിരുന്നു രീതി. പലകാര്യങ്ങളും ചർച്ച ചെയ്യുമായിരുന്നു. ചില റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ വായിച്ചിട്ട് വ്യക്തമായ അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. നല്ല സുഹൃത്തായിരുന്നു. തൂവെള്ള വസ്ത്രധാരിയായി, സദാ പുഞ്ചിരിക്കുന്ന മുഖത്തോടെ കേരളകൗമുദി ഓഫീസിൽ വന്നിരുന്ന പ്രയാറിനെ മറക്കാനാവില്ല. നിർമ്മലമായ ആ പുഞ്ചിരി ഒരിക്കലും മനസിൽനിന്ന് മായില്ല. പ്രയാറിനെപ്പോലെ കാര്യപ്രാപ്തിയും ചിന്താശേഷിയുമുള്ള നേതാക്കൾ ഇന്ന് രാഷ്ട്രീയത്തിൽ കുറയുന്നെന്ന് തോന്നുന്നവർ ഏറെയുണ്ടാകും. കക്ഷിരാഷ്ട്രീയ ഭേദമന്യേ കാര്യങ്ങൾ വീക്ഷിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർ. ആ ശ്രേണിയിൽ മുൻനിരയിൽനിന്ന നേതാവായിരുന്നു പ്രയാർ.

അപ്രതീക്ഷിതമായിരുന്നു പ്രയാറിന്റെ മരണം. മുമ്പൊരു വലിയ അപകടത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നയാളായിരുന്നു. പ്രമുഖർ മരിക്കുമ്പോൾ കനത്തനഷ്ടമെന്ന് പലപ്പോഴും പറയാറുണ്ട്. ഉപയോഗിച്ച് ക്ളീഷേയായ വാക്കാണ്. എന്നാൽ പ്രയാറിന്റെ കാര്യത്തിൽ അത് നൂറുശതമാനവും ശരിയാണ്. ആ മരണം നാടിന് കനത്ത നഷ്ടം തന്നെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRAYAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.