SignIn
Kerala Kaumudi Online
Thursday, 25 April 2024 6.03 AM IST

ആനയെ പേടിച്ച് ആറളം

photo

'ഞമ്മളെ കൊന്നുതീർക്കുകയാണ് കാട്ടാനകൾ. ഒന്നും രണ്ടുമല്ല, കൂട്ടത്തോടെ ഞമ്മളെ പുരയിലേക്കാണ് അവറ്റകളുടെ വരവ്. സർക്കാർ തന്ന മണ്ണാണിത്. ഈട ജീവിക്കാൻ അനുവദിക്കണം. ആനകൾ വനത്തിലല്ലേ കഴിയേണ്ടത്? അതിനല്ലേ വനംവകുപ്പ് നേതൃത്വം നൽകേണ്ടത്? അല്ലാതെ ആന ഞമ്മളെ കൊന്നാൽ ആചാരം പറയലല്ലല്ലോ നിങ്ങളുടെ പണി'?– ആറളത്തെ ആദിവാസികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ അധികൃതർക്ക് ഉത്തരം മുട്ടി.

തോരാത്ത മഴയും ആനപകയും കണ്ണീര് വീഴ്ത്തുന്നു ആറളത്തിന്റെ നെഞ്ചിൽ.
ആനക്കലിയിൽ ഒരാൾക്ക് കൂടി പാതിവഴിയിൽ ജീവൻ നഷ്‌ടമായപ്പോൾ നിസഹായതയും രോഷവും ചേർന്ന് അവരുടെ മനസിൽ ഉരുൾപൊട്ടി. ഇനി ഇങ്ങനെയൊന്നുണ്ടാവില്ലെന്ന് ഉറപ്പു പറയാൻ കഴിയാതെ വനവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നിസഹായരായി നിന്നു.

കാട്ടാന ആക്രമണത്തിൽ ഒരു പാവം ആദിവാസി കർഷകൻ കൊല്ലപ്പെട്ടതറിഞ്ഞ് വനംവകുപ്പും കണ്ണൂർ ജില്ലാ ഭരണകൂടവും ആറളത്ത് എത്തിയെങ്കിലും അവരുടെ ആശങ്കക്ക് പരിഹാരം കാണാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ ദാമു എന്ന ആദിവാസി കർഷകനാണ് മരിച്ചതോടെയാണ് നൂറുകണക്കിന് ആദിവാസി കുടുംബങ്ങളാണ് ദുരിതജീവിതത്തിന് പരിഹാരം തേടി അധികൃതർക്കു മുമ്പിൽ പൊട്ടിത്തെറിച്ചത്.


ആറളം ഫാമിന്റെ ചെയർമാൻ കൂടിയായ കലക്ടർ എത്തട്ടെ എന്ന നിലപാടിലുറച്ചായിരുന്നു ജനക്കൂട്ടത്തിന്റെ പ്രതിഷേധം.വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ ആദിവാസി യുവാവിനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.

എട്ട് വർഷം , 12 ജീവനുകൾ

2014 ഏപ്രിൽ 20ന് ബ്ലോക്ക് പതിനൊന്നിലെ മാധവിയാണ് ആദ്യം ആനയുടെ കുത്തേറ്റ് മരിച്ചത്. 2015 മാർച്ച് 24ന് ബ്ലോക്ക് ഏഴിലെ ബാലനെയും കാട്ടാന കൊന്നു. 2017ൽ അഞ്ചുപേർ ആനക്കലിയിൽ കൊല്ലപ്പെട്ടു. ജനുവരി 10ന് നരിക്കടവിലെ അഞ്ചാനിക്കൽ ബിജു, ഫെബ്രുവരി രണ്ടിന് അമ്പായത്തോട്ടിലെ ഗോപാലൻ പൊയ്യ, മാർച്ച് എട്ടിന് ആറളം ഫാം ബ്ലോക്ക് പത്തിലെ കോട്ടപ്പാറയിൽ നാരായണന്റെ ഭാര്യ അമ്മിണി, ഏപ്രിൽ അഞ്ചിന് ആറളം ഫാം കൈതച്ചക്ക കൃഷിയിടത്തിൽ വാളത്തോടിലെ റെജി എന്നിവരെ കാട്ടാനകൾ കൊന്നു. 2018 ഒക്‌ടോബർ 29ന് ആറളം ഫാമിലെ ആദിവാസി വീട്ടമ്മ ദേവു, ഡിസംബർ എട്ടിന് കൃഷ്ണൻ ചപ്പിലി, 2020 ഏപ്രിൽ 26ന് ഫാം തൊഴിലാളിയായ ആറളം പന്നിമൂലയിലെ ബന്നപ്പാലൻ നാരായണൻ എന്നിവരും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒക്‌ടോബർ 31ന് ആറളം ഫാമിലെ ആദിവാസി യുവാവ് സതീഷ് (ബബീഷ്) വീട്ടിലേക്ക് പോകുമ്പോൾ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു.
പതിനൊന്നാമത്തെ ഇരയായിരുന്നു ഈ വർഷം ജനുവരി 31ന് കൊല്ലപ്പെട്ട ചെത്തുതൊഴിലാളി കൊളപ്പ പാണലാട്ടെ പി. പി റിജേഷ്. രാവിലെ ബ്ലോക്ക് ഒന്നിലാണ് കാട്ടാന റിജേഷിനെ ചവിട്ടിക്കൊന്നത്. റിജേഷ് അടക്കം നാല് തൊഴിലാളികളാണ് തെങ്ങ് ചെത്താൻ പോകുമ്പോൾ ആനക്ക് മുന്നിൽപ്പെട്ടത്. തൊഴിലാളികൾ ചിതറിയോടുന്നതിനിടെ റിജേഷിനെ പിന്തുടർന്നെത്തിയ ആന ചവിട്ടിക്കൊല്ലുകയായിരുന്നു.

വ്യാഴാഴ്ച കൊല്ലപ്പെട്ട പുതുശ്ശേരിയിലെ പി .എ ദാമുവാണ് പന്ത്രണ്ടാമത്തെ ഇര.
കാട്ടുപന്നി കുത്തി ഒരാളും മലാൻ കുറുകെ ചാടി മറ്റൊരാളും ഫാം മേഖലയിൽ മരിച്ചു. 2021 സെപ്തംബർ 26 ന് പുലർച്ചെ ഏഴിന് പെരിങ്കരിയിൽ പള്ളിയിലേക്ക് ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ പോകുമ്പോൾ ചെങ്ങഴശേരി ജസ്റ്റിൻ കൊല്ലപ്പെട്ടതും നാടിനെ നടുക്കുന്ന ഓർമയാണ്.

ആനക്കലിപ്പിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട രവിയുടെ വാക്കുകൾ -

''കനത്ത മഴയായിരുന്നു. ഇരുട്ട് മൂടിയ വഴിയിലാണ് ഞങ്ങൾ വിറകെടുക്കാൻ പോയത്. എന്റെ തൊട്ടുമുന്നിലെത്തിയ ആനയെ കണ്ട് പിന്നിൽനിന്ന് ഞെട്ടിക്കരഞ്ഞ വല്യച്ഛന്റെ ഒച്ചകേട്ട് നോക്കുമ്പോൾ ആന എന്നെ പിടികൂടിയിരുന്നു. തുമ്പിക്കൈയിൽപ്പെട്ട് പിടഞ്ഞ ഞാൻ നിലത്ത് വീണുരുണ്ടു. ആനയുടെ പിടുത്തം കുപ്പായത്തിലായി. ഊക്കോടെ മുന്നോട്ടാഞ്ഞപ്പോൾ കീറിയ ഷർട്ട് ആനയുടെ തുമ്പിക്കൈയിലായതോടെ ഓടിരക്ഷപ്പെട്ടു. നെഞ്ചത്തടിച്ച് നിലവിളിച്ചുകൊണ്ടിരുന്ന വല്യച്ഛനെ ആന..''– ആനയുടെ പിടിയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട രവി വാക്കുകൾ കിട്ടാതെ വിതുമ്പി. ദുരന്തത്തിന് സാക്ഷികളായ ഇതേ കുടുംബത്തിലെ വിജേഷും സിബിയും ഉൾക്കിടലത്തോടെയാണ് ആ രംഗം ഓർക്കുന്നത്.

ഗതി പിടിക്കാതെ ആനത്താര

കാട്ടാനകളുടെ സംരക്ഷണത്തിനും മനുഷ്യമൃഗ സംഘർഷം പരമാവധി ഒഴിവാക്കുന്നതിനുമായി വിഭാവനം ചെയ്ത ആനത്താര പുന:സ്ഥാപന പദ്ധതികൾ ഇഴയുന്നു.. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഫണ്ട് അനുവദിച്ച് ഏഴ് വർഷം കഴിഞ്ഞിട്ടും പേരിയ കൊട്ടിയൂർ പദ്ധതി പാതിവഴിയിൽ നിലച്ചിരിക്കയാണ്.. ഒരു വനമേഖലയിൽനിന്നു മറ്റൊരു വനപ്രദേശത്തേക്കുള്ള കാട്ടാനകളുടെ പരമ്പരാഗത സഞ്ചാരമാർഗങ്ങളിൽ കഴിഞ്ഞ 50 , 60 വർഷങ്ങൾക്കിടെ നിരവധി ജനവാസകേന്ദ്രങ്ങളാണ് രൂപംകൊണ്ടത്. ഈ ജനവാസകേന്ദ്രങ്ങളിലാണ് മനുഷ്യരും മൃഗങ്ങളും തമ്മിൽ സംഘർഷം കൂടുതലും. ബംഗളൂരുവിലെ സെന്റർ ഫോർ ഇക്കോളജിക്കൽ സ്റ്റഡീസ്, പീച്ചിയിലെ വനം ഗവേഷണ കേന്ദ്രം, പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റിയൂട്ട് തുടങ്ങിയവ ആറളത്തെ മനുഷ്യമൃഗ സംഘർഷത്തെക്കുറിച്ച്

പഠനം നടത്തിയിരുന്നു. എന്നിട്ടും പദ്ധതികളൊന്നും എവിടെയുമെത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പാളിപ്പോയ ' ഓപ്പറേഷൻ ഗജ'

ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി വരുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താൻ വനംവകുപ്പ് ഏർപ്പെടുത്തിയ ഓപ്പറേഷൻ ഗജ പദ്ധതിയും എങ്ങുമെത്തിയില്ല. ഇതിനായി മറ്റ് ജില്ലകളിലെ ആനപിടുത്തത്തിൽ പ്രാവീണ്യമുള്ളവരെ ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു. അതിർത്തിയിൽ താത്കാലിക വാച്ചർമാരെയും നിയോഗിക്കുമെന്ന പ്രഖ്യാപനവും പാതിവഴിയിലായി.

വനാതിർത്തിയിൽ മറ്റു പല സ്ഥലങ്ങളിലും വേലി പ്രവർത്തനരഹിതമാണ്. ഈ പഴുതുകളിലൂടെയാണ് ആനകൾ തിരിച്ചെത്തുന്നത്. നാട്ടിലെ കാർഷികവിളകളുടെ രുചിയറിഞ്ഞ ആനകൾ വീണ്ടും അവ തേടിയെത്തുകയാണ്. കർണാടക വനപാലകർ കാട്ടാനകളെ ഇങ്ങോട്ട് തുരത്തുന്നതാണ് ആനകൾ ആറളത്തെ ജനവാസകേന്ദ്രങ്ങളിലേക്ക് തന്നെ തിരിച്ചു വരാൻ കാരണം.

ആറളം ഫാമിലെ വന്യജീവി ആക്രമണത്തിന് പരിഹാരമായി പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 22 കോടി രൂപ വിനിയോഗിച്ച് ആനമതിൽ നിർമ്മിക്കാൻ ഫാമിൽ കഴിഞ്ഞ വർഷം ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനമായിരുന്നു.പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ എന്നിവർ ആറളം ഫാം സന്ദർശിച്ച് വിളിച്ചുചേർത്ത യോഗത്തിലായിരുന്നു തീരുമാനമുണ്ടായത്. ആ ആനമതിൽ എങ്ങോട്ട് പോയെന്നു പോലും ആർക്കുമറിയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WILD ELEPHANT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.