SignIn
Kerala Kaumudi Online
Friday, 19 April 2024 9.09 AM IST

സ്ത്രീപക്ഷ നവകേരളം

woman

സ്ത്രീകളെ പാർശ്വവത്കരിക്കുന്ന പ്രവണതകളെ ഇല്ലാതാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാർ . സ്ത്രീ സുരക്ഷയിലും ശാക്തീകരണത്തിലും രാജ്യത്ത് മുന്നിലാണ് കേരളം. എങ്കിലും സ്ത്രീധനത്തിന്റെ പേരിലും സ്ത്രീപീഡനങ്ങളെ തുടർന്നും കൊലപാതകങ്ങളും ആത്മഹത്യകളും സംസ്ഥാനത്ത് നടക്കുന്നുണ്ട്. കേരളത്തിന്റെ മികവുകൾക്ക് മങ്ങലേല്‌പ്പിക്കുന്നതാണ് സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ. ഈ പശ്ചാത്തലത്തിലാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സ്ത്രീപക്ഷ സാമൂഹ്യസാക്ഷരത വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ, 2021 ഡിസംബർ 18 മുതൽ അന്താരാഷ്‌ട്ര വനിതാദിനമായ 2022 മാർച്ച് എട്ട് വരെ സംസ്ഥാനത്ത് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. സ്ത്രീധനത്തിനെതിരെ, സ്ത്രീ പീഡനത്തിനെതിരെ സ്ത്രീപക്ഷ നവകേരളം എന്ന മുദ്റവാക്യമുയർത്തി സ്ത്രീകളോടൊപ്പം പുരുഷന്മാരും ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവരും കൈകോർത്തുകൊണ്ട് സ്ത്രീപക്ഷ നവകേരളം സാദ്ധ്യമാക്കുകയാണ്.

പുരോഗമനപരമായ ഇച്ഛാശക്തിയോടെ കേരളത്തിലെ സ്ത്രീത്വത്തിന് മുന്നോട്ടുപോകാനായപ്പോൾ വർഗീയത അടക്കമുള്ള പിന്തിരിപ്പൻ ശക്തികൾ സ്ത്രീകളെ ഇരുട്ടിൽ തള്ളാൻ ശ്രമിക്കുകയാണ്. ജന്റർ ന്യൂട്രൽ യൂണിഫോമുമായി ബന്ധപ്പെട്ട് കേരളത്തിലുടലെടുത്ത വിവാദം പോലും അത്തരത്തിലുള്ളതാണ്. നിയമം മൂലം നിരോധിച്ചിട്ടും സ്ത്രീധനം പോലുള്ള അപരിഷ്‌കൃത പ്രവണതകൾ നിലനില്‌ക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. നിയമത്തിലൂടെ മാത്രം സമൂഹത്തെ മാ​റ്റിയെടുക്കാനാവില്ല. അതിനാലാണ് കുടുംബശ്രീ സ്ത്രീപക്ഷ നവകേരളം യാഥാർത്ഥ്യമാക്കാൻ ഒരു ബൃഹദ് പരിപാടിയുമായി മുന്നോട്ടുവരുന്നത്.

സ്ത്രീപുരുഷ തുല്യത തുടങ്ങേണ്ടത് ഓരോ വീടുകളിലും നിന്നുമാണ്. പെൺകുട്ടികളെ വ്യക്തിത്വമുള്ളവരും തന്റേടമുള്ളവരുമാക്കി മാ​റ്റണം. വിദ്യാഭ്യാസവും ജോലിയുമാണ് അതിനാവശ്യം. സ്വന്തം കാലിൽ നില്‌ക്കാനുള്ള പ്രാപ്തിയോടൊപ്പം പ്രതികരണ ശേഷിയും സ്ത്രീകളിലുണ്ടാവണം. കുടുംബാന്തരീക്ഷങ്ങളിൽ മാറ്റം വരാതെ സ്‌ത്രീകൾ നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവില്ല.

സ്ത്രീശാക്തീകരണത്തിന് വഴികാട്ടിയായ കുടുംബശ്രീ പ്രസ്ഥാനം യുവതീ ഓക്സിലറി ഗ്രൂപ്പ് പോലുള്ള കൈവഴികളിലൂടെ എല്ലാ വിഭാഗം സ്ത്രീകളിലേക്കും പടരുകയാണ്. 2015-16ൽ കുടുംബശ്രീക്കുള്ള ബജ​റ്റ് വിഹിതം 75 കോടി രൂപയായിരുന്നെങ്കിൽ, 2021 - 22ൽ അത് 300 കോടിയായി ഉയർത്തി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കു​റ്റവാളികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ പ്രത്യേക കോടതി ആരംഭിക്കുമെന്ന് മുഖ്യമന്ത്റി പ്രഖ്യാപിച്ചതും സ്ത്രീപീഡന പരാതി നല്‌കുന്നതിനായി 'അപരാജിത' എന്ന ഓൺലൈൻ സംവിധാനമുണ്ടാക്കിയതും സ്ത്രീപക്ഷ കാഴ്ചപ്പാടിന്റെ ഭാഗമാണ്.

കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളെ 'സ്ത്രീ അതിക്രമവിമുക്ത പ്രദേശ'ങ്ങളാക്കി മാ​റ്റാനുള്ള ശ്രമത്തിലാണ് സർക്കാരുള്ളത്. സ്ത്രീപക്ഷ നവകേരളത്തിലൂടെ കലാജാഥകൾ ഉൾപ്പെടെയുള്ള വിവിധ സാദ്ധ്യതകൾ ഉപയോഗിച്ച് ശക്തമായ ബോധവത്‌കരണവും അയൽക്കൂട്ട തലത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അടയാളപ്പെടുത്തുകയും ചെയ്യും. ഇന്ന് നിശാഗന്ധിയിൽ സ്ത്രീപക്ഷ നവകേരളത്തിന് മുഖ്യമന്ത്രി തിരിതെളിച്ചതിന് ശേഷമുള്ള നാളുകളിൽ അയൽക്കൂട്ട, വാർഡ്, തദ്ദേശ സ്വയംഭരണ സ്ഥാപന, ജില്ലാ തലങ്ങളിൽ സ്ത്രീപക്ഷ കർമ്മപദ്ധതി തയ്യാറാക്കും. സാർവദേശീയ വനിതാദിനമായ മാർച്ച് എട്ടിന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺക്ലേവിൽ സ്ത്രീപക്ഷ നവകേരളത്തിന്റെ സംസ്ഥാനതല കർമ്മപദ്ധതി പ്രഖ്യാപിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടാംഘട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. വീട്ടകങ്ങളിൽ നിന്നും തുടങ്ങി സമൂഹത്തിന്റെ എല്ലാ അടരുകളേയും സ്ത്രീപക്ഷമാക്കാനുള്ള പരിശ്രമമാണ് ഇത്. സാക്ഷരതാ ജനകീയാസൂത്രണ പ്രസ്ഥാനങ്ങൾ പോലെ എല്ലാ വിഭാഗം ജനങ്ങളും ഏ​റ്റെടുക്കുന്ന ഒരു കേരളമോഡലായി സ്ത്രീപക്ഷ നവകേരളവും മാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WOMAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.