SignIn
Kerala Kaumudi Online
Friday, 19 April 2024 4.25 PM IST

എഴുപത്തിയഞ്ച് വർഷത്തിന്റെ ലിംഗനീതി

woman

രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിലെത്തിയ വേളയിലെങ്കിലും സ്വാതന്ത്ര്യസമരത്തിൽ പുരുഷന്മാർക്കൊപ്പം പോരാടിയ സ്ത്രീകൾക്ക് ജനാധിപത്യ ഇന്ത്യയിൽ അർഹിച്ച പ്രാതിനിധ്യം ലഭിച്ചോ? 'ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ഇന്നും നാളെയുമായി നടക്കുന്ന വനിതാ സാമാജികരുടെ ദേശീയസമ്മേളനം ഈ വിഷയം ഗൗരവമായി ചർച്ചചെയ്യുകയാണ്. ഇന്ന് രാഷ്ട്രപതി ശ്രീ.രാംനാഥ് കോവിന്ദാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
ഝാൻസിറാണി ലക്ഷ്മിഭായ് മുതൽ ക്യാപ്റ്റൻ ലക്ഷ്മി വരെയുള്ള പോരാളികളെ ഓർക്കാതെ സ്വാതന്ത്ര്യസമര ചരിത്രം അർത്ഥവത്താകില്ല. സരോജിനി നായിഡു, അരുണ ആസഫ് അലി, കൽപന ദത്ത, മല്ലു സ്വരാജ്യം തുടങ്ങി എത്രയോ പോരാളികൾ ജീവിതം സമൂഹത്തിന് സമർപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കണമെന്ന് കേന്ദ്രസർക്കാരും ലോക്‌സഭാ സ്പീക്കറും സംസ്ഥാന നിയമസഭകളോട് അഭ്യർത്ഥിച്ചിരുന്നു. അതനുസരിച്ച് കേരള നിയമസഭയും പരിപാടികൾക്ക് രൂപം നൽകി. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് കഴിഞ്ഞ ഓഗസ്റ്റിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. കൊവിഡ് കാരണം തുടർപരിപാടി വൈകി.

കേരളത്തിന്റെ ക്യാപ്റ്റൻ ലക്ഷ്മി, എ.വി കുട്ടിമാളുഅമ്മ, അമ്മു സ്വാമിനാഥൻ, ആനി മസ്‌ക്രീൻ, കെ.ആർ ഗൗരി തുടങ്ങിയ ധീരരായ വനിതകൾ സ്വാതന്ത്ര്യസമരത്തിൽ ഉജ്ജ്വലമായ പങ്കുവഹിച്ചു. ദാക്ഷായണി വേലായുധൻ, അമ്മു സ്വാമിനാഥൻ, ആനി മസ്‌ക്രീൻ എന്നിവർ ഭരണഘടനയ്‌ക്ക് രൂപം നൽകുന്നതിൽ വലിയ സംഭാവനകൾ നൽകി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സ്ത്രീ പ്രാതിനിധ്യമുണ്ട് കേരളത്തിന്. 25 വർഷം പിന്നിടുന്ന കുടുംബശ്രീ സ്ത്രീശാക്തീകരണത്തിൽ ഗണ്യമായ സംഭാവനകൾ നൽകി. ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും, സ്വാതന്ത്ര്യസമരത്തിൽ സ്ത്രീകളുടെ പങ്ക്, സ്ത്രീകളുടെ‌ അവകാശങ്ങളും നിയമപരമായ പഴുതുകളും,​ തീരുമാനമെടുക്കുന്ന സമിതികളിൽ സ്ത്രീകളുടെ കുറഞ്ഞ പ്രാതിനിധ്യം എന്നീ വിഷയങ്ങൾ സമ്മേളനം വിശദമായി ചർച്ചചെയ്യും.
സ്ത്രീകളുടെ സാക്ഷരത, വിദ്യാഭ്യാസം, ആയുർദൈർഘ്യം, എന്നിവയിലെല്ലാം ഇപ്പോഴും ഇന്ത്യ പിന്നിലാണ്. എന്നാൽ കേരളത്തിലെ സ്ത്രീസാക്ഷരതാ നിരക്ക് 97.8 ശതമാനമാണ്. വിദ്യാഭ്യാസരംഗത്ത് ഉയർന്ന പങ്കാളിത്തമാണ് പെൺകുട്ടികളുടേത്. ഹയർ സെക്കൻഡറിതലം വരെ ഏറെക്കുറെ സാർവത്രിക വിദ്യാഭ്യാസമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ നില വളരെ ഉയർന്നതാണ്. എന്നാൽ തൊഴിൽ മേഖലയിൽ കേരളത്തിലെ വനിതകളുടെ പങ്കാളിത്തം 26 ശതമാനം മാത്രമാണ്.

രാജ്യത്ത് തുല്യഅവസരം, സ്വയം തീരുമാനമെടുക്കൽ ആശയാവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യം എന്നിവ സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്നു. ലൈംഗികാതിക്രമങ്ങൾ, സ്ത്രീധനപീഡനം, ഗാർഹികപീഡനം, തൊഴിലിടങ്ങളിലെ പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളും നടക്കുന്നുണ്ട്. സ്ത്രീകളുടെ സാമൂഹ്യപദവി ഉയർന്ന കേരളത്തിലും സ്ത്രീധനവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും അവസാനിച്ചിട്ടില്ല.

156 രാജ്യങ്ങളെ പങ്കെടുപ്പിച്ച് വേൾഡ് ഇക്കണോമിക് ഫോറം തയാറാക്കിയ ഗ്ലോബൽ ജെൻഡർ ഗാപ് റിപ്പോർട്ടിൽ (2021)

ലിംഗസമത്വത്തിൽ ഇന്ത്യയുടെ സ്ഥാനം 140 ആണ്.

രാഷ്ട്രീയഭരണരംഗത്ത് വനിതാ പ്രാതിനിധ്യം കുറവാണെങ്കിലും ലോകത്ത് വനിതകൾ രാഷ്ട്രനേതാക്കളായ ആദ്യത്തെ അഞ്ച് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. എന്നാൽ റിപ്പോർട്ട് പ്രകാരം വനിതാ ശാക്തീകരണത്തിൽ ഇന്ത്യയുടെ സ്ഥാനം 51 ആണ്. 2019 ൽ ഇന്ത്യയിൽ വനിതാമന്ത്രിമാരുടെ പ്രാതിനിധ്യം 23.1 ശതമാനമായിരുന്നു. 2021 ൽ 9.1 ശതമാനമായി കുറഞ്ഞു.
വനിതാ ശാക്തീകരണത്തിനുള്ള ഏറ്റവും പ്രധാന ഉപാധി രാഷ്ട്രീയത്തിലും നിയമനിർമ്മാണ നയരൂപീകരണ വേദികളിലും അവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുകയാണ്.

ലോക്‌സഭയിലെ 540 അംഗങ്ങളിൽ വനിതകളുടെ പ്രാതിനിധ്യം 81 മാത്രമാണ്. രാജ്യസഭയിലാകട്ടെ ആകെയുള്ള 245 അംഗങ്ങളിൽ വനിതാ പ്രാതിനിധ്യം 27 മാത്രമാണ്. പഞ്ചായത്തീരാജ് നിയമപ്രകാരം വനിതകൾക്ക് സംവരണമേർപ്പെടുത്തിയതു കൊണ്ട് ത്രിതല പഞ്ചായത്തുകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം മെച്ചപ്പെട്ടതാണ്. രാജ്യത്തെ 253400 ഗ്രാമപഞ്ചായത്തുകൾ, 6613 ബ്ലോക്ക് പഞ്ചായത്തുകൾ, 600
ജില്ലാപ്പഞ്ചായത്തുകൾ എന്നിവയിലെ 30 ലക്ഷം പ്രതിനിധികളിൽ 13 ലക്ഷം വനിതകളാണ്. 1993 ൽ പാസാക്കിയ 73, 74 ഭരണഘടനാ ഭേദഗതി പ്രകാരം മൂന്നിലൊന്ന് സീറ്റ് വനിതകൾക്കായി സംവരണം ചെയ്തതുകൊണ്ടാണ് ഈ മാറ്റമുണ്ടായത്. എന്നാൽ പാർലമെന്റിലേക്കും നിയമസഭകളിലേക്കും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ചെയ്യാനുള്ള ബില്ല് രാജ്യസഭ മാത്രമാണ് പാസാക്കിയത്. ലോക്‌സഭയിൽ അതിന്റെ അവതരണം പോലും തടയപ്പെട്ടു.
കേരളത്തിൽ വിദ്യാഭ്യാസം, തൊഴിൽ, ഗവേഷണം, ആരോഗ്യം, രാഷ്ട്രീയം, സാമ്പത്തികം, സാംസ്‌കാരികം എന്നിങ്ങനെ എല്ലാ രംഗങ്ങളിലും സ്ത്രീമുന്നേറ്റം ദൃശ്യമാണ്. എന്നാൽ ഗൃഹപരിപാലനം, കുട്ടികളെ വളർത്തൽ, മുതിർന്നവരെ
പരിചരിക്കൽ, സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കൽ, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയിലെല്ലാം
കടുത്ത അസമത്വവും വിവേചനവും നിലനിൽക്കുന്നുണ്ട്.

ലിംഗസമത്വം, ലിംഗനീതി എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തി ഭാവിയിലേക്കുള്ള നയരൂപീകരണത്തിനും നിയമനിർമ്മാണത്തിനും മാർഗദർശകമാകുന്ന ചർച്ചകൾക്ക് വനിതാസാമാജികരുടെ ദേശീയ സമ്മേളനം വേദിയാകുമെന്ന് പ്രത്യാശിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WOMEN LEGISLATORS’ CONFERENCE IN KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.