SignIn
Kerala Kaumudi Online
Friday, 29 March 2024 6.14 PM IST

സ്ത്രീ സുരക്ഷ ഇന്നും വെയ്റ്റിംഗ് ലിസ്റ്റിൽ

women-security-

പാസഞ്ചർ ട്രെയിനിലെ വനിതാ കംപാർട്ട്‌മെന്റിൽ നിന്ന് ട്രാക്കിലേക്ക് വലിച്ചെറിഞ്ഞശേഷം മൃഗീയമായി പീഡിപ്പിക്കപ്പെട്ട് സൗമ്യ എന്ന പെൺകുട്ടി

കൊല്ലപ്പെട്ടിട്ട് പതിനൊന്ന് വർഷം കഴിഞ്ഞു. ഇപ്പോഴും കേരളത്തിലെ ഒരു പാസഞ്ചർ ട്രെയിനിൽ രാത്രി ഒറ്റയ്ക്ക് യാത്രചെയ്യാൻ ധൈര്യമുള്ള എത്ര സ്ത്രീകളുണ്ട്? അച്ഛനോടൊപ്പം യാത്ര ചെയ്യുമ്പോൾ പോലും ഒരു പെൺകുട്ടി സുരക്ഷിതമല്ലെന്ന ആപത്കരമായ സന്ദേശമാണ് കഴിഞ്ഞദിവസം എറണാകുളം-ഗുരുവായൂർ ട്രെയിനിലെ സംഭവം നൽകിയത്. അച്ഛനോടൊപ്പം യാത്ര ചെയ്ത പതിനാറ് വയസുകാരിയെയാണ് ആറംഗ അക്രമിസംഘം ദേഹത്ത് സ്പർശിക്കാനും അസഭ്യം പറയാനും മുതിർന്നത്. റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടെങ്കിലും പൊലീസ് സ്ഥലത്ത് എത്തിയില്ല. ഒടുവിൽ, അച്ഛൻ പൊലീസിനെ ഫോൺ ചെയ്ത് പരാതി അറിയിച്ച്, ട്രെയിൻ തൃശൂരിലെത്തിയപ്പോഴാണ് പൊലീസിന് പ്രശ്നത്തിൽ ഇടപെടാൻ കഴിഞ്ഞത്. അപ്പോഴേക്കും അക്രമികൾ രക്ഷപ്പെടുകയും ചെയ്തു. ദളിത് നേതാവിൻ്റെ മകളോടായിരുന്നു അതിക്രമമെന്നും ഓർക്കണം.

കഴിഞ്ഞവർഷം ഏപ്രിൽ 28ന് ഗുരുവായൂർ - പുനലൂർ ട്രെയിനിൽ പട്ടാപ്പകൽ, കാഞ്ഞിരമറ്റത്ത് വച്ച് യുവതിയെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ഊരിവാങ്ങി പീഡിപ്പിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് വീണ്ടും ട്രെയിനിൽ പെൺകുട്ടിക്കു നേരെ അക്രമമുണ്ടായത്. ട്രെയിൻ യാത്ര സ്ത്രീകൾക്ക് അത്ര ശുഭകരമല്ലെന്നും ആശങ്കകൾ അവസാനിക്കുന്നില്ലെന്നുമുളള സൂചനയാണിത് നൽകുന്നത്.

സൗമ്യ സംഭവത്തിന് പിന്നാലെ ട്രെയിനിലെ സുരക്ഷിതത്വം സംബന്ധിച്ച് നിരവധി വാഗ്ദാനങ്ങളുണ്ടായെങ്കിലും ഭൂരിഭാഗവും നടപ്പായില്ല. യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനുകളിലും സ്‌റ്റേഷനുകളിലും 12 ലക്ഷം സി.സി.ടി.വി കാമറ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി ഇപ്പോഴും വെയ്റ്റിംഗ് ലിസ്റ്റിലാണ്.

പുതിയ ട്രെയിനുകളിൽ കാമറകൾ സ്ഥാപിച്ചെന്ന് പറയുമ്പോഴും കേരളത്തിൽ ഓടുന്ന ഭൂരിഭാഗം ട്രെയിനുകളിലും കാമറകളില്ല. ഓരോ കോച്ചിലും എട്ട് കാമറകൾ സ്ഥാപിക്കാനായിരുന്നു ശ്രമം. വാതിലുകളും ഇടനാഴികളും നിരീക്ഷണ പരിധിയിൽ വരും. എന്നാൽ കാമറകളില്ലാതെ ഓടുന്ന ഹ്രസ്വദൂര ട്രെയിനുകളാണ് ഏറെയും. കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം ചെറിയ സ്റ്റേഷനുകളിൽ ഇറങ്ങി രക്ഷപ്പെടാനുള്ള അവസരങ്ങളുമുണ്ട്. ഈ സ്റ്റേഷനുകളിൽ കൂടുതൽ കാമറകളുമുണ്ടാകില്ല. രാജ്യത്തെ നാലായിരത്തോളം ട്രെയിനുകളിലും പൊലീസ് നിരീക്ഷണമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും, അതിൽ 1300 ഓളം ട്രെയിനുകളിൽ ആർ.പി.എഫിനാണ് സുരക്ഷാച്ചുമതല. ബാക്കിയുള്ളതിൽ സംസ്ഥാന പൊലീസാണ്. കുറ്റവാളികളെ പിടികൂടുന്നതിലും മറ്റ് നടപടികൾ സ്വീകരിക്കുന്നതിലും രണ്ട് വിഭാഗവും തമ്മിൽ ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്.

ആവശ്യങ്ങളും പരാതികളുമേറെ

ട്രെയിൻ യാത്രക്കാരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് സുരക്ഷിതത്വം കുറയുന്നുവെന്നാണ് സമീപകാല വാർത്തകൾ സൂചിപ്പിക്കുന്നത്. യാത്രക്കാരുടെ സംഘടനകളും ജനപ്രതിനിധികളും നിരവധി ആവശ്യങ്ങളും പരാതികളും ഉന്നയിക്കുന്നുണ്ടെങ്കിലും പലതും ജലരേഖകളായി മാറുകയാണ്. പ്ലാറ്റ് ഫോമുകളിൽ അലഞ്ഞുതിരിയുന്നവരെ നീക്കം ചെയ്യാൻ പോലും റെയിൽവേ പാെലീസിന് കഴിയുന്നില്ല. അടിയന്തരഘട്ടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷാബോധവത്കരണം നൽകുന്നതിനും സംവിധാനങ്ങളില്ല. ചെറിയ സ്റ്റേഷനുകളിൽ കൂടുതൽ പൊലീസും കാമറകളും ഉറപ്പാക്കി സ്ത്രീസൗഹൃദമാക്കേണ്ടതും തിരക്കേറിയ കാലത്തിൻ്റെ ആവശ്യമാണ്.

റെയിൽവേ പൊലീസ് സ്റ്റേഷനുകളിലുള്ള വനിതാ പൊലീസുകാരുടെ എണ്ണവും പരിമിതമാണ്. ചില ചെറിയ സ്റ്റേഷനുകളിൽ വനിതാ പൊലീസ് ഉണ്ടാകാറില്ല. യാത്രക്കാർ, പൊലീസുകാർ, പോർട്ടർമാർ എന്നിവരെ ഉൾപ്പെടുത്തി ജനമൈത്രി പദ്ധതി നടപ്പാക്കണമെന്ന് ആവശ്യമുയർന്നെങ്കിലും നടപ്പായില്ല. അടിയന്തരഘട്ടത്തിൽ അപകടസന്ദേശം നൽകാനും ട്രെയിനുകളിൽ സൗകര്യമില്ല. രാത്രി സർവീസുകളിൽ മാത്രമാണ് ഇപ്പോൾ ആർ.പി.എഫിന്റെ സുരക്ഷ. ഒരു കോച്ചിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ സൗകര്യമില്ലാത്ത കോച്ചുകൾ മാറ്റണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.
സ്ത്രീസുരക്ഷയുടെ കാര്യത്തിൽ വാഗ്ദാനങ്ങൾ നടപ്പായില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവം വ്യക്തമാക്കുന്നതെന്നും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. കൃഷ്ണകുമാർ ആവശ്യപ്പെട്ടു.

അച്ഛനുറങ്ങാത്ത രാത്രി

ശനിയാഴ്ച രാത്രി 7.50ന് ഗുരുവായൂരിലേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ എറണാകുളം സൗത്ത് ജംഗ്ഷനിൽനിന്ന് പുറപ്പെടുന്നതിന് 10 പത്തുമിനിറ്റു മുൻപാണ് അച്ഛനും മകളും വണ്ടിയിൽ കയറിയത്. ഗാർഡിന്റെ കാബിന് തൊട്ടു മുന്നിലുണ്ടായിരുന്ന പകുതി കമ്പാർട്ട്‌മെന്റിലായിരുന്നു യാത്ര. അച്ഛന്റെ കാലിൽ മുറിവുണ്ടായിരുന്നതിനാൽ നടക്കാൻ പ്രയാസമുണ്ടായിരുന്നു. ക്ഷീണം കാരണം മകളുടെ മടിയിൽ അദ്ദേഹം കിടന്നു. നോർത്ത് സ്റ്റേഷനിലെത്തിയപ്പോഴേക്കും മകൾ അച്ഛനെ തട്ടിയുണർത്തി, മുന്നിലിരുന്നയാൾ കാലിൽ സ്പർശിക്കാൻ ശ്രമിക്കുന്നതായും തുറിച്ചുനോക്കുന്നതായും പറഞ്ഞു. അതു ചോദ്യം ചെയ്തപ്പോഴായിരുന്നു അശ്ളീലം പറഞ്ഞ്, ആറംഗസംഘം കയ്യേറ്റത്തിന് മുതിർന്നത്. രംഗം ചിത്രീകരിക്കാൻ ശ്രമിച്ച മകളുടെ ഫോൺ തട്ടിപ്പറിക്കാനും ശ്രമിച്ചു. അച്ഛനെ പിടിച്ചുതളളി. മലപ്പുറം സ്വദേശിയായ യുവാവ് സഹായിക്കാനെത്തിയപ്പോൾ അയാളേയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഭീഷണി മുഴക്കി അക്രമിസംഘം അടുത്ത സ്റ്റേഷനിൽ ഇറങ്ങിപ്പോയി. രണ്ടുമണിക്കൂറോളം മകൾക്കൊപ്പം നിസ്സഹായനായി മാനസികവ്യഥയോടെ അച്ഛനിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസിൽ അച്ഛൻ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ്, അവർ തൃശൂർ റെയിൽവേ പൊലീസിൽ വിവരമറിയിച്ചത്. തൃശൂർ സ്റ്റേഷനിൽ റെയിൽവേ പൊലീസ് അച്ഛൻ്റേയും മകളുടേയും മൊഴിയെടുത്തു. ആറുപേർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഇതുപോലെ എത്രയെത്ര ചെറുതും വലുതുമായ അക്രമങ്ങൾ ട്രെയിനുകൾക്കുള്ളിൽ നടക്കുന്നുണ്ട്. പലതും പരാതികളില്ലാത്തതിനാൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് മാത്രം. സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കുമെല്ലാം സുരക്ഷിതത്വം ഉറപ്പുവരുത്താനായില്ലെങ്കിൽ, റെയിൽവേയ്ക്ക് അത് വലിയ അപമാനമായിത്തീരും.

എല്ലാ ട്രെയിനുകളും

ഓടുമ്പോൾ

പാസഞ്ചറുകൾ മെമു ആക്കുമ്പോൾ സ്ത്രീ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്ന ആവശ്യവും പലപ്പോഴായി കേൾക്കുന്നുണ്ട്.

കൊവിഡ് ലോക്ഡൗണിനെത്തുടർന്ന് നിറുത്തിവെച്ചിരുന്ന പാസഞ്ചർ, മെമു ട്രെയിനുകൾ സ്‌പെഷ്യൽ സർവീസുകളായി കേരളത്തിൽ ജൂലായ് 25 മുതൽ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഇവയിൽ സീസൺ ടിക്കറ്റ് അനുവദിക്കുമെന്നും കൊവിഡിനു മുമ്പത്തെ നിരക്ക് നൽകിയാൽ മതിയെന്നും പറയുന്നു. സർവീസ് പുനരാരംഭിക്കാനുള്ളവയിൽ കൂടുതലും പാസഞ്ചറുകളും പകൽ ട്രെയിനുകളുമാണ്. സർവീസുകൾ പുനരാരംഭിക്കുന്നതോടൊപ്പം തിരക്ക് കൂടുതൽ അനുഭവപ്പെടുമെന്നതിൽ സംശയമില്ല. അപ്പോൾ സുരക്ഷിതത്വം പാളം തെറ്റരുതെന്നാണ് യാത്രക്കാരും യാത്രക്കാരുടെ സംഘടനകളും ആവശ്യപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WOMEN SECURITY IN TRAIN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.