SignIn
Kerala Kaumudi Online
Saturday, 20 April 2024 4.49 AM IST

ഭൂമിക്കായി നമ്മുടെ ഭാവിക്കായി

world-earth-day

ലോക ഭൗമദിനം ഇന്ന്

...................................

എണ്ണൂറുകോടി ആളുകൾക്ക് ഒരേയൊരു ഭൂമി. വികലമായ വികസന കാഴ്ചപ്പാടുകൾ കാരണം പ്രകൃതി വിഭവങ്ങൾ ഒന്നാകെ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം ഭൗമദിനം ആചരിക്കുന്നത്. 'നിക്ഷേപം നമ്മുടെ ഗൃഹത്തിൽ' എന്നതാണ് ഇൗ വർഷത്തെ ഭൗമദിനാചരണ വിഷയം. പ്രകൃതി വിഭവങ്ങളുടെ ചൂഷണങ്ങൾക്ക് പകരം സൗരോർജ്ജം,​ കാറ്റ്,​ തിരമാല ,​ മാലിന്യം തുടങ്ങിയവയെ പുതിയ നിക്ഷേപങ്ങളായി കാണുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ആഗോള താപനത്തിന്റെ ഫലമായി ഭൂമിക്ക് ചൂട് കൂടുകയാണ്. വ്യാവസായിക വിപ്ളവത്തിനുശേഷം അന്തരീക്ഷ താപനിലയിലുണ്ടാകുന്ന മാറ്റം പ്രവചനാതീതമാണ്. 2040 ഒാടുകൂടി അന്തരീക്ഷത്തിലെ കാർബൺ ഡൈ ഒാക്സൈഡിന്റെ അളവ് 1.5 ഡിഗ്രിയിൽ നിറുത്തണമെന്നാണ് കണക്കാക്കുന്നത്. ഇന്നത്തെ സാഹചര്യമനുസരിച്ചാണെങ്കിൽ രണ്ട് ഡിഗ്രി വരെ പോകാൻ സാദ്ധ്യതയുണ്ട്. അങ്ങനെ വന്നാൽ ഭൂമിയുടെ നിലനില്പുതന്നെ അപകടത്തിലാകുമെന്നാണ് ഇന്റർനാഷണൽ പാനൽ ഒാൺ ക്ളൈമറ്റ് ചെയ്ഞ്ചിന്റെ പഠനങ്ങൾ പറയുന്നത്. കാർബൺ വാതകങ്ങളുടെ വർദ്ധനവിന് അനുസരിച്ച് ഹരിതഗൃഹ പ്രഭാവത്തിന്റെ സാദ്ധ്യതകളും കൂടുതലാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ പ്രശ്നങ്ങൾ വേറെയുണ്ടാകുന്നു.

അന്തരീക്ഷ മലിനീകരണത്തിന്റെ ഫലമായി ഡൽഹി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഒാക്സിജൻ ലഭ്യത കുറയുന്ന സാഹചര്യമാണുള്ളത്. ഒാസോൺ വാതകങ്ങളുടെ ഫലമായി ഒാസോൺ പാളികളും ഭീഷണിയിലാണ്. വ്യാവസായിക മാലിന്യങ്ങൾ, അമിതമായ രാസപദാർത്ഥങ്ങൾ, കീടനാശിനികൾ, മാലിന്യങ്ങൾ എന്നിവയുടെ ആധിക്യം കാരണം ജലസ്രോതസുകളിൽ ഭൂരിഭാഗവും മലിനമാണ്. ലോകജനസംഖ്യയുടെ മൂന്നിലൊന്നിന് ശുദ്ധജലം ഇപ്പോഴും കിട്ടാക്കനിയാണ്. വായുവും ജലവും മലിനമാകുന്നതിലൂടെ മാനവരാശിയുടെ നിലനിൽപ്പാണ് അപകടത്തിലാകുന്നത്.

കൂനിൽമേൽ കുരു എന്ന പോലെ , ബംഗാൾ ഉൾക്കടലിനൊപ്പം അറബിക്കടലും ഉയർന്ന തോതിൽ ചൂടാവുകയാണ്. ഹ്രസ്വകാലയളവുകളിൽ ചുഴലിക്കാറ്റുകളും ഉയർന്ന മഴയുമെല്ലാം രൂപപ്പെടുന്ന അവസ്ഥയിലേക്ക് കാലാവസ്ഥ മാറുകയാണ്. മണ്ണ്, വെള്ളം, വായു, ജൈവസമ്പത്തുകൾ എന്നിവയുടെ നാശത്തിന്റെയും മലിനീകരണത്തിന്റെയും തോത് വ‌ർദ്ധിക്കുന്നു. വനനശീകരണവും തണ്ണീർത്തടങ്ങളുടെ നാശവും വ്യാപകമാവുകയാണ്.

2050 ഓടെ ടി പെട്രോളിയം ഉത്‌പന്നങ്ങളുടെ ലഭ്യതയിൽ വലിയ കുറവാണ് ഉണ്ടാവുക. ലോകം ഹൈഡ്രജൻ, ഇലക്ട്രോണിക് വാഹനങ്ങളിലേക്ക് ചുവട് മാറുകയാണ്. സോളാർ എനർജി, കാറ്റ്, തിരമാല എന്നിവയിൽ നിന്നുള്ള വൈദ്യുതി വികസിപ്പിക്കുകയാണ്.

മാലിന്യം സമ്പത്താണ്. മാലിന്യത്തിൽ നിന്ന് ഉൗർജ്ജവും വളങ്ങളുമെല്ലാം ഉത്‌പാദിപ്പിക്കാനുള്ള സാങ്കേതികരീതികൾ ലഭ്യമാണ്. ഭൂമിയെ നിലനിറുത്താനുള്ള ധാരാളം ബദലുകൾ മുന്നിലുണ്ട്. ഭൂമിയുടെ ജലചക്രത്തിലും കാർബൺ ചക്രത്തിലും നൈട്രജൻ ചക്രത്തിലും മാറ്റങ്ങളുണ്ടാവുകയാണ്. ഭൂജലം പുനരുജീവിപ്പിക്കാൻ കഴിയാത്ത വിഭവമായി കണക്കാക്കപ്പെടുന്നു. ജലചംക്രമണ വ്യവസ്ഥയിൽ ഏറ്റകുറച്ചിൽ ഉണ്ടാകുന്നതിന് അനുസരിച്ച് കടലിൽ ധാരാളം മഴ പെയ്യുന്നു. ഉപ്പുവെള്ളത്തിന്റെ അളവ് കുറയുന്നതായി പഠനങ്ങളുണ്ട്. കരയിൽ ലഭിക്കുന്ന മഴയുടെ അളവിൽ വ്യത്യാസം വരുന്നതായി നേച്ചർ മാഗസിൻ വെളിപ്പെടുത്തുന്നു. കേരളത്തിലുൾപ്പെടെ കുറഞ്ഞ പ്രദേശത്ത് ചെറിയ കാലയളവുകളിൽ വലിയ മഴയെന്ന രീതിയിൽ സൂക്ഷ്മകാലാവസ്ഥയും മാറികഴിഞ്ഞു. മണ്ണിന്റെ ഉത്‌പാദന ശേഷിയും പ്രതികരണത്തിനുള്ള കഴിവും കുറഞ്ഞുവരികയാണ്. മാറിവരുന്ന പ്രളയവും വരൾച്ചയും ഭൂമിയെ ആത്യന്തികമായി മരുവത്‌കരണത്തിലേക്ക് മാറ്റുന്നതാണ് . മേൽമണ്ണിലുണ്ടാകുന്ന ഏതൊരു കുറവും ഇല്ലാതാക്കുന്നത് കാർഷിക ഉത്‌പാദന വിളകളെയാണ്.

പരിസ്ഥിതി ഘടകങ്ങൾക്കും ആവാസ വ്യവസ്ഥകൾക്കും വ്യത്യാസം വരുന്നതിനനുസരിച്ച് പുതിയ ബാക്ടീരിയകൾ, വൈറസുകൾ എന്നിവയും ഭൂമിയിലുണ്ടാകുന്നു. പുതിയ രോഗങ്ങളിൽ പലതിന്റെയും കാരണങ്ങൾ പോലും കണ്ടെത്താനാവുന്നില്ല. ശുദ്ധവായുവും ശുദ്ധജലവും ശുദ്ധമായ അന്തരീക്ഷവും ശുദ്ധമായ മണ്ണുമെല്ലാം ഇല്ലാതാകുമ്പോൾ ഭീഷണി നേരിടേണ്ടിവരുന്നത് മാനവരാശിയാണ്. ഇൗ ഭൂമി എല്ലാവർക്കും ആവശ്യത്തിനുള്ളത് നൽകുന്നുണ്ട്. പക്ഷേ ആരുടെയും അത്യാഗ്രഹത്തിനുള്ളതില്ലയെന്നും ഗാന്ധിജിയും പ്രകൃതിക്ക് മേലുള്ള ഏതൊരു പ്രയോഗത്തിനും പ്രകൃതിയുടെ വക വലിയ തിരിച്ചടികളുണ്ടാകുമെന്നും ഫെഡറിംഗ് ഏംഗൽസും നമ്മോട് പറഞ്ഞു.

ഒാരോ ഭൗമദിനം കഴിയുമ്പോഴും പ്രകൃതി വിഭവങ്ങൾ വ്യാപകമായി ഇല്ലാതാവുകയും മലിനീകരിക്കപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്. സൂര്യൻ, വായു, വെള്ളം, മണ്ണ് എന്നിവയൊന്നും മനുഷ്യർക്ക് കൃത്രിമമായി എളുപ്പം സൃഷ്ടിക്കാനാവില്ല.

തത്‌കാലം ഒരു ഭൂമി മാത്രമേ ജീവജാതികൾക്ക് അനുകൂലമായ സാഹചര്യമുള്ള സ്ഥലമായി മുന്നിലുള്ളൂ. വനങ്ങൾ , നദികൾ, വയലുകൾ കുന്നുകൾ, തണ്ണീർതടങ്ങൾ, ജലസ്രോതസുകൾ എന്നിവ പരമാവധി സംരക്ഷിച്ചു മാത്രമേ മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും നിലനിൽപ്പുള്ളൂ. നഷ്ടപ്പെടുന്ന പ്രകൃതിവിഭവങ്ങൾ കൃത്രിമമായി വീണ്ടെടുക്കുനാവില്ലെന്ന തിരിച്ചറിവിൽ ഒാരോ തുള്ളി വെള്ളവും ഒാരോതരി മണ്ണും വായുകണങ്ങളും പരമാവധി നിലനിറുത്താം. പരിശുദ്ധമായി തന്നെ.

(പരിസ്ഥിതി ശാസ്ത്രജ്ഞനും ജലവിഭവ വകുപ്പ് മുൻ ഡയറക്‌ടറുമാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLD EARTH DAY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.