SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.44 AM IST

ഹൃദയത്തോട് ചേർന്ന്...

photo

ഈ വർഷത്തെ ലോക ഹൃദയദിനത്തിന്റെ പ്രമേയം സ്വന്തം ഹൃദയം മറ്റുള്ളവരുടെ ഹൃദയത്തിനുവേണ്ടി ഉപയോഗിക്കുക എന്നതാണ്. നമ്മുടെ ആരോഗ്യഅറിവുകൾ മറ്റുള്ളവരിലേക്കും പകരുന്നതിലൂടെ ഹൃദയാരോഗ്യം വീണ്ടെടുക്കാം എന്ന സുന്ദരമായ ഈ പ്രമേയം തീർച്ചയായും പ്രശംസനീയമാണ്. ചിട്ടയായ വ്യായാമം,​ എട്ട്മണിക്കൂർ നീണ്ട ഉറക്കം, സമ്മർദ്ദരഹിതമായ ജീവിതം എന്നിവ ഹൃദയത്തെ സുരക്ഷിതമാക്കും.

വൈറസുകളുടെ ലോകം കൂടിയാണ് നമ്മുടേത്. പലതരത്തിലുള്ള വൈറസുകൾ നമുക്ക് ചുറ്റുമുണ്ട്. ചെറിയ മൂക്കടപ്പും ജലദോഷവും ഉണ്ടാക്കുന്നവ മുതൽ മാരകമായ കൊവിഡ് രോഗം ഉണ്ടാക്കുന്നവ വരെ ഇക്കൂട്ടത്തിലുണ്ട്. അതേസമയം നമ്മൾ നിസാരമെന്നു കരുതുന്ന ചെറിയ മൂക്കടപ്പുണ്ടാക്കുന്ന വൈറസിനു പോലും ഹൃദയപേശികളെ ദോഷകരമായി ബാധിക്കാൻ കരുത്തുണ്ടെന്ന് അറിയുക. ഒരു വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ശരീരത്തിൽ പ്രതിരോധസംവിധാനം രൂപപ്പെടുന്നു. ഈ സംവിധാനം പലപ്പോഴും നമ്മുടെ ശരീരത്തിലെ പേശികളെയോ അവയവങ്ങളെയോ വൈറസ് എന്ന് തെറ്റിദ്ധരിച്ച് ആക്രമിക്കുന്ന ഒരവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെ ഹൃദയപേശികൾ ആക്രമിക്കപ്പെടുമ്പോൾ പേശികൾക്ക് ക്ഷതം സംഭവിക്കുന്നു. ഇങ്ങനെയുണ്ടാകുന്ന അവസ്ഥയാണ് 'വൈറൽ മയോകാർഡൈറ്റിസ് ' . വർഷങ്ങൾക്കുശേഷം പലപ്പോഴും ഇത്തരം രോഗികൾ പമ്പിംഗ് കുറഞ്ഞ് വീങ്ങിയ ഹൃദയവുമായിട്ടാവും ചികിത്സ തേടുന്നത്. പലപ്പോഴും ഈ അവസ്ഥ മുൻകൂട്ടി കണ്ടുപിടിക്കാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. അതിനാൽ ഏതുതരം പനി വന്നാലും ആവശ്യത്തിന് വിശ്രമവും മതിയായ പോഷകാഹാരവും ഉറപ്പുവരുത്തണം. പനി വിട്ടുമാറിയാൽ കൂടി കുറച്ചുനാളെങ്കിലും കഠിനാദ്ധ്വാനം വേണ്ടെന്നുവയ്ക്കണം. വേണമെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം വിറ്റാമിൻ ഗുളികകൾ കഴിക്കാം. ആവശ്യമെങ്കിൽ ഒരു ഹൃദയ പരിശോധന നടത്തുകയുമാവാം.

ചെറുപ്പത്തിലേ

ശ്രദ്ധവേണം

അമിതവണ്ണം വ്യായാമമില്ലായ്മയുടെ പരിണിതഫലമാണ്. ഒരുകാലത്ത് അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലാണ് അമിതവണ്ണം കൂടുതലായി കാണപ്പെട്ടിരുന്നതെങ്കിൽ ഇന്ന് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ സർവസാധാരണമാണ്. അമിതവണ്ണം തീർച്ചയായും പ്രമേഹം, രക്തസമ്മർദ്ദം, അമിത കൊളസ്ട്രോൾ എന്നിവയിലൂടെ കടന്ന് ഹൃദ്രോഗത്തിലെത്തുന്നു. അപകട സാദ്ധ്യതാ ഘടകങ്ങളിലേക്ക് നയിക്കുന്ന അമിതവണ്ണം കുട്ടികളിൽ തന്നെ കാണപ്പെടുന്നുണ്ട്. അതിനാൽ കുട്ടിക്കാലത്തുതന്നെ ഇതിന് കാരണമാകുന്ന ശീലങ്ങൾ തടയേണ്ടത് അത്യാവശ്യമാണ്. പോഷകവസ്തുക്കളടങ്ങിയ ആഹാരം കൊടുക്കുന്നതിനൊപ്പം കുട്ടിക്കാലത്തുതന്നെ വ്യായാമം ശീലിപ്പിക്കണം. എണ്ണപ്പലഹാരങ്ങളും മധുരപാനീയങ്ങളും ഇറച്ചിയും മറ്റും കഴിവതും വേണ്ടെന്നുവയ്ക്കുക. മാത്രമല്ല, യോഗ,ആരോഗ്യകരമായ ഭക്ഷണരീതി മുതലായവ പാഠ്യപദ്ധതികളിലും ഉൾപ്പെടുത്താം. സോഷ്യൽമീഡിയ, ടിവി തുടങ്ങിയവയുടെ അമിത ഉപയോഗവും പലപ്പോഴും നമ്മുടെ കുട്ടികളെ അലസതയിലേക്കും പൊണ്ണത്തടിയിലേക്കും നയിക്കുന്നു.

ഹൃദയപരിശോധന

എന്ന് മുതൽ ?​

ഇന്നത്തെ അവസ്ഥയിൽ 20 - 25 വയസ് മുതൽ തന്നെ ഹൃദയ പരിശോധന നടത്തുന്നത് നല്ലതാണ്. ഇതിലൂടെ പ്രമേഹം, രക്തസമ്മർദ്ദം മുതലായ രോഗാവസ്ഥകൾ തുടക്കത്തിലേ കണ്ടുപിടിക്കാം . നേരത്തേതന്നെ ചികിത്സ ആരംഭിക്കുന്നതുവഴി ഹൃദ്രോഗത്തെ പ്രതിരോധിക്കാം. ചെറുപ്പക്കാർ രണ്ടുവർഷത്തിലൊരിക്കൽ ഹൃദയപരിശോധന നിർബന്ധമായും നടത്തിയിരിക്കണം. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ , എല്ലാ വർഷവും പരിശോധന നടത്തുന്നതാണ് അഭികാമ്യം.

ചെറുപ്പക്കാരും

ഹൃദ്രോഗവും

ഉറക്കമില്ലായ്മ, ജോലിസംബന്ധമായ സമ്മർദ്ദം, വ്യായാമമില്ലായ്മ, കൊഴുപ്പും മധുരവും കൂടുതലടങ്ങിയ ഭക്ഷണരീതി മുതലായവയാണ് ചെറുപ്പക്കാരിലെ ഹൃദ്രോഗത്തിന് പലപ്പോഴും കാരണമാകുന്നത്. പഴമക്കാരുടെ ഭക്ഷണരീതി, ആവശ്യത്തിനു വ്യായാമം, ഉറക്കം മുതലായവ തീർച്ചയായും ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ സഹായിച്ചിരുന്നു. വീട്ടുകാരുമൊത്ത് സായാഹ്നങ്ങൾ ചെലവഴിക്കുന്നതും യോഗ, മെഡിറ്റേഷൻ തുടങ്ങിയവ ശീലമാക്കുന്നതും സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

കൊവിഡ് വന്നവർ

ശ്രദ്ധിക്കാൻ

കൊവിഡ് രോഗം വന്നവർ പ്രത്യേകിച്ചും ശ്വാസം മുട്ടൽ, കാലിൽ നീർക്കെട്ട് തുടങ്ങിയ അവസ്ഥയിലേക്ക് പോയവർ തീർച്ചയായും വർഷത്തിൽ ഒരുതവണയെങ്കിലും ഹൃദയപരിശോധന നടത്തേണ്ടതാണ്. കൊവിഡ് രോഗാവസ്ഥ മൂലം രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങൾ മൂർച്ഛിക്കുന്നതായി കാണുന്നുണ്ട്. കൊവിഡ് വന്ന് ആഴ്ചകൾക്കു ശേഷവും ഹൃദയാഘാതമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ അസുഖം മാറിയതിനുശേഷവും ആവശ്യത്തിന് വിശ്രമം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഗ്യാസ്, നെഞ്ചെരിച്ചിൽ മുതലായ ബുദ്ധിമുട്ടുകൾ ഒരിക്കലും നിസാരമായി കാണരുത്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുള്ളവർ ഉടനടി തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

സ്ത്രീകളുടെ

ഹൃദയം

പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകൾക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാദ്ധ്യത വളരെ കുറവാണെന്നാണ് വയ്പ്. ഇത് ഒരു പരിധിവരെ ശരിയാണ്. ആർത്തവവിരാമത്തിന് മുമ്പ് വരെ സ്‌ത്രീകളിൽ കാണുന്ന ഈസ്ട്രജൻ മുതലായ ഹോർമോണുകൾ ഹൃദ്രോഗമുണ്ടാക്കാതെ നോക്കുമെങ്കിലും പ്രമേഹം, രക്തസമ്മർദ്ദം മുതലായ രോഗങ്ങളുള്ളവർ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തണം.

ആർത്തവ വിരാമത്തിനുശേഷം സ്ത്രീകൾക്ക് ഹൃദ്രോഗത്തിനുള്ള സാദ്ധ്യത പുരുഷന്മാരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. സ്‌ത്രീകളുടെ രക്തധമനികൾ പുരുഷന്മാരെ അപേക്ഷിച്ച് ചെറുതാണ്. മാത്രമല്ല പ്രമേഹമുള്ള സ്‌ത്രീകളിൽ രക്തക്കുഴലുകളിലെ അടവുകൾ കൂടുതലായിരിക്കും. പ്രമേഹമുള്ള സ്‌ത്രീകളിൽ മരണനിരക്കും സമാനസ്ഥിതിയിലുള്ള പുരുഷന്മാരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ചെറുപ്പത്തിൽത്തന്നെ ആർത്തവ വിരാമമെത്തുന്ന സ്ത്രീകൾ എല്ലാവർഷവും ഹൃദയപരിശോധന നടത്തേണ്ടതാണ്.

വ്യായാമവും

ഹൃദയവും

ഒരിക്കൽ ഹൃദ്രോഗം വന്നവർ പടിപടിയായി മാത്രമേ വ്യായാമം ചെയ്യാവൂ. പലപ്പോഴും ഹൃദയത്തിന്റെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് വ്യായാമമുറകളും അതിന്റെ ദൈർഘ്യവും ഡോക്ടർമാർ നിർദ്ദേശിക്കാറ്. കാർഡിയോ വ്യായാമമുറകളാണ് ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഉത്തമം. ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും ഇത് ചെയ്തിരിക്കണം. ഡോക്ടറുടെ നിർദ്ദേശപ്രകാരം യോഗയും മറ്റും ചെയ്യുന്നതും നല്ലതുതന്നെയാണ്. പ്രമേഹം, രക്തസമ്മർദ്ദം മുതലായ രോഗാവസ്ഥകളുള്ളവർ അവ നിയന്ത്രിക്കുന്നതിനായി വ്യായാമം ചെയ്യുന്നത് അത്യുത്തമമാണ്. വ്യായാമം ചെയ്യുന്നതിനിടയിൽ ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ട് വരികയാണെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം.

കൊവിഡാനന്തര

ശ്വാസകോശ പ്രശ്നങ്ങളും

ഹൃദയവും

കൊവിഡ് രോഗബാധിതർക്ക് ശ്വാസം മുട്ടൽ മൂന്നുതരത്തിലാണ് പ്രധാനമായും കണ്ടുവരുന്നത്. ഒന്ന്, കൊവിഡ് മൂലമുള്ള ന്യുമോണിയ. ഇത്തരക്കാർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുക സാധാരണമാണ്. ഇത് ഭാവിയിൽ ശ്വാസകോശ സംബന്ധമായ ലംങ് ഫൈബ്രോസിസിലേക്ക് നയിക്കുകയും ഹൃദയത്തിന്റെ വലത്തേ അറകളുടെ പ്രവർത്തനത്തിന്റെ കാര്യക്ഷമതയെ ബാധിക്കാനും ഇടയുണ്ട്.

രണ്ട്, കൊവിഡാനന്തരം കാലിലെ രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഹൃദയത്തെ ബാധിച്ചേക്കാം. പലപ്പോഴും ഈ രക്തക്കട്ടകൾ ശ്വാസകോശത്തിലെ രക്തധമനികളിലേക്ക് കടക്കുകയും ശ്വാസംമുട്ടൽ ഉണ്ടാക്കുകയും ചെയ്യും. ഈ അവസ്ഥയെ നമ്മൾ പൾമണറി എംബോളിസം എന്ന് പറയുന്നു. ഈ അവസ്ഥയിലും ഹൃദയത്തിന്റെ വലത്തേ അറയുടെ പ്രവർത്തനം താറുമാറാകാൻ സാദ്ധ്യതയുണ്ട്.

മൂന്ന്, കൊവിഡ് ഹൃദയപേശികളെ ബാധിക്കുമ്പോൾ ഹൃദയത്തിന്റെ പമ്പിങ് കുറയുകയും അതുകാരണം ശ്വാസകോശത്തിൽ വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് പൾമണറി എഡിമ എന്ന അവസ്ഥയിലേക്ക് പോവുന്നത്. ഇത് ഹൃദയത്തിന്റെ ഇടത്തേ അറകളെയാണ് ബാധിക്കുന്നത്. അതുകൊണ്ട് ശ്വാസംമുട്ടലിനൊപ്പം ഏതെങ്കിലും തകരാറ് ഹൃദയത്തിനുണ്ടാകുവാനുള്ള സാദ്ധ്യത അധികമാണ്.

ഏതാണ്

മികച്ച വ്യായാമം ?​

വ്യായാമമുറകളിൽ ഒന്നാമൻ നടത്തം തന്നെ. ആഴ്ചയിൽ അഞ്ചുതവണയെങ്കിലും കൈവീശിയുള്ള,​ വേഗതയേറിയ അരമണിക്കൂർ നടത്തം ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നീന്തൽ, ഓട്ടം, ചെറിയ രീതിയിലുള്ള ഭാരോദ്വഹനം എന്നിവയും യോഗയും തീർച്ചയായും നല്ലതുതന്നെയാണ്. ഹൃദ്രോഗമുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ വ്യായാമം ചെയ്യാവൂ.

​(തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗം അസോസിയേ​റ്റ് പ്രൊഫസറാണ് ലേഖകൻ)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLD HEART DAY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.