SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.49 AM IST

മനസ് മാറ്റാം പുകയില ഉപേക്ഷിക്കാം

photo

ഇന്ന് ലോക പുകയില വിരുദ്ധദിനം

........................................

1988 ലാണ് ലോകാരോഗ്യസംഘടന മേയ് 31ലോക പുകയിലവിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്. പുകവലിശീലം സൃഷ്‌ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്‌കരിക്കാനും ആ ശീലത്തിൽനിന്ന് പിന്തിരിപ്പിക്കാനുമാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. 2022 ലെ ലോക പുകയിലവിരുദ്ധ ദിനത്തിന്റെ സന്ദേശ വാചകം, 'പരിസ്ഥിതിയെ സംരക്ഷിക്കാം എന്നതാണ് ', കാരണം ഒരുവർഷം പുകയില ഉത്പന്നങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ലോകവ്യാപകമായി ആറുകോടി വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കപ്പെടുന്നു.

പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് 84 കോടി ടൺ കാർബൺ ഡയോക്‌സൈഡ് പുറപ്പെടുവിക്കുന്നു. 220 കോടി ലിറ്റർ ജലം പാഴായിക്കൊണ്ടിരിക്കുന്നു. 80 ലക്ഷം ആളുകളാണ് പ്രതിവർഷം പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗത്തെത്തുടർന്ന് മരിക്കുന്നത്.

പുകയില ശീലമുള്ള ഒരു വ്യക്തിയുടെ ആയുർദൈർഘ്യം ശരാശരി 13 വർഷം കുറയുന്നതായി ലോകാരോഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കുന്നു. എച്ച്.ഐ.വി ബാധിതരായ വ്യക്തികൾക്ക് പുകവലിശീലം കൂടിയുണ്ടെങ്കിൽ അവരുടെ ആയുസ്സ് 16 വർഷം കുറയുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഒരു സിഗരറ്റ് വലിക്കുമ്പോൾ നിങ്ങളുടെ ആയുസ്സിൽ നിന്ന് 11 മിനിറ്റ് കുറയുന്നു. ലോകത്ത് പുകവലിശീലമുള്ള ആളുകൾ ഏറ്റവും കൂടുതലുള്ളത് ചൈനയിലാണ്. 30 കോടി. ലോകത്താകെയുള്ള പുകവലിക്കാരിൽ മൂന്നിലൊന്നു ഭാഗവും ചൈനയിലാണ്. അതേപോലെതന്നെ പുകയില ഉത്‌പന്നങ്ങൾ നിർമ്മിക്കുന്ന ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പത്ത് രാഷ്ട്രങ്ങളിലൊന്ന് ഇന്ത്യയാണ്. പുകയിലയിൽ 7000 രാസവസ്തുക്കളുണ്ട് . അതിൽ 70 എണ്ണമെങ്കിലും വിവിധതരം കാൻസറുകളുണ്ടാക്കാൻ പ്രാപ്തിയുള്ള രാസവസ്തുക്കളാണ്. പുകയില ശീലമുള്ളവരിൽ അഥവാ പുകയില ഉത്‌പന്നങ്ങളുടെ നിരന്തര ഉപയോഗമുള്ളവരിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാൻസർ വരാൻ സാദ്ധ്യതയുണ്ട്. വായ്ക്കുള്ളിൽ കാൻസർ, നാവിലെ കാൻസർ, ശ്വാസകോശ കാൻസർ എന്നിവ മുതൽ വൃക്ക കാൻസർ വരെ ഇതുമൂലമുണ്ടാവും. രക്തയോട്ടം തടസപ്പെടുന്നത് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ പുകവലിശീലമുള്ളവരിൽ വ്യാപകമാണ്. ഹൃദയാഘാതം, പക്ഷാഘാതം, ലൈംഗികശേഷിക്കുറവ്, നേത്രങ്ങളുടെ പ്രവർത്തനക്ഷമതയിലെ കുറവ്, കൈകാലുകൾക്ക് പെരുപ്പ് തുടങ്ങിയ വിവിധതരം പ്രശ്നങ്ങൾ ഇവർക്കുണ്ടാകാൻ സാദ്ധ്യതയുണ്ട്. ശ്വാസകോശസംബന്ധമായ എംഫിസീമ പോലെ ഗൗരവസ്വഭാവമുള്ള രോഗങ്ങളും പുകവലിശീലമുള്ളവരിൽ വ്യാപകമായി കാണപ്പെടുന്നു. കൃത്യമായ ചികിത്സയിലൂടെ പുകവലി ശീലത്തിൽനിന്ന് വ്യക്തികളെ മോചിപ്പിക്കാൻ സാധിക്കും. പുകവലിശീലം പൂർണമായി ഉപേക്ഷിച്ച് ഒരു മാസത്തിനുള്ളിൽത്തന്നെ അതിന്റെ ആരോഗ്യഗുണഫലങ്ങൾ കണ്ടുതുടങ്ങും. രക്തത്തിലെ നിക്കോട്ടിന്റെ അളവ്, രക്തക്കുഴലുകൾ അടയാനുള്ള സാദ്ധ്യത, ശ്വാസകോശത്തിലെ പ്രവർത്തനത്തകരാറുകൾ ഇതെല്ലാം പുകവലിശീലം നിറുത്തി ഒരു വർഷത്തിനുള്ളിൽത്തന്നെ പൂർണമായും സാധാരണനിലയിലേക്ക് എത്തിച്ചേരാൻ സാദ്ധ്യതയുണ്ട്. പുകയില ഉത്‌പന്നങ്ങളോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കുന്ന സുരക്ഷിതവും ഫലപ്രദവുമായ മരുന്നുകൾ നിലവിലുണ്ട്. മൂന്നുമാസം മുതൽ ആറുമാസം വരെ ഈ മരുന്നുകൾ കഴിക്കേണ്ടത് പുകയില ഉത്‌പന്നങ്ങളോടുള്ള ആസക്തി ഇല്ലാതാകാൻ അത്യാവശ്യമാണ്.

മോട്ടിവേഷൻ

എൻഹാൻസ്‌മെന്റ്

തെറാപ്പി

പുകയില ഉത്‌പന്നങ്ങളോടുള്ള ആസക്തി കുറയ്ക്കാൻ 'മോട്ടിവേഷൻ എൻഹാൻസ്‌മെന്റ് തെറാപ്പി' എന്നൊരു മനഃശാസ്ത്ര ചികിത്സാരീതിയും വ്യാപകമായി ഉപയോഗിക്കപ്പെട്ടു വരുന്നു. പലപ്പോഴും പുകയില ഉത്‌പന്നങ്ങൾ നിരന്തരം ഉപയോഗിക്കുന്ന വ്യക്തികൾക്ക് അനുബന്ധമായി മറ്റുപല മാനസികാരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. പുകവലിശീലമുള്ള വ്യക്തികളിൽ വ്യാപകമായി ലൈംഗികശേഷിക്കുറവും വന്ധ്യതയും കണ്ടുവരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLD NO TOBACCO DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.