SignIn
Kerala Kaumudi Online
Friday, 19 April 2024 5.14 AM IST

ലോകവ്യാപാര സംഘടനയിൽ നിന്ന് ഇന്ത്യ പുറത്തുകടന്നാൽ

photo

സ്വിറ്റ്സർലൻഡിലെ ജനീവയിൽ ജൂൺ 13ന് തുടങ്ങുന്ന ലോക വ്യാപാര സംഘടനയുടെ 12-ാമത് മന്ത്രിതല സമ്മേളന(MC12) അജണ്ടയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചർച്ചാ കുറിപ്പ് വികസ്വര, അവികസിത രാജ്യങ്ങൾക്ക് വിനാശകരമാണ്. ലോക വ്യാപാര സംഘടനയിൽ വരാനിരിക്കുന്ന ചർച്ചകൾ ഇന്ത്യയിലെ കർഷകരെയും മത്സ്യത്തൊഴിലാളികളെയും ചില്ലറ വ്യാപാരികളെയും ഗുരുതരമായി ബാധിക്കും.
ഇന്ത്യ ലോക വ്യാപാരസംഘടനയിൽ ചേരുമ്പോൾ കർഷകർക്ക് വലിയ വാഗ്ദാനങ്ങൾ നൽകിയിരുന്നു. കർഷകർക്ക് വിപണി ലഭ്യത വർദ്ധിക്കുന്നത് കൂടുതൽ കയറ്റുമതിയും അധിക വരുമാനവും ഉറപ്പാക്കുമെന്ന് പ്രസ്താവിച്ചു. സംഘടന വന്ന് 25 വർഷത്തിനുശേഷം, ഇന്ത്യയിലെ കർഷകർ ദുരിതത്തിലാണ്.
ലോക വ്യാപാരസംഘടനയുടെ തർക്കപരിഹാര സംവിധാനത്തിന് (Dispute Settlement Mechanism) മുമ്പാകെ ഇന്ത്യയ്‌ക്കെതിരായ കേസുകൾ ഒന്നിനുപിറകെ ഒന്നായി ഫയൽ ചെയ്യപ്പെട്ടു. മിക്കവയിലും ഇന്ത്യ പരാജയപ്പെട്ടു. അളവ് നിയന്ത്രണങ്ങൾ (Quantitative Restrictions) സംബന്ധിച്ച കേസ് പരാജയപ്പെട്ടതോടെ ഇന്ത്യ അളവ് നിയന്ത്രണങ്ങൾ നീക്കംചെയ്തു. ഇപ്പോൾ, വികസിത രാജ്യങ്ങൾ ഇന്ത്യയുടെ മിനിമം താങ്ങുവില ലക്ഷ്യമിടുന്നു.


2014-15 മുതൽ 2018-19 കാലയളവിൽ കരിമ്പ് ഉത്‌പാദകർക്ക് മിനിമം താങ്ങുവില പിന്തുണയും പഞ്ചസാര കയറ്റുമതി സബ്‌സിഡിയും അനുവദിച്ചത് കാർഷിക കരാർ ( Agreement on Agriculture) ലംഘനമാണെന്ന് ഡിസംബർ 14 ന് ഡി.സ്.എസ്.എം പാനൽ കണ്ടെത്തിയിരുന്നു. ബ്രസീൽ,ആസ്‌ട്രേലിയ, ഗ്വാട്ടിമാല എന്നിവ ലോകവ്യാപാര സംഘടനയുടെ തർക്ക പരിഹാരസമിതിക്ക് പരാതി നൽകിയതിനെ തുടർന്നാണ് 2019 ൽ ഡി.സ്.എസ്.എം പാനൽ രൂപീകരിച്ചത്. കാനഡ, ചൈന, യൂറോപ്യൻ യൂണിയൻ, ഇന്തോനേഷ്യ, ജപ്പാൻ, റഷ്യൻ ഫെഡറേഷൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ ലോക വ്യാപാരസംഘടനയുടെ 13 അംഗങ്ങൾ തർക്കത്തിൽ മൂന്നാംകക്ഷികളായി ചേർന്നു.

തർക്കപരിഹാര സമിതിയുടെ തീരുമാനത്തിനെതിരെ നൽകിയ ഇന്ത്യയുടെ അപ്പീൽ തള്ളിയാൽ നമ്മുടെ സബ്‌സിഡി സംവിധാനം അവസാനിക്കും. കാർഷിക കരാർ പ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ച് സബ്‌സിഡികൾ കുറച്ചാൽ, ഇന്ത്യയുടെ ഗോതമ്പിനും അരിക്കും താങ്ങുവില പൂജ്യമാകും.

ഭക്ഷ്യസുരക്ഷാ നടപടികൾക്കായുള്ള പൊതുശേഖരണം ലോക വ്യാപാര സംഘടനയിലെ സബ്‌സിഡി കുറയ്ക്കൽ പ്രതിബദ്ധതയിൽ നിന്നൊഴിവാക്കണമെന്ന് ജി-33 രാജ്യങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ പ്രധാന വികസിത രാജ്യങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഇളവുകളെ ശക്തമായി എതിർക്കുന്നു. ജി-33 രാജ്യങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടാതിരിക്കുകയും താങ്ങുവിലയുമായി ബന്ധപ്പെട്ട കേസ് എതിരാവുകയും ചെയ്‌താൽ ഇന്ത്യ ലോക വ്യാപാര സംഘടനയിൽ നിന്ന് പുറത്തുകടന്ന് കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതാണ് നല്ലത്.


വികസ്വര രാജ്യങ്ങളും അവികസിതരാജ്യങ്ങളും ഒന്നിച്ച് വികസിത രാജ്യങ്ങളെയും അവരുടെ നിക്ഷിപ്ത താത്പര്യങ്ങളെയും എതിർത്തപ്പോഴെല്ലാം ലോക വ്യാപാരസംഘടനയുടെ ചർച്ചകൾ വളരെക്കാലം സ്തംഭിച്ചതാണ് ചരിത്രം. വികസിത രാജ്യങ്ങൾ അവരുടെ സബ്‌സിഡികൾ തുടരുന്നു; വർഷം തോറും വർദ്ധിക്കുന്നു. ചർച്ചകൾ സ്തംഭിച്ചപ്പോൾ, പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാതെ വികസിത രാജ്യങ്ങൾ നിക്ഷേപ പരിരക്ഷയും ഇ-കൊമേഴ്‌സും പോലുള്ള പുതിയ പ്രശ്‌നങ്ങൾ മുന്നോട്ട് വച്ചു. നിക്ഷേപ സംരക്ഷണ കരാറുകളും ഇ-കൊമേഴ്‌സും വികസ്വര രാജ്യങ്ങളിലെ കാർഷിക നയങ്ങളിലും രീതികളിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.


ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഡിജിറ്റൽ ടെക്‌നോളജി കമ്പനികളും ആദ്യം ഡാറ്റയും പിന്നീട്, ഉത്പാദനം, വില്‌പന, ഗവേഷണം, വിപുലീകരണ സേവനങ്ങൾ എന്നിവയും നിയന്ത്രിക്കുന്നു. ഉത്പാദനം വർദ്ധിപ്പിക്കാനെന്ന പേരിൽ കാർഷിക വിവരശേഖരണത്തിനായി ആമസോൺ, മൈക്രോസോഫ്റ്റ്, സിസ്‌കോ, റിലയൻസ് ജിയോ, ഐ.ടി.സി എന്നിവയുമായി ഇന്ത്യാ ഗവൺമെന്റ് ധാരണയിലെത്തി. ഇത് കുറച്ച് കമ്പനികൾക്ക് കൃഷിയുടെ മേൽ വലിയ നിയന്ത്രണം നൽകും.

2017ൽ, ഭക്ഷ്യവിഭവ വില്‌പനയിൽ ആമസോണിന്റേതുൾപ്പെടെ മൂന്ന് നേരിട്ടുള്ള വിദേശനിക്ഷേപ നിർദ്ദേശങ്ങൾക്ക് എൻ.ഡി.എ സർക്കാർ അംഗീകാരം നൽകി. ആമസോൺ പോലുള്ള കമ്പനികൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ വഴിയൊരുക്കി ഭക്ഷ്യവിഭവ വില്‌പനയിൽ 100ശതമാനം വിദേശനിക്ഷേപം സർക്കാർ അനുവദിച്ചു. ഇഡ്‌ലി-വട തുടങ്ങി പ്രാദേശികമായി നിർമ്മിക്കുന്ന എല്ലാത്തരം ഭക്ഷ്യവസ്തുക്കളുടെയും ഓൺലൈൻ വില്‌പന തുടങ്ങാൻ ഇപ്പോൾ ആമസോണിനാകും. റസ്റ്റോറന്റുകളും ഹോട്ടലുകളും തുടങ്ങാനും സർക്കാർ തീരുമാനം അനുവദിക്കുന്നു. ഇതിനകം തന്നെ, യുഎസ് സ്ഥാപനമായ സബ്‌വേ ഈ മേഖലയിലേക്ക് പ്രവേശിച്ച് ഇഡ്‌ലി-വടയുടെയും പിസ്സയുടെയും വില്‌പന ആരംഭിച്ചു. താമസിയാതെ, വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്പ്കാർട്ടിന് പ്രാദേശിക ഭക്ഷണ വില്‌പനയിൽ പ്രവേശിക്കാനുള്ള അനുമതി ലഭിക്കും.


ഈ മന്ത്രിതല സമ്മേളനം ഫിഷറീസ് സബ്‌സിഡികളെക്കുറിച്ച് ചർച്ച ചെയ്യും. വികസിത രാജ്യങ്ങളുടെ നിർദേശങ്ങൾ വികസ്വര രാജ്യങ്ങളിലെ മത്സ്യത്തൊഴിലാളികളെ ബാധിക്കും. വികസിത രാജ്യങ്ങൾ 200 നോട്ടിക്കൽ മൈൽ വരെ മത്സ്യ സബ്‌സിഡി നിലനിറുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ശക്തമായി എതിർക്കുന്നു. അതേസമയം ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങൾ മത്സ്യബന്ധനത്തിനും കപ്പലുകൾക്കുമുള്ള സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഇപ്പോഴും പിന്നിലാണ്. ഇതിനാൽ സബ്‌സിഡി നിറുത്തലാക്കുന്നത് വികസിതരാജ്യങ്ങൾക്ക് നേട്ടവും വികസ്വര രാജ്യങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് പ്രഹരവുമാകും.

മത്സ്യബന്ധനത്തെക്കുറിച്ചുള്ള ചർച്ചാഗ്രൂപ്പിന്റെ അദ്ധ്യക്ഷൻ, കൊളംബിയയുടെ സാന്റിയാഗോ വിൽസ് പ്രചരിപ്പിച്ച പരിഷ്കരിച്ച ചർച്ചാകുറിപ്പ് അസന്തുലിതമാണ്. ഇന്ത്യയും മറ്റ് വികസ്വര രാജ്യങ്ങളും ഈ പ്രശ്‌നങ്ങളിൽ പ്രത്യേകവും പ്രതിരോധാത്മകവുമായ പരിചരണം (SDT- Special and differancial Treatment) ആഗ്രഹിക്കുന്നെങ്കിലും അനുകൂല തീരുമാനത്തിന് സാദ്ധ്യത കുറവാണ്. ഈ ഘട്ടത്തിൽ ഇന്ത്യ ലോകവ്യാപാര സംഘടനയിൽ നിന്ന് പുറത്തുകടന്ന് മത്സ്യത്തൊഴിലാളികളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതാണ് നല്ലത്.

വ്യാവസായിക ഉത്‌പന്നങ്ങളുടെ നിയന്ത്രണങ്ങൾ നീക്കിയതോടെ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉത്‌പന്നങ്ങൾ ഇന്ത്യൻ വിപണികളിൽ അനിയന്ത്രിതമായി വന്ന് നിരവധി പ്രാദേശിക വ്യവസായങ്ങളെ ഇല്ലാതാക്കി. ഇന്ത്യയുടെ ഹാർഡ്‌വെയർ വ്യവസായത്തെ നശിപ്പിക്കുകയും ഐ.സി.ടി മേഖലയിൽ തൊഴിൽ സൃഷ്ടിക്കുന്നത് കർശനമായി നിയന്ത്രിക്കുകയും ചെയ്ത ഇൻഫർമേഷൻ ടെക്നോളജി കരാർ (ഐ.ടി.എ) നല്ല ഉദാഹരണം.

ലോക വ്യാപാരസംഘടനയിൽ നിന്ന് പുറത്തുകടന്നാൽ ഇന്ത്യയ്ക്ക് ആഭ്യന്തരനയത്തിലുറച്ച് സ്വന്തം വ്യവസായം വികസിപ്പിക്കുകയും കൂടുതൽ വരുമാനം സൃഷ്ടിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം.
ലോക വ്യാപാരസംഘടനയിൽ നിന്ന് പുറത്തുകടക്കാൻ മാരകേഷ് കരാർ പ്രകാരം നോട്ടീസ് നൽകാൻ ഇന്ത്യ മുൻകൈയെടുക്കുകയും സമാന ചിന്താഗതിക്കാരായ മറ്റ് രാജ്യങ്ങളുമായി ചേരുകയും വേണം. വികസ്വരരാജ്യങ്ങളെയും അവികസിത രാജ്യങ്ങളെയും ശേഖരിക്കാനുള്ള അവസരമായി ഈ മന്ത്രിതലസമ്മേളനം ഇന്ത്യ ഉപയോഗിക്കണം. ഇന്ത്യയിലെ കർഷകരെയും വ്യാപാരികളെയും മത്സ്യത്തൊഴിലാളികളെയും രക്ഷിക്കാനുള്ള ഒരേയൊരു മാർഗമാണിത്. ഇന്ത്യയുടെ നീക്കം മറ്റ് ദരിദ്രരാജ്യങ്ങൾക്കും ധൈര്യം പകരും.

( രാഷ്‌‌ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോർഡിനേറ്ററാണ് ലേഖകൻ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLD TRADE ORGANISATION AND INDIA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.