SignIn
Kerala Kaumudi Online
Friday, 19 April 2024 9.47 PM IST

കാണും മുമ്പേ ദൃഢമായ ബന്ധം

yesudas

പരസ്പരം കാണുന്നതോടെയാണ് ഒരാളുമായി വ്യക്തിപരമായ അടുപ്പമുണ്ടാകുന്നത്. അങ്ങനെയാണ് സാധാരണമെങ്കിലും, 'ദാസേട്ട'ന്റെ കാര്യത്തിൽ എനിക്ക് അങ്ങനെയല്ല. എന്നെങ്കിലും തമ്മിൽ കാണാനാവുമെന്ന് ഒരു പ്രതീക്ഷയുമില്ലാത്തപ്പോൾത്തന്നെ ഞങ്ങൾ തമ്മിലെ വ്യക്തിപരമായ ബന്ധം ദൃഢമായിക്കഴിഞ്ഞിരുന്നു. അത്ര വശ്യമായിരുന്നു ആ ഗാനമാധുരി. മാത്രമല്ല, എന്റെ ജീവിതത്തിന് ശുദ്ധജലം പോലെ നിത്യവും പലതവണ ആവശ്യമായിരുന്നു, അത്.


റേഡിയോയിൽ കാത്തിരുന്നു കേട്ട പാട്ടുകളാണ് ഇങ്ങനെയും ഒരു സ്വരസുഗന്ധമോ എന്നു വിസ്മയപ്പെടാൻ എന്റെ തലമുറയെ പ്രേരിപ്പിച്ചതും പ്രചോദിപ്പിച്ചതും. നേരിട്ടാസ്വദിക്കാൻ കഴിഞ്ഞതാവട്ടെ കൊല്ലം കുരീപ്പുഴയിൽ ഒരു ഗാനമേളയ്ക്ക് പ്രത്യക്ഷപ്പെട്ടപ്പോളായിരുന്നു. തൂവെള്ളക്കുപ്പായത്തിൽ, 'ഗന്ധർവഗായകൻ' എന്ന് ജി. ശങ്കരക്കുറുപ്പ് നൽകിയ വിശേഷണം സാർത്ഥകമാക്കാനെന്നപോലെ ദാസേട്ടൻ സദസ്സിനെ ഒരൊറ്റ സ്വത്വമായി തന്നിലേക്ക് ബന്ധിച്ചു; സംഗീതത്തിന്റെ ഇന്ദ്രജാലത്തിലൂടെ.


രാജ്യസഭാംഗമായിരുന്നപ്പോഴാണ് യാത്രയ്ക്കിടയിൽ പലതവണ കണ്ടുമുട്ടി,​ കൂടുതൽ പരിചയപ്പെടാൻ ഇടയായത്. 'സ്വരലയ'യുടെ രൂപീകരണത്തെത്തുടർന്ന് അത് കൂടുതൽ ദൃഢമായി. 'സ്വരലയ- യേശുദാസ് കൈരളി പുരസ്‌കാരം' ആ പരസ്പര ബന്ധത്തെ കുടുംബബന്ധത്തിന്റെ തലത്തിലേക്ക് ഉയർത്തി. മദിരാശിയിലെ ദാസേട്ടന്റെ പഴയ വീട്ടിൽ,​ പരേതനായ വി.കെ. മാധവൻകുട്ടിയുമൊത്ത് ഒരുപാടുനേരം വർത്തമാനം പറഞ്ഞു കൂടിയപ്പോഴാണ് വലിയ ഫലിതരസികനാണ് അദ്ദേഹമെന്ന് മനസ്സിലാകുന്നത്. തമ്മിൽ കാണുമ്പോൾ പുതിയ ഫലിതകഥകൾ സ്റ്റോക്കുണ്ടോ എന്ന ചോദ്യം ഉറപ്പാണെന്ന് മാധവൻകുട്ടിയേട്ടനാണ് എന്നോടു പറഞ്ഞത്.

സ്വയം മുൻകൈയെടുത്ത് പണസമാഹരണംനടത്തി ഒരുപാട് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ദാസേട്ടൻ നേതൃത്വം നൽകി. ഇറാക്കിൽ അധിനിവേശയുദ്ധത്തിന് അമേരിക്കയും കൂട്ടാളികളും തയ്യാറെടുത്തുകൊണ്ടിരുന്നപ്പോൾ യുദ്ധവിരുദ്ധ റാലിയിൽ പങ്കെടുക്കുവാൻ ദാസേട്ടൻ ആലപ്പുഴയിലെത്തിയത് ഓർമ്മയുണ്ട്. നാടകകാരനായ സഫ്ദർ ഹാഷ്മി ഘാസിയാബാദിൽ വധിക്കപ്പെട്ടതിൽ പ്രതിഷേധിക്കാൻ രാജ്യമെങ്ങും കലാകാരന്മാർ രംഗത്തിറങ്ങിയപ്പോൾ ദാസേട്ടനും അതിൽ നേരിട്ട് ഭാഗഭാക്കായത് മറക്കാനാവില്ല.

1997 ൽ ഇന്ത്യൻ സ്വാതന്ത്യപ്രാപ്തിയുടെ അര നൂറ്റാണ്ട് സംഗീതാർച്ചനയിലൂടെ ആഘോഷിക്കുന്ന ഒരു പരിപാടി 'സ്വരലയ' ആവിഷ്‌കരിച്ചു. ദൽഹിയിലെ സിരിഫോർട്ടിൽ നടന്ന ആ സംഗീത സംഗമത്തിൽ ദാസേട്ടന്റെ പരിപാടി ഏറ്റവും ശ്രദ്ധേയമായിരുന്നു. പ്രശസ്ത കലാകാരി കമാലിനി ദത്തിന്റെ മേൽനോട്ടത്തിൽ ദൂരദർശൻ

അത് തത്സമയം സംപ്രേക്ഷണം ചെയ്തതും ഓർക്കുന്നു.

ശാസ്ത്രീയ സംഗീതരംഗത്ത് യാഥാസ്ഥിതികരായ തനി പാരമ്പര്യവാദികൾ ദാസേട്ടന്റെ സംഗീതമികവ് അംഗീകരിക്കുന്നതിൽ കാണിക്കുന്ന പക്ഷപാതിത്വം ഒരിക്കലും വിമർശന വിധേയമാക്കാൻ അദ്ദേഹം മുതിർന്നിട്ടില്ല. നേരേമറിച്ച് അക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളവരടക്കം,​ മുതിർന്ന ഗുരുക്കന്മാരെ ഗുരുവന്ദനം നടത്തി ആദരിക്കുന്ന പരിപാടി അദ്ദേഹം പലതവണ സംഘടിപ്പിക്കുകയുമുണ്ടായി! വിമർശിക്കുന്നവരെ വന്ദിക്കുന്ന ഈ അത്യപൂർവ മാതൃക ദാസേട്ടന്റെ മാത്രം പ്രത്യേകതയാണ്.


ജാതിഭേദത്തിനെതിരെയുള്ള മഹത്തായ ശ്രീനാരായണ ഗുരുസൂക്തം ആലപിച്ചുകൊണ്ടാണ് അറുപതു വർഷം മുമ്പ് ദാസേട്ടൻ സംഗീതജീവിതത്തിന്റെ പുതിയൊരു ഘട്ടം സമാരംഭിച്ചത്. അതൊരു ചരിത്ര നിയോഗം പോലെയായി.
ഇനിയും ഒരുപാടു പതിറ്റാണ്ടുകൾ ദാസേട്ടന്റ വാക്കുകളും ആലാപനവും നമ്മുടെ ജീവിതത്തെ ധന്യമാക്കുമെന്നു പ്രതീക്ഷിക്കാം. ദാസേട്ടനും പ്രഭച്ചേച്ചിക്കും സംഗീതലോകത്തിന്റെ സ്‌നേഹാഭിവാദനങ്ങൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YESUDAS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.