SignIn
Kerala Kaumudi Online
Thursday, 25 April 2024 5.20 AM IST

സർക്കാരിന്റെ ഫയൽ പരിഷ്കാരം വിജയിക്കട്ടെ

photo

യോഗനാദം മേയ് ഒന്ന് ലക്കം എഡി​റ്റോറി​യൽ

...........................

സർക്കാർ സംവിധാനങ്ങളുടെ നിത്യശാപമാണ് ചുവപ്പുനാട കുരുക്ക്. ഒരു മൊട്ടുസൂചി വാങ്ങാനോ, ചെറിയൊരു ആനുകൂല്യം അനുവദിക്കാനോ പോലും പല തട്ടുകളിൽ അനുമതി തേടി ഫയലുകൾ ഒച്ചിഴയും പോലെ മാസങ്ങൾ സഞ്ചരിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്.

അനിശ്ചിതമായ ഈ കാലതാമസത്തിന് ഒരു ന്യായീകരണവുമില്ല. വിശേഷിച്ച് ഡിജിറ്റൽ കാലത്ത്. കാലം മാറിയിട്ടും സാങ്കേതികവിദ്യകൾ മാറിയിട്ടും സമീപനം മാറില്ലെന്ന് ശഠിക്കുന്ന ജീവനക്കാരെ വച്ചുവാഴിക്കേണ്ട കാര്യം സർക്കാരുകൾക്കോ ജനങ്ങൾക്കോ ഇല്ല. ജനങ്ങളിൽ നിന്ന് എണ്ണിവാങ്ങുന്ന കരം കൊണ്ടാണ് തങ്ങൾ അന്നമുണ്ണുന്നതെന്ന് സർക്കാർ ഉദ്യോഗസ്ഥർ തിരിച്ചറിയേണ്ട കാലം വരേണ്ടതുണ്ട്.

ഒട്ടേറെപേരുടെ ജീവിതവും കണ്ണീരും പ്രതീക്ഷകളും തുടിക്കുന്നതാണ് ഓരോ ഫയലും. അതിൽ അടയിരുന്നും കുനുഷ്ടുകൾ എഴുതിയും തട്ടിക്കളിക്കുന്നത് വിനോദമാക്കിയ ക്ളാർക്ക് മുതൽ സെക്രട്ടറിമാർ വരെയുള്ള കുറേ ഉദ്യോഗസ്ഥരാണ് ഏത് സർക്കാരിനെയും പ്രതിക്കൂട്ടിലാക്കാൻ മുന്നിൽ നിൽക്കുന്നത്. ആത്മാർത്ഥമായി ജോലി ചെയ്യുന്നവർക്കും ഇവർ ദുഷ്പേരുണ്ടാക്കുന്നു.

സർവീസ് സംഘടനകളുടെ സംഘബലം കൊണ്ട് ഇത്തരം കഴിവുകെട്ടവരും ദുർബുദ്ധികളും അലസരുമായ ജീവനക്കാർക്കെതിരെ ശക്തമായ ഒരു നടപടിയും സാദ്ധ്യമായിരുന്നില്ല. ഫയൽ സമ്പ്രദായം കാര്യമായി പരിഷ്കരിക്കാനോ സമയബന്ധിതമാക്കാനോ ഇതുവരെ ഒരു സർക്കാരും ധൈര്യം കാട്ടിയിട്ടില്ല. രണ്ടാം പിണറായി സർക്കാർ അക്കാര്യത്തിൽ ഭാവാത്മകമായ ചില പരിഷ്കാരങ്ങൾ കൊണ്ടുവരികയാണ്. തുടക്കം ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ തന്നെയാണ്. അതും നന്നായി. സെക്രട്ടേറിയറ്റിലെ 46 വകുപ്പുകളിലെ ഫയലുകൾ ഇനി രണ്ടുതട്ടിൽ മാത്രം പരിശോധിച്ചാൽ മതിയെന്നാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഒരു അസിസ്റ്റന്റിന്റെ മേശപ്പുറത്ത് പിറക്കുന്ന ഫയലുകൾ പലതും എട്ട് തട്ടുകൾ വരെ സഞ്ചരിച്ചാണ് വിശകലനവും നോട്ടെഴുത്തും മറ്റും കഴിഞ്ഞ് വകുപ്പ് സെക്രട്ടറിയുടെ മുമ്പാകെ എത്തുന്നത്. മന്ത്രിമാർ കാണേണ്ട ഫയലുകൾ ഇനി അണ്ടർ സെക്രട്ടറിക്ക് ശേഷം ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡിഷൽ സെക്രട്ടറി എന്നിവരിൽ ആരെങ്കിലും കണ്ടാൽ മതിയാകും. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് വിപ്ളവകരമായ പരിഷ്കാരത്തിന്റെ തുടക്കമാണ്. സർവീസ് സംഘടനകൾ ഇത്രത്തോളം ശക്തമായ മറ്റൊരു സംസ്ഥാന സെക്രട്ടേറിയറ്റ് വേറെയുണ്ടാകില്ല. ഹാജർ ഉറപ്പാക്കാനുള്ള പഞ്ചിംഗ് സമ്പ്രദായത്തെ പോലും ശക്തിയുക്തം എതിർത്തവരാണ് യൂണിയനുകൾ. എന്തുകൊണ്ടോ പുതിയ പരിഷ്കാരനീക്കങ്ങളോട് അവർ പൊതുവേ മൗനം പാലിക്കുകയാണ്.
ജനങ്ങളെ സേവിക്കുക എന്നതിലുപരി സ്വന്തം സ്വാർത്ഥമായ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നവരാണ് നല്ലൊരുഭാഗം സർക്കാർ ജീവനക്കാരും. സർക്കാരിനു കീഴിൽ ഏറ്റവുമധികം ശമ്പളം നൽകുന്ന സ്ഥാപനങ്ങളിലൊന്നായ കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥർ അവിടെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ അടുത്തിടെയാണ് വാർത്തകളിൽ സ്ഥാനംപിടിച്ചത്.

ഈയൊരു പശ്ചാത്തലത്തിൽ തന്നെ വേണം കേരളത്തിന്റെ ചീഫ് സെക്രട്ടറി വി.പി.ജോയിയും സംഘവും ഗുജറാത്തിലെ ഭരണമാതൃക പഠിക്കാൻപോയ സാഹചര്യത്തെ വിലയിരുത്തേണ്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ തുടക്കം കുറിച്ച സംവിധാനത്തെ മാതൃകയാക്കി ആവിഷ്‌കരിച്ച ഡാഷ് ബോർഡ് ഇന്ന് രാജ്യത്ത് തന്നെ മാതൃകയാണ്. മുഖ്യമന്ത്രിക്ക് എല്ലാ വകുപ്പുകളിലെയും കാര്യങ്ങൾ ഡാഷ് ബോർഡിലൂടെ ഫയലുകൾ വിളിച്ചുവരുത്താതെ തന്നെ പരിശോധിക്കാനാകും. 2000 ലേറെ പദ്ധതികളുടെ ഓരോ ചലനവും നിരീക്ഷിക്കാം. കേരളത്തിൽ മാസങ്ങളെടുക്കുന്ന ഈ പ്രക്രിയയ്ക്ക് ഗുജറാത്തിൽ മിനിറ്റുകൾ മതിയാകും. ഭരണം പഠിക്കാൻ കേരളം ഗുജറാത്തിൽ പോകേണ്ടതുണ്ടോ എന്നു ചോദിച്ച് പരിഹസിക്കുന്നവർ ഇക്കാര്യങ്ങൾ കൂടി മനസിലാക്കണം. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന, ഗുണകരമാകുന്ന കാര്യങ്ങൾ എവിടെയാണെങ്കിലും പഠിച്ച് നടപ്പാക്കുകയാണ് വേണ്ടത്. ആ സമീപനത്തെ അപഹസിക്കുന്നവരെ ഗൗനിക്കേണ്ട കാര്യം പോലുമില്ല. വില്ലേജ് ഓഫീസ് തലങ്ങളിൽ അഞ്ചുമിനിറ്റിൽ തീരുമാനമെടുക്കേണ്ട ഫയലുകൾ പോലും അഞ്ചുവർഷമായിട്ടും കെട്ടിക്കിടക്കുന്നുണ്ട്. ഓരോ ഫയലും ഒരു ജീവിതമാണെന്ന കാര്യം എപ്പോഴും മനസിലുണ്ടാകണമെന്ന് സർക്കാർ ജീവനക്കാർക്ക് ഉപദേശം നൽകിയാണ് പ്രഥമ പിണറായി വിജയൻ സർക്കാർ അധികാരമേറ്റത്. ജീവനക്കാരിൽ ഏറിയ പങ്കും അത് കേട്ടഭാവം ഇപ്പോഴും കാണിക്കുന്നില്ല. വിശേഷിച്ച് ജനങ്ങൾ ഏറ്റവുമധികം ബന്ധപ്പെടുന്ന വകുപ്പുകളിൽ.

കഴിഞ്ഞ ജനുവരിയിൽ എറണാകുളം പറവൂർ മാല്യങ്കര കോയിക്കൽ വീട്ടിൽ സജീവൻ എന്ന സാധുവായ മത്സ്യത്തൊഴിലാളി ഒരു കഷണം കയറിൽ ജീവനൊടുക്കിയത് റെവന്യൂ രേഖയിൽ നിലമായി കിടന്ന ആകെയുള്ള നാല് സെന്റ് കിടപ്പാടം തരംമാറ്റി പുരയിടമാക്കാൻ ഒന്നരവർഷം വില്ലേജ്, താലൂക്ക്, ആർ.ഡി.ഒ ഓഫീസുകൾ കയറിയിറങ്ങി മടുത്ത് ഗതികെട്ടാണ്. ആ നിർദ്ധന കുടുംബത്തിന്റെ പത്തുലക്ഷത്തോളം രൂപയുടെ കടബാദ്ധ്യത എസ്.എൻ.ഡി.പി യോഗം ഏറ്റെടുക്കുകയായിരുന്നു. ഇങ്ങനെ എത്രയോ സജീവന്മാരുടെ മരണത്തിന് സർക്കാർ ജീവനക്കാരുടെ നിസംഗത വഴിയൊരുക്കി. ആത്യന്തികമായി ഇതിന് സമാധാനം പറയേണ്ടത് സർക്കാരുകളുമാണ്. പരാതികൾ ഒരുപാട് കേൾപ്പിക്കുന്ന റവന്യൂ വകുപ്പിൽ നിന്ന് നൽകേണ്ട വരുമാന, ജാതി, നോൺക്രീമിലെയർ തുടങ്ങിയ സർട്ടിഫിക്കറ്റുകൾ ഓൺലൈനാക്കിയതുൾപ്പടെയുള്ള പരിഷ്കാരങ്ങൾ ജനങ്ങൾക്ക് വളരെ സഹായകരമായിട്ടുണ്ട്. രജിസ്ട്രേഷൻ, റവന്യൂ, ഭൂസർവേ വകുപ്പുകൾ സംയോജിപ്പിക്കുന്ന ഡിജിറ്റൽ സംവിധാനവും താമസിയാതെ കേരളത്തിൽ നടപ്പിലാകുമെന്നതും സന്തോഷകരമായ കാര്യമാണ്. സെക്രട്ടേറിയറ്റിൽ തുടങ്ങിവച്ച പരിഷ്കാരങ്ങൾ അധികം വൈകാതെ എല്ലാ വകുപ്പുകളിലേക്കും എത്തിക്കണമെന്നാണ് സർക്കാരിനോട് അപേക്ഷിക്കാനുള്ളത്. സർക്കാർ ഓഫീസുകളിൽ വരുന്ന സാധാരണക്കാരനെ അതിഥിയായി പരിഗണിച്ച് ബഹുമാനിക്കുന്ന കാലമാണ് വരേണ്ടത്. അങ്ങനെ സംഭവിക്കാൻ പുതിയ പരിഷ്കാരങ്ങൾ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.