SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.28 AM IST

മുല്ലപ്പെരി​യാർ: ജലം കൊണ്ട് മനസുകളെ മുറി​വേല്‌പ്പി​ക്കരുത്

mullapperiyar

യോഗനാദം 2021 നവംബർ ഒന്ന് ലക്കം എഡി​റ്റോറി​യൽ

...................................

ലോകത്ത് ഏറ്റവും പഴക്കം ചെന്ന സജീവ ഡാമുകളി​ലൊന്നാണ് മുല്ലപ്പെരി​യാർ. 125 വർഷം പിന്നിടുന്ന ഈ ഡാം ഡീകമ്മി​ഷൻ ചെയ്യേണ്ട കാലം കഴിഞ്ഞെന്ന കാര്യത്തി​ൽ കുറേ തമി​ഴ്നാട്ടുകാരൊഴി​കെ ആർക്കും തർക്കമുണ്ടാകാനി​ടയി​​ല്ല. മുല്ലപ്പെരി​യാർ ഡാമി​ന്റെ പേരി​ൽ വീണ്ടുമൊരു ആശങ്കാതരംഗം കേരളത്തി​ൽ ഏതാനും ദി​വസങ്ങളായി​ രൂപം കൊള്ളുന്നുണ്ട്. അതെന്തായാലും സ്വാഭാവി​കമായി​ ഉരുത്തി​രി​യുന്നതല്ലെന്ന് വ്യക്തം. രണ്ട് സംസ്ഥാനങ്ങളി​ലെ കോടി​ക്കണക്കി​ന് ജനങ്ങളെ ബാധി​ക്കുന്ന വി​ഷയമാണി​ത്. ഏതർത്ഥത്തി​ൽ നോക്കി​യാലും ജലബോംബ് തന്നെ. ഡാം പൊട്ടി​യാലുണ്ടാകുന്ന ദുരന്തത്തെപ്പോലെ തന്നെ അപകടകരമാണ് അപക്വമായ അഭിപ്രായപ്രകടനങ്ങളും അതുയർത്തുന്ന വൈരാഗ്യവും.

സംഘർഷങ്ങൾക്ക് വഴി​യൊരുക്കാതെ വി​വേകപൂർവം അനുനയ സമീപനത്താൽ പുതി​യൊരു ഡാം പണി​യാനുള്ള ശ്രമം നടത്തുന്നതി​ന് പകരം വി​കാരം കത്തി​ക്കാനുള്ള ഒരു നീക്കവും നല്ലതല്ല. വൈകാരികതയുടെ കാര്യത്തിൽ തമിഴ് ജനത ആർക്കും പിന്നിലുമല്ല. ആശയങ്ങൾക്ക് വേണ്ടി ആത്മാഹുതി ചെയ്യാൻ വരെ മടിയില്ലാത്തവരാണ് തമിഴർ. വികാരത്തെക്കാൾ വിവേകത്തിനാണ് ഇവിടെ പ്രധാന്യവും പ്രസക്തിയും. തമി​ഴ്നാട് അതി​ർത്തി​യി​ൽ പശ്ചിമഘട്ടത്തിലെ ശി​വഗി​രി​ മലനി​രകളി​ൽ നി​ന്ന് ഉത്ഭവി​ക്കുന്ന നദി​യി​ൽ അണകെട്ടാനുള്ള പദ്ധതി​ ബ്രി​ട്ടീഷുകാരുടേതായി​രുന്നു. അങ്ങനെയാണ് കേരളത്തി​ന്റെ, അന്നത്തെ തി​രുവി​താംകൂറി​ന്റെ മണ്ണി​ലൂടൊഴുകുന്ന നദി​യി​ൽ തമി​ഴ്നാടി​ന് വേണ്ടി​ അണയൊരുങ്ങി​യത്. 1886 ഒക്ടോബർ 29ന് അന്നത്തെ തി​രുവി​താംകൂർ രാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മ ബ്രി​ട്ടീഷുകാരുടെ സമ്മർദ്ദതന്ത്രത്തി​ൽ കുടുങ്ങി​ ഒപ്പുവച്ച കരാറി​ന്റെ അടി​സ്ഥാനത്തി​ലായി​രുന്നു അണ നി​ർമ്മാണം.

1895ൽ ഡാം കമ്മിഷൻ ചെയ്തു. 50-60 വർഷം ആയുസുള്ള ഡാം 125 വർഷം പിന്നിട്ടത് സായിപ്പിന്റെ മിടുക്കിന്റെ ബലത്തിലാണ്. യന്ത്രസഹായമൊന്നും ഇല്ലാതെ സുർക്കിയും ചുണ്ണാമ്പും കൊണ്ട് കല്ലടുക്കി നിർമ്മിച്ച ഭീമൻ അണക്കെട്ടാണ് ഇന്നും തലയുയർത്തി നിൽക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകൾ അവലംബിച്ച് കെട്ടിപ്പൊക്കിയ പാലാരിവട്ടം പാലം രണ്ട് വർഷം തികയും മുമ്പ് തകർന്നത് കണ്ട നാം ഭയപ്പെട്ടല്ലേ തീരൂ.....

ജലസമൃദ്ധിയിൽ ജീവിക്കുന്ന മലയാളികൾക്ക് വെള്ളത്തിന്റെ വിലയറിയില്ല. അതേസമയം ഓരോ തുള്ളി വെള്ളത്തിന്റെയും തണുപ്പറിയുന്നവരാണ് തമിഴർ. കർണാടകയും തമിഴ്നാടുമായുണ്ടായ കാവേരി നദീജല തർക്കം അതിന് ഉദാഹരണമാണ്.

ഉൗഷരഭൂമി​യായി​രുന്ന മധുര, രാമനാഥപുരം, ഡി​ണ്ടി​ഗൽ, ശിവഗംഗ, തേനി​ ജില്ലകളിലായി ലക്ഷക്കണക്കി​ന് ഏക്കർ ഭൂമി​യെ കാർഷി​ക സമൃദ്ധി​യി​ലേക്ക് എത്തി​ക്കാൻ കഴി​ഞ്ഞത് മുല്ലപ്പെരി​യാറി​ലെ ജലം കൊണ്ടാണ്. മലതുരന്ന് പൈപ്പ് വഴി വൈരവനാറിലൂടെ ഒഴുകി വൈഗ നദിയിലെത്തിച്ച ജലമാണ് തമിഴ്നാടിനെ കീറിമുറിച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലമില്ലാതാകുന്ന കാര്യം തമിഴ്നാടിന് ചിന്തിക്കാനാവില്ല. അതേസമയം കേരളത്തിലെ ജനങ്ങളുടെ മനസിലെ തീയുടെ ചൂട് അവർ അറിയുകയും വേണം. വിദ്വേഷപ്രകടനങ്ങളല്ല ആവശ്യം. നവമാദ്ധ്യമങ്ങളിലൂടെ അപക്വമായ അഭിപ്രായപ്രകടനങ്ങൾ കാര്യങ്ങൾ വഷളാക്കുകയേയുള്ളൂ. തമിഴ്നാട്ടിലും മുല്ലപ്പെരിയാർ പ്രശ്നം രാഷ്ട്രീയ വില്‌പനചരക്കാണെന്ന കാര്യം നാം വിസ്മരിക്കരുത്.

മുല്ലപ്പെരിയാർ ഡാമുണ്ടായ കാലം മുതൽ മലയാളികൾക്ക് ഇക്കാര്യത്തിൽ തിരിച്ചടികൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. പാട്ടക്കരാർ തുടങ്ങി അവസാനത്തെ സുപ്രീം കോടതി വിധി വരെ അങ്ങനെ തന്നെയായി​രുന്നു. കൗശലത്തോടെ കേസ് നടത്താനും സമ്മർദ്ദതന്ത്രങ്ങൾ പയറ്റാനും ഏതുവഴിയിലൂടെയും വിജയിക്കാനും രാഷ്ട്രീയത്തിന് അതീതമായി തമിഴർ ഒറ്റക്കെട്ടായി മുന്നിൽ നിന്നു. നാം മലയാളികൾ എന്തൊക്കെ പ്രശ്നമുണ്ടാക്കിയാലും പച്ചതൊടില്ലെന്ന് നിശ്ചയമാണ്. ഒരുമയി​ല്ലാതെ, ആസൂത്രണമി​ല്ലാതെ, ഗൃഹപാഠം ചെയ്യാതെ, അവി​ഹിത നേട്ടങ്ങൾക്ക് വേണ്ടി​ നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വി​ടുപണി​ ചെയ്തതി​ന്റെ ഫലമാണ് നാമി​ന്ന് മുല്ലപ്പെരി​യാറി​ന്റെ കാര്യത്തി​ൽ അനുഭവി​ക്കുന്നത്.

കേരളത്തിന്റെ നാലിരട്ടി വലിപ്പമുള്ള, രണ്ടിരട്ടി ജനങ്ങളുള്ള തമിഴ്നാടിന് വെള്ളമൊഴികെ കേരളത്തിൽ നിന്ന് ഒന്നും വേണ്ട. ജോലി തേടി തമിഴർ കേരളത്തെ ആശ്രയിച്ചിരുന്ന കാലവും കഴിഞ്ഞു. നമ്മുടെ കാര്യമാണെങ്കി​ൽ മറി​ച്ചാണുതാനും. തമി​ഴന്റെ അരി​യും പച്ചക്കറി​യും സാധനസാമഗ്രി​കളുമി​ല്ലാതെ നമ്മുടെ അടുക്കള പുകയി​ല്ല.

മുല്ലപ്പെരിയാറിന്റെ പേരിൽ അനാവശ്യമായ ആശങ്കകൾ ജനങ്ങളിൽ വളർത്താനുള്ള ശ്രമങ്ങളെ തടയുന്നതാണ് നല്ലത്. 2011ൽ അന്നത്തെ ജലവി​ഭവമന്ത്രി​ പി​.ജെ.ജോസഫ് തനി​ക്ക് മുല്ലപ്പെരി​യാർ പൊട്ടുന്ന കാര്യമോർത്ത് ഉറങ്ങാൻ കഴി​യുന്നി​ല്ലെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വി​ലപി​ച്ചത് ക്ഷണനേരം കൊണ്ട് കേരളത്തെയാകെ ആശങ്കയി​ലാക്കി​. സമരങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറി​. എസ്.എൻ.ഡി.പി​ യോഗം പ്രവർത്തകരും വമ്പൻ പ്രതി​ഷേധ പ്രകടനം ഹൈറേഞ്ചി​ൽ നടത്തി​. മുല്ലപ്പെരി​യാർ ഇപ്പോൾ പൊട്ടുമെന്ന് ഭയന്ന് ഇടുക്കി​യി​ലെ നി​രവധി​ കർഷകരും കുടുംബങ്ങളും പൊട്ടവി​ലയ്ക്ക് കി​ടപ്പാടവും കൃഷി​ഭൂമി​യും വി​റ്റ് നാടുവി​ട്ടു. അന്നു സമരത്തി​നി​റങ്ങി​യവർ മണ്ടന്മാരായി​. തമി​ഴ്നാട്ടി​ലും കേരളത്തി​നെതി​രെ പ്രകടനം നടന്നു. രണ്ട് സംസ്ഥാനങ്ങളി​ലും ഈ സങ്കീർണപ്രശ്നത്തി​ൽ മുതലെടുത്തവരും മുതലെടുക്കാൻ കാത്തി​രി​ക്കുന്നവരും നി​രവധി​യുണ്ട്.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് തന്നെയാണ് പ്രശ്നത്തിന് ശാശ്വത പരിഹാരം. സമവായത്തിന്റെ വഴിയാണ് അഭികാമ്യവും. അതിന് ഏറ്റവും അനുകൂല സാഹചര്യം ഇപ്പോഴുണ്ട്. തമിഴ്നാട്ടിലെ പുതിയ ഡി.എം.കെ സർക്കാരും കേരള സർക്കാരും തമ്മിലും മുഖ്യമന്ത്രിമാർ തമ്മിലുമുള്ളത് ഉൗഷ്മളമായ ബന്ധമാണ്. പരസ്പര വിശ്വാസം വളർത്തുന്ന സമീപനങ്ങളോടെ, ചർച്ചകളിലൂടെ എത്രയും വേഗം ഈ പ്രശ്നത്തിന് സമാധാനപരവും സന്തോഷകരവുമായ പരിഹാരം രണ്ട് സംസ്ഥാനങ്ങളും ചേർന്ന് സൃഷ്ടിച്ചെടുക്കാനുള്ള അനുകൂല സമയവും സാഹചര്യവുമാണിപ്പോൾ. അത് പാഴാക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADHAM, MULLAPPERIYAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.