SignIn
Kerala Kaumudi Online
Friday, 19 April 2024 1.16 PM IST

അയൽപക്കങ്ങളി​ൽ അസ്വസ്ഥത പുകയുന്നു

photo

യോഗനാദം 2022 ഏപ്രി​ൽ 15 ലക്കം എഡി​റ്റോറി​യൽ

.........................................................

അയൽരാജ്യങ്ങളി​ലെ സംഭവവി​കാസങ്ങൾ പലരീതി​യി​ൽ ഇന്ത്യയെ ബാധി​ക്കുമെന്നതിന് ചരി​ത്രം സാക്ഷി​യാണ്. മതത്തി​ന്റെ പേരി​ൽ ഇന്ത്യയി​ൽ നി​ന്ന് വി​ഭജി​ക്കപ്പെട്ട പാക്കി​സ്ഥാനി​ലും സാംസ്കാരിക​വും ചരി​ത്രപരവുമായി ഇന്ത്യയോട് ചേർന്നുനി​ൽക്കുന്ന ശ്രീലങ്കയി​ലും അടുത്തിടെ രൂപപ്പെട്ട പ്രതി​സന്ധി​കൾ എങ്ങനെ പരി​ണമി​ക്കുമെന്ന് ആർക്കും എളുപ്പം പറയാനാവില്ല.

പാക്കി​സ്ഥാനി​ലെ ഭരണപ്രതി​സന്ധി​യും നേതൃമാറ്റവും എന്നും ഇന്ത്യയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടി​ച്ചി​ട്ടേയുള്ളൂ. ഇക്കുറി പാക്കിസ്ഥാൻ തെഹരി ഇ ഇൻസാഫ് പാർട്ടിയുടെ സാരഥിയായ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അവിശ്വാസത്തിലൂടെ പുറത്താകുമ്പോഴും മറിച്ചൊരു അനുഭവത്തിന് തീരെ സാദ്ധ്യതയില്ല. ആര് ഭരണമേറി​യാലും അവി​ടെ അധി​കാരത്തി​ൽ തുടരണമെങ്കി​ൽ ഇന്ത്യാവി​രുദ്ധത അനി​വാര്യമായ ഘടകമാണ്. ഭീകരസംഘടനകളുടെ ഈറ്റില്ലവും അഭയകേന്ദ്രവുമായ പാക്കിസ്ഥാൻ മറ്റ് രാജ്യങ്ങൾക്കും അത്ര പ്രിയപ്പെട്ടതല്ല. ചൈനയുമായി ചേർന്നുനിന്ന് അവർ നമുക്ക് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ തീരാതലവേദനയുമാണ്.

കീറാമുട്ടി​യായ കാശ്മീരി​ന്റെ കാര്യം പാക്കിസ്ഥാൻ മുസ്ളീംലീഗ് നേതാവും പുതി​യ പ്രധാനമന്ത്രിയുമായ​ ഷഹബാസ് ഷെരീഫും സൂചി​പ്പി​ച്ച് കഴി​ഞ്ഞു. സൈന്യം വീണ്ടും പാക്കിസ്ഥാൻ ഭരണം കൈയ്യാളിയില്ലെന്ന് മാത്രമാണ് ആകെ ഒരു സമാധാനം.

പാക്കിസ്ഥാനെക്കാൾ വിഭിന്നവും സങ്കീർണവുമാണ് നമുക്കെല്ലാം കണ്ടുംകേട്ടും അടുപ്പമുള്ള ശ്രീലങ്കയി​ലെ പ്രതിസന്ധികൾ.

രാമായണത്തിലെ സമ്പദ്സമൃദ്ധമായ രാവണന്റെ സുവർണനാട്. ശ്രീരാമനും സീതയും ഹനുമാനും വി​ഭീഷണനും സേതുബന്ധനവും... അങ്ങനെ കുഞ്ഞുങ്ങൾക്ക് പോലും മനസുകൊണ്ട് അടുത്തറിയാവുന്നയിടമാണ് ലങ്ക. അവിടുത്തെ പ്രശ്നങ്ങളിൽ നമുക്ക് കൂടുതൽ താത്പര്യം തോന്നുക സ്വാഭാവികം. തമി​ഴ്നാട്ടി​ലും കേരളത്തി​ലും ക്ഷിപ്രവേഗത്തിൽ ചലനങ്ങളുണ്ടാക്കുന്നതാണ് ശ്രീലങ്കൻ സംഭവവികാസങ്ങൾ. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽ, പശ്ചിമേഷ്യ എണ്ണസമ്പന്നമാകും മുമ്പ് മലയാളികളുടെയും തമിഴരുടെയും ഗൾഫായിരുന്നു അന്നത്തെ സിലോൺ എന്ന ഇന്നത്തെ ശ്രീലങ്ക. തലസ്ഥാനമായ കൊളംബ് നമ്മുടെ പൂർവികർക്ക് ദുബായ് പോലെയായിരുന്നു. ആയിരക്കണക്കായ മലയാളികൾ അന്നത്തെ ബ്രിട്ടീഷ് കോളനികളായിരുന്ന സിലോണിലേക്കും മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കുമെല്ലാം അന്നം തേടി കുടിയേറിയിട്ടുണ്ട്. പ്രകൃതി സുന്ദരമായ ലങ്കയിലെ തേയിലത്തോട്ടങ്ങളിലേക്കും മറ്റും ജോലി​ക്കെത്തിയ തമിഴരാണ് വടക്കൻ ശ്രീലങ്കയിൽ ഭൂരിപക്ഷം.

സാമ്പത്തി​ക പ്രതി​സന്ധി​യി​ൽ മൂക്കറ്റം മുങ്ങി​നി​ൽക്കുന്ന ദ്വീപുരാഷ്ട്രത്തി​ൽ ഇന്ധനവും അവശ്യവസ്തുക്കളും ലഭി​ക്കാതെ വി​ലക്കയറ്റത്തി​ൽ വലയുകയാണ് ജനങ്ങൾ. തമിഴ് വംശജരും ശ്രീലങ്കൻ പട്ടാളവും തമ്മിൽ മൂന്ന് പതിറ്റാണ്ടോളം നീണ്ട രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധം കൊന്നുതള്ളിയത് ലക്ഷക്കണക്കിന് മനുഷ്യജീവനുകളെയാണ്. അന്ന് ശ്രീലങ്കൻ തമിഴരുടെ അഭയാർത്ഥി പ്രവാഹം തമിഴ്നാട്ടിലേക്കുണ്ടായി. ഭൂരിഭാഗം പേരും മടങ്ങിയെങ്കിലും കുറേപ്പേരെ തമിഴ്നാട്ടിലും കേരളത്തിലും പുനരധിവസിപ്പിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ചതും ശ്രീലങ്കൻ പ്രശ്നമാണ്. രക്തവും കണ്ണീരും ചാലിച്ച ആ ഭീകരനാളുകളിൽ നിന്ന് ലങ്ക ഒരുവിധം കരകയറുന്നതിനിടെയാണ് പുതിയ പ്രതിസന്ധി. കേവലം 2.3 കോടി ജനങ്ങൾ മാത്രം വസി​ക്കുന്ന അതിലേറെയും പാവപ്പെട്ടവരായ ജനതയുടെ ജീവിതം വീണ്ടും ദുരിതക്കയത്തിലേക്ക് കൂപ്പുകുത്തുകയാണ്.

ഭരണാധി​കാരി​കളുടെ ദീർഘവീക്ഷണമി​ല്ലാത്ത നയങ്ങൾ ഒരു രാജ്യത്തെ എങ്ങനെ അലങ്കോലമാക്കുമെന്നതിന് ലോകത്തെ ഏറ്റവും പുതി​യ ഉദാഹരണമാണ് ശ്രീലങ്ക. രാജപക്‌സ സർക്കാർ വരുത്തി​വച്ച പി​ഴവുകൾ രാജ്യത്തെ പതിറ്റാണ്ടുകൾ പിന്നോട്ട് കൊണ്ടുപോയി.

വിനോദസഞ്ചാരമാണ് ശ്രീലങ്കയുടെ സാമ്പത്തിക നട്ടെല്ല്. 2019ലെ ക്രിസ്തുദേവന്റെ ഉയിർപ്പ് ദിനത്തിൽ ഇസ്ളാമിക ഭീകരർ കൊളംബോയിലെ മൂന്ന് ക്രിസ്ത്യൻ ആരാധനാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും സൃഷ്ടിച്ച സ്ഫോടനപരമ്പരകൾ ടൂറിസം വ്യവസായത്തിന് വലിയ തിരിച്ചടിയായി. പാശ്ചാത്യസഞ്ചാരികൾ അകന്നുപോയി. പിന്നാലെയെത്തിയ കൊവിഡ് മഹാമാരിയാകട്ടെ ടൂറിസത്തെ നിശേഷം ഇല്ലാതാക്കി.

ചൈനയിൽ നിന്നുൾപ്പടെയുള്ള വിദേശകടത്തിന്റെ തിരിച്ചടവ് മു‌ടങ്ങിയതും വിദേശനാണ്യ ശേഖരം ഇടിഞ്ഞതും കാർഷിക മേഖലയിലെ ജൈവകൃഷി പരീക്ഷണം പാളിയതും തേയില കയറ്റുമതിയിലെ പ്രശ്നങ്ങളും അക്ഷരാർത്ഥത്തിൽ ഈ ചെറിയ രാജ്യത്തെ പാപ്പരാക്കുകയായിരുന്നു. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന രാജ്യം ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കേണ്ടതുമുണ്ട്. ജൈവകൃഷി രാജ്യമാക്കാൻ വേണ്ടി വളം, കീടനാശിനി ഇറക്കുമതി നിരോധിച്ചതിനാൽ കാർഷികോത്പാദനം കുത്തനെ കുറഞ്ഞ് ഭക്ഷ്യപ്രതിസന്ധിയും രൂക്ഷമായി. ഇന്ധനത്തിനും ഭക്ഷണത്തിനും തീവിലയാണ് ഇന്ന് ലങ്കയിൽ. 12 മണിക്കൂർ വരെ പവർകട്ടും. രാജ്യമെങ്ങും പ്രതിഷേധക്കടലാണ്. എങ്ങനെ ഈ പ്രതിസന്ധി മറകടക്കുമെന്ന് അവിടുത്തെ സർക്കാരിന് ഒരു നിശ്ചയവുമില്ലാത്ത സ്ഥിതി. യുക്രെയിൻ യുദ്ധ പശ്ചാത്തലത്തിൽ സമ്പന്നരായ യൂറോപ്യൻ രാജ്യങ്ങളെല്ലാം അതിന് പിന്നാലെയാണ്. ഇന്ത്യ അന്നവും ഇന്ധനവുമായി ലങ്കയ്ക്കൊപ്പമുണ്ട്. അതെത്ര കാലം തുടരാനാകുമെന്ന് പറയാനാവില്ല. ലങ്കൻ ജനത ഇന്ത്യയ്ക്ക് സഹോദരതുല്യരാണ്. പ്രതിസന്ധി ഘട്ടത്തിൽ അവർക്കൊപ്പം ചേർന്നു നിൽക്കാൻ നാം കടപ്പെട്ടവരും. ലോകബാങ്കിൽ നിന്ന് കടത്തിനുമേൽ വലിയ കടം വാങ്ങുകയാണ് താത്കാലിക പ്രതിവിധി. അതിനുള്ള ശ്രമങ്ങളിലാണ് ലങ്കൻ സർക്കാർ.

ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ മണ്ണാണ് ശ്രീലങ്കയിലേത്. ഗുരുദേവൻ സന്ദർശിച്ച ഏക വിദേശരാജ്യം. 1918ലും 1926ലും ഗുരു ലങ്കയി​ലെത്തി​യി​ട്ടുണ്ട്. ശ്രീലങ്കയെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് കൈപിടിച്ചുയർത്താൻ ഇന്ത്യ ഇനിയും ആവുന്നതെല്ലാം ചെയ്യണം. എത്രയും വേഗം പ്രതിസന്ധികൾ തരണം ചെയ്യാൻ ലങ്കൻ സർക്കാരി​നും ജനതയ്ക്കും കഴിയട്ടെ....

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADHAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.