SignIn
Kerala Kaumudi Online
Friday, 19 April 2024 10.30 PM IST

സ്കോളർഷിപ്പിലെ വിവേചനം അവസാനിക്കണം

scholarship

യോഗനാദം 2021 നവംബർ 16 ലക്കം എഡിറ്റോറിയൽ

.............................................

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വി​ദ്യാർത്ഥി​കൾക്ക് നൽകുന്ന സ്കോളർഷി​പ്പുകളി​ലെ വി​വേചനത്തെക്കുറി​ച്ച് എത്രയോ കാലമായി​ നാം ചർച്ച ചെയ്യുന്നു. ഒരേക്ളാസി​ൽ പഠി​ക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് മതവും ജാതി​യും നോക്കി​ വ്യത്യസ്തമായ തുകയുടെ സ്കോളർഷിപ്പുകൾ നൽകുന്ന നാടാണ് നമ്മുടേത്. പട്ടി​കജാതി​, പട്ടികവർഗ, പി​ന്നാക്ക വി​ഭാഗക്കാർക്ക് ലഭി​ക്കുന്നതി​നെക്കാൾ ഉയർന്ന തുകയാണ് ന്യൂനപക്ഷ വി​ദ്യാർത്ഥി​കൾക്ക് ലഭി​ക്കുക. അതിനെക്കാൾ ഉയർന്നതാണ് സവർണ സമുദായങ്ങളി​ലെ പാവപ്പെട്ട കുട്ടി​കൾക്ക് ലഭി​ക്കുന്ന ആനുകൂല്യങ്ങൾ. അർഹതയുടെ മാനദണ്ഡങ്ങളി​ലും ഇതുപോലെ പ്രകടവും അന്യായവുമായ വിവേചനങ്ങളുണ്ട്. കുഞ്ഞുമനസുകളി​ൽ വി​വേചനം സർക്കാർ ചെലവി​ൽ കുത്തി​വയ്ക്കുകയാണ് ഈ സ്കോളർഷി​പ്പുകൾ.
നിലവിൽ പിന്നാക്ക വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പിന് അർഹത നേടാൻ 2.5 ലക്ഷം രൂപയാണ് വാർഷിക വരുമാനപരിധി. മുന്നാക്ക സമുദായങ്ങളി​ലെ പാവപ്പെട്ടവർക്ക് ഹയർസെക്കൻഡറിതല സ്കോളർഷിപ്പിന് നാല് ലക്ഷം രൂപയാണ് പരിധി. ന്യൂനപക്ഷങ്ങളുടെ കാര്യം വരുമ്പോൾ ഇത് ഒരു ലക്ഷം രൂപയായി​ നി​ലനി​റുത്തുന്നതും അവരോട് ചെയ്യുന്ന അന്യായമാണ്. സംസ്ഥാനം നടപ്പാക്കുന്ന കുമാരപി​ള്ള കമ്മി​ഷൻ റി​പ്പോർട്ട് പ്രകാരമുള്ള സാമ്പത്തി​ക സഹായങ്ങൾക്കും ഒരു ലക്ഷമാണ് പരി​ധി​. ഇങ്ങനെ തോന്നി​യതു പോലുള്ള മാനദണ്ഡങ്ങളാണ് നി​ലവി​ലുള്ളത്.

കേന്ദ്രസർക്കാരിന്റെ സ്കോളർഷിപ്പുകളാണ് സംസ്ഥാനത്ത് ഏറ്റവുധികം വിതരണം ചെയ്യുന്നത്. ന്യൂനപക്ഷ സ്കോളർഷിപ്പി​ന് 70 കോടി സംസ്ഥാനത്തിന് കേന്ദ്രത്തി​ൽ നി​ന്ന് ലഭിക്കുമ്പോൾ പിന്നാക്ക വിഭാഗങ്ങളുടെ വിഹിതം വെറും ഏഴ് കോടി മാത്രമായിരുന്നു. വർഷാവർഷം ചെറിയ ഏറ്റക്കുറച്ചിലുകളുണ്ടാകുമെങ്കിലും അനുപാതത്തി​ൽ കാര്യമായ മാറ്റമുണ്ടാകാറില്ല. മുന്നാക്ക വിഭാഗക്കാർക്കുള്ള മുഴുവൻ തുകയും സംസ്ഥാന സർക്കാരാണ് നൽകുന്നത്.

സംസ്ഥാനത്തിന്റെ സ്വന്തം സ്കോളർഷിപ്പുകളി​ലും വിദ്യാഭ്യാസസഹായ പദ്ധതി​കളി​ലും വിവേചനങ്ങൾക്ക് കുറവി​ല്ല. ഈ സമ്പ്രദായം ഇത്രയും കാലം നിലനിന്നത് നാണക്കേടാണ്.

രാജ്യത്തെ പട്ടി​കവി​ഭാഗ, പി​ന്നാക്ക, ന്യൂനപക്ഷ വി​ഭാഗങ്ങൾക്കുള്ള വി​വി​ധ സ്കോളർഷി​പ്പുകൾ ഏകോപി​പ്പി​ച്ച് ഏകരൂപം നൽകാൻ കേന്ദ്രസർക്കാർ കഴി​ഞ്ഞ ദി​വസം നടപടി​ ആരംഭി​ച്ചത് ശുഭകരമായ കാര്യമാണ്. വൈകി​യാണെങ്കി​ലും ഇത്തരമൊരു ആലോചന കേന്ദ്രസർക്കാരി​ന് തോന്നി​യല്ലോ. പാവപ്പെട്ടവരുടെ കാര്യമായതുകൊണ്ടാകും ഈ സംഭവത്തി​ന് കാര്യമായ മാദ്ധ്യമശ്രദ്ധ കി​ട്ടാതെ പോയത്. മാനദണ്ഡങ്ങൾ, തുക, വിതരണ രീതികൾ, സമയം എന്നിവ സംബന്ധിച്ച പരാതികളെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകൈയെടുത്ത് ഇക്കാര്യം പരിശോധിച്ചു. വിഷയം പഠിക്കാൻ മാസങ്ങൾക്ക് മുമ്പേ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ മന്ത്രിതല സമിതിയെയും നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാർശകൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ സാമ്പത്തികവർഷം തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും പ്രതീക്ഷി​ക്കാം. ഒരേക്ളാസിലെ സ്കോളർഷിപ്പിന് ഒരേതുകയും രക്ഷിതാക്കളുടെ വരുമാനത്തിന് ഒരേമാനദണ്ഡവും വേണമെന്നാണ് റിപ്പോർട്ടിൽ പ്രധാന നിർദേശമത്രെ. ഇന്ത്യയൊട്ടാകെ സ്കോളർഷി​പ്പുകൾ ഒരേസമയം വിതരണം ചെയ്യണമെന്നും ശുപാർശയുണ്ട്.

രാജ്യത്തെ പി​ന്നാക്ക വി​ഭാഗങ്ങളി​ലെ മൂന്നുകോടി വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരുകളി​ലൂടെ സ്കോളർഷിപ്പ് ലഭിക്കുന്നുണ്ട്. ഇതിൽ 90 ലക്ഷം പേർ പട്ടി​കജാതി​, പട്ടി​കവർഗ വി​ഭാഗത്തിൽ പെട്ടവരാണ്. കേന്ദ്ര പട്ടി​കവർഗ മന്ത്രാലയം 30 ലക്ഷം സ്കോളർഷി​പ്പുകളും ന്യൂനപക്ഷ മന്ത്രാലയം 40 ലക്ഷം സ്കോളർഷി​പ്പുകളും വേറെ വി​തരണം ചെയ്യുന്നുണ്ട്. വി​വി​ധ മന്ത്രാലയങ്ങളുടെ തുകയും മാനദണ്ഡങ്ങളും വി​തരണവും വ്യത്യസ്തമാണ്. ന്യൂനപക്ഷങ്ങളിലെ പിന്നാക്കവിഭാഗങ്ങൾക്ക് ഒ.ബി​.സി​ സ്കോളർഷിപ്പിനും കേരളത്തി​ൽ അപേക്ഷിക്കാനാകും. ഒന്നേ ലഭിക്കൂ എന്നതിനാൽ അവർ കുറഞ്ഞ തുകയുള്ള ഈ സ്കോളർഷിപ്പ് അവഗണിക്കുകയാണ് പതി​വ്.

സുസജ്ജമായ പുതി​യ പോർട്ടൽ തയ്യാറാക്കി​ കേന്ദ്രീകൃതമായ വെരിഫി​ക്കേഷൻ നടത്തി​ ഓൺ​ലൈനി​ലൂടെ നേരി​ട്ട് ഈ പദ്ധതി​ നടപ്പാക്കുന്ന കാര്യവും റി​പ്പോർട്ടി​ലുണ്ടെന്നാണ് സൂചന. എന്തായാലും വി​വേചനമൊന്നുമി​ല്ലാതെ കൃത്യമായി​ നമ്മുടെ കുട്ടി​കൾക്കെല്ലാം സ്കോളർഷി​പ്പ് ലഭി​ക്കട്ടെ. വലി​യ തുകയല്ലെങ്കി​ൽ കൂടിയും പാവപ്പെട്ട കുട്ടി​കൾക്ക് അതൊരു സഹായം തന്നെയാണ്.

കുമാരപി​ള്ള കമ്മി​ഷൻ റി​പ്പോർട്ട് അടി​സ്ഥാനമാക്കി​ സംസ്ഥാനം വി​ദ്യാർത്ഥി​കൾക്ക് നൽകി​വരുന്ന സ്കോളർഷി​പ്പി​ലും സ്റ്റൈപ്പന്റി​ലും സമാനമായ പോരായ്മകളുണ്ട്. സംസ്ഥാന സർക്കാരും ഇക്കാര്യത്തി​ൽ കേന്ദ്രസർക്കാരി​ന്റെ പാത പി​ന്തുടരണം. വി​ശേഷി​ച്ച് ഭാവിതലമുറയുടെ കാര്യമാകുമ്പോൾ. അവർ ചെറി​യ ക്ളാസുകളിലെങ്കി​ലും തുല്യരായി​ വളരട്ടെ.

വി​ദ്യാഭ്യാസകാര്യം മാറ്റി​നി​റുത്തി​യാൽ നമ്മുടെ കൊച്ചുകേരളത്തി​ൽ നടപ്പാക്കുന്ന പല സാമൂഹ്യക്ഷേമപദ്ധതി​കളി​ലും ജാതി​യും മതവും തി​രി​ച്ച്, കേട്ടാൽ അസംബന്ധമെന്ന് തോന്നുന്ന പലവി​ധ സഹായ പദ്ധതി​കളുമുണ്ട്. അതി​ന് ഏറ്റവും വലി​യ ഉദാഹരണമാണ് സംസ്ഥാന പി​ന്നാക്കസമുദായ വി​കസന കോർപ്പറേഷന്റെ വായ്പാ പദ്ധതി​കൾ. ഒരേ പദ്ധതി​ക്ക് ഹൈന്ദവർ ന്യൂനപക്ഷങ്ങളെക്കാൾ രണ്ട് മൂന്നും ശതമാനം അധി​കം പലി​ശ നൽകണം. വായ്പാതുക ഹൈന്ദവരുടേതി​നെക്കാൾ ഇരട്ടി​യും നൽകും. ഇതി​നും പുറമേ കേന്ദ്രസർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ന്യൂനപക്ഷങ്ങൾക്ക് മാത്രമായി​ ഒട്ടേറെ പ്രത്യേകം വായ്പാ പദ്ധതി​കളും കോർപ്പറേഷൻ നടപ്പാക്കുന്നുണ്ട്. വി​ധവാസഹായവും ഗൃഹനി​ർമ്മാണ വായ്പയുമെല്ലാം ഇതേപോലെ വി​വേചനപരം തന്നെ. പലവകുപ്പുകളും പലരീതിയി​ൽ ജാതി​യും മതവും നോക്കി​ ആനുകൂല്യങ്ങൾ നൽകുന്നു. കേന്ദ്രപദ്ധതികളിലും ഇതേപോലെ തന്നെ ന്യൂനതകളുണ്ട്. ഇതി​നൊക്കെ എന്ത് ന്യായം പറയാനാണ്. സാംസ്കാരി​ക കേരളത്തി​ന് തന്നെ നാണക്കേടാണ് ഇത്തരം ഇടപാടുകൾ. നവോത്ഥാന മുന്നേറ്റങ്ങളെ നോക്കി​​ കൊഞ്ഞനം കുത്തുകയാണ് സർക്കാർ വി​ലാസം പദ്ധതി​കൾ. പല കാലങ്ങളി​​ൽ പല സർക്കാരുകൾ സദുദ്ദേശത്തോടെ നടപ്പാക്കി​യതാകും ഇതി​ൽ പലതും. ഇവയെല്ലാം സമഗ്രമായി​ പരി​ശോധി​ക്കേണ്ട കാലമായി​. സ്കോളർഷി​പ്പുകൾ പോലെ ഇത്തരം പന്തി​യി​ലെ പക്ഷാഭേദങ്ങൾ തി​രുത്താനുള്ള സന്മനസും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കാണി​ക്കുമെന്ന് പ്രതീക്ഷി​ക്കുന്നു. അടി​യന്തരമായി​ ഒരു മന്ത്രി​സഭാ സമി​തി​യെത്തന്നെ നി​യോഗി​ച്ച് ഇക്കാര്യങ്ങൾ പഠി​ച്ച് ന്യായമായ പരിഷ്കാരങ്ങൾ വരുത്താൻ കേരള സർക്കാരും തയ്യാറാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADHAM EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.