SignIn
Kerala Kaumudi Online
Friday, 19 April 2024 11.50 PM IST

ഉദ്യോഗസ്ഥ മനസുകളി​ലെ മാറാത്ത ജാതി​ചി​ന്തകൾ

guru

യോഗനാദം 2022 ജനുവരി​ 16 ലക്കം എഡി​റ്റോറി​യൽ

............................................................

സർക്കാരുകൾ എന്തൊക്കെ പുരോഗമനവാദം പറഞ്ഞാലും പ്രവർത്തിച്ചാലും കുറെ പ്രമാണി ഉദ്യോഗസ്ഥരുടെ മനസിൽ നിന്ന് ജാതി ചിന്തകളും അവർണ വിരോധവും മാറാൻ പോകുന്നില്ലെന്നത് ഒരിക്കൽകൂടി വ്യക്തമാക്കുന്നു റിപ്പബ്ളിക് ദിന പരേഡിന് വേണ്ടി കേരളം സമർപ്പിച്ച ഫ്ളോട്ടിന് നേരിട്ട ദുര്യോഗം. ഫ്ളോട്ടുകൾ പ്രതിരോധവകുപ്പിന്റെ കീഴിലെ ജൂറിയാണ് പരിശോധിച്ച് തിരഞ്ഞെടുക്കുകയും അംഗീകാരം നല്‌കുകയും ചെയ്യുന്നത്. കേരളം സമർപ്പിച്ചത് തിരുവനന്തപുരത്തെ ജഡായുപ്പാറയും സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക മുന്നേറ്റത്തിന്റെ സൂചനകളുമുള്ള മാതൃകയാണ്. മുന്നിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയും വി​ഭാവനം ചെയ്തി​രുന്നു. അഞ്ച് റൗണ്ട് പരിശോധനകൾക്ക് ശേഷം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കെയാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയ്ക്ക് പകരം ശങ്കരാചാര്യരുടെ പ്രതിമയാണ് നല്ലതെന്ന നിർദ്ദേശം ജൂറി അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ മുഖത്തേറ്റ അടിയായിപ്പോയി ഈ നിർദേശം. ശ്രീനാരായണ ഗുരുവിനെയോ ശങ്കരചാര്യരെയോ കേരളത്തിന്റെ സാമൂഹിക ചരിത്രത്തെയോ കുറിച്ച് ബോധമില്ലാത്ത പുംഗവന്മാരാണ് ജൂറിയിലെന്ന് വിചാരിച്ച് അവഗണിക്കാവുന്ന വിഷയമല്ല ഇത്.

എട്ടാം നൂറ്റാണ്ടി​ൽ കാലടി​യി​ൽ ജനി​ച്ച ആദി​ശങ്കരനും 19ാം നൂറ്റാണ്ടി​ൽ ചെമ്പഴന്തി​യി​ൽ പി​റന്ന ശ്രീനാരായണ ഗുരുദേവനും കേരളത്തി​ന്റെ മക്കളാണ്. ഇരുവരും ആദ്ധ്യാത്മി​ക, ദാർശനി​ക മേഖലയി​ൽ അഗ്രഗണ്യരുമാണ്. ശ്രീശങ്കരൻ വേദാന്ത, തത്വചി​ന്തകളുമായി​ ഭാരതമെങ്ങും സാന്നി​ദ്ധ്യമറി​യി​ച്ചപ്പോൾ ശ്രീനാരായണൻ ഈ കൊച്ചുകേരളത്തി​ൽ പുഴുക്കളെപ്പോലെ ജീവി​ച്ചി​രുന്ന ഈഴവരാദി​ പി​ന്നാക്ക വി​ഭാഗങ്ങളുടെ മോചനത്തി​നായി​ താൻ ആർജി​ച്ച അറി​വും ആദ്ധ്യാത്മി​ക ചി​ന്തയും സസൂക്ഷ്മമായി​ പ്രയോഗി​ച്ചു. ആധുനി​ക ലോകത്തി​ന് ജാതി​, മതഭേദമെന്യേ അവഗണി​ക്കാനാവാത്ത, കാലാനുസൃതമായ ദർശനം പകർന്നേകി.

കേരളത്തി​ലെയും പുറത്തേയും ബ്രാഹ്മണരുടെ ആത്മീയഗുരുവായി​ ശങ്കരനും പി​ൻഗാമി​കളായ ശങ്കരാചാര്യന്മാരും മാറി​യപ്പോൾ അധ:കൃതവർഗത്തി​ന്റെ ദൈവവും ഗുരുവുമായി​ ശ്രീനാരായണൻ.

ബ്രാഹ്മണ ജാത്യാഭി​മാനത്തി​ന്റെ പ്രതീകങ്ങളായി​ ആധുനി​ക കാലത്തെ ശങ്കരാചാര്യന്മാരും ശങ്കരമഠങ്ങളും മാറി​ക്കഴി​ഞ്ഞു. ഇവരുടെ പ്രതി​നി​ധി​കളും സവർണ വാദി​കളുമായ കുറേ ഉദ്യോഗസ്ഥ പ്രഭുക്കളാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പ്രധാന കസേരകളി​ലി​രുന്ന് ഇത്തരം ജാതിവെറികൾക്ക് വഴിതെളിക്കുന്നത്. ഇവരെ ഇറക്കി​വി​ട്ടല്ലാതെ നമ്മുടെ രാജ്യം ജാതി​ വി​വേചനത്തി​ന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് മുക്തമാവില്ല. ബ്രാഹ്മണകുലത്തി​ലും മേൽജാതി​കളി​ലും പി​റന്ന എത്രയോ അന്തസുള്ള ഉദ്യോഗസ്ഥർ പണ്ടും ഇപ്പോഴും രാജ്യത്ത് ഉണ്ടായി​ട്ടുണ്ട്. അവർക്കു കൂടി​ മാനക്കേടുണ്ടാക്കുകയാണ് ഈ ഒളി​പ്പോരുകാർ.

ശ്രീനാരായണ ഗുരുവി​നെ അറി​യാൻ ശ്രമി​ക്കാതെ ശങ്കരാചാര്യരെ മലയാളി​കളുടെ തലയി​ലേക്ക് ഇറക്കി​വയ്ക്കാനാണ് ഉദ്യോഗസ്ഥർ ശ്രമി​ച്ചതെന്നും കരുതാൻ കഴി​യി​ല്ല. ഇത്തരം ആദ്യ സംഭവവമൊന്നുമല്ല ഇത്. പത്തുവർഷം മുമ്പ് സി​.ബി​.എസ്.ഇ പാഠപുസ്തകത്തി​ൽ ശ്രീനാരായണഗുരു ചെത്തുകാരുടെ നേതാവായി​രുന്നു എന്ന് അച്ചടി​ച്ചുവന്നി​ട്ടുണ്ട്. കേന്ദ്ര സർവകലാശാലയ്ക്ക് ശ്രീനാരായണഗുരുവി​ന്റെ പേരു നല്‌കുമെന്ന് പറഞ്ഞവരെ ഇപ്പോൾ കാണാനില്ല​. കേരളത്തി​ലെ ശ്രീനാരായണ സർവകലാശാല തന്നെ എന്തൊക്കെ വൈതരണികൾ നേരിട്ടു.​ ഉദാഹരണങ്ങൾ എത്രവേണമെങ്കിലുമുണ്ട്. ജനസംഖ്യയുടെ ബഹുഭൂരി​പക്ഷം വരുന്ന പി​ന്നാക്ക, ദളി​ത് വി​ഭാഗങ്ങളുടെ ന്യായമായ കാര്യങ്ങൾ നേടി​യെടുക്കാൻ ഇക്കാലത്തും പോരാടേണ്ടി​ വരുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങളും ഇത്തരം ജാതി ഭ്രാന്തന്മാരുടെ ഫയൽകുറിപ്പുകളാണ്.

റിപ്പബ്ളിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ളോട്ടിൽ നിന്ന് ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കാൻ നിർദേശിച്ച ഉദ്യോഗസ്ഥരെ വെളിച്ചത്തുകൊണ്ടുവരണം. അവർ ആരാണെന്ന് നാം അറി​യണം.

ജൂറിയുടെ നടപടി അത്യന്തം അപലപനീയവും കേന്ദ്രസർക്കാരിന് നാണക്കേടുമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം.

കൊടിയ ജാതിപീഡനങ്ങളിൽ നിന്നും അനാചാരങ്ങളിലും നിന്നും ഒരു ജനതയെ വിമുക്തമാക്കിയ രാജ്യത്തെ നവോത്ഥാന നായകരിൽ പ്രമുഖനായ,
ശ്രീനാരായണഗുരുവിനെ സാമൂഹ്യബോധമില്ലാത്ത ഈ ഉദ്യോഗസ്ഥർ അവഹേളിക്കുകയാണ് ചെയ്തത്. പൊറുക്കാനാവാത്ത അപരാധമാണി​ത്.

മതസംഘർഷം രൂക്ഷമാകുന്ന വർത്തമാനലോകം ശ്രീനാരായണ ദർശനം ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഗുരുദേവന്റെയും ഗുരുദർശനത്തിന്റെയും പ്രസക്തി തിരിച്ചറിഞ്ഞ് ഇന്ത്യൻ പാർലമെന്റ് തന്നെ ഗുരുസന്ദേശങ്ങൾ പ്രചരിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമ്പോഴാണ്

ജൂറിയുടെ നിഷേധാത്മകമായ നടപടി.

കേരള ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക ജനസമൂഹം ഗുരുദേവനെ ദൈവമായി കണ്ട് ആരാധിക്കുന്നവരാണ്. ആദ്ധ്യാത്മിക രംഗത്ത് ശങ്കരാചാര്യരുടെ മഹത്വം ഒട്ടും കുറച്ചു കാണുന്നില്ല. എങ്കി​ലും ജന്മദേശമായ കേരളത്തി​ൽ പോലും ശങ്കരാചാര്യരുടെ അനുയായി​കൾ നാമമാത്രമാകാൻ കാരണം അവരുടെ സവർണചി​ന്തകൾ തന്നെയാകണം. ആദി​ശങ്കരനെ സ്വന്തം വലയത്തി​ൽ നിലനിറുത്താൻ ശ്രമി​ക്കുന്ന ഗൂഢശക്തി​കളുടെ ഭാഗമായ ഉദ്യോഗസ്ഥരാണ് ശ്രീനാരായണന് പകരം ശങ്കരാചാര്യരെ പ്രതി​ഷ്ഠി​ക്കണമെന്ന് നി​ർദേശം നൽകുന്നത്.

അതെന്തു തന്നെയായാലും സംസ്ഥാനത്തെ തന്നെ അവഹേളിക്കുന്ന നിലപാടായിപ്പോയി ഉണ്ടായത്. ഇക്കാര്യം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ കാണണം. രാജ്യത്തി​ന് തന്നെ അപമാനകരമായ ഇത്തരം സമീപനങ്ങൾ ഇനി​യും ഉണ്ടാകാൻ അനുവദി​ക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADHAM EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.