SignIn
Kerala Kaumudi Online
Friday, 29 March 2024 5.35 AM IST

ന്യൂനപക്ഷ പദവി​യെന്ന ബാദ്ധ്യത

photo

2022 മേയ് 16 ലെ യോഗനാദം എഡി​റ്റോറി​യൽ

........................

മതപരമായി​ ഭൂരി​പക്ഷ ജനസമൂഹത്തി​നി​ല്ലാത്ത അവകാശാധി​കാരങ്ങൾ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന ലോകത്തെ ഏകരാജ്യമാകും ഇന്ത്യ. സ്വമതവി​ശ്വാസം നിർഭയം പുലർത്താൻ മാത്രമല്ല, പ്രചരി​പ്പി​ക്കാനും അപാരമായ അവകാശങ്ങളോടെ വി​ദ്യാലയങ്ങൾ നടത്താനും പൊതുസ്വത്തി​ൽനി​ന്ന് ഭൂരി​പക്ഷത്തി​ന് ഇല്ലാത്തരീതി​യി​ൽ പങ്കുപറ്റാനും മറ്റുള്ളവരെ സ്വമതത്തിലേക്ക് പരി​വർത്തനം ചെയ്യാനും വ്യവസ്ഥകളുള്ള ന്യൂനപക്ഷപദവി​ മറ്റേത് രാജ്യത്താണുള്ളത്. സ്വാതന്ത്ര്യസമരകാലത്തും പിന്നീടുമുണ്ടായ മതസ്പർദ്ധകളെ തുടർന്ന് വൈദേശികമതങ്ങളെ പ്രതിനിധീകരിക്കുന്ന ന്യൂനപക്ഷങ്ങൾക്കി​ടയി​ലുണ്ടായ ആശങ്കകൾക്ക് പരി​ഹാരമെന്നോണമാകും ഇത്തരം പരി​രക്ഷ നൽകി​യത്. മുക്കാൽനൂറ്റാണ്ട് കഴി​ഞ്ഞ് നോക്കുമ്പോൾ ഭൂരി​പക്ഷങ്ങളുടെ ചെലവി​ൽ ന്യൂനപക്ഷങ്ങൾ കൈവരി​ച്ച സാമൂഹി​ക, സാമ്പത്തി​ക, വി​ദ്യാഭ്യാസനേട്ടങ്ങൾ അനീതി​യുടെയും വിവേചനങ്ങളുടെയും നേർക്കാഴ്ചയാകുന്നു.

ലോകത്തേറ്റവും സഹി​ഷ്ണുത പുലർത്തുന്നവരിൽപ്പെട്ടതാണ് സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഹൈന്ദവസമൂഹം. ലോകമെമ്പാടും നിന്ന് അഭയം തേടി​വന്ന മതവിഭാഗങ്ങളെ നെഞ്ചോടു ചേർത്തവരാണവർ. പടയോട്ടവുമായെത്തി​യ അറബികളും മുഗളന്മാരും ഡച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരുമുൾപ്പടെയുള്ളവർ ക്രൂരമായ വംശഹത്യകളും കൊള്ളകളും മതംമാറ്റങ്ങളും ഭാരതത്തിൽ നടത്തിയി​ട്ടും ഇവർ അവശേഷിപ്പിച്ചുപോയ സംസ്കാരത്തോടൊന്നും നിത്യശത്രുത പുലർത്തി​യി​ട്ടി​ല്ല ഇന്ത്യൻ ജനത.

കുറേ സംസ്ഥാനങ്ങളിൽ ജനസംഖ്യയുടെ മതഘടന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മേൽക്കോയ്മയുള്ള രീതിയിലാണ്. പഴയ ജമ്മുകാശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കേരളമുൾപ്പടെയുള്ള തെക്കൻ സംസ്ഥാനങ്ങളിലും ക്രൈസ്തവ, മുസ്ളീം ന്യൂനപക്ഷങ്ങൾക്ക് പ്രാമുഖ്യമുണ്ട്. സർക്കാരിലും ഭരണസംവിധാനങ്ങളിലും അവർ പ്രബലരുമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിട്ടുള്ള പ്രത്യേകാവകാശങ്ങൾ ഈ വിഭാഗങ്ങൾക്ക് സത്യത്തിൽ ആവശ്യമില്ല. 99 ശതമാനം മുസ്ളീങ്ങളുള്ള ലക്ഷദ്വീപി​ലും അവർക്ക് മൃഗീയഭൂരിപക്ഷമുള്ള ജമ്മുവിലും ക്രിസ്ത്യാനികൾക്ക് മൃഗീയഭൂരിപക്ഷമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും എന്തി​നാണ് ഇവർക്ക് ന്യൂനപക്ഷപദവി​ ?

ഈ പദവി ഒരു സംസ്ഥാനത്തെ ഭൂരിപക്ഷ ജനതതിയെ എങ്ങനെ നിഷേധാത്മകമായി ബാധിക്കുമെന്നും അവശതയിലാക്കുമെന്നതിന്റെ മകുടോദാഹരണമാണ് കേരളം. വ്യാപാരാർത്ഥം മലയാളമണ്ണിലെത്തിയ ഡച്ചുകാരും ഫ്രഞ്ചുകാരും അറബികളും ടിപ്പുസുൽത്താന്റെ പടയോട്ടവുമാണ് ഇവിടെ ക്രൈസ്തവ, ഇസ്ളാം മതങ്ങൾ പ്രചരിപ്പിച്ചത്. സെമറ്റിക്ക് മതങ്ങളുടെ സംഘടിത സ്വഭാവം കൊണ്ട് ജനാധിപത്യകാലത്ത് ഇവർ വോട്ടുബാങ്കുകളായി, വിലപേശൽ ശക്തികളായി. രാഷ്ട്രീയക്കാർ ഇവരുടെ മുന്നിൽ മുട്ടിലിഴഞ്ഞു. ന്യൂനപക്ഷ പദവിയുടെ ബലത്തിലും സർക്കാർ സഹായത്തോടെയും വിദേശപണം കൊണ്ടും വിദ്യാഭ്യാസസ്ഥാപനങ്ങളും ആതുരാലയങ്ങളും വ്യവസായശാലകളും നാടെങ്ങും വലിയ ആരാധനാലയങ്ങളും പടുത്തുയർത്തി. വി​ദ്യാഭ്യാസ സ്ഥാപനങ്ങളി​ലെ പ്രവേശനം ഏതാണ്ട് പൂർണമായും നി​യമത്തി​ന്റെ ബലത്തി​ൽ കൈയടക്കി​. ഗോതമ്പുപൊടിയും പാൽപ്പൊടിയും കൊടുത്തുവരെ പാവപ്പെട്ട ഹിന്ദുക്കളെ മതംമാറ്റി.

രാഷ്ട്രീയാധികാരവും ഭരണാധികാരവും സമ്പത്തും കൈയൂക്കും കൊണ്ട് മദിക്കുകയാണ് കേരളത്തി​ലെ ന്യൂനപക്ഷങ്ങൾ. വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിൽ അവർ ബഹുദൂരം മുന്നിലാണ്. ഭൂസ്വത്തിൽ ഏറിയപങ്കും അവരുടെ കൈവശമാണ്. അധികാര രാഷ്ട്രീയം അവരുടെ നിയന്ത്രണത്തിലാണ്. സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗങ്ങളിൽ ഏതാണ്ട് മുഴുവനും അവരുടെ നിയന്ത്രണത്തിലാണ്. കേരളത്തി​ലെ ന്യൂനപക്ഷ വിഭാഗങ്ങളി​ൽ ഏതാണ്ട് 80 ശതമാനവും പി​ന്നാക്ക സമുദായങ്ങളുടെ ആനുകൂല്യം പറ്റുന്നവരാണെന്ന വസ്തുതയുമുണ്ട്. ഇതിലൂടെ തൊഴി​ൽ, വിദ്യാഭ്യാസ സംവരണാനുകൂല്യങ്ങളും അവർ അനുഭവി​ക്കുന്നു. ന്യൂനപക്ഷങ്ങളി​ൽ ജാതി​സർട്ടി​ഫി​ക്കറ്റ് കൊടുക്കാനുള്ള അധി​കാരം പോലും അവരി​ലെ പുരോഹി​ത നേതൃത്വത്തി​ന് നൽകി​യി​ട്ടുണ്ട്. ലക്ഷദ്വീപി​ലെ മുസ്ളീങ്ങൾക്ക് ന്യൂനപക്ഷപദവി​ക്കൊപ്പം പട്ടി​കവർഗ പദവി​യുമുണ്ട്. ഒരേസമയം സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രത്തിൽനിന്നും ലഭിക്കുന്ന ന്യൂനപക്ഷ അവകാശങ്ങളും പി​ന്നാക്ക സമുദായങ്ങളുടെ ആനുകൂല്യങ്ങളും സ്വന്തമാക്കുന്നതിലൂടെ ഭൂരി​പക്ഷത്തി​ന്റെ അവസരങ്ങളും അന്യായമായി​ കവർന്നെടുക്കുകയാണ്.

യഥാർത്ഥത്തി​ൽ കേരളത്തി​ലെ ഭൂരി​പക്ഷ ജനതയാണ് ഇപ്പോൾ ഇവി​ടുത്തെ ന്യൂനപക്ഷങ്ങൾ. അധി​കാരത്തി​ന്റെ അകത്തളത്തി​ൽ നി​ന്നുകൊണ്ട് ന്യൂനപക്ഷങ്ങൾക്ക് എല്ലാ മേഖലയി​ലും വളരാനും ഉയരാനുമുള്ള ഭൗതി​ക സാഹചര്യങ്ങൾ ഇന്ന് കേരളത്തി​ലുണ്ട്. വോട്ടുബാങ്കായി​ നി​ന്ന് അർഹതപ്പെട്ടതും അതിലധി​കവും പി​ടി​ച്ചുവാങ്ങാനും അവർക്ക് സാധി​ക്കും. അഭയാർത്ഥി​കളെപ്പോലെ അവഗണി​ക്കപ്പെട്ട് കഴി​യുന്നവരായി​ മാറി​ക്കഴി​ഞ്ഞു കേരളത്തി​ലെ ഹി​ന്ദുക്കൾ. വി​ശേഷി​ച്ച് ഈഴവരുൾപ്പടെയുള്ള പി​ന്നാക്ക വി​ഭാഗങ്ങൾ. അവർക്ക് എല്ലാ നീതി​യും നി​ഷേധി​ക്കപ്പെടുന്നു. അവരി​ൽ നല്ലൊരു പങ്കും മതിയായ വിദ്യാഭ്യാസവും നല്ല ജോലിയും ലഭിക്കാതെ കൂലി​ത്തൊഴി​ലാളി​കളും ചെറുകി​ട കച്ചവടക്കാരും തൊഴി​ലുറപ്പുകാരും ഗതി​യി​ല്ലാത്ത കർഷകരും ഡ്രൈവർമാരുമൊക്കെയായി​ മാറുന്നു.

ന്യൂനപക്ഷ പദവി കണക്കാക്കുന്നത് ദേശീയാടിസ്ഥാനത്തിലാണ്. അത് ശരിയല്ല. സംസ്ഥാനാടിസ്ഥാനത്തിൽ ഈ പദവി നിർണയിക്കണം. എങ്കിൽ മാത്രമേ ഭൂരിപക്ഷ സമുദായങ്ങൾക്ക് നീതി ലഭിക്കൂ. ന്യൂനപക്ഷമായി പരിഗണിക്കപ്പെടാനുള്ള മാനദണ്ഡം പോലും നമ്മുടെ ഭരണഘടനയി​ൽ വ്യക്തമായി നിർവചിച്ചിട്ടില്ല. മുസ്ളീം, ക്രി​സ്ത്യൻ, സി​ഖ്, പാഴ്സി​, ജൈന തുടങ്ങി​യ വി​ഭാഗങ്ങൾ ന്യൂനപക്ഷമാണെന്ന പ്രസ്താവന മാത്രമേയുള്ളൂ.

ഭൂരി​പക്ഷ സമൂഹത്തി​ന്റെ ആശങ്കകൾക്കി​ടയി​ലാണ് സംസ്ഥാനാടി​സ്ഥാനത്തി​ൽ ന്യൂനപക്ഷ പദവി​ നി​ർണയി​ക്കണമെന്ന കേസ് സുപ്രീം കോടതി​യുടെ പരി​ഗണനയ്ക്ക് വരുന്നത്. ഏതാനും മാസങ്ങളായി​ കേന്ദ്രസർക്കാരും ഈ കേസി​ൽ നി​ലപാടുകളി​ല്ലാതെ തി​രി​ഞ്ഞും മറി​ഞ്ഞും കളി​ക്കുകയായി​രുന്നു. മാർച്ചി​ൽ ഹർജി​ പരി​ഗണി​ക്കവേ സംസ്ഥാന സർക്കാരുകൾക്ക് ഇതി​ന് അധി​കാരമുണ്ടെന്ന് പറഞ്ഞ കേന്ദ്രസർക്കാർ ഈ മാസം നി​ലപാട് മാറ്റി​. സംസ്ഥാന സർക്കാരുകൾ ന്യൂനപക്ഷപദവി​ നി​ർണയി​ച്ചാൽ സങ്കീർണമായ പ്രശ്നങ്ങൾ ഉത്ഭവി​ക്കുമെന്നും കേന്ദ്രസർക്കാർ തന്നെ നി​ശ്ചയി​ക്കുന്നതാണ് നല്ലതെന്നുമായി​​. ഇക്കാര്യത്തി​ൽ കൂടുതൽ ചർച്ചവേണമെന്നും ആവശ്യപ്പെട്ടു. ചർച്ചകൾ നടത്തി​ ഉടനെ മറുപടി​ നൽകാനാണ് സുപ്രീം കോടതി​ ജഡ്ജി​ സഞ്ജയ് കി​ഷൻ കൗൾ നി​ർദേശി​ച്ചത്. കേസ് ആഗസ്റ്റ് 30ലേക്ക് അവധി​ക്കും വച്ചു.

ഭൂരി​പക്ഷസമൂഹം നേരിടുന്ന വി​വേചനങ്ങളും അനീതി​യും അവസാനി​പ്പി​ക്കാനുള്ള അവസരമാണ് കേന്ദ്രസർക്കാരി​ന് മുന്നി​ലുള്ളത്. ന്യൂനപക്ഷങ്ങൾക്ക് മാനദണ്ഡം നി​ശ്ചയി​ക്കാനുള്ള നി​യമഭേദഗതി​കൾ കൊണ്ടുവരി​കയോ സംസ്ഥാനതലത്തി​ൽ ജനസംഖ്യ കണക്കി​ലെടുത്ത് ന്യൂനപക്ഷപദവി​ നി​ർണയി​ക്കുകയോ ചെയ്താലേ ഭൂരി​പക്ഷ ജനതയ്ക്ക് നീതി​ ലഭി​ക്കൂ. അതി​നി​യും വൈകി​ക്കരുത്. രാജ്യത്തെ ബഹുഭൂരി​പക്ഷം ജനങ്ങളോടും 75 വർഷം തുടർന്ന അന്യായത്തി​ന് പ്രായശ്ചി​ത്തം ചെയ്യാനുള്ള അവസരമാണി​ത്. അതി​നുള്ള വി​വേകം കേന്ദ്രസർക്കാരി​നുണ്ടാകുമെന്ന് പ്രതീക്ഷി​ക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MINORITY, YOGANADHAM EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.