SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.10 AM IST

യോഗിയുടെ രാജയോഗം

yogi-and-modi

കമ്മ്യൂണിസത്തിൽ നിന്ന് കാവിയിലേക്കൊരു രാഷ്‌ട്രീയകായപ്രവേശം. യു.പി മുഖ്യമന്ത്രിയായി ഇന്ന് രണ്ടാംവട്ടം ചുമതലയേൽക്കുന്ന യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയത്തുടക്കം ഇടതുവിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയിലൂടെയായിരുന്നു. അന്നത്തെ പേര് അജയ് സിംഗ് ബിഷ്ട്. ഇടതോരം ചാഞ്ഞുനടക്കാൻ ഉപദേശിച്ചത് ഒരു ബന്ധുവാണ്. വിപ്ളവം ലഹരി പോലെ മത്തുപിടിപ്പിക്കുന്ന പ്രായം. അജയ് സിംഗ് ബിഷ്ടിനു പക്ഷേ,​ വൈകാതെ ഒരു കാര്യം മനസ്സിലായി: ഇടതുപക്ഷ ആശയങ്ങളുമായി തനിക്ക് പൊരുത്തപ്പെട്ടു പോകാനാവില്ല! പിന്നെ എ.ബി.വി.പിയിലേക്ക്. ബാക്കിയെല്ലാം ചരിത്രം.

1972 ജൂൺ അഞ്ചിന് ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിൽ പഞ്ചൂരിലെ രജപുത്ര കുടുംബത്തിൽ ജനനം. പൗരിയിലും ഋഷികേശിലും സ്കൂൾ വിദ്യാഭ്യാസം. ഹേമവതി നന്ദൻ ബഹുഗുണ സർവകലാശാലയിൽ നിന്ന് 1992 ൽ ഗണിതശാസ്ത്രത്തിൽ ബിരുദം.

വീട്ടുകാരിട്ട പേരു മാറ്റിയത് ഗോരഖ്പൂർ മഠാധിപതിയായി ചുമതലയേറ്റപ്പോൾ. അതു മാത്രമല്ല,​ യോഗി ആദിത്യനാഥ് പിന്നീട് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായതും അധികമാരും പ്രതീക്ഷിക്കാത്ത വഴിത്തിരിവ്. കോളേജ് പഠനം കഴിഞ്ഞ് സന്യാസത്തിലേക്കു കടക്കുമ്പോൾ യോഗി തന്നെ കരുതിയിരിക്കില്ല,​ അധികാര രഷ്ട്രീയത്തിലെ ഉന്നത സ്ഥാനലബ്ധി.

മുഖ്യമന്ത്രിയായ

മഠാധിപതി

പ്രമോദ് റാവത്ത് എന്നൊരു എ.ബി.വി.പി പ്രവർത്തകന്റെ കൈപിടിച്ചായിരുന്നു കാവി രാഷ്ട്രീയത്തിലേക്ക് ആദിത്യനാഥിന്റെ കടന്നുവരവ്. ശാന്തനു ഗുപ്തയുടെ 'ദി മോങ്ക് ഹു ബികം ചീഫ് മിനിസ്റ്റർ" എന്ന പുസ്തകത്തിൽ യോഗിയുടെ പരിണാമകഥയുടെ പൂർണചിത്രമുണ്ട്. ഇതേകാലത്തു തന്നെ രാമജന്മഭൂമി പ്രസ്ഥാനവുമായും യോഗി ബന്ധപ്പെട്ടു. ഗോരഖ്പൂർ മഠത്തിലെ മഹന്ത് അവൈദ്യനാഥിൽ നിന്നായിരുന്നു സന്യാസ ദീക്ഷ. അങ്ങനെ യോഗി ആദിത്യനാഥ് രൂപപ്പെട്ടു. 1996- ൽ മഹന്ത് അവൈദ്യനാഥ് ലോക്‌സഭയിലേക്കു മത്സരിച്ചപ്പോൾ പ്രചാരണച്ചുമതല യോഗിക്ക്. 1998 ൽ സജീവ പ്രവർത്തനങ്ങളിൽ നിന്ന് അവൈദ്യനാഥ് വിരമിച്ചപ്പോൾ അനന്തരഗാമിയായി പ്രഖ്യാപിച്ചത് ആദിത്യനാഥിനെ ആയിരുന്നു.

ഗോരഖ്പൂർ മഠാധിപതിയായി ചുമതലയേറ്റ യോഗി,​ 1998 ൽ ഗോരഖ്പൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് തന്റെ ഗുരുവിനെ പിന്തുടർന്ന് 26-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ലോക്‌സഭയിലെത്തി. തുടർന്ന് അഞ്ചു തവണ തുടർച്ചയായി ഗോരഖ്പൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2002 ൽ ഹിന്ദു യുവവാഹിനിക്ക് രൂപം നൽകി. ഗോരക്ഷാ പ്രവർത്തനങ്ങൾ,​ ലവ് ജിഹാദിനെതിരായ നീക്കങ്ങൾ... കാവി രാഷ്ട്രീയത്തിൽ യോഗി കൂടുതൽ ശ്രദ്ധേയനായി. 2005- ൽ ഘർ വാപസി എന്ന പേരിൽ,​ മതം മാറിയ ഹിന്ദുക്കളെ തിരികെ കൊണ്ടുവരുന്ന പദ്ധതിക്ക് രൂപം നൽകി.

ആദ്യം അപ്രിയൻ,​

ഇന്ന് പ്രിയങ്കരൻ

തുടർച്ചയായി ലോക്‌സഭാംഗമായപ്പോഴും വാജ്പേയി, നരേന്ദ്ര മോദി മന്ത്രിസഭകളിൽ യോഗിക്ക് ഇടം കിട്ടിയിരുന്നില്ല. 2002 നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ നിർദ്ദേശിച്ചവരെ ബി.ജെ.പി സ്ഥാനാർത്ഥികളാക്കാത്തതിൽ പ്രതിഷേധിച്ച്,​ ഹിന്ദു മഹാസഭാ സ്ഥാനാർത്ഥികളെ നിർത്തി അന്നത്തെ കാബിനറ്റ് മന്ത്രി ശിവപ്രതാപ് ശുക്ല ഉൾപ്പെടെ എട്ടു ബി.ജെ.പി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയ പാരമ്പര്യവുമുണ്ട് യോഗിക്ക്!

2006- ൽ ലഖ്നൗവിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗം നടക്കുന്ന ദിവസം. അതേ ദിവസം ഗോരഖ്പൂരിൽ വിരാട് ഹിന്ദു മഹാസമ്മേളനം സംഘടിപ്പിച്ച് നേതൃത്വത്തെ യോഗി വെല്ലുവിളിച്ചിട്ടുണ്ട്. 2010 മാർച്ചിൽ. വനിതാ സംവരണ ബിൽ അവതരണ വേളയിൽ പാർട്ടി വിപ്പ് പാലിക്കാത്ത ബി.ജെ.പി എം.പിയായിരുന്നു യോഗി ആദിത്യനാഥ്. 2017 ലെ യു.പി തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ആദ്യ രണ്ടു ഘട്ട പ്രചരണങ്ങളിലും താരപ്രചാരകരുടെ പട്ടികയിൽ യോഗി ഇടം പിടിച്ചിരുന്നില്ല.

വിശ്രമിക്കാത്ത

സന്യാസി

തുടർച്ചയായി കേന്ദ്ര ഭരണം നിലനിർത്താൻ ഈ ഹിന്ദുസന്യാസിയുടെ പങ്ക് തുടർന്നുള്ള തിരഞ്ഞെടുപ്പു പ്രചാരണത്തിൽ നരേന്ദ്ര മോദിയും അമിത് ഷായും തിരിച്ചറിഞ്ഞു. ഒടുവിൽ 2017- ൽ മുഖ്യമന്ത്രി. ഇപ്പോൾ രണ്ടാം തവണയും യു.പിയുടെ മുഖ്യമന്ത്രിക്കസേരയിൽ. യോഗയിലും ആത്മീയതയിലും വല്ലാത്ത അഭിനിവേശമാണ് യോഗിക്ക്. ഹിന്ദുത്വ പ്രതിച്ഛായയിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത യോഗി 2007 ലെ ഗോരഖ്പൂർ കലാപത്തിൽ പ്രതിയായി. ജനുവരി 30 ന് കസ്റ്റഡിയിലെടുത്ത യോഗിയെ ഒരു കിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലെത്തിക്കാൻ അഞ്ചു മണിക്കൂറെടുത്തു. വഴിനീളെ റോഡ് തടഞ്ഞ ജനക്കൂട്ടം പ്രതിഷേധവുമായി സ്റ്റേഷനു മുന്നിലെത്തിയപ്പോൾ അദ്ദേഹത്തെ വിട്ടയയ്ക്കേണ്ടിയും വന്നു. അപ്പോഴേക്കും മുംബയ്- ഗോരഖ്പൂർ ഗോദാൻ എക്സ്‌പ്രസിന്റെ രണ്ട് കോച്ചുകൾ ജനക്കൂട്ടം കത്തിച്ചുകഴിഞ്ഞിരുന്നു.

ചെയ്യുന്ന ഏതു ജോലിയിലും പൂർണ്ണമായി ആകൃഷ്ടനാകുന്ന യോഗി,​ 2020 ഏപ്രിൽ 30 ന് പിതാവിന്റെ മരണവിവരമറിയുമ്പോൾ ഒരു കൊവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. 45 മിനിട്ടു കഴിഞ്ഞ് യോഗം പൂർത്തിയാക്കിയ ശേഷമേ യോഗി എഴുന്നേറ്റുള്ളൂ. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാനായി,​ പിറ്റേന്നത്തെ അന്ത്യകർമ്മങ്ങളിലും യോഗി പങ്കെടുത്തില്ല. യോഗിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് ഉദാഹരണമാണ് പൗരത്വ സമരങ്ങളിൽ പൊതുമുതൽ നശിപ്പിച്ചവരുടെ സ്വത്തുവകകൾ കണ്ടുകെട്ടിയ സർക്കാർ നടപടി. സുപ്രീം കോടതി ആ നടപടി റദ്ദാക്കിയപ്പോൾ,​ അതിനായി പ്രത്യേക നിയമമുണ്ടാക്കുകയാണ് യോഗി ആദിത്യനാഥ്.

പകരക്കാരനാകാൻ പ്രത്യേകിച്ച് മാനദണ്ഡമില്ലാത്ത പാർട്ടിയാണ് ബി.ജെ.പി. എൽ.കെ അദ്വാനിയും രാജ്നാഥ് സിംഗും നിഥിൻ ഗഡ്കരിയും ഊഴം കാത്തിരിക്കുമ്പോഴായിരുന്നു നരേന്ദ്ര മോദിയുടെ അരങ്ങേറ്റം. 2024- ൽ പ്രതീക്ഷിക്കുന്നില്ലെങ്കിലും 2029 ലെങ്കിലും ഈ സന്യാസി മോദിയുടെ പകരക്കാരനായെത്തുമോ എന്ന് സംഘപരിവാർ രാഷ്ട്രീയത്തിൽ ഇപ്പോൾ പ്രവചിക്കാനാകില്ല.

യോഗി സർക്കാരിന്റെ

നേട്ടങ്ങൾ

 രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണവും ഭരണകൂടത്തിലെ രാഷ്ട്രീയവത്കരണവും ഒഴിവാക്കി

 ക്രമസമാധാന പാലനത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടികൾ

 1.66 കോടി വനിതകൾക്ക് പാചകവാതക കണക്ഷൻ. 2.62 ലക്ഷം കുടുംബങ്ങൾക്ക് ശൗചാലയങ്ങൾ

 പ്രധാനമന്ത്രി മാതൃവന്ദന യോജനയിലൂടെ 40 ലക്ഷം സ്ത്രീകൾക്ക് നേട്ടം. 1.41 കോടി വീടുകളിൽ വൈദ്യുതി

 ഗരീബ് കല്യാൺ യോജനയിലൂടെ സൗജന്യ റേഷനും പരിപ്പും ഭക്ഷ്യഎണ്ണയും

 8.80 ലക്ഷം വഴിയോരക്കച്ചവടക്കാർക്ക് സ്വർണനിധി യോജനയ്ക്കു കീഴിൽ വായ്പ നൽകി

 86 ലക്ഷം കർഷകരുടെ 35,000 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളി

 435 ലക്ഷം മെട്രിക് ടൺ വളവും 80,000 കോടി രൂപയും കർഷകർക്ക് നേരിട്ടു നൽകി

 പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി വഴി 2.84 കോടി കർഷകർക്ക് 32,000 കോടി

 25,60,000 കർഷകർക്ക് 2,200 കോടി രൂപ നഷ്ടപരിഹാരമായി നൽകി

 10 പുതിയ അന്താരാഷ്ട്ര സർവകലാശാലകൾ, 51 പുതിയ കോളേജുകൾ

 പെൺകുട്ടികൾക്കായി 751 കസ്തൂർബാ വിദ്യാലയങ്ങൾ

 അഞ്ച് എക്സ്‌പ്രസ് വേകളും എട്ട് വിമാനത്താവളങ്ങളും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGI ADITHYANADH
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.