SignIn
Kerala Kaumudi Online
Thursday, 25 April 2024 6.57 AM IST

കേരളം കുതിക്കുന്നു സ്റ്റാർട്ടപ്പുകളിലൂടെ

anoop-ambika

കേന്ദ്ര വ്യവസായവാണിജ്യ വകുപ്പ് മന്ത്രാലയവും കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹനവകുപ്പിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി നിയമിച്ച വിദഗ്ധസമിതി തയ്യാറാക്കിയ രാജ്യത്തെ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ തുടർച്ചയായി മൂന്നാംതവണയും ടോപ്പ് പെർഫോമർ പദവി നേടിയിരിക്കുന്നു കേരളം.

അന്താരാഷ്ട്ര സ്ഥാപനങ്ങളായ സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ് വർക്കും സംയുക്തമായി തയ്യാറാക്കിയ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോർഡബിൾ ടാലന്റ് റാങ്കിംഗിൽ ഏഷ്യയിൽ ഒന്നാം സ്ഥാനവും വെഞ്ച്വർ നിക്ഷേപവിഭാഗത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം ലഭിച്ച ആദ്യ മൂന്ന് സ്ഥാനങ്ങളും കേരളത്തിനാണ്. കേരളത്തിന്റെ കുതിപ്പിന് പുത്തനുണർവ് എന്ന ലക്ഷ്യവുമായി സ്റ്റാർട്ടപ്പ്മിഷൻ സി.ഇ.ഒ ആയി ചുമതലയേല്‌ക്കുന്ന അനൂപ് അംബിക കേരളകൗമുദിയോട് സംസാരിക്കുന്നു.

? കേരളത്തിന് മൂന്നാമതും ലഭിച്ച അംഗീകാരത്തെക്കുറിച്ച്

ഇത് നമ്മുടെ നിക്ഷേപാന്തരീക്ഷത്തിനുള്ള അംഗീകാരമാണ്. കേരളത്തിൽ സ്റ്റാർട്ടപ്പുകൾക്ക് വളരാനും വികസിക്കാനും അനുകൂലമായ സാമൂഹ്യ,സാമ്പത്തിക,ഭരണപരമായ സാഹചര്യമുണ്ടെന്നതിന്റെ തെളിവാണിത്.

?അടുത്ത ലക്ഷ്യം

നമ്മുടെ സ്റ്റാർട്ടപ്പ് മേഖലയെ മികച്ച നിലയിലേക്ക് വികസിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ 3900 സ്റ്റാർട്ടപ്പുകളുണ്ട്. അത് കാൽലക്ഷമായി വികസിപ്പിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുക.

?കേരളത്തിൽ സ്റ്റാർട്ടപ്പുകൾ വിജയമാണോ

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളുണ്ടിതിന്. നൂറ് സ്റ്റാർട്ടപ്പുകൾ തുടങ്ങുമ്പോൾ പത്ത് ശതമാനം നിലനിൽക്കും. ഒരു ശതമാനം വൻവിജയമായിരിക്കും. കേരളത്തിൽ 3900 സ്റ്റാർട്ടപ്പുകളുണ്ട്. 400ലേറെ പൂർണവിജയവും വൻകുതിപ്പ് നേടിയവയുമാണ്. അൻപതോളം വൻ വിജയങ്ങളുമാണ്. കേരളത്തിന്റെ സ്റ്റാർട്ടപ്പ് സാദ്ധ്യതയാണിത് തെളിയിക്കുന്നത്.

?കേരളത്തിൽ സ്റ്റാർട്ടപ്പുകൾക്ക് ഏതെല്ലാം മേഖലയിൽ ഉൗന്നൽ നൽകാനാവും

സുഗന്ധവ്യഞ്ജനങ്ങളെ അടിസ്ഥാനമാക്കിയവ, ലഘു ഇലക്ട്രോണിക്സ് ഉത്‌പന്നമേഖല, ശ്രീചിത്രയെ പോലെ ഹെൽത്ത് കെയർ ഉപകരണ നിർമ്മാണമേഖല, ഭക്ഷ്യസംസ്‌കരണമേഖല, തനതായ ബയോഫ്രാഗ്രൻസോടു കൂടിയ വൈവിദ്ധ്യമാർന്ന ഭക്ഷ്യോത്‌പന്ന വിപണി, കേരളത്തിന്റെ തനത് കാർഷികോത്പന്നങ്ങളെ അധിഷ്ഠിതമാക്കി കാർഷിക മൂല്യവർദ്ധിത ഉത്‌പന്നമേഖല, ഭാവിയിലേറ്റവും കൂടുതൽ ആഗോള സാദ്ധ്യതയുള്ള ബഹിരാകാശ ഉത്‌പന്ന നിർമ്മാണം എന്നിവയിലെല്ലാം കേരളത്തിൽ സ്റ്റാർട്ടപ്പുകൾക്ക് മികച്ച സാദ്ധ്യതയുണ്ട്.

?ദേശീയ - അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടുന്നതിന്റെ പ്രയോജനങ്ങൾ

നിശ്ചിത മാനദണ്ഡങ്ങളുള്ള അംഗീകാരങ്ങൾ കേരളത്തിന് ലഭിച്ചതിനർത്ഥം ഇവിടെ സ്റ്റാർട്ടപ്പുകൾക്ക് വളരാൻ അനുകൂലമായ, സ്ഥിരതയാർന്ന സാഹചര്യമുണ്ടെന്ന് തന്നെയാണ്. അത് ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഇതിലേക്ക് വരുന്നവർക്കും വരാനാഗ്രഹിക്കുന്നവർക്കും ആത്മവിശ്വാസം നൽകും. ദേശീയതലത്തിൽ കൂടുതൽ സാമ്പത്തിക സഹായങ്ങൾ ലഭിക്കും. ദേശീയ,അന്തർദേശീയ തലത്തിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകളിലേക്ക് ഫണ്ട് ഒഴുകിയെത്താൻ വഴിതുറക്കും.

?സ്റ്റാർട്ടപ്പുകളുടെ ബിസിനസ് ഫോർമാറ്റ് ജനങ്ങളെ പിന്നാക്കം വലിക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമല്ലേ

ഒരു പരിധിവരെ ശരിയാണ്. വിപണിയിലെ ഇടപെടലാണ് വലിയ പ്രശ്നം. അക്കാര്യത്തിൽ ഇടപെടാൻ സ്റ്റാർട്ടപ്പ് മിഷന് പരിമിതികളുണ്ട്. ദേശീയ അന്തർദേശീയ തലങ്ങളിൽ വിപണിശൃംഖലയുമായി ബന്ധപ്പെടാനും അതിന്റെ വിനിയോഗത്തെക്കുറിച്ചും ഉത്‌പന്നങ്ങളുടെ വിപണിയെക്കുറിച്ച് വ്യക്തമാക്കിക്കൊടുത്തും സ്റ്റാർട്ടപ്പ് മിഷൻ സഹായിക്കും. എന്നാൽ വിപണിയിൽ പിടിച്ചുകയറേണ്ടതും നിലനിറുത്തേണ്ടതും വികസിപ്പിക്കേണ്ടതും സുപ്രധാനമാണ്. സംരംഭം എന്നത് കടുവയുടെ പുറത്തേറുന്നത് പോലെയാണെന്ന് പറയാറുണ്ട്. താഴെയിറങ്ങിയാൽ അത് നമ്മെ ഇല്ലാതാക്കും. പുറത്തിരുന്നാൽ ഇറങ്ങാൻ പ്രയാസമാണെന്നർത്ഥം. സ്റ്റാർട്ടപ്പ് തുടങ്ങി 12 മാസത്തിനകം ജയപരാജയങ്ങളും സാദ്ധ്യതകളും മനസിലാക്കാനാകും. ഇതിനുള്ള പദ്ധതിയാണ് സ്റ്റാർട്ടപ്പ് മിഷൻ തയ്യാറാക്കുന്നത്.

?15000 സ്റ്റാർട്ടപ്പുകൾ എന്ന സർക്കാർ ലക്ഷ്യം പ്രായോഗികമാണോ

15000 സ്റ്റാർട്ടപ്പുകൾ എത്തിപ്പിടിക്കാൻ അനുകൂല സാഹചര്യമുണ്ട്. ഐ.ടി. മാത്രമല്ല, സാങ്കേതികതയിലൂന്നിയ ഏത് സംരംഭവും ആശയവും സ്റ്റാർട്ടപ്പാണ്. അതുമായി സ്റ്റാർട്ട് അപ്പ് മിഷനെ സമീപിച്ചാൽ എല്ലാ സഹായവും ചെയ്യും. പ്രധാനമായി മൂന്ന് കാര്യങ്ങളാണ് ഒരു സ്റ്റാർട്ടപ്പിന് വേണ്ടത്. ഒന്നാമത് പണം.- അതിന് സംസ്ഥാനസർക്കാരിന്റെ എയ്ഞ്ചൽ ഇൻവെസ്റ്റ്മെന്റ് ഫണ്ട് പോലുള്ള സംവിധാനങ്ങളുണ്ട്. രണ്ടാമത് അടിസ്ഥാന സൗകര്യം. അടിസ്ഥാനസൗകര്യമൊരുക്കാനുള്ള സിസ്റ്റം കേരളത്തിലുണ്ട്. നിയമപരമായ അനുമതികൾ വേഗത്തിൽ ലഭിക്കാനും സാഹചര്യമുണ്ട്. മൂന്നാമത് വിപണി . അതിനായി ബി.ടു.ബി, ബി.ടു.സി.നെറ്റ് വർക്കുകളിലേക്ക് ബന്ധിപ്പിച്ച് നൽകാനും മിഷൻ സഹായിക്കും.

? സ്റ്റാർട്ടപ്പുകൾ വികസിപ്പിക്കാൻ കേരളത്തിനുള്ള വെല്ലുവിളി

ജനകീയതയാണ് വെല്ലുവിളികളിൽ പ്രധാനം. യുവാക്കൾ സംരംഭങ്ങൾക്ക് അനുകൂലമാണ്. എന്നാൽ രക്ഷിതാക്കൾ ആഗ്രഹിക്കുന്നത് സുരക്ഷിതമായ ജോലിയാണ്. ഇത് അതിജീവിക്കാൻ രണ്ടുതരത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. അതിൽ പ്രധാനം വിജയങ്ങൾ ആഘോഷിക്കുക എന്നതാണ്. കേരളത്തിൽ വിജയിച്ച എത്ര സംരംഭങ്ങളെക്കുറിച്ച് ജനത്തിനറിയാം? സ്റ്റാർട്ടപ്പുകൾ വിജയമാണെന്നും സാമ്പത്തിക വളർച്ചയ്ക്ക് വിശ്വസിക്കാവുന്ന പാതയാണെന്നും ബോദ്ധ്യപ്പെടുത്തണം. അതിന് വിജയിച്ച സ്റ്റാർട്ടപ്പുകളെ ജനത്തിന് പരിചയപ്പെടുത്തണം. രണ്ടാമത്തേത് സ്റ്റാർട്ടപ്പ് തുടങ്ങി അത് വിജയിക്കുമോ ഇല്ലയോ എന്നറിയാൻ വേഗത്തിലുള്ള അവസരമാണ്. പന്ത്രണ്ട് മാസത്തിനുളളിൽ സ്റ്റാർട്ടപ്പ് വിജയമാണോ ഇല്ലയോ എന്നറിയാനുള്ള സംവിധാനവും കേരളത്തിലുണ്ടാകും.

കേരളത്തിന് വളരാൻ വൻകിട വ്യവസായങ്ങളെ ആശ്രയിക്കാനാവില്ല. നോളജ് ഇക്കോണമിയിൽ അധിഷ്ഠിതമായ വ്യവസായങ്ങളാണ് ഇവിടെ വിജയിക്കുക. കേരളത്തിന് പുരോഗതിയിലേക്കുള്ള വഴിത്താര സ്റ്റാർട്ടപ്പുകളും അത്തരം സംവിധാനങ്ങളുമാണ്. എല്ലാവർക്കും ജോലി നൽകാൻ സർക്കാരിനാവില്ല. അതിനുള്ള സാഹചര്യമൊരുക്കാൻ മാത്രമേ കഴിയൂ. അറിവിൽ അധിഷ്ഠിതമായ സമൂഹം അത് ഫലപ്രദമായി വിനിയോഗിക്കണം.

അനൂപ് അംബിക

കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി ചുമതലയേൽക്കുന്ന തിരുവനന്തപുരം സ്വദേശി. രാജ്യാന്തര സെയിൽസ് മാർക്കറ്റിങ്, നയരൂപവത്കരണം, നിർമിതബുദ്ധി, മെഷീൻ ലേണിങ്, ലൈഫ് സയൻസസ്, ഐഡിയേഷൻ എന്നിവയിൽ പ്രവൃത്തിപരിചയമുള്ള സാങ്കേതിക വിദഗ്ധൻ. ബയോടെക് സ്ഥാപനമായ ജെൻപ്രോ റിസർച്ചിലെ സി.ഇ.ഒ. സ്ഥാനത്തുനിന്നാണ് എത്തുന്നത്. കേരള സർവകലാശാലയിൽ നിന്ന് ബി.ടെക്കും കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്സിൽ ബിരുദാനന്തരബിരുദവും.

ബെംഗളൂരുവിലും അമേരിക്കയിലും വിവിധ കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടെക്‌നോളജി സ്റ്റാർട്ടപ്പുകളുടെ സഹസ്ഥാപകനാണ്. സംസ്ഥാന ആസൂത്രണ ബോർഡിന്റെ കേരള നോളജ് ഇക്കണോമി മിഷനിൽ പ്രതിനിധിയാണ്. കേരളത്തിലെ ഐ.ടി. കമ്പനികളുടെ കലാസാംസ്‌കാരിക ഫോറമായ നടനയുടെ രക്ഷാധികാരിയായിരുന്നു. മൂന്നുവർഷത്തേക്കാണ് സ്റ്റാർട്ടപ്പ് മിഷനിൽ നിയമനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANOOP AMBIKA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.