SignIn
Kerala Kaumudi Online
Friday, 19 April 2024 4.28 PM IST

ആന്റണിയോട് അന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു ' ഒഴിയുന്നതാണ് നല്ലത് '

mmhassan

എ.കെ. ആന്റണിയുടെ തിരുവനന്തപുരത്തെ തൊട്ടയൽവാസിയും ശിഷ്യനുമാണ് എം.എം.ഹസൻ. അതുകൊണ്ട് ഒരു കരുതൽ ആന്റണിക്ക് ഹസനുമേൽ ഉണ്ടായിരിക്കാം. ആന്റണിയുടെ അവസാന കേരള മന്ത്രിസഭയിൽ ഹസൻ പ്രവാസികാര്യമന്ത്രിയായിരുന്നു. കെ.എസ്.യു പ്രസിഡന്റ് മുതൽ കെ.പി.സി.സി പ്രസിഡന്റും മന്ത്രിയും ഏറ്റവുമൊടുവിൽ യു.ഡി.എഫ് കൺവീനറും വരെ എത്തിനില്‌ക്കുന്നു ഹസന്റെ അമ്പതിലധികം വർഷം നീളുന്ന രാഷ്ട്രീയജീവിതം. തൊണ്ണൂറുകളിൽ കോൺഗ്രസ് ഗ്രൂപ്പ് യുദ്ധത്തിന്റെ മൂർദ്ധന്യദശയിൽ എ ഗ്രൂപ്പിന്റെ അണിയറയിൽ തന്ത്രങ്ങൾ മെനഞ്ഞ പ്രധാനികളിൽ ഹസനുമുണ്ട്. അടിയന്തരാവസ്ഥയുടെ ഇടവേളയിൽ ഇടത്തോട്ട് ചാഞ്ഞ ആന്റണി ഗ്രൂപ്പുകാരിൽ ഹസനുണ്ട്. അങ്ങനെ കാറും കോളും നിറഞ്ഞ രാഷ്ട്രീയകാലാവസ്ഥയെ അഭിമുഖീകരിച്ച ഹസൻ ഓർമ്മച്ചെപ്പ് എന്ന പേരിലൊരു ആത്മകഥയെഴുതുമ്പോൾ സ്ഫോടനാത്മക വെളിപ്പെടുത്തൽ പ്രതീക്ഷിച്ചവർക്ക് തെറ്റി.

"അണിയറ രഹസ്യങ്ങൾ ചിലതെല്ലാം ഇതിൽ പറയുന്നുണ്ട്. എന്നുവച്ച് സ്ഫോടനാത്മക വെളിപ്പെടുത്തലൊന്നുമില്ല. ഞാനിപ്പോളൊരു പൊസിഷനിലിരിക്കുകയല്ലേ. ഒരുകാലത്തെ വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളുടെ ചരിത്രമെന്ന നിലയിൽ രാഷ്ട്രീയവിദ്യാർത്ഥികൾക്ക് പാഠപുസ്തകമാക്കാനും കൂടി ഉപകരിക്കുന്നതാകണമെന്ന് ആഗ്രഹിക്കുന്നു. അതിനാൽ വ്യക്തിനിഷ്ഠമെന്നതിനേക്കാൾ പ്രസ്ഥാനചരിത്രമാണിത് "- ഹസൻ പറഞ്ഞു. ആരെയും കുത്തിനോവിക്കാത്ത ആത്മകഥനമായതിനാലാണ് അവതാരികയിൽ ടി. പത്മനാഭൻ ഇതിനെ സ്നേഹത്തിന്റെ പുസ്തകമെന്ന് വിളിച്ചത്. പക്ഷേ, ഇതിൽ പ്രത്യക്ഷമായി വെളിപ്പെടുത്താത്തതും ചില സൂചനകൾ നൽകിയതുമായ, ഇതുവരെ ആരുമറിയാത്ത ആ രഹസ്യം ഹസൻ ഈ അഭിമുഖവേളയിൽ തുറന്നുപറഞ്ഞു. അത് ആന്റണി 2004 ൽ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിന് പിന്നിലെ പ്രേരണയാണ്. അന്നത്തെ ന്യൂനപക്ഷങ്ങളെക്കുറിച്ചുണ്ടായ ആന്റണിയുടെ വിവാദപരാമർശം ഘടകകക്ഷികളെ പൊള്ളിച്ചപ്പോൾ, ഒന്നുകിൽ ശൈലി മാറ്റൂ, അല്ലെങ്കിൽ മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ് പോകുന്നതാണ് നല്ലതെന്ന് ഉമ്മൻ ചാണ്ടിയും ആര്യാടനും വക്കം പുരുഷോത്തമനും ആന്റണിയെ നേരിൽക്കണ്ട് പറഞ്ഞു. ആ പ്രകോപനമാണ് സോണിയയോടു പോലും പറയാതെയുണ്ടായ ആ രാജിപ്രഖ്യാപനം.

ഹസന്റെ പുസ്തകപ്രകാശനം ഇന്നാണ്. അദ്ദേഹം സംസാരിക്കുന്നു.

എന്താണ് ഇപ്പോൾ ഇങ്ങനെയൊരു ആത്മകഥനം ?

കെ.പി.സി.സി പ്രസിഡന്റായിരിക്കെ എന്റെ നിയമസഭാപ്രസംഗങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പ്രകാശനച്ചടങ്ങിൽ വച്ച് പറഞ്ഞതാണ് അമ്പത് കൊല്ലത്തെ സജീവരാഷ്ട്രീയപ്രവർത്തന അനുഭവങ്ങൾ തിരിഞ്ഞുനോക്കിയാൽ കൊള്ളാമെന്നുണ്ടെന്ന്. ആന്റണിയും ഉമ്മൻ ചാണ്ടിയും സുധീരനും രമേശുമെല്ലാമുള്ള വേദിയിലാണത്. അന്ന് കേരളത്തിലെ പ്രത്യേകത, കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയുമൊക്കെ സജീവതയാണ്. അവയിലൂടെ കടന്നുവന്നവരെല്ലാം പാർട്ടി നേതൃനിരയിലെത്തി. മുഖ്യമന്ത്രിമാരും മന്ത്രിമാരുമായി. യുവാക്കൾ അംഗീകരിക്കപ്പെട്ടു. 50കൊല്ലത്തെ എന്റെ യാത്രയെന്നത് ഈ പ്രസ്ഥാനങ്ങളിലൂടെയുള്ള സഞ്ചാരവുമാണ്. വേദിയിൽ വച്ച് പരസ്യമായി പ്രഖ്യാപിച്ചതിനാലും ലോക്ക്ഡൗൺ സമയത്ത് വായനയ്ക്ക് സമയമൊരുപാട് കിട്ടിയതിനാലും എഴുതിത്തുടങ്ങി.

സംശയനിവാരണത്തിന്, വലിയ ഓർമ്മശക്തിയുള്ള വി.എം.സുധീരനുമായും കെ.സി. ജോസഫുമായും ബന്ധപ്പെട്ടു. 500 പേജൊക്കെ ആയപ്പോഴാണ് നിറുത്തിയത്. വയലാർ രവി മുതൽ ഷാഫി പറമ്പിൽ വരെയുള്ള വലിയൊരു നേതൃനിരയെ ആനയിച്ച യുവജനപ്രസ്ഥാനത്തെ എന്നിലൂടെ വിലയിരുത്താനാണ് ശ്രമിച്ചത്. അടുത്തകാലം വരെയുള്ള കേരള രാഷ്ട്രീയത്തിലെ അനുഭവങ്ങളും പറഞ്ഞിട്ടുണ്ട്. ഭാവിയിൽ ജോലി വേണോ, കച്ചവടത്തിന് പോകണോ, സാമൂഹ്യസേവനം വേണോ എന്നീ ചോദ്യങ്ങൾ വന്നപ്പോൾ മറ്റ് ഭവിഷ്യത്തുകളോർക്കാതെ സാമൂഹ്യസേവനം തിരഞ്ഞെടുത്തവരുടെ കഥയാണിത്.

ആ നിലയ്ക്ക് രാഷ്ട്രീയവിദ്യാർത്ഥികൾക്ക് അക്കാഡമിക് താത്‌പര്യത്തോടെ സമീപിക്കാവുന്ന രചനയെന്ന് പറയാം ?

അതെ. അപ്രിയസത്യങ്ങൾ പറയാൻ ഞാൻ മെനക്കെട്ടിട്ടില്ല. പുസ്തകത്തിന് അവതാരിക എഴുതിത്തന്ന ടി. പത്മനാഭൻ എഴുതിയത് തന്നോടൊരു പേരിടാൻ പറഞ്ഞാൽ ഈ പുസ്തകത്തിന് സ്നേഹത്തിന്റെ പുസ്തകമെന്ന് പേരിടുമെന്നാണ്. വിദ്വേഷമോ വെറുപ്പോ ഇല്ലാതെ എല്ലാവരെക്കുറിച്ചും നല്ലതുള്ള ഈ പുസ്തകത്തിൽ സ്നേഹപ്രവാഹമാണെന്ന് അദ്ദേഹം എഴുതി. ഇതിൽ ആത്മകഥാംശം കുറവാണ്. എന്നാൽ രാഷ്ട്രീയജീവിതത്തിൽ ഞാനനുഭവിച്ച ഒരുപാട് അണിയറക്കഥകൾ ഇതിലുണ്ട്. അന്ന് മാദ്ധ്യമങ്ങളിൽ വരാത്തതും എന്നാൽ ഞങ്ങളുടെ സമകാലികരായ എല്ലാവർക്കും അറിയാവുന്നതുമായ കാര്യങ്ങൾ.

അമ്പതാണ്ട് നീണ്ട രാഷ്ട്രീയജീവിതം സംഭവബഹുലമാണല്ലോ ?

അതൊക്കെ ഇതിലുണ്ട്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് കാലഘട്ടം കഴിഞ്ഞ്, കോൺഗ്രസിന് അകത്തായപ്പോൾ പ്രത്യേകിച്ചും. കരുണാകരന്റെ നേതൃത്വത്തിനെതിരെ പട നയിച്ച ഗ്രൂപ്പിൽ പെട്ടയാളാണല്ലോ ഞാൻ. മാർക്സിസ്റ്റ് പാർട്ടിയുമായി ആന്റണിയും ഞങ്ങളുമൊക്കെ സഹകരിച്ച കാലമുണ്ട്. കൂട്ടത്തിൽ കോൺഗ്രസിലെ ഗ്രൂപ്പുകളെക്കുറിച്ച് പറയുന്ന ഭാഗത്ത് കേരളകൗമുദിയുമായി ബന്ധപ്പെട്ട ഒരദ്ധ്യായം തന്നെയുണ്ട്. കേരളകൗമുദിയിൽ വന്ന കാട്ടുകള്ളന്മാർ എന്ന പരമ്പര മുതലാണല്ലോ ഗ്രൂപ്പുയുദ്ധത്തിന്റെ ഒരാരംഭം. അതിനെതിരായി അന്വേഷണം നടത്താൻ കരുണാകരൻ തീരുമാനിച്ചു. അത് പറയുമ്പോൾ വേറൊരു ഫ്ലാഷ്ബാക്കുണ്ട്. ആർ.ശങ്കർ- സി.കെ.ഗോവിന്ദൻനായർ ഗ്രൂപ്പുകളുടെ കാലം. അന്ന് സി.കെ. ഗോവിന്ദൻ നായരുടെ തിരുവനന്തപുരത്തെ ഏറ്റവും ഇഷ്ടപ്പെട്ട പത്രപ്രവർത്തക സുഹൃത്ത് എം.എസ്. മണിയായിരുന്നു. ആർ. ശങ്കറിനെതിരെ എം.എസ്. മണിയും പത്രവുമൊക്കെ സി.കെയെ പിന്തുണച്ചു. വനംകൊള്ളയുടെ കാലത്ത് പക്ഷേ ചരിത്രത്തിന്റെ തനിയാവർത്തനമായിരുന്നു. മന:പൂർവമല്ലെങ്കിലും കേരളകൗമുദിക്ക് തിരിച്ചൊരു നിലപാടെടുക്കേണ്ടിവന്നു. അതങ്ങനെ കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിലും കരുണാകരന്റെ നേതൃത്വത്തിലുമുള്ള ഗ്രൂപ്പുകളായി രൂപാന്തരപ്പെട്ടു. മലയാള മനോരമയുടെ ബാലജനസഖ്യത്തിലൂടെയാണ് കെ.എസ്.യുവിലെത്തുന്നതെങ്കിലും പിന്നീട് ഒരു മാദ്ധ്യമമെന്ന നിലയിൽ എനിക്ക് ഏറ്റവുമധികം വ്യക്തിബന്ധമുള്ളത് കേരളകൗമുദിയുമായിട്ടാണ്.

ചാരക്കേസിൽ കരുണാകരന്റെ രാജിയാവശ്യപ്പെട്ടതിൽ പശ്ചാത്തപിക്കുന്നുവെന്ന് താങ്കൾ കോഴിക്കോട്ട് നടത്തിയ കുമ്പസാരം വിവാദമായിരുന്നു ?

അതെ. ആന്റണിക്ക് കരുണാകരനെ സ്ഥാനത്തുനിന്ന് നീക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. അദ്ദേഹം എന്നെയും ഉമ്മൻ ചാണ്ടിയെയും വിളിച്ച് പറഞ്ഞു. പിന്നീട് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് നരസിംഹറാവു അദ്ദേഹത്തെ പ്രഖ്യാപിച്ചു. കരുണാകരൻ മാത്രമല്ല, കോൺഗ്രസുകാരെല്ലാം ഞെട്ടിപ്പോയി. കാരണം നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കാൻ കിംഗ് മേക്കറായി നിന്ന കെ. കരുണാകരനെ, അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കുമെന്ന് സ്വപ്നത്തിൽപ്പോലും വിചാരിക്കില്ലല്ലോ. ആ സമയത്ത് ഞാനും ഉമ്മൻ ചാണ്ടിയും പോയി ആന്റണിയെ നിർബന്ധിക്കുന്നുണ്ട്. ഒരു കാരണവശാലും ഏറ്റെടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വാസ്തവത്തിൽ അന്ന് മുസ്ലിംലീഗുമൊക്കെ പറഞ്ഞത് ഉമ്മൻ ചാണ്ടി ആകണമെന്നാണ്. ഉമ്മൻ ചാണ്ടി ആദ്യമേ അത് തള്ളി. കാരണം, കരുണാകരനെ നീക്കാൻ കരുനീക്കങ്ങളൊക്കെ നടത്തിയത് തനിക്ക് മുഖ്യമന്ത്രിയാവാൻ വേണ്ടിയാണെന്ന വ്യാഖ്യാനം വരുന്നത് അദ്ദേഹം ആഗ്രഹിച്ചില്ല. ആന്റണിയോട് നമ്മളാലോചിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് പത്മരാജൻ വക്കീലിനെയോ (സി.വി. പത്മരാജൻ) വക്കം പുരുഷോത്തമനെയോ ആക്കാനാണ്. പക്ഷേ ഘടകകക്ഷികൾ അനുകൂലിച്ചില്ല. അവരെല്ലാം ചേർന്ന് നരസിംഹറാവുവിന്റെ മുന്നിലെത്തി ആന്റണിയെ നിയോഗിക്കാൻ പറഞ്ഞു. അങ്ങനെയാണ് നരസിംഹറാവു അത് പ്രഖ്യാപിച്ചത്. അന്ന് ആന്റണി സിവിൽ സപ്ലൈസ് മന്ത്രിയാണ്. നമ്മളന്ന് ചെയ്ത കാര്യങ്ങളെ ആത്മപരിശോധനയ്ക്ക് വിധേയമാക്കണമല്ലോ എന്ന് കരുതിയാണ് കോഴിക്കോട്ട് അത് പറഞ്ഞത്. അന്ന് കരുണാകരനെ നീക്കിയപ്പോഴുണ്ടായ ചലനം ഭയങ്കരമല്ലേ.

പിന്നീട് ചരിത്രം ആവർത്തിച്ചു. 2001ൽ അധികാരമേറി മൂന്നരക്കൊല്ലത്തിന് ശേഷം അദ്ദേഹത്തിന് ഒഴിയേണ്ടിവന്നു.

ആന്റണിയുടെ രാജിയിലേക്ക് നയിച്ചതിൽ അത്തരം നാടകീയതകൾ എന്തെങ്കിലുമുണ്ടായോ ?

രാജിയിലേക്ക് നയിച്ച സംഭവങ്ങൾക്ക് മുമ്പ് ആന്റണി ഒരു പ്രസംഗം നടത്തി. കേരളത്തിൽ ന്യൂനപക്ഷസമുദായങ്ങൾ ഉന്നയിക്കുന്ന അമിത അവകാശവാദം ഭൂരിപക്ഷ സമുദായത്തിനിടയിൽ സംഘർഷമുണ്ടാക്കുന്നത് ആകരുതെന്നൊരു അഭിപ്രായം. അപ്പോൾ ലീഗുൾപ്പെടെയുള്ള കക്ഷികൾക്ക് അതൃപ്തിയുണ്ടായി. പാർട്ടിക്കകത്താണെങ്കിൽ പൊലീസിലും ഭരണകാര്യങ്ങളിലും മറ്റുമുള്ള പാർട്ടിക്കാരുടെ ഇടപെടൽ. അതൊക്കെ ആന്റണിയെ ബുദ്ധിമുട്ടിച്ചു. ഇതിനെല്ലാമൊടുവിൽ ഉമ്മൻ ചാണ്ടിയും ആര്യാടനും വക്കം പുരുഷോത്തമനും ചെന്ന് ആന്റണിയോട് പറഞ്ഞു, ഒന്നുകിൽ ആന്റണി പ്രവർത്തനശൈലി മാറ്റണം, അല്ലെങ്കിൽ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞുപോകുന്നതാണ് നല്ലത് എന്ന്. ഇതോടെ ആന്റണി മാനസികമായി ഒഴിയാൻ സന്നദ്ധനായി. സോണിയഗാന്ധി വന്നുപോയ ഉടനെയാണ്, അവർ പോലും ആവശ്യപ്പെടാതെയുള്ള രാജി ആന്റണി പ്രഖ്യാപിച്ചത്. അവർ മൂന്ന് പേരും ചെന്ന് പറഞ്ഞതാണ് ആന്റണിയെ കൂടുതൽ പ്രകോപിപ്പിച്ചത്. ഇക്കാര്യം അതുപോലെയില്ലെങ്കിലും അതിന്റെ പശ്ചാത്തലം പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്തെ നിലപാടുകളൊക്കെ ?

അതൊക്കെ വിവരിക്കുന്നുണ്ട്. ഇന്ദിരാഗാന്ധിയോട് വളരെ ആരാധനയും ബഹുമാനവുമുള്ളയാളായിരുന്നു ഞാൻ. പക്ഷേ ആന്റണിയും വയലാർ രവിയുമൊക്കെ വഴിയാണ് എ.ഐ.സി.സിയുമൊക്കെയായി നമ്മൾ ബന്ധപ്പെടുന്നത്. അപ്പോൾ അവരൊരു നിലപാടെടുത്തപ്പോൾ, ഞങ്ങളുടെ നേതാക്കളെന്ന നിലയിൽ ഒപ്പം നിന്നു. എല്ലാ കാലത്തുമങ്ങനെയാണ്.

1969ൽ കോൺഗ്രസിൽ പിളർപ്പുണ്ടായപ്പോൾ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഞാൻ യുവാക്കളേ മുന്നോട്ട് എന്ന പേരിൽ കേരളകൗമുദിയിൽ ലേഖനമെഴുതി. ഇന്ദിരാ കോൺഗ്രസുണ്ടായപ്പോൾ കേരളത്തിൽ നിന്നൊരു യൂത്ത് കോൺഗ്രസ് നേതാവിന്റെ ലേഖനം ആദ്യമായി വരുന്നത് കേരളകൗമുദിയിലാണ്. അങ്ങനെയൊരു നിലപാടെടുത്ത ഞാനാണ്, 77ൽ ഇന്ദിരയെ എതിർക്കാൻ മാനസികമായി പ്രയാസമുണ്ടായിട്ടും നേതാക്കളെടുത്ത നിലപാടിനൊപ്പം ഉറച്ചുനിന്നത്.

1980 ൽ മാർക്സിസ്റ്റ് പാർട്ടിയുമായി ചേരുന്നതിനോട് ഉമ്മൻ ചാണ്ടി ശക്തമായി എതിരായിരുന്നു. വയലാർ രവിക്കും താത്‌പര്യക്കുറവുണ്ടായി. പക്ഷേ തീരുമാനമെടുത്തപ്പോൾ ഉമ്മൻ ചാണ്ടിയടക്കം അതിനൊപ്പം നിന്നു. മന്ത്രിസ്ഥാനമേറ്റെടുക്കാൻ അദ്ദേഹം തയാറായില്ല. പി.സി. ചാക്കോയാണ് മന്ത്രിയായത്.

2004 ൽ ആന്റണി ഒഴിഞ്ഞപ്പോൾ ഉമ്മൻചാണ്ടിയെ നിർദ്ദേശിച്ചത് ആന്റണി തന്നെയല്ലേ ?

ആന്റണി തന്നെയാണ് നിർദ്ദേശിച്ചത്. വക്കം പുരുഷോത്തമന് അന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ആന്റണി വക്കം പുരുഷോത്തമനെ വിളിച്ചുപറഞ്ഞു, നിങ്ങൾ പോയി ഉമ്മൻ ചാണ്ടിയുടെ പേര് നിർദ്ദേശിക്കണം, നിങ്ങൾ അതാഗ്രഹിക്കരുത് എന്ന്. ഉമ്മൻ ചാണ്ടിയെ തന്നെയാക്കണമെന്ന് കേന്ദ്രത്തിലും ആന്റണി പറഞ്ഞു. അങ്ങനെ വന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INTERVIEW
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.