SignIn
Kerala Kaumudi Online
Saturday, 20 April 2024 1.50 AM IST

ഇതാ അവിടെ വരെ

kitex

രണ്ടുവയസു വരെയുള്ള കുട്ടികളുടെ വസ്‌ത്രനിർമ്മാണത്തിൽ ലോകത്തെ രണ്ടാമത്തെ വലിയ കമ്പനിയാണ് കിറ്റെക്‌സ് ഗാർ‌മെന്റ്‌സ്. കേരളത്തിൽ സ്വകാര്യമേഖലയിൽ ഏറ്റവുമധികം പേർ തൊഴിലെടുക്കുന്ന സ്ഥാപനം. തെലങ്കാനയിലേക്ക് 3500 കോടിയുടെ നിക്ഷേപവുമായി കിറ്റെക്‌സ് പോയി. ഇവിടെ നിന്ന് അവിടേക്ക് പോയതിൽ ഒരു ദുഃഖവുമില്ലെന്ന് പറയുന്ന കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ സാബു എം. ജേക്കബ് അതിനിടയാക്കിയ കാരണങ്ങൾ വിശദീകരിക്കുന്നു.

പൊതുവേ വ്യവസായികൾ സർക്കാരുമായോ രാഷ്‌ട്രീയ പാർട്ടികളുമായോ നേരിട്ട് ഏറ്റുമുട്ടാറില്ല. ഇതിന് പിന്നിലെ ധൈര്യമെന്താണ്?

കാരണം ഒന്നേയുള്ളൂ, അന്തഃസായി തല ഉയർത്തിപ്പിടിച്ച് ജീവിക്കാനാണ് എനിക്കിഷ്‌ടം. വ്യവസായികളോട് രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും കാശ് ചോദിക്കാറുണ്ട്. മിക്കവരും കാശ് കൊടുക്കാറുമുണ്ട്. അത് എല്ലായിടത്തും പതിവാണ്. കാശ് രണ്ട് രീതിയിൽ വാങ്ങിക്കാം. ചിലർ, കിട്ടുന്നത് വാങ്ങി സന്തോഷത്തോടെ പോകുന്നു. 'തന്നില്ലെങ്കിൽ നിന്നെ ശരിയാക്കി കളയും" എന്ന് പറയുന്നവരാണ് രണ്ടാമത്തേത്.

നിയമപരമായി ചെയ്യേണ്ടത് ചെയ്യാതെ പൈസ കൊടുത്ത് മാത്രം കാര്യങ്ങൾ നേടുന്നവരാണ് പലരും. ആ വ്യവസ്ഥിതിയാണ് പ്രശ്‌നം. ഇതിനോട് എനിക്ക് എതിർപ്പാണ്. എന്റെ പിതാവും (അന്ന കിറ്റെക്‌സ് ഗ്രൂപ്പ് സ്ഥാപകൻ എം.സി. ജേക്കബ്) അങ്ങനെയായിരുന്നു. ആരെങ്കിലുമൊക്കെ പ്രതികരിക്കാതെ ഈ വ്യവസ്ഥിതി നന്നാവില്ലല്ലോ.

ഒരു മാസത്തിനിടെ കിറ്റെക്‌സിൽ നടന്നത് 11 പരിശോധനകൾ. അത് വെറും രാഷ്‌ട്രീയമാണോ? ട്വന്റി -20യുടെ ജനപ്രീതിയാണോ എതിരാളികളുടെ പ്രശ്‌നം?

പരിശോധനകൾക്ക് ഞങ്ങൾ ഒരിക്കലും എതിരല്ല. പക്ഷേ, പരിശോധിക്കാൻ വരുന്നവർ മാനദണ്ഡം പാലിക്കണം. ഇവിടെ ഒന്നും പാലിക്കപ്പെട്ടില്ല. പത്താമത്തെ പരിശോധനയ്ക്ക് ശേഷമാണ് ഞാൻ പ്രതികരിച്ചത്. ട്വന്റി-20 സ്ഥാപിക്കപ്പെട്ടിട്ട് വലിയ കാലമായിട്ടില്ല.

കിറ്റെക്‌സിനെതിരെ വിരോധം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. രാഷ്‌ട്രീയത്തിന്റെ മറവിൽ ഇവർ തീർക്കുന്നത് വ്യക്തിവിരോധം കൂടിയാണ്. 1975 മുതൽ പലവർഷങ്ങളിലും പ്രതിഷേധമുണ്ടായി. 97ൽ എന്റെ അച്‌ഛനെ നടുറോഡിൽ വണ്ടിയിൽ നിന്നിറക്കി ഇവർ 70 വെട്ടാണ് വെട്ടിയത്. എന്നെ മൂന്നു പ്രാവശ്യം ബോംബെറിഞ്ഞിട്ടുണ്ട്. 2001ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത അന്ന് രാത്രി 200ലേറെ രാഷ്‌ട്രീയക്കാർ ഫാക്‌ടറി ആക്രമിച്ചു. അഞ്ച് വണ്ടി തീവച്ചു. സ്‌ത്രീകളുടെ ഹോസ്‌റ്റലിന്റെ ചില്ലുകൾ തകർത്തു. രണ്ടര മണിക്കൂർ അക്രമമായിരുന്നു. ഇത് കേരളത്തിന്റെ പൊതുസ്വഭാവമാണ്.

3,500 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിന് നഷ്‌ടമാകുന്നത്. പിന്നീട് എപ്പോഴെങ്കിലും തോന്നിയിരുന്നോ നിക്ഷേപം പിൻവലിക്കേണ്ടിയിരുന്നില്ലെന്ന്?

നേരേ തിരിച്ചാണ് എനിക്ക് തോന്നിയത്. കൃഷിയിൽ നിന്നാണ് ഞങ്ങൾ വ്യവസായത്തിലേക്ക് വന്നത്. ഒരുപാട് പേർക്ക് തൊഴിൽ കൊടുക്കുകയായിരുന്നു ലക്ഷ്യം. കിറ്റെക്‌സിൽ ഇന്നുവരെ തൊഴിലാളി പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഓർക്കണം. ഞങ്ങൾക്ക് നേരെയുണ്ടായിട്ടുള്ളത് ഉദ്യോഗസ്ഥ-രാഷ്‌ട്രീയ അക്രമങ്ങളാണ്. മുൻകാലങ്ങളിൽ വലിയ പ്രതിസന്ധികളുണ്ടായെങ്കിലും കേരളം നന്നാകണമെന്ന് ആഗ്രഹമുള്ളതു കൊണ്ടാണ് പിടിച്ചുനിന്നത്. നിക്ഷേപം ഉപേക്ഷിക്കാനുള്ള തീരുമാനം വൈകാരികമല്ല. ആലോചിച്ചെടുത്തതാണ്. 1995 ലാണ് കിറ്റെക്‌സ് ഗാർമെന്റ്‌സ് തുടങ്ങിയത്. ഈ 26 വർഷം കമ്പനി പ്രവർത്തിച്ചത് തെലങ്കാനയിലോ തമിഴ്‌നാട്ടിലോ ആയിരുന്നെങ്കിൽ ഇതിന്റെ പത്തിരട്ടി വളർന്നേനെ. ഇന്ന് 15,000 പേർ ജോലിയെടുക്കുന്ന സ്ഥാപനത്തിൽ ഒന്നരലക്ഷം പേരുണ്ടായിരുന്നേനെ. അതുകൊണ്ട്, എന്റെ തീരുമാനത്തിൽ ദുഃഖമൊന്നുമില്ല.

താങ്കളുടെ ഈ പിന്മാറ്റം കേരളത്തിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നാണ് വിമർശനങ്ങൾ?

പ്രതിച്ഛായ ഉണ്ടെങ്കിലല്ലേ മങ്ങലേൽക്കൂ. വ്യവസായ സൗഹൃദമെന്ന സംഗതി കേരളത്തിലില്ല. വ്യവസായ സൗഹൃദത്തിൽ 28-ാം റാങ്കാണ് കേരളത്തിന്. ത്രിപുര മാത്രമാണ് കേരളത്തിന് പിന്നിലുള്ളത്. എന്തൊരു നാണക്കേടാണിത്. കേരളം നമ്പർ വൺ ആണെന്ന് പറയുന്നത് രാഷ്‌ട്രീയക്കാരും മന്ത്രിമാരുമാണ്. കേരളത്തിലാണ് എന്റെ ഫാക്‌ടറി, പതിനായിരത്തിലേറെ പേർ ജോലി ചെയ്യുന്നു എന്ന് ഞാൻ പറയുമ്പോൾ മറ്റ് നാട്ടുകാർ അന്തംവിടുകയാണ്. പി.ടി. തോമസ് പറഞ്ഞു ഞങ്ങൾ മാലിന്യം ഉണ്ടാക്കുകയാണെന്ന്. മാലിന്യം യഥാർത്ഥത്തിൽ ആരാണ് ഉണ്ടാക്കുന്നതെന്ന റിപ്പോർട്ട് ഞങ്ങൾ ഉടൻ പുറത്തുവിടുന്നുണ്ട്. രാഷ്‌ട്രീയലാഭം മാത്രമാണ് ഇവിടെ എല്ലാവർക്കുമുള്ളത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് കേരളം സ്വർഗം. അതുകൊണ്ട് തന്നെ, ഇങ്ങനെ പോയാൽ കേരളം ഒരിക്കലും നന്നാവില്ല.

തെലങ്കാനയിൽ 1,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. കൂടുതൽ നിക്ഷേപ ചർച്ചകൾ നടക്കുന്നുണ്ടല്ലോ?

തെലങ്കാനയിൽ അപ്പാരൽ പാർക്ക്, മദേഴ്‌സ് യൂണിറ്റ് എന്നിവ സംബന്ധിച്ച ധാരണാപത്രം ഈ മാസം ഒപ്പിടും. ഈ വർഷം തന്നെ പദ്ധതികൾ പൂർത്തിയാക്കും. മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ആന്ധ്ര, തമിഴ്നാട് സർക്കാരുകളിലെ മന്ത്രിമാർ അടക്കമുള്ള ഉന്നതസംഘവും ഞങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ട്.

കേരളത്തിൽ 1,000 കോടി രൂപ നിക്ഷേപിക്കണമെങ്കിൽ കൈയിൽ 1,200 കോടിയെങ്കിലും കരുതണം. എന്നാൽ തെലങ്കാന പോലുള്ള സംസ്ഥാനങ്ങളിൽ നിക്ഷേപിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് 10 വർഷത്തിനകം നമുക്ക് നിക്ഷേപം അവർ പൂർണമായി ഇൻസെന്റീവുകളിലൂടെ തിരിച്ചുതരും. ഫലത്തിൽ, നമ്മുടെ മുടക്ക് മുതൽ 'പൂജ്യം" ആയിരിക്കും. ഇവിടെ സർക്കാർ ഉപദ്രവമല്ലാതെ ഒന്നും തിരിച്ചു തരുന്നില്ല.

തെലങ്കാനയിലെ നിക്ഷേപ പ്രഖ്യാപനത്തിന് ശേഷം കിറ്റെക്‌സിന്റെ ഓഹരിവില ഇരട്ടിയിലേറെ ഉയർന്നു. ഇപ്പോൾ ചാഞ്ചാട്ടമുണ്ടെങ്കിലും നിക്ഷേപക പ്രിയമുണ്ട്. താങ്കളുടെ അഭിപ്രായം?

ഞാൻ കേരളത്തിൽ 3,500 കോടി നിക്ഷേപിക്കും എന്ന് കഴി‌ഞ്ഞവർഷം പറഞ്ഞപ്പോൾ ഓഹരികൾ അനങ്ങിയില്ല. കേരളത്തിൽ നിന്ന് പിന്മാറുന്നു എന്ന് പറഞ്ഞപ്പോഴാണ് ഓഹരികൾ മുന്നേറിയത്. ലാഭമെടുപ്പ് കൊണ്ടാണ് ഓഹരിവില ഇപ്പോൾ താഴ്‌ന്നത്. അത് താത്കാലികമാണ്. ഇവിടെ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്: 3,500 കോടി രൂപയുടെ പദ്ധതി കേരളത്തിന് വെളിയിലേക്ക് മാറ്റുമ്പോൾ ശരിക്കും നമ്മുടെ കൈയിൽ 2,500 കോടി രൂപ മതിയാകും. കാരണം, ഭൂമിവില, കെട്ടിട നിർമ്മാണച്ചെലവ് ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ കുറവാണ്. മാത്രമല്ല, ബിസിനസ് അതിവേഗം വളരും. ലാഭത്തിൽ 10-20 ശതമാനം വളർച്ചയും കിട്ടും.

കൊവിഡ് പ്രതിസന്ധി വരുമാനത്തെയും ലാഭത്തെയും ബാധിച്ചല്ലോ. പുതിയ സമ്പദ്‌ വർഷത്തെ പ്രതീക്ഷകൾ?

2020-21 മുഴുവൻ കൊവിഡിന്റെ പിടിയിലായിരുന്നു. എങ്കിലും 67 ശതമാനം ഉത്‌പാദനവും വിറ്റുവരവും ഞങ്ങൾ നേടി. ലാഭം വരുമാനത്തിന്റെ അതേ അനുപാതത്തിൽ നിലനിറുത്താനും കഴിഞ്ഞു. 2019-20ൽ ലാഭം വരുമാനത്തിന്റെ 18.34 ശതമാനമായിരുന്നു. കഴിഞ്ഞവർഷം 18.3 ശതമാനം. 100 ശതമാനം വാക്‌സിനേഷൻ ഞങ്ങൾ നടത്തിക്കഴിഞ്ഞു. കൊവിഡിനൊപ്പം മുന്നോട്ടു പോകാൻ കമ്പനി സജ്ജമാണ്. ഈ വർഷം റെക്കാഡ് വിറ്റുവരവാണ് പ്രതീക്ഷ. 780 കോടി രൂപ നേടിയ 2020ലെ റെക്കാഡ് ഈ വർഷം മറികടക്കും. ഒന്നാംപാദത്തിൽ തന്നെ വലിയ പ്രതീക്ഷയാണ് ഞങ്ങൾക്കുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KITEX, KITEX GROUP, SABU M JACOB, KITEX GARMENTS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.