SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.13 PM IST

നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ വിനയായി

mullappalli-ramachandran

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപെത്തി കോൺഗ്രസിനെ വിജയത്തിലേക്കെത്തിച്ച കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പടിയിറങ്ങി. അദ്ദേഹം കേരളകൗമുദിയോട് സംസാരിക്കുന്നു:

രണ്ടര വർഷത്തിന് ശേഷം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത് ആത്മസംതൃപ്തിയോടെയാണോ ?

അത്യന്തം വിഷമകരമായ ഘട്ടത്തിലാണ് ഞാൻ ചുമതലയേറ്റത്. കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ ഭരണം, കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തി. വെല്ലുവിളിയെന്ന നിലയ്ക്കാണ് ചുമതലയേറ്റെടുക്കാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി എന്നോടാവശ്യപ്പെട്ടത്. അന്ന് ഞാൻ എ.ഐ.സി.സിയോട് ആവശ്യപ്പെട്ടത് കോൺഗ്രസിലെ നേതാക്കളിൽ നിന്ന് കലവറയില്ലാത്ത പിന്തുണ സംബന്ധിച്ച ഉറപ്പാണ്. വന്നപ്പോൾ പാർട്ടി സംവിധാനം കുത്തഴിഞ്ഞ പുസ്തകം പോലെയായിരുന്നു. അത്തരമൊരു ചുറ്റുപാടിൽ ഈ പാർട്ടിയെ എങ്ങനെ വിജയത്തിലെത്തിക്കാനാകുമെന്നതാണ് അലട്ടിയ മുഖ്യപ്രശ്നം. അസ്തിവാരം ശക്തമായാലേ ഏത് സൗധത്തിനും ശക്തിയുണ്ടാകൂ എന്നതിനാൽ ആദ്യം ബൂത്ത് കമ്മിറ്റികൾ ശക്തിപ്പെടുത്താൻ നോക്കി. 25,000 ബൂത്ത് പ്രസിഡന്റുമാരും അത്രതന്നെ വനിതാ വൈസ് പ്രസിഡന്റുമാരും വന്നു. അവരുടെ മഹാസംഗമം എറണാകുളത്ത് രാഹുൽഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ നടന്നു. ദൗർഭാഗ്യവശാൽ പ്രയോഗതലത്തിൽ വന്നപ്പോൾ എന്റെ ബൂത്ത്, എന്റെ അഭിമാനം എന്ന ആ പദ്ധതി വേണ്ടത്ര ഗുണകരമായില്ല. പ്രാദേശികതലം മുതൽ സംസ്ഥാനതലം വരെയുള്ള നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ഉണ്ടാക്കിയവയായിരുന്നു അത്. വർഷങ്ങളായി കൂടെ നിൽക്കുന്നവരെ പിണക്കാൻ ആരും തയാറായില്ല. യാഥാർത്ഥ്യബോധം അവരെ ബോദ്ധ്യപ്പെടുത്താനുമായില്ല. അതിന്റെ ഫലമായി കമ്മിറ്റികളൊക്കെ നിർജീവമായി. അതിന്റെ ഏറ്റവും വലിയ തെളിവ് നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലുണ്ടായി. ഗൃഹസന്ദർശനം നടത്തിയില്ല. കൊടുത്ത പോസ്റ്ററുകൾ പോലും വീടുകളിലെത്തിച്ചില്ല.

വെൽഫെയർ പാർട്ടി സഖ്യമില്ലെന്ന താങ്കളുടെ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കിയതും തദ്ദേശതിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിമർശനമുയർന്നില്ലേ ?

വെൽഫെയർ പാർട്ടി ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ രാഷ്ട്രീയച്ചിറകാണ്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടരുതെന്നത് എ.ഐ.സി.സിയുടെ നിലപാടാണ്. അത് പറയാനുള്ള ബാദ്ധ്യത സംസ്ഥാന അദ്ധ്യക്ഷനുണ്ട്. സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള താരിഖ് അൻവർ മുസ്ലിമാണ്. അദ്ദേഹം ഇക്കാര്യം എല്ലാ ജില്ലകളിലും പോയി പറഞ്ഞില്ലേ. അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ കെ.സി.വേണുഗോപാൽ നാലഞ്ച് ജില്ലകളിൽ ഈ നിലപാട് വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ഫലത്തെ അത് ബാധിച്ചെന്നതിലൊന്നും അർത്ഥമില്ല. ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം സഹോദരന്മാർ എല്ലാവരും വെൽഫെയർ പാർട്ടിക്കാരല്ല.

പാൻ ഇസ്ലാമിക് മൂവ്മെന്റിന്റെ ഭാഗമല്ലേ ജമാഅത്തെ ഇസ്ലാമി. അതിന്റെ ഭാഗമായ രാഷ്ട്രീയപാർട്ടിയുമായി കോൺഗ്രസിന് ബന്ധപ്പെടാനാവില്ലെന്ന് എ.ഐ.സി.സി തീരുമാനമെടുത്ത സ്ഥിതിക്ക് കാര്യങ്ങൾ വ്യക്തമാണ്. ഞാൻ ആത്മാർത്ഥതയുള്ള കോൺഗ്രസുകാരനാണ്. ആ കോൺഗ്രസുകാരന് അത്തരമൊരു നിലപാടേ എടുക്കാനാവൂ. അതിന്റെ പേരിൽ എന്തെല്ലാം തെറ്റിദ്ധാരണ എന്റെ പേരിലുണ്ടാക്കി? ഒരു പ്രത്യേക കേന്ദ്രത്തിൽ നിന്നാണ് അതെല്ലാമുണ്ടായത്. അതേറ്റുപിടിക്കാൻ എന്റെ പാർട്ടിയിലെ അഭ്യുദയ കാംക്ഷികളുണ്ടായെന്നത് ദൗർഭാഗ്യം.

തിരഞ്ഞെടുപ്പ് തിരിച്ചടികളുണ്ടായപ്പോൾ ഏറ്റവുമധികം വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത് പ്രസിഡന്റായിരുന്നു ?

തിരഞ്ഞെടുപ്പിലേത് കൂട്ടായ ഉത്തരവാദിത്വമായിരുന്നു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയല്ലേ പത്തംഗ സമിതിയെ നിയോഗിച്ചത്. ഇലക്‌ഷൻ മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് കമ്മിറ്റി. ശശി തരൂർ അടക്കമുള്ളവരെ ഉൾപ്പെടുത്തി. വേണുഗോപാൽ, താരിഖ് അൻവർ, ഉമ്മൻചാണ്ടി, രമേശ്, ഞാൻ, സുധാകരൻ, മുരളീധരൻ. ഞാനാ കമ്മിറ്റിയിലെ അംഗം മാത്രമാണ്. പരാജയപ്പെട്ടാൽ ഉത്തരവാദിത്വം ഞാൻ മാത്രമേറ്റെടുക്കണമെന്ന വാദം അംഗീകരിക്കാനാകുമോ? എങ്കിൽപ്പോലും കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയിൽ ധാർമ്മികമായ ഉത്തരവാദിത്വം ആരുടെ തലയിലും വയ്ക്കുന്നില്ലെന്ന് പറഞ്ഞ് ഏറ്റെടുത്തവനാണ് ഞാൻ. അതാണെന്റെ രാഷ്ട്രീയശൈലിയും സംസ്കാരവും.

ആന്റണി എന്തു പറഞ്ഞു?

എന്റെ ഭാഗത്ത് നിന്നൊരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് എ.കെ. ആന്റണിക്ക് നന്നായറിയാമായിരുന്നു. എല്ലാവരുടെയും വീഴ്ചയായാണ് അദ്ദേഹം കണ്ടത്. പരസ്യമായി പറഞ്ഞില്ലെന്നേയുള്ളൂ.

പ്രതിപക്ഷനേതാവെന്ന നിലയിൽ താൻ നന്നായി പ്രവർത്തിച്ചു, പക്ഷേ സംഘടന ദുർബലമായിരുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു?

ഞാൻ രമേശിനെ കുറ്റപ്പെടുത്താനാഗ്രഹിക്കുന്നില്ല. അദ്ദേഹം ഉയർത്തിക്കൊണ്ടുവന്ന കുറേ അഴിമതിയാരോപണങ്ങളുണ്ട്. കൊവിഡ് കാലത്താണ് അതെന്ന് മനസിലാക്കണം. വലിയ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കാനാവില്ല. എന്നാൽ അദ്ദേഹം പറഞ്ഞ എല്ലാ ആരോപണങ്ങളും തുറന്നു കാട്ടാൻ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്ഥാനത്തെല്ലായിടത്തും ഡി.സി.സികളുടെ ആഭിമുഖ്യത്തിൽ സമരപരിപാടികൾ നടത്തിയെന്നത് ആർക്കും നിഷേധിക്കാനാവില്ല. നൂറ് ശതമാനം പിന്തുണ പ്രതിപക്ഷനേതാവിന് കൊടുത്തു. പഴയതുപോലെ പ്രത്യക്ഷസമരപരിപാടികളിൽ ആയിരക്കണക്കിനാളുകളെ സംഘടിപ്പിക്കാൻ കേഡർ പാർട്ടികളായ സി.പി.എമ്മിനോ ബി.ജെ.പിക്കോ സാധിക്കില്ല. അപ്പോളെങ്ങനെ അർദ്ധ കേഡർ പാർട്ടി പോലുമല്ലാത്ത കോൺഗ്രസിന് സാധിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിൽ താങ്കൾ മത്സരിക്കണമെന്ന ആവശ്യമുയർന്നിട്ടും പിന്മാറിയതെന്തായിരുന്നു?

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിർബന്ധപൂർവം ‌ഞാൻ മത്സരിക്കണമെന്ന് സോണിയഗാന്ധിയും രാഹുൽ ഗാന്ധിയും അപൂർവമായി അഭിപ്രായം പറയുന്ന ഡോ. മൻമോഹൻസിംഗും പോലും പറഞ്ഞു. ഒരു വലിയ ദൗത്യമേറ്റെടുക്കാൻ പറഞ്ഞയച്ചിരിക്കെ മത്സരിക്കാനില്ലെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം എം.പിമാരെ അയയ്‌ക്കണമെന്നാണ് ആവശ്യപ്പെട്ടത്. അത് പാലിക്കണമെങ്കിൽ ഒരു മണ്ഡലത്തിൽ മാത്രം തളയ്ക്കപ്പെട്ട് നിന്നാൽ പറ്റില്ല. എന്നോട്, നോമിനേഷൻ സമർപ്പിച്ചാൽ മാത്രം മതി, ജയിക്കും എന്നുവരെ പറഞ്ഞു. ഞാനതിന് തയാറായില്ല. നിയമസഭാ തിരഞ്ഞെടുപ്പിലും ഇഷ്ടമുള്ള മണ്ഡലം തിരഞ്ഞെടുക്കാൻ പറഞ്ഞു. ആ അസുലഭ ഭാഗ്യം ലഭിച്ച കേരളത്തിലെ ഏക വ്യക്തി ഞാനാണ്. എനിക്കങ്ങനെ പാർലമെന്ററി മോഹമില്ല. എനിക്ക് ദീർഘമായ ഇന്നിംഗ്സ് ആയിരുന്നു. ഒരു തവണ കൂടി മത്സരിച്ചാൽ ഏറ്റവുമധികം കാലം ലോക്‌സഭയിലെത്തിയ ആളാകുമായിരുന്നു. പ്രോടെം സ്പീക്കറാകുമായിരുന്നു .എനിക്കങ്ങനെ മോഹങ്ങളില്ല. പാർട്ടി കൂറാണ് പ്രധാനം.

കോൺഗ്രസിന് തിരിച്ചുവരവുണ്ടാകുമോ ?

കേരളത്തിൽ കോൺഗ്രസ് തീർച്ചയായും തിരിച്ചുവരും. വേണ്ടത് കൂട്ടായ്മയും ഐക്യവുമാണ്. പരമ്പരാഗതമായി കോൺഗ്രസിനെ സഹായിച്ച ന്യൂനപക്ഷങ്ങൾ, അവഗണിക്കപ്പെട്ടെന്ന് വിശ്വസിക്കുന്ന പിന്നാക്ക വിഭാഗക്കാർ, അവശദുർബല ജനവിഭാഗക്കാരായ പട്ടികജാതി-പട്ടികവർഗക്കാർ, വിശ്വകർമ്മജർ തുടങ്ങിയവരെയൊന്നും ചേർത്തു നിറുത്താനായില്ല. ആഴക്കടൽ മീൻപിടുത്തത്തെപ്പറ്റിയും കടൽത്തീരത്തെ പ്രതിസന്ധിയെപ്പറ്റിയും മത്സ്യത്തൊഴിലാളികളുടെ ദുരിതത്തെപ്പറ്റിയും ഓഖി സമയത്തെ പ്രയാസത്തെപ്പറ്റിയും പറഞ്ഞിട്ടും കടൽത്തീരം തുണച്ചില്ല. എന്തുകൊണ്ട് അവരുടെ വോട്ട് നേടിയെടുക്കാനാകാതെ പോയി? ഇങ്ങനെ ഒരുപാട് മൗലികമായ ചോദ്യങ്ങൾക്ക് സത്യസന്ധമായ ഉത്തരം കണ്ടെത്തി പരിഹരിക്കണം. ഇവർക്കാർക്കും കോൺഗ്രസിനോട് ആജന്മ ശത്രുതയില്ല. സമീപകാലം വരെ കോൺഗ്രസിന് വോട്ടുചെയ്തവരാണ്. അവരെ തിരിച്ചുകൊണ്ടുവരണം. പിന്നാക്കക്കാരുടെ മനസിൽ വല്ലാത്ത അന്യഥാബോധം സൃഷ്ടിക്കപ്പെട്ടെന്നത് നിസാരമല്ല. അതവസാനിപ്പിച്ച് അവർക്ക് കോൺഗ്രസിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവപങ്കാളിത്തമുണ്ടെന്ന് വരുത്തേണ്ടത് ആവശ്യമാണ്. പിണറായി വിജയൻ, കെ.കെ. ശൈലജ തുടങ്ങി ഇടതുമുന്നണിക്ക് 27 എം.എൽ.എമാരാണ് പിന്നാക്കവിഭാഗത്തിൽ നിന്നുള്ളത്. അവർക്ക് എല്ലാവരെയും വിജയിപ്പിച്ചെടുക്കാനായല്ലോ. അപ്പോൾ നമ്മളെന്ത് ചെയ്തു? തെറ്റുതിരുത്തൽ പ്രക്രിയയുമായി ചർച്ച നടത്തി പരിഹരിക്കണം.

ഭാവി പരിപാടികൾ ?

എനിക്ക് ദീർഘമായ ഇന്നിംഗ്സ് ഡൽഹിയിലുണ്ടായി. ഞാൻ സംതൃപ്തനാണ്. സ്വാതന്ത്ര്യസമര സേനാനിയുടെ മകനാണ്. കുട്ടിക്കാലത്തേ സ്വാതന്ത്ര്യസമര കഥകൾ കേട്ടാണ് വളർന്നത്. കോൺഗ്രസ് എനിക്ക് വികാരവും ആവേശവുമാണ്. എന്റെ സിരകളിലോടുന്നത് കോൺഗ്രസിന്റെ രക്തമാണ്. ഏതെങ്കിലും ഔദ്യോഗികപദവി ആഗ്രഹിച്ചല്ല പ്രസ്ഥാനത്തിലേക്ക് വന്നത്. ഈ പ്രസ്ഥാനത്തിലൂടെ രാജ്യത്ത് മാറ്റമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന ലക്ഷോപലക്ഷം കോൺഗ്രസ് പ്രവർത്തകരിലൊരാളാണ്. അധികാരമോ പദവിയോ വേണ്ട. ഈ നാട്ടിലെ കോൺഗ്രസുകാർക്കൊപ്പം മുഖ്യധാരയിലുണ്ടാകും. വർഗീയ ഫാസിസ്റ്റ് പ്രസ്ഥാനമായ ആർ.എസ്.എസിനെതിരെയും അവരുമായി കൈകോർത്ത് പോകുന്ന സോഷ്യൽ ഫാസിസ്റ്റ് പ്രസ്ഥാനമായ സി.പി.എമ്മിനെതിരെയും പോരാട്ടവുമായി പോകും. മുഖ്യശത്രു ആർ.എസ്.എസാണെങ്കിൽ അവരോടൊപ്പം ചുവടുറപ്പിച്ച് ഓരോ ഘട്ടത്തിലും പോയ സി.പി.എമ്മാണ് രണ്ടാമത്തെ മുഖ്യശത്രു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPPALLI RAMACHANDRAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.