SignIn
Kerala Kaumudi Online
Thursday, 25 April 2024 12.46 AM IST

ജാതി ചിന്ത കൂടുന്നു

swami-sachidananda

ശിവഗിരിക്കുന്ന് പരിപാവനമായിരിക്കണം. അവിടുത്തെ ശാന്തതയ്ക്ക് കോട്ടം തട്ടരുതെന്ന ഗുരുദേവന്റെ കല്‌പന അനുസരിച്ചേ പ്രവൃത്തിക്കൂ. ഗുരുദേവന്റെ തത്വദർശനം ഉയർത്തിക്കാട്ടുന്ന പ്രവർത്തനമേ ശിവഗിരിമഠത്തിനുണ്ടാവുകയുള്ളൂ. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറയുന്നു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന്.

46 വർഷമായി സ്വാമിജി ശിവഗിരിയിലെത്തിയിട്ട്. ഇപ്പോൾ

മഹത്തായ ഈ പദവിയിലെത്തിയപ്പോൾ എന്ത് തോന്നുന്നു?

ഞാൻ ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ ഏഴുവർഷം പഠിച്ചശേഷം സന്യാസം സ്വീകരിച്ചയാളാണ്. തുടർന്ന് ശിവഗിരി മഠത്തിന്റെ വിവിധ ശാഖാ സ്ഥാപനങ്ങളിൽ സേവനം ചെയ്തു. ശിവഗിരിയിലെ പ്രധാനപ്പെട്ട പരിപാടികളുടെ നടത്തിപ്പുകാരനായി. തീർത്ഥാടനത്തിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷം, ശാരദാപ്രതിഷ്ഠയുടെ ശതാബ്ദി,ദൈവദശകത്തിന്റെ ശതാബ്ദി ഇതെല്ലാം ഒരുവർഷം നീളുന്ന പരിപാടികളായിരുന്നു. ഈ പരിപാടികളുടെയല്ലാം ചുമതലയേറ്റെടുത്ത് ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. ആ അനുഭവസമ്പത്ത് ഗുണകരമാണ്.

ഇക്കുറി തീർത്ഥാടനത്തിന്റെ പ്രത്യേകത എന്തായിരിക്കും?

കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് തീർത്ഥാടനം തുടങ്ങിയത്. അതുകൊണ്ടാണ് തീർത്ഥാടന ദിനങ്ങൾ കൂട്ടിയതും. തീർത്ഥാടന പരിപാടി ഗരിമ ചോരാതെ ലളിതമായാണ് നടത്തുന്നത്.

ബ്രഹ്മവിദ്യാലയത്തിൽ പഠിച്ചകാര്യം സ്വാമിജി പറഞ്ഞു. ഈ കാലഘട്ടത്തിൽ

ബ്രഹ്മവിദ്യാലയത്തിന്റെ ഭാവി എത്രമാത്രം ശോഭനമാണ്?

പണ്ടൊക്കെ കൂടുതൽ വിദ്യാർത്ഥികൾ പഠിക്കാൻ വരുമായിരുന്നു. ഇന്നത്തെപ്പോലെ ന്യൂക്ളിയർ കുടുംബ വ്യവസ്ഥയായിരുന്നില്ല അന്ന്. ഒരു വീട്ടിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രമുള്ളപ്പോൾ അവരെ ആദ്ധ്യാത്മികചിന്തയിലേക്ക് നയിക്കാൻ മാതാപിതാക്കൾ തയ്യാറാവില്ല. എന്റെ തറവാട്ടിൽ ഏഴുമക്കൾ ഉണ്ടായിരുന്നു. ഏറ്റവും ഇളയ ആളായിരുന്നു ഞാൻ. അതുകൊണ്ട് എനിക്ക് വീട്ടുകാരുടെ സമ്മതം ലഭിച്ചിരുന്നു. ആ പരിതസ്ഥിതി ഇന്നില്ല. എന്നാലും കേരളത്തിൽ നിന്നും കേരളം വിട്ടുള്ള സ്ഥലങ്ങളിൽ നിന്നും കൂടുതൽ പേരെ ബ്രഹ്മവിദ്യാലയത്തിലേക്ക് ആകർഷിക്കാനുള്ള പരിപാടികളാണ് ആലോചിക്കുന്നത്. ശിവഗിരിയിലെ വൈദികപാഠശാലയും കൂടുതൽ ശക്തമാക്കും.

ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളുടെ പ്രസക്തി നാൾക്കുനാൾ വർദ്ധിക്കുമ്പോൾ അവയുടെ പ്രചാരണം കൂടുതൽ വ്യാപിക്കാൻ ശിവഗിരിമഠം എന്ത് പദ്ധതികളാണ് ആവിഷ്‌കരിക്കുക?

ശ്രീനാരായണ സന്ദേശപ്രചാരണമാണ് ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം. ഗുരുദേവൻ വിഭാവനംചെയ്ത ഏകലോക വ്യവസ്ഥിതിയുണ്ട്. ജാതി,മതം,ദേശം തുടങ്ങി എല്ലാവിധമായ വിഭാഗീയ ചിന്താഗതിക്കും അതീതമായിട്ടുള്ളത്. മനുഷ്യരെല്ലാവരും ഒന്ന് എന്നതാണ് നമ്മുടെ മതമെന്ന ഗുരുദേവന്റെ ദിവ്യമായ തിരുവാണിയുടെ വെളിച്ചത്തിൽ ഏകലോക വ്യവസ്ഥിതിയുടെ സാക്ഷാത്‌കാരത്തിനായി ഗുരുദേവസന്ദേശ പ്രചാരണം ജീവിതവ്രതമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമായി നിലകൊള്ളും.

വർഗീയത കൂടിവരുമ്പോൾ അതവസാനിപ്പിക്കാൻ ശിവഗിരിമഠത്തിന് എന്ത് ചെയ്യാൻ കഴിയും?

വർഗീയതയ്ക്ക് അവസാനമുണ്ടാകണമെങ്കിൽ എല്ലാവരും എല്ലാ മതങ്ങളും സമബുദ്ധിയോടും സമഭക്തിയോടും കൂടി പഠിക്കണമെന്ന് ഗുരുദേവൻ ഉപദേശിച്ചിട്ടുണ്ട്. ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സ‌ർവമതസമ്മേളനം ലോകത്തിലെ തന്നെ രണ്ടാമത്തെ സമ്മേളനമായിരുന്നു. ആ സമ്മേളനത്തിന്റെ അവസാനം ഗുരുദേവൻ ഒരു സന്ദേശം നല്‌കി. എല്ലാമതങ്ങളുടെയും സാരം ഏകമായതുകൊണ്ട് നാം ശിവഗിരിയിൽ സ്ഥാപിക്കുന്ന സർവമതപാഠശാലയിൽ എല്ലാ മതങ്ങളും സിദ്ധാന്തങ്ങളും പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന്. അങ്ങനെ ഗുരുദേവൻ തന്നെ ശിവഗിരിയിൽ വന്ന് ശിലാസ്ഥാപനം ചെയ്ത് ആരംഭിച്ചതാണ് ബ്രഹ്മവിദ്യാലയം. ജാതിമത വ്യത്യാസമില്ലാതെയാണ് അവിടേക്ക് വിദ്യാർത്ഥികളെ ക്ഷണിക്കുന്നത്.

എത്രവർഷത്തെ പഠനം വേണം?

ഏഴുവർഷത്തെ കോഴ്സാണ്. എം.എ.വരെയുള്ള സംസ്കൃതവിഷയങ്ങളും ഭാരതീയ വേദാന്തവുമാണ് പ്രധാന പാഠവിഷയങ്ങൾ. സംസ്കൃതം മീഡിയമായിരിക്കും. ഇംഗ്ളീഷിലും മറ്റുഭാഷകളിലും പരിശീലനം നല്‌കുന്നുണ്ട്. എല്ലാത്തിന്റെയും ആധാരം ഗുരുവിന്റെ തത്വദർശനമാണ്. യഥാർത്ഥ ശ്രീനാരായണദർശനം എന്താണെന്ന് മനസിലാക്കുകയും അതോടൊപ്പം മറ്റുമതങ്ങളെക്കുറിച്ചുള്ള പഠനവും നടക്കും. താമസവും ഭക്ഷണവുമുൾപ്പെടെ പൂർണസൗജന്യമാണ് . ശിവഗിരിമഠമാണ് ചെലവ് വഹിക്കുന്നത്. ഇവിടെ പഠിക്കുന്നവർക്ക് ഗുരുവിഭാവനം ചെയ്ത സന്യാസ സങ്കല്പം പ്രാവർത്തികമാക്കുന്ന നല്ലൊരു സന്യാസിയാകാം. അല്ലെങ്കിൽ ജാതിമത ചിന്തകൾക്കൊന്നും വഴിപ്പെടാതെ വിശ്വപൗരനായി ഗൃഹസ്ഥാശ്രമിയായും കഴിയാം.

ശിവഗിരി മഠത്തോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമീപനം എങ്ങനെ?

രണ്ട് സർക്കാരുകളും ശിവഗിരിയോട് തികച്ചും അനുഭാവപൂർണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ ഗുരുദേവന്റെ പേരിൽ ഓപ്പൺ യൂണിവേഴ്സിറ്റി തുടങ്ങിയത് വലിയകാര്യമാണ്. തിരുവനന്തപുരത്ത് ഗുരുദേവന്റെ പ്രതിമ സ്ഥാപിച്ചു. അതോട് ചേർന്ന് ഗുരുദേവന്റെ ചരിത്രം ചിത്രങ്ങളാൽ ആലേഖനം ചെയ്തതിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ശിവഗിരി ഒരു ഹിന്ദു മഠമാണോ?

ശിവഗിരിക്ക് ജാതിയും മതവുമില്ല. ശിവഗിരി ഒരു ശ്രീനാരായണമഠമാണ്. അരുവിപ്പുറം സന്ദേശമാണ് ഗുരുദേവന്റെ ദർശനത്തിന്റെ മൂലസ്രോതസ്.

' ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്.' ഇതാണ് ഞങ്ങളുടെ അടിസ്ഥാന തത്വം. ഈ സന്ദേശത്തിന്റെ സാഫല്യത്തിനുവേണ്ടിയാണ് എസ്.എൻ.ഡി.പി യോഗം സ്ഥാപിച്ചതും ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് രൂപീകരിച്ചതുമെല്ലാം. ശിവഗിരിയിലെ സന്യാസിമാർ നിലകൊള്ളുന്നതും ശ്രീനാരായണ പ്രസ്ഥാനങ്ങൾ നിലകൊള്ളേണ്ടതും അരുവിപ്പുറം സന്ദേശത്തിന്റെ സാഫല്യതയ്ക്കു വേണ്ടിയായിരിക്കണം.

മതസൗഹാർദ്ദ കേന്ദ്രമാണ് ശിവഗിരി ?

തീർച്ചയായും. മതസൗഹാർദ്ദവും മതസമന്വയവും ദാർശനിക സമന്വയവുമാണ് അടിസ്ഥാനം. ഗുരുദേവൻ അനുകമ്പാദശകം എന്നൊരു കൃതിയെഴുതിയിട്ടുണ്ട്. ആ കൃതിയിൽ ഓരോ ഗുരുക്കന്മാരും ഓരോ ധർമ്മത്തിന് മുഖ്യത കല്‌പ്പിക്കുന്നതായി പറയുന്നുണ്ട്. ഗുരു അരുളി ചെയ്തിട്ടുണ്ട്. ബുദ്ധൻ അഹിംസയ്ക്ക്, ക്രിസ്തു സ്നേഹത്തിന് ,നബി സാഹോദര്യത്തിന്, ശ്രീ ശങ്കരാചാര്യർ ജ്ഞാനത്തിന്. അങ്ങനെ നോക്കുമ്പോൾ ശ്രീനാരായണഗുരു പ്രാധാന്യം നല്‌കിയത് അനുകമ്പയ്ക്കാണ്. അനുകമ്പയുടെ അടിസ്ഥാനത്തിൽ സർവദാർശനിക ചിന്താധാരകളേയും ഗുരുദേവൻ സമന്വയിപ്പിക്കുന്നു.ആ പാതയിൽത്തന്നെയായിരിക്കും ശിവഗിരിമഠം മുന്നോട്ടുപോകുക.

ജാതിചിന്ത കൂടിവരികയാണോ?

മുൻപില്ലാത്തവിധം ജാതിചിന്ത വർദ്ധിച്ചുവരികയാണ്. ജാതിനാമങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ഗുരുദേവൻ അരുളിചെയ്തിട്ടുണ്ട്. അതു സ്വീകരിച്ചുകൊണ്ട് മന്നത്തു പദ്മനാഭൻ അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള പിള്ള എടുത്തുകളഞ്ഞു. കെ.കേളപ്പൻനായർ നായരെടുത്തുകളഞ്ഞു. എ.കെ.ഗോപാലൻനമ്പ്യാർ നമ്പ്യാരെടുത്തുകളഞ്ഞു. ഇന്നത്തകാലത്ത് കൊച്ചുപെൺകുട്ടികൾക്കുപോലും പേരിനൊപ്പം ജാതിചേർക്കുന്നു. മുമ്പ് ജാതി വെളിയിലായിരുന്നെങ്കിൽ ഇന്ന് മനുഷ്യന്റെയുള്ളിൽ ജാതി ശക്തമായിരിക്കുന്നു. ഈ ജാതിചിന്തയിൽ നിന്ന് മോചിതമാകാതെ കേരളത്തിനോ ഭാരതത്തിനോ രക്ഷയില്ല.

സാമ്പത്തികസംവരണത്തിന് അധികാരികൾ വലിയ പിന്തുണ നല്‌കുന്നു?

സാമ്പത്തികസംവരണം പാസാക്കിയപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നോ കോൺഗ്രസ് പാർട്ടിയെന്നോ ബി.ജെ.പിയെന്നോ ഭേദവുമില്ലാതെ രണ്ടോ മൂന്നോ എം,പിമാർ മാത്രമാണ് അതിനെ എതിർത്തത്. മുടന്തിനടക്കുന്നവന് നടക്കാനുള്ള ഊന്നുവടി നല്‌കുന്നതാണ് ജാതിസംവരണം. സാമ്പത്തിക സംവരണത്തിന്റെ തിക്താനുഭവം ഭാരതീയർ അനുഭവിക്കും. ഇന്നും നമ്മുടെ ഉന്നതശ്രേണിയിലുള്ള ഉദോഗ്യങ്ങൾ നോക്കിയാൽ പിന്നാക്കക്കാർ വളരെ കുറവാണ്. അവർ കൂടുതൽ പിന്നോട്ടുപോകാൻ ഇത് ഇടയാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWAMI SACHIDANANDHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.