SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.45 AM IST

അമേരിക്ക ഒന്നും പഠിക്കുന്നില്ല!

afgan

രാജ്യങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധങ്ങളിൽ വരെ വിള്ളലുണ്ടാക്കിയ തീയതിയാണ് 2001 സെപ്‌തംബർ 11 .അൽക്വയ്ദതീവ്രവാദികൾ ഒസാമ ബിൻലാദന്റെ നിർദ്ദേശപ്രകാരം രണ്ട് വിമാനങ്ങൾ ഉപയോഗിച്ച് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട കെട്ടിടങ്ങൾ തകർത്തു, 3000 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ബുഷ്, രണ്ടു മാസം നീണ്ട FBI യുടെ അന്വേഷണങ്ങൾക്കൊടുവിൽ അതിന്റെ കാരണക്കാരെ കണ്ടെത്തി. വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ച 19 പേരിൽ 14 പേരും സൗദി അറേബ്യക്കാരായിരുന്നു. പക്ഷെ അവരെ സഹായിക്കാനും അഭയം നല്‌കാനും മുൻകൈയെടുത്തത് അഫ്ഗാനിസ്ഥാനായിരുന്നു. ഒസാമ ബിൽ ലാദൻ മുഖേനയുണ്ടായ അഫ്ഗാനിസ്ഥാന്റെ സാന്നിദ്ധ്യം മനസിലാക്കിയ അമേരിക്ക 2001 ഡിസംബറിൽ അഫ്ഗാനിൽ ബോംബാക്രമണം തുടങ്ങി.

അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ രണ്ടാമത്തെ വരവ് മൂന്നു ഭാഗങ്ങളായി തരംതിരിക്കാം, ഒന്നാമത്തേത് 2001 - 2005 വരെയും രണ്ടാമത്തേത് 2006 - 2011 വരെയും മൂന്നാമത്തേത് 2012 - 2021 വരെയും ആണ്. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് തന്റെ ആത്മകഥയായ 'ഡിസിഷൻ പോയിന്റ്സിൽ' ഇങ്ങനെ പറയുന്നുണ്ട്. അമേരിക്കയ്‌ക്കു അഫ്ഗാനും ഇറാനും ആയി യുദ്ധം ചെയ്യാൻ ഒരു കാരണവുമുണ്ടായിരുന്നില്ല, പക്ഷെ അവിടെനിന്നും ഇനിയൊരു ആക്രമണവും തിരിച്ചുണ്ടാവാൻ പാടില്ലെന്ന ഉദ്ദേശ്യമായിരുന്നു. വേൾഡ് ട്രേഡ് സെന്ററിൽ രണ്ടു വിമാനാക്രമണം ഉണ്ടായപ്പോൾ അദ്ദേഹം പറഞ്ഞത് 'എനിക്ക് ദേഷ്യം വന്നത് ആരാണ് ഇത് ചെയ്തത് എന്ന ഒറ്റക്കാരണം കൊണ്ടായിരുന്നു, എന്തിനാണ് ചെയ്തത് എന്നത് ഒരു പ്രശ്നമായി തോന്നിയിരുന്നില്ല ' എന്നാണ്. ആ കാര്യത്തിൽ അമേരിക്കയ്‌ക്കും ജോർജ് ബുഷിനും വലിയൊരു വിജയമാണ് ലഭിച്ചതെന്ന് നിസംശയം പറയാം. കാരണം 2001 നു ശേഷം അമേരിക്കയുടെ മുഖ്യധാരാ പ്രദേശങ്ങളെയോ സുഹൃദ് രാജ്യങ്ങളെയോ ആക്രമിക്കാൻ ആരും ധൈര്യപ്പെട്ടില്ല. 2005 വരെയുണ്ടായ അമേരിക്കയുടെ ആദ്യകാല പ്രവർത്തനങ്ങളെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു.

രണ്ടാമത്തെ ഭാഗത്തിൽ അഫ്ഗാനിസ്ഥാനിൽ ആയതിനാൽ അമേരിക്കയ്‌ക്ക് അവിടെ നിരവധി നല്ല മാറ്റങ്ങളുണ്ടാക്കാനും കഴിഞ്ഞു. അമേരിക്കൻ പട്ടാളത്തിന്റെ നേതൃത്വത്തിൽ അവിടത്തെ
പ്രാദേശിക സർക്കാർ അഫ്ഗാനിസ്ഥാനിലെ നിരവധി ഭാഗങ്ങളിൽ വൈദ്യുതബന്ധം കൊണ്ടുവന്നു, രാജ്യത്തെ പെൺകുട്ടികളിൽ മൂന്നിലൊരു പെൺകുട്ടിക്ക് വിദ്യാഭ്യാസം ലഭിച്ചു, രാജ്യത്തെ ലഹരിമരുന്ന് വ്യാപാരം ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിച്ചു. പൊതുവെ അവിടത്തെ ഭരണകൂടത്തിനു അമേരിക്കയുടെ പിന്തുണ കൊണ്ട് നിറയെ ധനം ലഭിക്കുകയും അഫ്ഗാൻ സമൂഹത്തിനു ഒരുപാട് ലാഭം ഉണ്ടാവുകയും ചെയ്തു.

പത്തുവർഷത്തെ പ്രയത്നത്തിനൊടുവിൽ അമേരിക്ക 2011 ൽ പാകിസ്താനിലെ അബോട്ടാബാദിലെ ഒസാമ ബിൻലാദന്റെ രഹസ്യ സങ്കേതം കണ്ടുപിടിക്കുകയും ലാദനെ കൊല്ലുകയും ചെയ്തു. പത്തുവർഷം കൊണ്ട് അഫ്ഗാനിൽ നടന്ന അമേരിക്കയുടെ പ്രവർത്തനങ്ങൾ ഒസാമ ബിൻലാദന്റെ മരണം കൊണ്ട് അവസാനിച്ചിരുന്നു. അപ്പോൾത്തന്നെ അമേരിക്ക അവിടെ നിന്നും പിൻവാങ്ങണമായിരുന്നു എന്ന് പിന്നീട് അമേരിക്കക്കാർ തന്നെ അഭിപ്രായപ്പെട്ടിരുന്നു. അൽ - ഖ്വയ്ദയെ നശിപ്പിക്കുകയും ഒസാമ ബിൻലാദനെ കൊല്ലുകയും ചെയ്യുക എന്ന അമേരിക്കയുടെ രണ്ട് ലക്ഷ്യങ്ങൾ പൂർത്തിയാക്കിയ 2012 നു ശേഷം അമേരിക്കയ്‌ക്കു വലിയ പ്രയോജനമില്ലെങ്കിലും അവിടെ നിന്നിരുന്നത് അഫ്ഗാൻകാർക്കു ഇഷ്ടപ്പെട്ടിരുന്നില്ല. ഐ.എസ്.ഐ.എസ് ലോകത്തിൽ വളരെ ശക്തമായിത്തന്നെ മുന്നോട്ടുവന്നു. സിറിയയിലും ഇറാഖിലും അവരുടെ പ്രവർത്തനമുണ്ടായിരുന്നു, തുടർന്ന് അഫ്ഗാനിസ്ഥാനിലും അവസരം നോക്കി ഗറില്ല രീതിയിലുള്ള യുദ്ധശൈലികൾ ഉപയോഗിച്ച് അവർ അമേരിക്കൻ പട്ടാളക്കാരെയും, സൈനിക കരാർ തൊഴിലാളികളെയും കൊല്ലാൻ തുടങ്ങി. അമേരിക്ക പിന്തുണ നല്‌കിയിരുന്ന അഫ്ഗാൻ സർക്കാർ വലിയ അഴിമതിക്കാരായതിനാൽ അഫ്ഗാനികൾക്കു അവരോടു വലിയ താത്‌പര്യമുണ്ടായിരുന്നില്ല. 2016 ലെ ഡൊണാൾഡ് ട്രംപിന്റെ ജയം യാദൃച്ഛികമായിരുന്നില്ല. 2012 മുതൽ 2016 വരെ ബറാക്ക് ഒബാമയുടെ രണ്ടാം ഭരണകാലത്തെ അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങൾ ഉപകാരമില്ലാതായിപ്പോയി. ഐ.എസ്.ഐ.എസ് ചെറിയ രൂപത്തിൽ നിന്നും വലിയ ശക്തിയായി മാറിയത് ഈ നാലുവർഷം കൊണ്ടാണ്. ഇറാഖിലെ ക്രൈസ്തവ യെസ്ടി സമൂഹത്തിൽ ഉള്ള സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ വാർത്ത അറിഞ്ഞിട്ടും അദ്ദേഹം അനങ്ങാതെയിരുന്നു. ലിബിയയിലെ ബെൻഗാസിപട്ടണത്തിലെ ഇസ്ലാമിക് ഗ്രൂപ്പ് അമേരിക്കൻ അംബാസിഡർമാരായിരുന്ന രണ്ടു പേരെ പൊതുസ്ഥലത്തു മർദ്ദിച്ചുകൊന്നപ്പോഴും ഒബാമ സർക്കാരിനു ഒന്നും ചെയ്യാൻ താത്പര്യമുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള നിഷ്‌ക്രിയത ഡെമോക്രാറ്റ്സിന്റെ ഭാഗത്തു നിന്നുണ്ടായത് കൊണ്ടായിരിക്കാം ചൂടൻ മനോഭാവമുണ്ടായിരുന്ന ട്രംപിനെ അമേരിക്ക കൊണ്ടുവന്നത്.

2017- 2018 കാലത്ത് അമേരിക്കയ്‌ക്കു അവിടെ നില്ക്കാൻ പറ്റാതായി. 2019 ൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും ഇപ്പോഴത്തെ പ്രസിഡന്റുമായ ജോ ബൈഡൻ താൻ അധികാരത്തിൽ വന്നാൽ പട്ടാളത്തെ അവിടെനിന്നും പിൻവലിക്കുമെന്ന് 2019 - 2020 ഇലക്ഷൻ സമയത്തു പ്രഖ്യാപിച്ചു. അവർ അധികാരത്തിൽ വന്നതോടെ യാതൊരു വ്യവസ്ഥകളും കൂടാതെ ഒരു സുപ്രഭാതത്തിൽ പട്ടാളത്തെ പിൻവലിക്കുകയും ചെയ്തു. വിയറ്റ്നാമിന് ശേഷം അമേരിക്കയ്‌ക്കുണ്ടായ രണ്ടാമത്തെ നാണംകെട്ട പലായനമായിരുന്നു ഇത്. ഈ യുദ്ധത്തിന്റെ പരിണാമ ഫലമായി അമേരിക്കയ്‌ക്കു വളരെ വലിയ നഷ്ടങ്ങളാണുണ്ടായത്. ലോകത്തിൽ എവിടെയുമുള്ള നിസഹായരായ ചെറിയ രാജ്യങ്ങളെ ആരെങ്കിലും ചൂഷണം ചെയ്താൽ അവരെ അമേരിക്ക സംരക്ഷിക്കുമെന്ന ഒരു ചിത്രവും അവിടെ മാഞ്ഞുപോയി. 8000 ഓളം വരുന്ന അമേരിക്കൻ സൈനികരും സൈനിക കരാർ തൊഴിലാളികളും അവരുടെ സഹായികളും നാറ്റോ രാജ്യങ്ങളുടെ 1500 ഓളം ആളുകളും യുദ്ധത്തിൽ മരണമടഞ്ഞു. അഫ്ഗാനിസ്ഥാനിൽ ഏകദേശം രണ്ടു ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമായി. ഏകദേശം ഒരു ട്രില്യൺ ഡോളറായിരുന്നു അമേരിക്കയ്‌ക്കു യുദ്ധത്തിലുണ്ടായ നഷ്ടം. ആ തുക അടുത്ത 30 ,40 വർഷത്തേക്ക് അവിടെ താമസിക്കുന്ന ജനങ്ങൾ നികുതിയായി തിരിച്ചടയ്‌ക്കേണ്ടി വരും. കാരണം അത്രയും പണം അമേരിക്ക കടം വാങ്ങിയാണ് യുദ്ധത്തിൽ ചെലവാക്കിയത്.

അമേരിക്ക മദ്ധ്യ ഏഷ്യയിലും തെക്കു കിഴക്കൻ ഏഷ്യയിലും ഏകദേശം 20 വർഷങ്ങളിലായി നടന്ന യുദ്ധങ്ങളിൽ മരണപ്പെട്ട സൈനികർക്കും പരിക്കേറ്റവർക്കും ലക്ഷക്കണക്കിനു ഡോളർ ചികിത്സാ ചെലവുകളായും ഉയർന്ന പെൻഷൻ തുകയായും നൽകണം. അമേരിക്ക കരുതിയതു പോലെ താലിബാനെയും, ഐ.എസ്.ഐ.എസിനെയും ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ലെന്ന് മാത്രമല്ല പഴയതിലും പതിന്മടങ്ങു ശക്തമായി അവർ തിരികെവരികയും ചെയ്തു.

റഷ്യയുടെ പരോക്ഷമായ പിന്തുണകൊണ്ട് അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാന്റെ പ്രഭുത്വം ഇനി വർദ്ധിക്കാൻ പോകുന്നതേയുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMERICA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.