SignIn
Kerala Kaumudi Online
Friday, 19 April 2024 4.54 PM IST

അത്യാവശ്യം വേണ്ട പഠനം സിലബസിൽ ഇല്ല

photo

അമേരിക്കയിൽ നിന്നും ഈ അടുത്തകാലത്ത് ബന്ധുക്കളെ കാണാൻ കേരളത്തിലെത്തിയ ഒരു രണ്ടാം ക്ലാസുകാരി പെൺകുട്ടിയെ ഞാൻ പരിചയപ്പെട്ടു. രണ്ടാം ക്ലാസിലല്ലേ വെറുതെ കാര്യങ്ങൾ ചോദിക്കാമെന്ന ധാരണയിൽ കുട്ടിയോട് സംസാരിച്ച എന്നെ അവൾ അത്ഭുതപ്പെടുത്തി. അമേരിക്കയുടെ ചരിത്രവും മഹദ് വ്യക്തികളുടെ ജീവചരിത്രവും സമൂഹത്തിൽ പാലിക്കേണ്ട അച്ചടക്കങ്ങളും രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ അവരുടെ വിദ്യാലയത്തിൽ പഠിപ്പിച്ചിരിക്കുന്നു. എബ്രഹാം ലിങ്കൺ, ജോർജ് വാഷിംഗ്‌ടൺ, റൂസ്‌വെൽറ്റ്, ബറാക്ക് ഒബാമ എന്നിവരെക്കുറിച്ചെല്ലാം ആ പ്രായത്തിൽ കുട്ടി മനസിലാക്കിയിരിക്കുന്നു. നമ്മുടെ രാജ്യത്ത് പഠനസംബന്ധമായ വിഷയങ്ങളിൽ ചെറിയ ക്ലാസ് മുതലേ ഫിസിക്സും കെമിസ്ട്രിയും സോഷ്യൽ സയൻസുമൊക്കെ പഠിപ്പിക്കുന്നു. സ്വന്തം നാടിന്റെ സംസ്കാരവും മഹദ് വ്യക്തികളും അവരുടെ സംഭാവനകളും മനസിലാക്കുന്നതിലൂടെ മാത്രമേ ഒരു കുട്ടിക്ക് ചെറിയപ്രായം മുതലേ വൈജ്ഞാനിക വികാസം അഥവാ cognitive development സാദ്ധ്യമാകൂ.

വീട്ടിലും റോഡിലും പാലിക്കേണ്ട നിയമങ്ങളും മര്യാദകളും കുട്ടി ഉൾക്കൊള്ളേണ്ടതുണ്ട്. പെരുമാറ്റം, സ്വഭാവം, മാനസികാവസ്ഥ എന്നിവയിലൂടെയാണ് ബൗദ്ധികവികാസം രൂപീകരിക്കപ്പെടുന്നത്. ചെറിയ ക്ലാസിൽത്തന്നെ ഫിസിക്സും കെമിസ്ട്രിയും സോഷ്യൽ സയൻസും പഠിക്കുന്നത് മാനസികപിരിമുറുക്കം വർദ്ധിപ്പിക്കാനല്ലാതെ സ്വഭാവമാറ്റ രൂപീകരണത്തിന് ഇടയാക്കില്ല. എന്താണ് താൻ പഠിക്കുന്നതെന്ന് കൃത്യമായ ധാരണയില്ലാത്തതുകൊണ്ട് അവ മനസിലാക്കി പഠിക്കാൻ കഴിയാതെ പോവുകയും കാണാപ്പാഠം പഠിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. സമ്മർദ്ദപ്പെട്ടുകൊണ്ടുള്ള കാണാപാഠം രീതികൾ കാരണം വൈജ്ഞാനിക വികാസം സാദ്ധ്യമാകാത്ത കുട്ടികൾ ഭാവിയിൽ നിരാശരാവുകയും കുറ്റകൃത്യങ്ങളിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.

ഭൗതിക വികാസം സിദ്ധിച്ച കുട്ടികൾ ഒരു കാരണവശാലും ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെടുകയോ ക്രിമിനലുകളായി മാറുകയോ ചെയ്യില്ല.

സൂര്യന് കീഴിലുള്ള എന്തു പഠിക്കുന്നതിനും തെറ്റില്ല. പക്ഷേ ജീവിതവിജയത്തിന് ആവശ്യമായ ഘടകങ്ങൾ കൂടി സിലബസുകളിൽ ഉൾക്കൊള്ളിച്ചേ മതിയാവൂ. രണ്ടാംക്ലാസ് മുതൽ ആറാംക്ലാസ് വരെ പല കാര്യങ്ങളും സ്‌കൂളുകളിൽ പഠിപ്പിക്കാവുന്നതാണ്. ഉദാഹരണത്തിന് നമ്മൾ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നത് ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ പാടില്ലെന്നാണ്, എന്നാൽ സ്‌കൂൾ സിലബസിൽ പന്ത്രണ്ടാംക്ലാസ് വരെയും എന്താണ് ലഹരി വസ്തുക്കളെന്നോ, അവയെ എങ്ങനെ മനസിലാക്കാം എന്നതിനെക്കുറിച്ചോ ഒന്നും പഠിപ്പിക്കുന്നില്ല. ഭൂരിഭാഗം കുട്ടികളും കാൽനടയായിട്ടോ പൊതുഗതാഗതം ഉപയോഗിച്ചോ ആയിരിക്കും സ്‌കൂളുകളിലെത്തുന്നത്. സുരക്ഷിതമായി റോഡ്‌ ഉപയോഗിക്കുന്നതിനെ പറ്റിയോ, അമിതവേഗത്തിന്റെ അപകടത്തെക്കുറിച്ചോ മോശമായ ഡ്രൈവിംഗ് എന്താണെന്നോ അവരുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് ഈ ലേഖകൻ ട്രാൻസ്‌പോർട്, എക്‌സൈസ് കമ്മിഷണർ ആയിരിക്കുമ്പോൾ അവരുടെ മുഴുവൻ പാഠപുസ്തകളും വായിച്ചതിൽ നിന്നും മനസിലായ വസ്തുതയാണ്.

സ്വന്തം കഴിവിനേക്കാൾ കൂടുതൽ പഠിക്കേണ്ടി വരുമ്പോൾ കുട്ടികൾക്ക് അനാവശ്യ സമ്മർദ്ദം മൂലം ധാരാളം മാനസിക പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. സമ്മർദ്ദത്തെ മറികടക്കാനുള്ള നിർദ്ദേശങ്ങൾ കുട്ടിക്ക് കൊടുക്കുകയോ

ധാരാളം കളിസമയം അനുവദിക്കുകയോ ചെയ്യുന്നില്ല. മാതാപിതാക്കളോടും സഹോദരങ്ങളോടും കാര്യങ്ങൾ തുറന്നു സംസാരിക്കാനും പരിശീലനം നല്കണം.

മാതാപിതാക്കളെ ബഹുമാനിക്കാനും സഹപാഠികളോട് നന്നായി പെരുമാറാനും മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കാനും വേണ്ട മാർ‌ഗനിർദേശങ്ങളും നമ്മുടെ സ്‌കൂളുകളിൽ നല്കുന്നില്ല. സ്‌കൂൾ പാഠ്യപദ്ധതിയിൽ ഗണ്യമായ മാറ്റം വരുത്തേണ്ട സമയം കഴിഞ്ഞു. ലഹരി വസ്തുക്കളുടെ ഉപയോഗം എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് പഠനകാലത്തെ കുട്ടികളെ പഠിപ്പിക്കണം. പെൺകുട്ടികളെ ബഹുമാനിക്കാൻ പരിശീലിപ്പിക്കുന്നതിനൊപ്പം മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം കൊണ്ടുള്ള ദൂഷ്യവശങ്ങളെക്കുറിച്ചും ട്രാഫിക് നിയമങ്ങളെക്കുറിച്ചും വളരെ ലളിതമായ രീതിയിൽ ചെറിയ ക്ലാസുകളിൽത്തന്നെ പറഞ്ഞു മനസിലാക്കി കൊടുക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHILDREN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.