SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.16 AM IST

കേറിവാ മക്കളേ... ഇവിടെ സാറില്ല

photo


ഒന്നു മുതൽ 11 വരെ ക്ലാസുകളിലായി 43 ലക്ഷം കുട്ടികളാണ് സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ ഇത്രയും കുട്ടികൾക്ക് ആവശ്യമായതിനേക്കാൾ വളരെ കുറവ് അധ്യാപകരാണ് സ്‌കൂളുകളിലുള്ളത്. ആകെയുള്ള സ്‌കൂളുകളിൽ 4504 എണ്ണം സർക്കാർ മേഖലയിലും 7277 എണ്ണം എയ്ഡഡിലുമാണ്.
സർക്കാർ സ്‌കൂളുകളിൽ കുറെ വർഷങ്ങളിലുണ്ടായ ഒഴിവുകളിൽ മിക്കതിലും സ്ഥിരനിയമനം നടന്നിട്ടില്ല. പരമാവധി ദിവസ വേതനക്കാരെ എത്തിക്കാനുള്ള തത്രപ്പാടിലാണ് സ്‌കൂൾ അധികൃതർ.

സർക്കാർ തന്നെ പ്രസിദ്ധീകരിച്ച രേഖകൾ പ്രകാരം സംസ്ഥാനത്തുള്ള അദ്ധ്യാപക ഒഴിവുകൾ അമ്പരപ്പിക്കുന്നതാണ്. പാലക്കാട്, കണ്ണൂർ ജില്ലകളിലെ പൂർണമായ കണക്കുകൾ ലഭ്യമല്ല.

കുട്ടികൾക്ക് ഏറ്റവുമധികം ശ്രദ്ധയും പരിചരണവും ലഭിക്കേണ്ട പ്രൈമറി ക്ലാസുകളിലാണ് അദ്ധ്യാപകക്ഷാമം രൂക്ഷം. ഈ വർഷത്തെ വിരമിക്കൽ കൂട്ടിചേർത്ത് 12 ജില്ലകളിലെ സർക്കാർ സ്‌കൂളുകളിലായി 2655 എൽ.പി അദ്ധ്യാപക ഒഴിവുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ഒഴിവ്. 766 എണ്ണം. യു.പി. അദ്ധ്യാപകരുടെ 947 ഒഴിവും പ്രൈമറി ഹെഡ്മാസ്റ്ററുടെ 509 ഒഴിവുമുണ്ട്. അതായത് പ്രൈമറിയിൽ മാത്രം 4368 ഒഴിവുകൾ. ഇതിന് ആനുപാതികമായി കണ്ണൂരിലും പാലക്കാട്ടുമുണ്ട്.

കുട്ടികൾക്ക് ഭാഷാ, ശാസ്ത്ര, ഗണിത നൈപുണികൾ വിപുലമായി ലഭിക്കേണ്ട ഹൈസ്‌കൂൾ തലത്തിലും നികത്തപ്പെടാത്ത ഒഴിവുകൾ ധാരാളം. മലയാളം 245, ഹിന്ദി 294, ഇംഗ്ലീഷ് 93, ഭൗതികശാസ്ത്രം 196, ജീവശാസ്ത്രം 76, സാമൂഹ്യശാസ്ത്രം 123, ഗണിതം 243 എന്നിങ്ങനെയാണ് 12 ജില്ലകളിൽ പ്രധാന വിഷയങ്ങളിലെ ഒഴിവുകൾ.
കൂടാതെ ഉറുദു, അറബി, സംസ്‌കൃതം, കന്നട, തമിഴ് ഭാഷകളിൽ ഫുൾ ടൈം , പാർട് ടൈം , ഹിന്ദിയിൽ പാർട് ടൈം , ആർട്ട്, ഫിസിക്കൽ എഡ്യൂക്കേഷൻ, മ്യൂസിക് തുടങ്ങിയ വിഭാഗങ്ങളിലായി 1469 ഒഴിവാണുള്ളത്. ഇവർ പ്രൈമറിയിലും ഹൈസ്‌കൂളിലും ക്ലാസ് എടുക്കുന്നവരാണ്. ഇതിലും ഏറ്റവുമധികം ഒഴിവ് മലപ്പുറത്താണ്. 406 എണ്ണം.

നിലവിലുള്ള ലിസ്റ്റുകളിൽ നിന്ന് അടിയന്തരമായി നിയമനം നടത്താനും മറ്റുള്ളവയുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാനും ഉടൻ നടപടി ഉണ്ടാകണം. ഹയർസെക്കൻഡറി തസ്തിക മാറ്റത്തിന് 4507 ഹൈസ്‌കൂൾ അധ്യാപകരും 1817 പ്രൈമറി അധ്യാപകരും അപേക്ഷിച്ചിട്ടുണ്ട്. 2022 മേയ് 31 വരെയുണ്ടായ മുഴുവൻ ഒഴിവിലേക്കും ഇവരിൽനിന്നു നിയമനം നടത്തിയാൽ ഹൈസ്‌കൂൾ, പ്രൈമറിയിൽ വീണ്ടും ഉണ്ടാകുന്ന ഒഴിവുകളിലേക്ക് നിലവിലെ ലിസ്റ്റുകളിൽ നിന്നു നിയമനം നടത്താം.

പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികൾ താത്‌പര്യത്തോടെ എത്തുമ്പോൾ, അവർക്ക് അർത്ഥവത്തായ വിദ്യാഭ്യാസം നൽകാനുള്ള ബാദ്ധ്യത കൂടി സർക്കാരിനുണ്ട്. അദ്ധ്യാപക ക്ഷാമം സാക്ഷര കേരളത്തിന് മാനക്കേടാവരുത്.

ജോഷി ബി. ജോൺ മണപ്പള്ളി

ഇതാവണം മാതൃക

അഴിമതി കാട്ടിയ തന്റെ മന്ത്രിയെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പിടികൂടി ജയിലിലടച്ചു പഞ്ചാബ് മുഖ്യമന്ത്രി ! ഇന്ത്യയിൽ ഒരു പാർട്ടിയ്‌ക്കുമില്ലാത്ത ആർജ്ജവവും ധൈര്യവും കേജരിവാൾ എന്ന മനുഷ്യനും അദ്ദേഹത്തിന്റെ പാർട്ടിയ്ക്കുമുണ്ട്. ഇതൊക്കെയാണ് സമാനതകളില്ലാത്ത രാഷ്‌ട്രീയമാതൃക. കേജരിവാളിനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനും അഭിനന്ദനങ്ങൾ..

ഇടതും വലതും തലങ്ങനെയും വിലങ്ങനെയും അഴിമതിക്കാരെ സംരക്ഷിക്കുമ്പോൾ, വാതോരാതെ ന്യായീകരണം പ്രസംഗിക്കുമ്പോൾ ആം ആദ് മി പാർട്ടിയുടെ നിലപാടുകൾ ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.
നാലുവോട്ടിനു വേണ്ടി ഏത് ഹീനമാർഗവും സ്വീകരിക്കുന്ന ഇന്നാട്ടിലെ രാഷ്ട്രീയക്കാർ ഈ മാർഗത്തിന്റെ മഹിമ ഒരൽപ്പം അജൻഡയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും!

വിവേക് കല്ലറ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTER
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.