SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.38 AM IST

സംവരണത്തിലെ കൊലച്ചതി

kk

ഞാൻ 55 വർഷമായി കേരളകൗമുദിയുടെ സ്ഥിരം വായനക്കാരനാണ്. മേയ് ഏഴിലെ മുഖപ്രസംഗം 'സംവരണം എന്ന പൊള്ളുന്ന വിഷയം' യാഥാർത്ഥ്യങ്ങൾ വിളിച്ചോതുന്ന രീതിയിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ. ഒപ്പം എനിക്കും കുടുംബത്തിനും നേരിട്ട ദുരനുഭവം ഇവിടെ കുറിക്കുന്നു.

2020 - 2021ലെ നീറ്റ് പരീക്ഷയിൽ എന്റെ മകൾ ഭേദപ്പെട്ട മാർക്ക് വാങ്ങിയെങ്കിലും പ്രവേശനം തെന്നി നഷ്ടപെട്ടു. ഇതിന് കാരണം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വോട്ടുബാങ്ക് രാഷ്ട്രീയമാണ്. അതിന്റെ പ്രഭാവലയത്തിൽ തുഗ്ലക്‌ മോഡൽ സാമ്പത്തികസംവരണ മാനദണ്ഡം അടിച്ചേല്പിച്ചതു കൊണ്ടാണ്. 50 ശതമാനം സംവരണം നിലനില്‌ക്കെ നിയമപരിരക്ഷയില്ലാതെ 10ശതമാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് സംവരണമേർപ്പെടുത്തിയപ്പോൾ ഈഴവരാദി പിന്നാക്ക വിഭാഗക്കാർ നേർക്കാഴ്ചയിൽത്തന്നെ റാങ്ക് പട്ടികയിൽ നിന്ന് തള്ളപ്പെട്ടു. ഇതിന്റെ പ്രായോഗിക അശാസ്ത്രീയത മനസിലാക്കാതെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനു മുന്നിൽ സർക്കാരിന് പോലും കണ്ണടച്ച് ഇരുട്ടിൽ തപ്പേണ്ടിവന്നു. കണക്കിലെ കളികൾ കള്ളക്കണക്കാക്കി ബോധിപ്പിക്കേണ്ടി വന്നു. ആര് ജയിച്ചു? ആര് തോറ്റു? ഇരുന്നൂറിലേറെ വിദ്യാർത്ഥികൾ ഇതിൽ ബലിയാടായി. ഇതിലുപരി പരശ്ശതം വിദ്യാർത്ഥികൾ ഗവൺമെന്റ് കോളേജിൽ നിന്ന് നിഷ്‌‌കാസിതരായി .

നിയമപരിരക്ഷയ്‌ക്ക് വിരുദ്ധമായി പ്രവേശനം തരപ്പെടുത്തിയവരുടെയും പ്രവേശനം നഷ്ടപ്പെട്ടവരുടെയും ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കണം. അവസരം നഷ്ടപ്പെട്ടവർക്ക് ക്രമീകരണത്തിലൂടെയോ അധിക സീറ്റ് തരപ്പെടുത്തിയോ തുല്യനീതി ഉറപ്പാക്കണം. അതല്ലെങ്കിൽ നിയുക്ത മാനന്തവാടി മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കണം. അടുത്ത നീറ്റ് അഡ്മിഷന് ഈ ലിസ്റ്റിൽപ്പെട്ടവർക്ക് മാറ്റി നൽകണം.

എന്നും അശരണർക്ക് അത്താണിയായി നിന്ന് ശബ്ദമുയർത്തിയ കേരളകൗമുദിയുടെ തൂലിക ഇക്കാര്യത്തിൽ അതിശക്തമാണ് . മുഖപ്രസംഗത്തിൽ സൂചിപ്പിച്ചപോലെ 'സംവരണം തുടർന്നാൽ കഴിവില്ലാത്തവർ കയറിപ്പറ്റുമെന്ന് അലമുറയിടുന്നവരുടെ' പിൻവാതിലിലൂടെയുള്ള ഈ നുഴഞ്ഞുകയറ്റം മുളയിലേ നുള്ളിമാറ്റാൻ കേരളകൗമുദിക്കാവുമെന്ന് എനിക്കുറപ്പുണ്ട്.


ദിനേശ് പി
റിട്ടയേർഡ് എക്‌സൈസ് ഇൻസ്‌പെക്ടർ
കേശവദാസപുരം, തിരുവനന്തപുരം ഫോൺ : 9539076099

ഗൗരിഅമ്മയുടെ രണ്ടാംവരവിന് സാക്ഷിയായ കാപ്പിൽ

തിരുവനന്തപുരം ജില്ലയുടെ തീരദേശ അതിർത്തിയായ കാപ്പിൽ ഗ്രാമത്തിന് കേരളത്തിന്റെ വിപ്ലവനായിക അന്തരിച്ച കെ.ആർ.ഗൗരിഅമ്മയുടെ പൊതുജീവിതവുമായി അഭേദ്യമായൊരു ബന്ധമുണ്ട്. സി.പി.എമ്മിൽ നിന്നും പുറത്തായ ശേഷം കേരള രാഷ്ട്രീയത്തിലേക്കുള്ള തന്റെ രണ്ടാംവരവ് ആദ്യമായി അവർ പങ്കുവച്ചത് കാപ്പിൽ ഗ്രാമത്തിലെ അനുയായികളോടായിരുന്നു. പാർട്ടി തീരുമാനം വന്നശേഷം അനുയായികൾ അനന്തര നടപടിയെക്കുറിച്ച് ആരാഞ്ഞെങ്കിലും പൊടുന്നനെ ഒരു ഉത്തരം പറയാൻ ഗൗരിഅമ്മ വിസമ്മതിച്ചു. ചോദ്യങ്ങളിൽ നിന്നും മന:പൂർവമല്ലെങ്കിലും അവർ ഒഴിഞ്ഞുമാറി. പുതിയൊരു രാഷ്ട്രീയപ്രസ്ഥാനം എന്നൊരാശയം പലരും മുന്നോട്ട് വച്ചെങ്കിലും അവർ മൗനം ദീക്ഷിച്ചതേയുളളൂ. എന്നാൽ പാർട്ടി തീരുമാനം വന്ന അതേ ആഴ്ചയുടെ അവസാനം കാപ്പിൽ പ്രദേശത്തെ ഗൗരിഅമ്മയെ സ്നേഹിക്കുന്ന ജനങ്ങൾ ഒരു സ്വീകരണ സമ്മേളനം സംഘടിപ്പിച്ചു. എത്തിച്ചേരാമെന്ന് ഗൗരിഅമ്മയും സമ്മതിച്ചു. കാപ്പിൽ സാംസ്‌കാരിക സമിതിയാണ് സമ്മേളനം സംഘടിപ്പിച്ചത്. റെയിൽവെ സ്റ്റേഷൻ മൈതാനിയിലായിരുന്നു സ്വീകരണം. കൃത്യസമയത്ത് ഗൗരിഅമ്മ എത്തിച്ചേർന്നു. പാർട്ടിയിൽ നിന്നും പുറത്തായ ശേഷമുളള അവരുടെ ആദ്യ പൊതുപരിപാടിയായിരുന്നു അത്. വലിയൊരു ജനക്കൂട്ടമാണ് അന്നവിടെ തടിച്ചുകൂടിയത്. കാപ്പിൽ വാമദേവനായിരുന്നു സമ്മേളനത്തിൽ സ്വാഗതം പറഞ്ഞത്. പ്രസംഗത്തിനിടെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി കാലം മുതൽ ഗൗരിഅമ്മ പുറത്താകുന്നതു വരെയുളള കാലയളവിൽ ഒരു നിധിപോലെ സൂക്ഷിച്ചിരുന്ന തന്റെ പാർട്ടി മെമ്പർഷിപ്പ് ഇവിടെവച്ച് ഉപേക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആവേശം അലതല്ലിയ സമ്മേളനം ഹർഷാരവത്തോടെ കാപ്പിൽ വാമദേവന്റെ തീരുമാനത്തെ എതിരേറ്റു. തനിക്കു നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ ഗൗരിഅമ്മ അതുവരെ നിലനിന്ന സന്ദേഹങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് കേരള രാഷ്ട്രീയത്തിലേക്കുളള തന്റെ രണ്ടാംവരവ് കാപ്പിൽ പ്രദേശത്തെ ജനങ്ങളെ സാക്ഷിയാക്കി പ്രഖ്യാപിച്ചു. . പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര് ഗൗരിഅമ്മ പറഞ്ഞില്ല. എന്നാൽ സാമ്പത്തിക അസമത്വങ്ങൾക്കെന്നപോലെ സാമൂഹ്യനീതിക്കു വേണ്ടിയും പോരാടുന്നതായിരിക്കും പുതിയ രാഷ്ട്രീയപാർട്ടി എന്ന സൂചനയും നൽകുകയുണ്ടായി. ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) എന്ന പേര് പിന്നീടാണ് തീരുമാനിക്കപ്പെട്ടത്. പാർട്ടി രൂപീകരണത്തിന്റെ ഔപചാരികമായ പ്രഖ്യാപനം ആലുവയിൽ നടന്ന മഹാസമ്മേളനത്തിൽ വച്ചായിരുന്നു. കാപ്പിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സാംസ്‌കാരിക സമിതിയുടെ വൈസ് പ്രസിഡന്റും കാപ്പിൽ ഗവണ്മെന്റ് ഹൈസ്കൂളിലെ അദ്ധ്യാപികയുമായിരുന്ന ലതിക ടീച്ചറായിരുന്നു അദ്ധ്യക്ഷ. സ്വാഗതം പറഞ്ഞ കാപ്പിൽ വാമദേവനും നന്ദിപറഞ്ഞ സുരേഷും ജീവിച്ചിരിപ്പില്ല. ലതിക ടീച്ചർക്ക് ഗൗരിഅമ്മയുമായി അടുത്ത ബന്ധമായിരുന്നു. സർക്കാർ സർവീസിലായിരുന്നിട്ടു കൂടി എല്ലാ തിരഞ്ഞെടുപ്പുകളിലും ഗൗരിയഅമ്മയ്ക്കു വേണ്ടി പ്രവർത്തിക്കാൻ ടീച്ചർ പോകുമായിരുന്നു. ലോക്ഡൗൺ മൂലം അവസാനമായി ഒരുനോക്കു കാണാനായില്ലെങ്കിലും എരിഞ്ഞടങ്ങിയ ആ വിപ്ലവ നക്ഷത്രത്തിന് കണ്ണീരോടെ അവർ വിട നൽകുന്നു.

കെ.ജയപ്രകാശ്

വർക്കല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTERS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.