SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.38 AM IST

ഇ - ഫയലിംഗ് അഭിഭാഷകർ പോസിറ്റീവ് ആണ്

letters

ഇ - ഫയലിംഗ് സംവിധാനം കേരളത്തിലെ കോടതികളിൽ നടപ്പാക്കുന്നത് സംബന്ധിച്ച്, ഇ - ഫയലിംഗ് സംവിധാനത്തോട് അഭിഭാഷകർ മുഖം തിരിക്കരുത് എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ വായിച്ചു. കേരളത്തിലെ അഭിഭാഷകരുടെ അപെക്സ് ബോഡിയായ കേരള ബാർ കൗൺസിലിന്റെ ചെയർമാൻ എന്ന നിലയിൽ ഒരു കാര്യം വ്യക്തമാക്കുന്നു : അഭിഭാഷകർ ഇ -ഫയലിംഗ് സമ്പ്രദായം നടപ്പാക്കുന്നതിന് എതിരല്ല. ഇ - ഫയലിംഗ് സംവിധാനം നടപ്പാക്കുന്നതിന് ഭരണഘടനയുടെ 225 വകുപ്പ് പ്രകാരം ഇ - ഫയലിംഗ് റൂൾസ് തയ്യാറാക്കി സർക്കാരിന്റെ അനുമതി വാങ്ങുകയുണ്ടായി. ഈ ചട്ടം 17/05/2021ൽ പ്രാബല്യത്തിൽ വരുന്നതിന് ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഈ നിയമത്തിലെ അപാകതകളും, നടപ്പാക്കുമ്പോൾ ഉണ്ടാവുന്ന പ്രായോഗിക
വൈഷമ്യങ്ങളുമാണ് അഭിഭാഷകരെ ആശങ്കയിലാഴ്ത്തിയത്. ആവശ്യമായ സമയം നൽകാതെ
നിയമം പ്രാബല്യത്തിൽ വരുത്തിയതും പ്രശ്നമായി. കേരള ബാർ കൗൺസിൽ കേരളത്തിലെ 84 ബാർ അസോസിയേഷൻ ഭാരവാഹികളുടെ അടിയന്തര യോഗം ഓൺലൈനായി വിളിച്ചു ചേർത്ത് അഭിപ്രായങ്ങൾ ശേഖരിച്ചു. ഈ നിയമം പ്രായോഗികമാക്കുന്നതിന് ആവശ്യമായ പരിശീലനവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കിയതിന് ശേഷം മാത്രമേ നിയമം നടപ്പാക്കാവൂ എന്ന വ്യക്തമായ നിലപാടാണ് അവർ പ്രകടിപ്പിച്ചത്. കേരളത്തിലെ അഭിഭാഷക സംഘടനാ ഭാരവാഹികളുടെ അഭിപ്രായവും ഇതു തന്നെയായിരുന്നു. അഭിഭാഷകർക്കും,
ക്ലർക്കുമാർക്കും, കോടതി ജീവനക്കാർക്കും പരിശീലനം നൽകാൻ ഹൈക്കോടതിയുടെ
നേതൃത്വത്തിൽ തന്നെ മാസ്റ്റർ ട്രെയിനികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. അവർ മറ്റുള്ളവർക്ക് പരിശീലനം നൽകാൻ സമയമെടുക്കും.
നിയമത്തിലെ ചില സാങ്കേതിക പ്രശ്നങ്ങളും തിടുക്കത്തിൽ നിയമം നടപ്പാക്കാൻ തടസമാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കേരള ബാർ കൗൺസിൽ, കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകുകയുണ്ടായി. കേരള ഹൈക്കോടതി ഞങ്ങളുടെ കത്തിന്റെ ഗൗരവം മനസിലാക്കി ഉന്നതതല യോഗം മെയ് 17ന് ഹൈക്കോടതി കോൺഫറൻസ് ഹാളിൽ വിളിച്ച് ചേർത്ത് വിശദമായ ചർച്ച നടത്തി. ആ യോഗത്തിൽ ചീഫ് ജസ്റ്റിസ് ഉൾപ്പടെ ആറ് ജഡ്ജിമാരും, ഈ ലേഖകനും അഡ്വക്കേറ്റ് ജനറലും അസിസ്റ്റന്റ് സോളിസിറ്റർ ജനറലും പങ്കെടുത്തു. കേരള ചീഫ് ജസ്റ്റിസും ജഡ്ജിമാരും വളരെ യാഥാർത്ഥ്യ ബോധത്തോടു കൂടിയാണ് ബാർ കൗൺസിലിന്റെ ആശങ്കകളെ സമീപിച്ചത്.
ചർച്ചകളുടെ അടിസ്ഥാനത്തിൽ എല്ലാ ആശങ്കകളും അവസാനിപ്പിച്ച് ഹൈക്കോടതി
ഉത്തരവ് പുറപ്പെടുവിച്ചു. കേരള ഹൈക്കോടതി താത്‌കാലികമായി ഇ - ഫയലിംഗ് സമ്പ്രദായവും അതോടൊപ്പം തന്നെ കൊവിഡിന് മുമ്പ് നിലവിലിരുന്ന നേരിട്ടുള്ള ഫയലിംഗ് സംവിധാനവും ഒരുമിച്ച് നടപ്പാക്കാനാണ് തീരുമാനിച്ചത്.

കൊവിവിഡ് കാലത്ത് ഇന്ത്യയിലാകെ ഇ - മെയിൽ ഫയലിംഗ് രീതിയും, കോടതി നടപടികൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തുകയുമാണ് ചെയ്തത്. ഈ രീതി ലളിതവും പ്രായോഗികവുമായിരുന്നു. ഇതുവഴി, കൊവിഡ് മഹാമാരി പകരുന്നത്
പ്രതിരോധിക്കാനുമായി. ഈ രീതിയുമായി അഭിഭാഷകർ പരിപൂർണമായും
സഹകരിക്കുകയും ചെയ്തു. വിവരസാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി നീതിനിർവഹണം ഏറ്റവും ലളിതവും വേഗമേറിയതുമാക്കണം എന്നുതന്നെയാണ് അഭിഭാഷകരുടെ അഭിപ്രായം. ഘട്ടംഘട്ടമായി ഇത് സാദ്ധ്യമാവും.
ഇക്കാര്യത്തിൽ ഒരാശങ്കയ്ക്കും അടിസ്ഥാനമില്ല.

അഡ്വ . ജോസഫ് ജോൺ, ചെയർമാൻ, കേരള ബാർ കൗൺസിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTERS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.