SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.30 PM IST

കനിയാത്തവർക്കെതിരെ ആര് നടപടിയെടുക്കും ?

file

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനുള്ള പിന്നാക്കക്കാരുടെ 2.5 ലക്ഷം അപേക്ഷകൾ വഴിയാധാരം എന്ന ജനുവരി 14ലെ കേരളകൗമുദി വാർത്തയും 15ന് 'ദൈവം കനിഞ്ഞാലും കനിയാത്ത പൂജാരികൾ" എന്ന ശക്തമായ മുഖപ്രസംഗവും വായിച്ചു. വേറെയൊരു പത്രത്തിനും ഈ വിഷയം വാർത്തയായില്ല.

പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ ക്ഷേമത്തിന് പട്ടികജാതി വികസന വകുപ്പുണ്ട്. ആവശ്യത്തിന് ഉദ്യോഗസ്ഥരുമുണ്ട്. അതുകൊണ്ട് പട്ടികജാതി വിഭാഗം കുട്ടികൾക്ക് യഥാസമയം സ്കോളർഷിപ്പ് ലഭിക്കുന്നു. എന്നാൽ പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികളുടെ അവസ്ഥ പരമദയനീയമാണ്. പിന്നാക്ക വിഭാഗ വികസനവകുപ്പ് രൂപീകരിച്ചെങ്കിലും ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരോ ജില്ലാ ഓഫീസുകളോ ഇല്ലാത്തത് കഷ്ടമാണ്.

പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി അയയ്ക്കുന്ന അപേക്ഷകൾ സ്വീകരിക്കാൻ പോലും ആരുമില്ല. പിന്നാക്കവിഭാഗ വികസനത്തിന് ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരാവുന്നതുവരെ പട്ടികജാതി വികസന വകുപ്പ് പിന്നാക്ക വിഭാഗത്തിന്റെ അപേക്ഷ കൈകാര്യം ചെയ്യണമെന്ന മന്ത്രിയുടെ നിർദ്ദേശം പോലും അംഗീകരിക്കാത്ത ഉദ്യോഗസ്ഥരുടെ നടപടി ധിക്കാരപരവും അപലപനീയവുമാണ്.

ബാബുസേനൻ അരീക്കര

ചെങ്ങന്നൂർ

സ്വർണാഭരണങ്ങൾ വാങ്ങുന്നവരെ ശിക്ഷിക്കരുത്

സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ ബിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ജി.എസ്.ടി വകുപ്പ് നോട്ടീസയച്ചു തുടങ്ങി. എറണാകുളം പെരുമാനൂർ ഉള്ള ജി.എസ്.ടി ഓഫീസിൽ ജനുവരി പത്തൊമ്പതിന് ഹാജരാകാനാണ് തിരുവനന്തപുരത്തുള്ള ഉപഭോക്താവിന് നോട്ടീസയച്ചത്. ഇരുപതോളം പേർക്ക് ഇങ്ങനെ നോട്ടീസ് അയച്ചിരിക്കുകയാണ്.
ജി.എസ്.ടി സെക്ഷൻ 70 പ്രകാരമാണ് ആണ് നോട്ടീസുകൾ അയയ്‌ക്കുന്നത്.
ബില്ലും, തെളിവുകളും ഹാജരാക്കിയില്ലെങ്കിൽ ഇന്ത്യൻ പീനൽ കോഡ് 174 ,175 , 193, 228 എന്നീ വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണെന്നും സമൻസിലുണ്ട്. എന്നാൽ ഉപഭോക്താക്കൾക്കെതിരെ യാതൊരു നടപടിയും പാടില്ലെന്ന് അലഹബാദ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. സ്വർണാഭരണശാലകളിലെ പരിശോധനകളെ തുടർന്ന് ഉപഭോക്താക്കളെ കൂടി നോട്ടീസയച്ചു ഭീഷണിപ്പെടുത്തുന്നത് എന്തിന്റെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ല.
സ്വർണാഭരണം വാങ്ങുന്ന ഉപഭോക്താക്കൾക്ക് എല്ലാം ഈ രീതിയിൽ സമൻസുകളയച്ചു തുടങ്ങിയാൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉളവാക്കും.
ഇത് സ്വർണാഭരണ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ജി.എസ്.ടി വകുപ്പിന്റെ നോട്ടീസ് ലഭിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ജി.എസ്.ടി രജിസ്‌ട്രേഷൻ ഇല്ലാത്തവർക്ക് ഇത്തരത്തിലുള്ള നോട്ടീസുകൾ അയയ്‌ക്കുന്നത് അന്വേഷണത്തിന്റെ മറ്റെല്ലാ സാധ്യതകളും അടഞ്ഞതിന്റെ അവസാനം ആയിരിക്കണമെന്ന വ്യവസ്ഥ ജി.എസ്. ടി ഉദ്യോഗസ്ഥർ ഇവിടെ ലംഘിച്ചിരിക്കുകയാണ്.
നിയമവിധേയമായ മാർഗത്തിലൂടെ സ്വർണാഭരണങ്ങൾ വാങ്ങുന്നവരെ ഇത്തരം കേസുകളിൽ കുടുക്കാനുള്ള ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നീക്കം നിയമവിരുദ്ധമായ മാർഗത്തിലേക്ക് ഉപഭോക്താക്കളെ കൊണ്ടെത്തിക്കാനേ ഇടയാക്കൂ.


അഡ്വ.എസ്. അബ്ദുൽ നാസർ,
സംസ്ഥാന ട്രഷറർ , ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ )

ജനജീവിതം കത്തിമുനയിലോ?

ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ കഷ്‌ടമാണ് കേരളത്തിൽ ജനത്തിന്റെ സുരക്ഷ എന്നായിട്ടുണ്ട്. ഗുണ്ടാവിളയാട്ടവും അക്രമവും കാരണം നാടിന്റെ സ്വൈരജീവിതം തകർന്നു കഴി‌ഞ്ഞു. പൊലീസിലെ വലിയൊരു ശതമാനം നിഷ്‌ക്രിയമാണെന്നതിന് പുറമേ ഗുണ്ടകൾക്കും ക്രിമിനലുകൾക്കും ഒത്താശ ചെയ്യുന്നവരുടെ എണ്ണവും സേനയിൽ വർദ്ധിക്കുകയാണ്.

ഗുണ്ടാസംഘങ്ങളും ലഹരി മാഫിയയും കൊലവിളി നടത്തുന്ന ഈ നാട്ടിൽ ജനത്തിന്റെ സുരക്ഷ ആര് ഉറപ്പാക്കുമെന്ന് അധികാരികൾ പറയണം. ഗുണ്ടകൾ ആക്രമിച്ച് കൊന്ന ചെറുപ്പക്കാരന്റെ ജഡം പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ട് കൊലവിളി നടത്തുന്നിടം വരെ എത്തിനില്ക്കുന്നു സംസ്ഥാനത്തിന്റെ ക്രമസമാധാനം. ഈ അവസ്ഥയ്‌ക്ക് ആരാണ് ഉത്തരവാദി? മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പ് ഇത്രമേൽ കുത്തഴിഞ്ഞിട്ടും ഇതെല്ലാം ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് തള്ളുന്ന പ്രവണത ഉപേക്ഷിക്കണം. സംസ്ഥാനത്തിന്റെ സമാധാനജീവിതം തിരിച്ചുപിടിക്കാൻ ഇനിയെങ്കിലും ശ്രമം ഉണ്ടാകണം.

ലതാ സുധാകരൻ

ശാസ്താംകോട്ട

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTER
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.