SignIn
Kerala Kaumudi Online
Friday, 19 April 2024 5.17 AM IST

രാഷ്ട്രീയ നേതാക്കളുടെ ആർഭാടം

photo

പഞ്ചാബിൽ ഒരുതവണ എം.എൽ.എ ആയിരുന്നവർക്ക് എഴുപത്തിഅയ്യായിരം രൂപ പ്രതിമാസ പെൻഷനുണ്ടെന്നും അതുകഴിഞ്ഞ് വരുന്ന ഒാരോ ടേമിനും പെൻഷന്റെ 66 ശതമാനം വർദ്ധനയുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചത് വായിച്ചു. ഇപ്പോൾ ഒന്നിലധികം തവണ എം.എൽ.എ മാരായിരുന്നവർക്കും ഒരു ടേമിലെ എം.എൽ.എ പെൻഷൻ മാത്രമേ ലഭിക്കുന്നുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അധികം പെൻഷൻ തുക പൊതുജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്നുള്ള മുഖ്യമന്ത്രി ഭഗവത് മാന്നിന്റെ പ്രസ്താവന ചിന്തനീയമാണ്.

സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം 74 സംവത്സരങ്ങൾ പിന്നിട്ടിട്ടും അഷ്ടിക്ക് വകയില്ലാതെ ഉടുതുണിക്ക് മറുതുണിയില്ലാതെ അന്തിക്കൊന്ന് തലചായ്ക്കാൻ ഇടമില്ലാതെ പരസഹസ്രങ്ങൾ കഴിയുന്നുണ്ട്. പൊതുഖജനാവിൽ നിന്നും പ്രതിമാസം ലക്ഷങ്ങൾ പെൻഷൻ വാങ്ങി പഞ്ചനക്ഷത്ര സുഖഭോഗങ്ങളോടെ ആർഭാടജീവിതം നയിക്കുന്ന രാഷ്ട്രീയ നേതാക്കൾ നമ്മുടെ ജനാധിപത്യത്തിനു എന്ത് സന്ദേശമാണ് നൽകുന്നത് ?

ജനാധിപത്യത്തിന്റെ കാവൽ ഭടന്മാരായ ജനപ്രതിനിധികളിൽ പലരും ഇത്രത്തോളം സ്വാർത്ഥമോഹികളായിപ്പോയല്ലോ എന്നോർത്ത് ദുഃഖിക്കാനേ കഴിയൂ.

ചിറയിൻകീഴ് ആർ. പ്രകാശൻ,

ഹൈദരാബാദ്.

ഗുരുദേവനും

പുലിവാതുക്കലും

ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട പുലിവാതുക്കൽ കുടുംബചരിത്രം പലരും തെറ്റായി എഴുതിക്കാണുന്നു. മാരായമുട്ടത്തിനടുത്തുള്ള കാളിവിളാകത്ത് നിന്നാണ് പുലിവാതുക്കൽ ചരിത്രം ആരംഭിക്കുന്നത്. കാളിവിളാകം കുടുംബത്തിലെ കാരണവരായിരുന്നു മാടൻ കരുംകുളം ഉറക്കിത്തട്ടടി കുടുംബത്തിലെ തേവിയെ വിവാഹം ചെയ്തു. ഇവർക്ക് ഏഴ് മക്കൾ പിറന്നു. അതിൽ നാലാമത്തെ സന്താനമാണ് മാടൻ വേലായുധൻ. മാടൻ കാളി വിളാകത്തുനിന്നും പുലിവാതുക്കൽ എന്ന സ്ഥലം വാങ്ങി വീടുവച്ചു താമസമായി.

തേവിയുടെ മാതൃകുടുംബം ചെമ്പഴന്തിയിലാണ്. വേലായുധൻ വൈദ്യരുടെ ശേഷക്കാരി കല്യാണിയുടെ കെട്ടുകല്യാണത്തിന് ചെമ്പഴന്തിയിൽ നിന്നും ബന്ധുക്കളെത്തി. ആ ബന്ധുക്കളിൽ നാണുവും (ഗുരുദേവൻ) ഉണ്ടായിരുന്നു. അന്നാണ് ഗുരുദേവന്റെ ആദ്യ പുലിവാതുക്കൽ സന്ദർശനം.

അവധൂതവൃത്തിയും മരുത്വാമലയിലെ തപസും കഴിഞ്ഞ് ഗുരുദേവൻ അരുവിപ്പുറത്ത് പ്രത്യക്ഷപ്പെട്ടു. കൊടിതൂക്കി മലയിലെ ഗുഹയിലും നെയ്യാർതീരത്തെ ഗുഹയിലും ധ്യാനത്തിലിരിക്കുന്ന സിദ്ധനെ കാണാനും പരിചരിക്കാനും ആൾക്കാർ എത്തി. അവരിൽ പ്രധാനിയായിരുന്നു പുലിവാതുക്കൽ വേലായുധൻ വൈദ്യർ.

ചരിത്രപ്രസിദ്ധമായ അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠയും തുടർന്നുനടന്ന ക്ഷേത്രഭരണ വ്യവസ്ഥകളിലും ഉത്സവ നടത്തിപ്പ് വ്യവസ്ഥകളിലും വേലായുധൻ വൈദ്യർ മുന്നിലായിരുന്നു. ശിവരാത്രി മഹോത്സവത്തിലെ ഒന്നാം ഉത്സവ ചുമതലയും വേലായുധൻ വൈദ്യർക്ക് ഗുരുദേവൻ കല്പിച്ചനുവദിച്ചു. ആ ചുമതല മുടക്കം കൂടാതെ പുലിവാതുക്കൽ കുടുംബക്കാർ നടത്തിവരുന്നു.

അവലംബം

എസ്.ബി. നടരാജൻ (നിലവിൽ പുലിവാതുക്കൽ യോഗീശ്വര ദേവക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എഴുതി പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരുവും പുലിവാതുക്കലും എന്ന പുസ്തകം രേഖ: 1066- നം. 19-ാം തീയതിയിലെ 2231-ാം നമ്പർ പ്രകാരം നെയ്യാറ്റിൻകര ആക്ടിംഗ് രജിസ്ട്രാർ ഒാഫീസിൽ മാടൻ രാമൻ മുതൽ പേർ എഴുതിപ്പിടിപ്പിച്ച ഭാഗപത്രം.)

അരുവിപ്പുറം സുരേന്ദ്രൻ

നെയ്യാറ്റിൻകര

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTERS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.