SignIn
Kerala Kaumudi Online
Friday, 29 March 2024 7.41 PM IST

പേവിഷ വാക്സിൻ ; ആശങ്ക വർദ്ധിക്കുന്നു

vaccine

പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിനെടുത്തിട്ടും സംസ്ഥാനത്ത് നാല് പേർ പേവിഷബാധയേറ്റ് മരിച്ചെന്ന വാർത്ത അത്യധികം ഉത്കണ്ഠയോടെയാണ് വായിച്ചത്. അങ്ങേയറ്റം ഗുരുതരമായ അലംഭാവത്തിന്റെ ബാക്കിപത്രമല്ലേ ഇത് ? പേവിഷബാധയേറ്ര ഒരാൾക്ക് ജീവൻ രക്ഷിക്കാനുള്ള ഏക മാർഗമാണ് വാക്സിൻ . നൂറ് ശതമാനം സുരക്ഷിതമെന്ന് ഉറപ്പുള്ള വാക്സിൻ എടുത്തിട്ടും ആളുകൾ മരിക്കുന്നുണ്ടെങ്കിൽ ആരാണ് ഉത്തരവാദി ? ഇത് നിസ്സാരമായി കാണരുത്. സൂക്ഷ്‌മപരിശോധന നടത്തി എവിടെയാണ് വീഴ്ചസംഭവിച്ചതെന്ന് കണ്ടെത്തുകയും വാക്സിന്റെ പൂർണസുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിക്കുകയും വേണം.

രഞ്ജിത്ത് രാംനാഥ്

തലയോലപ്പറമ്പ്

മിക്സഡ് സ്കൂൾ;

എതിർക്കുന്നവർ

ഏത് യുഗത്തിൽ ?​

നമ്മുടെ വിദ്യാലയങ്ങൾ മിക്സഡ് സ്കൂൾ ആക്കുന്നതിനോട് പലരും വിയോജിപ്പ് രേഖപ്പെടുത്തുന്നത് കണ്ടു. ആൺ-പെൺ വേർതിരിവില്ലാതെ ഒരുമിച്ച് പഠിച്ച് വളർന്ന് മാനസികാരോഗ്യമുള്ള ഒരു തലമുറയായി വളർന്നുവരാൻ നമ്മുടെ കുട്ടികൾക്കുള്ള അവസരമാണ് മിക്സ‌ഡ് സ്കൂളുകൾ. ഇതിനെ എതിർക്കുന്നവർ ഭാവിയ്ക്ക് മുതൽക്കൂട്ടാവേണ്ട തലമുറയുടെ വളർച്ചയാണ് തടസ്സപ്പെടുത്തുന്നത്. ജെൻഡറിനെ അടിസ്ഥാനമാക്കിയല്ല കൂട്ടുകാരെ തിരഞ്ഞെടുക്കേണ്ടത്. നമ്മുടെ സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന ആൺ-പെൺ വേർതിരിവാണ് പെൺകുട്ടികൾക്കെതിരെ ഉണ്ടാകുന്ന പല മോശം പെരുമാറ്റങ്ങളുടെയും അടിസ്ഥാന കാരണം.

ആൺകുട്ടികളിലും പെൺകുട്ടികളിലും പരസ്പരം ബഹുമാനം പുലർത്താനും സ്വതന്ത്രമായ വ്യക്തിത്വവും കരുതലും ആരോഗ്യകരമായ സൗഹൃദവും വളർത്തിയെടുക്കാനും മിക്സഡ് സ്കൂളുകൾ സഹായിക്കും.

സൗപർണിക കെ.വി

ആലത്തൂർ

കെ.എസ്.ആർ.ടി.സി പെൻഷൻ;

കേരളകൗമുദിക്ക് അഭിനന്ദനം

കെ.എസ്.ആർ.ടി.സി പെൻഷൻ തുക ഉടൻ നല്കുമെന്ന വാർത്ത വളരെ ആശ്വാസത്തോടെയും സന്തോഷത്തോടെയുമാണ് വായിച്ചത്. ഈ നടപടിക്ക് കാരണമായ വാർത്ത ( കെ.എസ്.ആർ.ടി.സി പെൻഷൻ മുടങ്ങിയിട്ട് രണ്ട് മാസം - ഓഗസ്റ്റ് 22 ) പ്രസിദ്ധീകരിച്ച കേരളകൗമുദിക്ക് പ്രത്യേകം നന്ദിയും അഭിനന്ദനവും.

കെ.എസ്.ആർ.ടി.സി പെൻഷൻകാരിൽ ഭൂരിപക്ഷവും അങ്ങേയറ്റം ദുരിതജീവിതം നയിക്കുന്നവരാണ്. ജീവനക്കാരുടെയും പെൻഷൻകാരുടെയും കഷ്‌ടപ്പാടുകൾ കണ്ടറിഞ്ഞ് അവർക്ക് അകമഴിഞ്ഞ പിന്തുണ നല്കുന്ന കേരളകൗമുദിയോട് അവർക്ക് അങ്ങേയറ്റം കടപ്പാടുണ്ടാകുമെന്ന് ഉറപ്പാണ്.

രവീന്ദ്രൻ മംഗലത്ത്

തിരുവല്ല

നാട് കീഴടക്കി

നായ്‌ക്കൂട്ടം

തെരുവുനായ ശല്യത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നതായിരുന്നു ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച നായകടി 1.47 ലക്ഷം എന്ന വാർത്ത. രാത്രികാലങ്ങളിൽ തിരക്കേറിയ റോഡുവക്കുകളിൽ പോലും ആക്രമണകാരികളായ നായ്‌ക്കൂട്ടങ്ങളെ കാണാം. നായ്‌ക്കൂട്ടങ്ങളെ പേടിച്ച് നഗരപ്രദേശങ്ങളിൽ പ്രഭാത - സായാഹ്ന സവാരിക്കാർ അത്യധികം ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. ഇങ്ങനെ നായ്‌ക്കളുടെ ആക്രമണത്തിന് ഇരയായ നിരവധി സംഭവങ്ങളുമുണ്ട്. രാത്രികാലങ്ങളിൽ ബൈക്ക് യാത്രികരെ നായ്‌ക്കൾ പിന്തുടർന്ന് കടിച്ച് പരിക്കേൽപ്പിക്കുന്നു. ഇവ അപ്രതീക്ഷിതമായി കുറുകെ ചാടിയത് കാരണം അപകടങ്ങളിൽ പരിക്കേറ്റവരും ജീവൻ നഷ്‌ടമായവരും നിരവധിയാണ്. സംഭവം ഇത്രയും രൂക്ഷമാണെന്നറിഞ്ഞിട്ടും അവയെ വന്ധ്യംകരിച്ച് പെരുപ്പം നിയന്ത്രിക്കാത്ത അധികൃതരുടേത് കുറ്റകരമായ അനാസ്ഥയാണ്. എവിടെയെങ്കിലും ഒരു നായയെ കല്ലെറിഞ്ഞെന്ന് കേട്ടാൽ പോലും രോഷം കൊള്ളുന്ന മൃഗസ്നേഹികൾക്ക് നായ്ക്കൾ ആക്രമിച്ച കുഞ്ഞുങ്ങളെ കണ്ടാൽ മനസ് വേദനിക്കാറില്ലെന്നതാണ് ഏറ്റവും വിചിത്രമായ സംഗതി. ഈ വിഷയത്തിൽ അധികൃതരുടെ അടിയന്തരശ്രദ്ധ പതിഞ്ഞേ മതിയാകൂ.

ഗോമതി കെ.ആർ

ചെറിയനാട്

ഓൺലൈൻ ലോൺ

ചതി തിരിച്ചറിയണം

അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഓൺലൈൻ വായ്‌പ വലിയ ചതിക്കുഴികൾ നിറഞ്ഞതാണ്. പണത്തിന് അത്യാവശ്യം നേരിടുന്ന പാവപ്പെട്ടവരാണ് അവരുടെ ഇരയാകുന്നത്. ആപ് ഡൗൺലോഡ് ചെയ്യുമ്പോൾ തട്ടിപ്പുകാർ കൈക്കലാക്കുന്ന ഫോട്ടോകൾ പിന്നീട് മോർഫ് ചെയ്‌ത് ബ്ളാക് മെയിലിംഗിന് ഉപയോഗിക്കുകയാണ്. പണത്തിന് ആവശ്യം വരുമ്പോൾ ഇതുപോലുള്ള അജ്ഞാതകേന്ദ്രങ്ങളിൽ നിന്നുള്ള സഹായവാഗ്ദാനങ്ങൾ സ്വീകരിക്കാതിരിക്കാനുള്ള വിവേകം ഇനിയെങ്കിലും ജനങ്ങൾ കാണിക്കണം. ചെറിയ തുകയ്‌ക്ക് വൻതുക പലിശ ഈടാക്കുന്നതിന് പുറമേ ബ്ളാക്മെയിലിംഗിലൂടെ ആളുകളെ ആത്മഹത്യയിലേക്കും ഇക്കൂട്ടർ നയിക്കുന്നു. അതുകൊണ്ട് ചതികളിൽ പെടാതിരിക്കുന്നതിന് പുറമേ ചുറ്റുമുള്ളവരെ ബോധവത്കരിക്കാനും നാം തയാറാകണം.

ജാസ്‌മിൻ ജോസഫ്

കൊട്ടാരക്കര

രാസലഹരിയും

കുറ്രകൃത്യങ്ങളും

രാസലഹരിയുടെ ഉപയോഗം വർദ്ധിക്കുന്നതിന് പുറമേ കുറ്റകൃത്യങ്ങളും വർദ്ധിക്കുകയാണ്. അടിമകളാകുന്നവർ ലഹരി ലഭിക്കാതാകുന്ന സാഹചര്യത്തിൽ ഏത് മാർഗത്തിലൂടെയും അത് സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. വിലയേറിയ രാസലഹരി സ്വന്തമാക്കാൻ കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണവും വർദ്ധിക്കുന്നു. നിരന്തരം പുറത്തുവരുന്ന റിപ്പോർട്ടുകൾ സമൂഹത്തിന്റെ സുരക്ഷ അപകടത്തിലാകുന്നെന്ന് വ്യക്തമാക്കുന്നവയാണ്. രാസലഹരിയുടെ ഉപയോഗവും വിപണനവും തടയാൻ അതികർശനമായ പരിശോധനകൾ വ്യാപകമാക്കിയേ മതിയാകൂ.

അലീന ജോർജ്ജ്

മാവേലിക്കര

ഓണവിപണിയിലെ

മായം തടയണം

ഓണക്കാലത്ത് ഭക്ഷ്യോത്പന്നങ്ങളിലെ മായത്തെക്കുറിച്ച് നിരന്തരം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും ഇവ വ്യാപകമാവുകയാണ്. പരിശോധന കടുപ്പിക്കുകയും വൻതുക പിഴ ഈടാക്കുകയും ചെയ്‌താൽ മാത്രമേ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാവൂ. മായം കലർന്ന ഉത്പന്നങ്ങൾ വിൽക്കുന്നവരെ മാത്രമല്ല, പരിശോധനയിൽ വീഴ്ച വരുത്തുകയും കൈക്കൂലി വാങ്ങിക്കൊണ്ട് തട്ടിപ്പ് വീരന്മാരെ സംരക്ഷിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി കടുപ്പിക്കണം.

കെ.എൻ. ലാൽ

തലശ്ശേരി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RABIES VACCINE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.