SignIn
Kerala Kaumudi Online
Saturday, 20 April 2024 6.26 AM IST

കുന്തവും കുടച്ചക്രവും വിനകൾ വരുത്തുമ്പോൾ

varavisesham

സചിവോത്തം സജി സഖാവ് യഥാർത്ഥത്തിൽ പ്രീ ഫോർട്ടിസെവൻ മോഡലാണ്. നാല്പത്തിയേഴിൽ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് ഇന്നും അദ്ദേഹം വിശ്വസിച്ചിട്ടില്ല. എല്ലാം മിഥ്യയാണെന്ന് അദ്ദേഹത്തിനറിയാം. ഭരണഘടന എന്നു പറഞ്ഞാൽ അപകടകരമായ എന്തോ സാധനമാണെന്ന് അദ്ദേഹത്തിന് നല്ല തീർച്ചയുണ്ട്. അതല്ല, അവില് പൊതിയുന്ന സാധനമാണെന്ന് ചിലരൊക്കെ അദ്ദേഹത്തോട് പറഞ്ഞിട്ടുമുണ്ട്. അതിനാൽ ആ വഴിക്കും അദ്ദേഹത്തിന്റെ സംശയം നീളുകയുണ്ടായി. വിശദമായ അന്വേഷണത്തിൽ അവിൽ പൊതിയുന്ന സാധനമല്ല എന്നദ്ദേഹം കണ്ടെത്തി. അപകടകരമായ വസ്തുവാണെന്ന കാര്യത്തിൽ അദ്ദേഹത്തിന് ഒരു സംശയവുമില്ലായിരുന്നു. ഇന്ത്യക്ക് 47ൽ സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്ന് സജി സഖാവിനറിയാം. അപ്പോൾ ഭരണഘടന ആപത്തുണ്ടാക്കാൻ ആരൊക്കെയോ ഉണ്ടാക്കിവച്ചിട്ടുള്ള സാധനമായിരിക്കുമല്ലോ.

എ.കെ.ജി പാർലമെന്റിൽ പോയിരുന്നെങ്കിലും ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി കേരളം ഭരിച്ചിട്ടുണ്ടെങ്കിലും സജി സഖാവ് അതിൽ അന്നും ഇന്നും വിശ്വസിക്കുന്നില്ല. അദ്ദേഹം നിയമസഭയിൽ പോയി ഇരിക്കുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ അങ്ങനെയൊരു സാധനമില്ലെന്നുള്ള ഉറപ്പ് അദ്ദേഹത്തിനുണ്ട്. അതൊരു സങ്കല്പ മണിമാളിക മാത്രമാണ്. പിന്നെ എല്ലാവരും അവിടെപ്പോയി ഇരിക്കുന്നതുകൊണ്ട് അദ്ദേഹവും ഇരിക്കുന്നു. നല്ല തണുപ്പ് കിട്ടും. അകത്ത് കയറിക്കഴിഞ്ഞാൽ പുറത്ത് നടക്കുന്നതൊന്നും അറിയുകയുമില്ല. തിരുവനന്തപുരത്ത് പാളയത്ത് ഇങ്ങനെയെല്ലാമുള്ള സൗകര്യങ്ങളുമായി ഒരു വലിയ മണിമാളിക കെട്ടിവച്ചത് വെറുതെ അനാഥമായി കിടന്ന് നശിക്കേണ്ടെന്ന് കരുതിയാണ് എല്ലാവരും അവിടെ പോയിരിക്കുന്നതെന്ന് സജി സഖാവിനറിയാം. അതുകൊണ്ട് ഒരു കെട്ടിടം നശിച്ചുപോകാതിരിക്കുക എന്ന സമൂഹനന്മയെ കരുതി സജി സഖാവ് അവിടെപ്പോയി ഇരിക്കുന്നു.

ഒരു അന്തരാളഘട്ടത്തിൽ കുറേയധികം ആളുകൾ സജി സഖാവിനെ മന്ത്രിയാവാൻ നിർബന്ധിക്കുകയുണ്ടായി. പിണറായി സഖാവ് അക്കൂട്ടത്തിൽ ഒരാളായിരുന്നു. സജി സഖാവ് അന്ന് ഒറ്റ നിബന്ധനയാണ് മുന്നോട്ടുവച്ചത്. ഭരണഘടനയെന്ന് പറയുന്ന അപകടവസ്തു തന്റെ അടുത്തേക്ക് കൊണ്ടുവരരുതെന്ന് സജി സഖാവ് പറഞ്ഞു. പക്ഷേ, ഭരണഘടനയിൽ തൊട്ട് സത്യം ചെയ്യിക്കാൻ സജിസഖാവിനെ പലദിക്കിൽ നിന്നുവന്ന പലയാളുകൾ ചേർന്ന് നിർബന്ധിക്കുകയായിരുന്നു. അങ്ങനെയാണ് തിരുവനന്തപുരത്ത് തന്നെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു പന്തലൊക്കെ കെട്ടി മനസ്സില്ലാമനസ്സോടെ ഭരണഘടനയിൽ തൊട്ട് സത്യവാചകം ചൊല്ലി ഒരുകൊല്ലം മുമ്പ് സജി സഖാവ് സചിവോത്തമൻ സജി സഖാവായത്. സജി മന്ത്രിയോട് സാംസ്കാരിക വകുപ്പിന്റെ മന്ത്രിയാവാൻ പിണറായി സഖാവ് പറഞ്ഞപ്പോൾ സജിമന്ത്രി ആദ്യം ചെയ്തത് 1942 എ ലവ് സ്റ്റോറി എന്ന സിനിമ കാണുകയായിരുന്നു. സജി സഖാവ് പ്രീ ഫോർട്ടിസെവൻ മോഡലായത് കൊണ്ടായിരുന്നു അത്. 47ൽ സ്വാതന്ത്ര്യം ഇന്ത്യയ്‌ക്ക് കിട്ടിയിട്ടില്ലല്ലോ.

അപ്പോൾപ്പിന്നെ സ്വാതന്ത്ര്യം കിട്ടാത്ത ഇന്ത്യയിൽ എന്ത് ഭരണഘടന? ഈ ഭരണഘടന എന്ന് പറയുന്നത് ആളുകളെ കൊള്ളയടിക്കാൻ മനോഹരമായി എഴുതിവച്ച സാധനമാണെന്ന് അദ്ദേഹം പറഞ്ഞത് ആ അപകടകരമായ വസ്തുവിന്റെ അകക്കാമ്പിനെപ്പറ്റി ബോദ്ധ്യമുള്ളത് കൊണ്ടാണ്. അതിന്റെ സൈഡിൽ മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവച്ചിട്ടുണ്ടെന്ന് അദ്ദേഹം കേട്ടിട്ടുണ്ട്. കണ്ടിട്ടില്ല. സൈഡിൽ അദ്ദേഹം നോക്കിയിട്ടില്ല. അകത്തേക്ക് ചൂഴ്ന്ന് നോക്കിയിട്ടുണ്ട്. പക്ഷേ, സൈഡിൽ കുന്തവും കുടച്ചക്രവും എഴുതിവച്ചത് അത്ര നിസ്സാര സംഗതിയല്ല. കുന്തവും കുടച്ചക്രവും അങ്ങനെ മോശം വസ്തുക്കളായി ആരും കാണേണ്ട. സജി സഖാവ് അതിനെ അങ്ങനെ കാണുന്നില്ല. കുന്തത്തിലും കുടച്ചക്രത്തിലും അടങ്ങിയിരിക്കുന്ന അപകടകരമായ ചില സംഗതികളെപ്പറ്റി സജി സഖാവിനോളം മറ്റാർക്കും അറിയാനും സാദ്ധ്യതയില്ല. കുന്തവും കുടച്ചക്രവും ഉപയോഗിച്ച് പലതും ചെയ്യാൻ സാധിക്കും. പുന്നപ്രയിലെയും വയലാറിലെയും സമരം പോലും കുന്തം ഉപയോഗിച്ചിട്ട് നടത്തിയതാണ്. അതൊരു നല്ല സമരമല്ലെന്ന് അതിനർത്ഥമില്ല. ആ സമരത്തിലും സമരക്കാർക്ക് കുന്തം ആയുധമായിട്ടുണ്ടെന്ന് പറഞ്ഞതാണ്.

അതുകൊണ്ട് ഭരണഘടനയുടെ സൈഡിൽ കുന്തവും കുടച്ചക്രവും വരച്ചുവച്ചിട്ടുള്ളവരുടെ ഗൂഢോദ്ദേശം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ചില വലിയ യുദ്ധങ്ങൾ അതിന്റെ പേരിൽ സംഭവിക്കാനിടയുള്ളതാണ്. ഭരണഘടന എന്നൊക്കെ പറഞ്ഞുള്ള ഒരു സാധനത്തെ മറയാക്കി ഇത്തരത്തിൽ നടത്താൻ പോകുന്ന യുദ്ധങ്ങളെ തല്ലിത്തോല്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സത്യപ്രതിജ്ഞ ചെയ്യാൻ ഭരണഘടന തന്റെ അടുക്കലേക്ക് കൊണ്ടുവരരുതെന്ന് സജി സഖാവ് പലരോടും പറഞ്ഞത്.

പക്ഷേ അവരാരും അത് കേട്ടില്ല. അദ്ദേഹത്തിന് ഭരണഘടനയിൽ തൊട്ടുതന്നെ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നു. മല്ലപ്പള്ളിയിലും സഖാവ് ഉള്ളത് ഉള്ളതുപോലെ പറഞ്ഞു. അതിപ്പോൾ ഇങ്ങനെയായി. എ.കെ.ജി സെന്ററിൽ ബോംബെറിഞ്ഞപ്പോൾ അവിടമാകെ കിടുങ്ങിയെന്ന് പറഞ്ഞത് ശ്രീമതി ടീച്ചർ സഖാവാണ്. കിടുങ്ങുന്ന ഒച്ച അവർ കേട്ടതാണ്. അത് പക്ഷേ ഒരു കസേര പൊട്ടിത്തെറിക്കുന്ന ഒച്ചയായിരുന്നെന്ന് പിന്നീടാണ് പലർക്കും മനസ്സിലായത്. കുന്തവും കുടച്ചക്രവും വരുത്തിവച്ച ദുരന്തം!

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUNTHAM KODACHAKRAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.