SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.55 AM IST

ജോർജിയൻ മാഹാത്മ്യം

varavisesham

പൊടിയക്കാലയിൽ ജീവിച്ച്, മയക്കുവെടിയേറ്റ് വീണ കൊലകൊല്ലിയും പൂഞ്ഞാറ്റിലെ പ്ലാത്തോട്ടത്തിൽ മയക്കുവെടി കൊണ്ടിട്ടും ജീവിക്കുന്ന ജോർജും വളരെക്കാലം സമന്മാരായിരുന്നു. വമ്പൻ വമ്പന് സമം. കൊലകൊല്ലി വിറപ്പിക്കാത്ത ജന്മങ്ങൾ ആ കാട്ടിൽ ഇല്ലായിരുന്നെന്നാണ് അവനെ തളയ്ക്കാൻപോയി പരാജയപ്പെട്ട കുങ്കിയാനകൾ പറഞ്ഞുനടക്കുന്നത്.

പ്ലാത്തോട്ടത്തിൽ ജോർജിന്റെ കുംഭയും കൊലകൊല്ലിയുടെ പള്ളയും തമ്മിലും പ്ലാത്തോട്ടത്തിൽ ജോർജിന്റെ നാവും കൊലകൊല്ലിയുടെ തുമ്പിക്കൈയും തമ്മിലും ആർക്കും നിഷേധിക്കാനാവാത്ത സാമ്യങ്ങളുണ്ടെന്ന് ചരിത്രകാരന്മാരും ബയോളജിസ്റ്റുകളും പുരാരേഖാവിദഗ്ദ്ധരും നരവംശശാസ്ത്രജ്ഞരും ഒരുപോലെ പറയുന്നു. ആ തുമ്പിക്കൈ കാട്ടിലുണ്ടാക്കാത്ത നാശനഷ്ടങ്ങളില്ലാത്തത് പോലെ ജോർജിന്റെ നാവ് ഉണ്ടാക്കാത്ത കെടുതികളുമില്ല.

പൊടിയക്കാലക്കാട്ടിൽ ഇപ്പോൾ നേരം പുലർന്നെന്ന് ഒരു സന്ധ്യക്ക് കൊലകൊല്ലി പറഞ്ഞാൽ അത് രാവിലെയല്ലെന്ന് പറയാൻ ഒരു കുങ്കിയാനയ്ക്കോ കടുവയ്ക്കോ പേടമാനിനോ സിംഹത്തിനോ സിംഹവാലനോ വൃക്ഷലതാദികൾക്കോ ധൈര്യമുണ്ടായിട്ടില്ല. പൂഞ്ഞാറിൽ പ്ലാത്തോട്ടം ജോർജ് ഈരാറ്റുപേട്ട പട്ടണത്തിൽ നിന്നുകൊണ്ട്, നേരമിരുട്ടിയെന്ന് നട്ടുച്ചയ്ക്ക് പറഞ്ഞാൽ നേരമിരുട്ടി എന്നുതന്നെ വിശ്വസിച്ച് ആളുകൾ കൂടണയുമായിരുന്നു. അങ്ങനെ ആളുകൾ കൂടും വീടുമണഞ്ഞില്ലെങ്കിൽ വിവരമറിഞ്ഞിരുന്നു. പുറത്തേക്ക് തള്ളിവലിഞ്ഞ് നിൽക്കുന്ന കുംഭയുടെ ഒത്തനടുവിൽ കിണർപോലുള്ള പൊക്കിൾകുഴിയിലേക്ക് തോക്കിൻപാത്തിയുടെ അടിവശം കുത്തിപ്പിടിച്ച് ജോർജ് തോക്കിന്റെ കാഞ്ചിവലിച്ചാൽ അതിൽ നിന്ന് ചീറിപ്പായുന്ന ഉണ്ട ആരെയും കൊണ്ടാണ് വീഴുകയെന്ന് പറയാനാവില്ലായിരുന്നു. അതൊക്കെയൊരു കാലം!

പ്ലാത്തോട്ടത്തിൽ ജോർജ് ഭൂജാതനാവുന്ന നേരത്ത് അശരീരിയുണ്ടായതായി പറയുന്നുണ്ട്: "അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്ക് ഒരുമിച്ച് പ്രത്യക്ഷനായി, അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു, ചിലരോ നിദ്ര പ്രാപിച്ചിരിക്കുന്നു..." എന്ന്. സത്യം പറഞ്ഞാൽ ആ മിക്കപേരും ജീവനോടിരിക്കുന്നെന്ന് അറിയുന്നത് തന്നെ മഹാഭാഗ്യമാണ്.

ജനിച്ച പാടേ കേരളകോൺഗ്രസായതാണ് ജോർജ്. കരിങ്ങോലയ്ക്കൽ മാണിസാറായിരുന്നു കൂട്ട്. 77ൽ മാണിസാറിന് ആപ്പ് വച്ച് പുറത്തായി. കുറേക്കാലം പുറപ്പുഴ പാലത്തിനാൽ ഔസേപ്പച്ചന്റെ കൂടെ പാർത്തു. ഔസേപ്പച്ചനോട് തെറ്റിപ്പിരിഞ്ഞ് സെക്യുലർ പാർട്ടിയായി. കടൽ ഏതാണെന്ന് ചോദിച്ചാൽ കടലാടി ഇരിക്കുന്ന സ്ഥലമെന്ന് പറയുന്നത് പോലെയായിരുന്നു ജോർജും സെക്യുലറിസവും തമ്മിലെ ബന്ധം. എന്നിട്ടും സെക്യുലറായി നടക്കാൻ ധൈര്യം കാട്ടിയ ജോർജ് പിന്നീട് സെക്യുലറിസത്തെ മറന്ന് മാണിസാറിന്റെ കൂടെ വീണ്ടും പോയി. കുറച്ചുകാലം കഴിഞ്ഞപ്പോൾ മാണിസാറിനോട് ഏറ്റുമുട്ടി പൂഞ്ഞാറ്റിൽ സ്വതന്ത്രനായി. മാണിസാറടക്കം പലരും ഗൗനിക്കാതെ വന്നപ്പോൾ ജനപക്ഷം പാർട്ടിയുണ്ടാക്കി. ഏത് ജനമെന്ന് ചോദിക്കാൻ മാത്രമുള്ള ധൈര്യം ഇന്നുമാർക്കുമില്ല.

പത്ത്-നാല്പത് കൊല്ലം ജോർജിനെ സഹിച്ച പൂഞ്ഞാറ്റുകാർക്ക് സമാധാനത്തിനും സഹനശേഷിക്കുമുള്ള നോബൽസമ്മാനം കിട്ടേണ്ടതായിരുന്നു. നോബൽസമ്മാനം പ്രഖ്യാപിക്കാൻ നേരത്ത് സ്വീഡിഷ് അക്കാഡമിക്കാർ ജോർജിന്റെ കുംഭ കണ്ട് പേടിച്ചോടിയത് കൊണ്ടാണ് കിട്ടാതിരുന്നത്. വിജ്ഞാനകേസരിയാണ് ജോർജെങ്കിൽ അറിവുകൾ സൂക്ഷിച്ചിരിക്കുന്ന ഭണ്ഡാരപ്പുരയാണ് ആ കുംഭ. അതെപ്പോഴും വീർത്തുവീർത്തിരിക്കുന്നത് കണ്ടിട്ടില്ലേ. വിജ്ഞാനം നിറഞ്ഞുവീർത്ത ആ ഭണ്ഡാരപ്പുരയിൽ സൂക്ഷിച്ചുവച്ചിട്ടുള്ള ചെറിയൊരദ്ധ്യായം മാത്രമായിരുന്നു തിരുവനന്തപുരത്തെ ഹിന്ദുമതസമ്മേളനത്തിൽ വച്ച് പറഞ്ഞ തുള്ളിമരുന്നിന്റെ കഥ. ആ തുള്ളിമരുന്ന് തുറന്നുതരുന്ന അനന്ത സാദ്ധ്യതകൾ രാജ്യത്ത് ജനസംഖ്യാനിയന്ത്രണത്തിൽ നാഴികക്കല്ലായി മാറുമെന്ന് കേസുരേന്ദ്രൻജി മുതൽ വിമുരളീധർജി വരെയുള്ളവർക്ക് അറിയാമായിരുന്നു.

ഇങ്ങനെയെല്ലാമുള്ള ജോർജിനെ ഉറക്കപ്പായിൽ നിന്ന് പിടിച്ചിറക്കി കൈയാമം വച്ച് ജീപ്പിൽ കയറ്റിയ പൊലീസുകാരെ സമ്മതിക്കണം. വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധിച്ചിട്ടില്ലാത്തത് കൊണ്ടും കാലംകുറച്ചൊക്കെ മാറിയത് കൊണ്ടും മാത്രമാണ് അന്നാ പൊലീസുകാർ കടുംകൈയ്‌ക്ക് മുതിർന്നത്. പൊലീസുകാർ പിടിച്ചുവച്ച ജോർജിച്ചായനെ വിമുരളീധർജി കാണാൻ ചെന്നത് കുംഭയോടുള്ള മതിപ്പുകൊണ്ടാണ്. ആ സ്നേഹത്തിന് ജോർജിച്ചായൻ അകൈതവമായ നന്ദി രേഖപ്പെടുത്തുകയുണ്ടായി.

കാലം മാറിയ കാരണത്താൽ പൂഞ്ഞാറ്റിൽ പണ്ടേപ്പോലെ ആരും ഇപ്പോൾ ജോർജിനെ വകവയ്ക്കുന്നില്ലെന്ന് പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതലിങ്ങോട്ട് മയക്കുവെടി കൊള്ളുകയാണ്. കുറേ കൊണ്ടാൽ ഏത് കൊലകൊല്ലിയാണ് മയങ്ങി വീഴാത്തത്. ഏത് കുംഭയ്ക്കും താങ്ങുന്നതിന് ഒരു പരിധിയൊക്കെയുണ്ട്.

ശബരിമല യുവതീപ്രവേശന വിധിയെ തുടർന്ന് സമരമുണ്ടായപ്പോൾ ഒരു ദിവസം നിയമസഭയിൽ നേമം അംഗമായിരുന്ന ഒ. രാജഗോപാൽജിയോടൊപ്പം കറുപ്പുടുത്ത് ജോർജും വന്നു. എല്ലാ പാർട്ടികളുമായും സഖ്യത്തിന് ശ്രമിച്ചിട്ടും പ്രതികരിച്ചത് ഭാ.ജ.പ മാത്രമായത് കൊണ്ടാണ് ഈ കറുപ്പുടുത്തുള്ള ഐക്യദാർഢ്യത്തിന് പിന്നിലെന്ന് ജോർജ് അന്ന് തുറന്നുപറഞ്ഞു. ഇത്രയും വലിയ കുംഭയും ഇത്രയും വലിയൊരു നാവും ഉണ്ടായിട്ടും ജോർജിനെ സത്യത്തിലാരും തിരിച്ചറിയാത്തത് എന്തുകൊണ്ടാണീശ്വരാ!

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: P C GEORGE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.