SignIn
Kerala Kaumudi Online
Thursday, 25 April 2024 7.48 AM IST

കുഴലിൽ നിന്നുയിരാർന്നോരഹല്യയായ്...

jj

പുല്ലിനും പുൽച്ചാടിക്കും ബാങ്ക് അക്കൗണ്ടുണ്ടായിരുന്നുവെങ്കിൽ ന.മോ.ജി ആ അക്കൗണ്ടുകളിൽ 15 ലക്ഷം വീതം നിക്ഷേപിച്ച് കൊടുക്കുമായിരുന്നു. ഒരു പോക്കറ്റ്മണി അവയ്ക്കും ആയിക്കോട്ടെ. നല്ലതല്ലേ. കുരങ്ങനും കാക്കയ്ക്കും പൂച്ചയ്ക്കും ഭക്ഷണം കൊടുക്കാൻ പിണറായി സഖാവ് ആറ് മണിപ്പരിപാടിയിൽ പണ്ട് പറഞ്ഞിരുന്നല്ലോ. പിണറായി സഖാവിന് കുരങ്ങനോടും കാക്കയോടും പൂച്ചയോടുമായിരുന്നു സ്നേഹം.

ന.മോ.ജിക്ക് അങ്ങനെയല്ല. സകല ചരാചരങ്ങളോടും അദ്ദേഹത്തിന് വഴിഞ്ഞൊഴുകുന്ന സ്നേഹമാണ്. അതുകൊണ്ടാണ് ഓരോ ചരാചരത്തിന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം വീതം ഇടാനായി കള്ളപ്പണം പിടിക്കാൻ അദ്ദേഹം തുനിഞ്ഞിറങ്ങിയത്. കള്ളപ്പണം പിടിക്കാൻ ചെറിയ റിസ്കൊന്നും പോരാ. ടോർച്ച്, കമ്പിപ്പാര, കഠാര, 56 ഇഞ്ച് നെഞ്ചളവ്, നീളൻ കുഴൽ (നാലെണ്ണം) എന്നിത്യാദികൾ ആവശ്യമാണ്. കർണ്ണന് കവചകുണ്ഡലമെന്നത് പോലെ 56 ഇഞ്ച് നെഞ്ചളവ് ജന്മസിദ്ധമായി ഉള്ളത് ന.മോ.ജിക്ക് ഒരു അഡ്വാന്റേജ് ആയിരുന്നു. ഒരു റിസ്കെടുക്കാൻ പോകുന്നതായതിനാൽ, കൂട്ടിന് രണ്ടോ മൂന്നോ പുലികളെ കൂട്ടുന്നതും നന്നായിരിക്കുമല്ലോ. പുലി വാഹനൻ ആകുമ്പോൾ അതിനൊരു ഭംഗിയുണ്ടാവും. അങ്ങനെയാണ് പുലികളായ അമിത് ഷാജി, വിമുരളീധർജി, കെ സുരേന്ദ്രൻജി എന്നിവരെ കൂടെകൂട്ടാൻ തീരുമാനിച്ചത്. ഒരു ധൈര്യത്തിന് എന്ന് അതിനർത്ഥമാക്കേണ്ടതില്ല.

അങ്ങനെ ന.മോ.ജി 5- 8 കൊല്ലം മുമ്പ് കള്ളപ്പണവേട്ടയ്ക്കിറങ്ങിത്തിരിച്ചു. വർഷങ്ങൾ നീളുന്ന ദൗത്യമാണ്. ചില സാഹസിക ദൗത്യങ്ങൾക്കിറങ്ങുമ്പോൾ ആദ്യം അതിനൊരു തയാറെടുപ്പൊക്കെ വേണമല്ലോ. ഉദാഹരണത്തിന്, ചില മോഷ്ടാക്കൾ മോഷ്ടിക്കാൻ പോകും മുമ്പ് സമീപത്തെ വൈദ്യുതിബന്ധമൊക്കെ വിച്ഛേദിക്കാൻ മെനക്കെടാറുണ്ടല്ലോ. അങ്ങനെയാണ് ന.മോ.ജി ആദ്യമേ തന്നെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളത്രയും നിരോധിച്ചത്. കള്ളപ്പണമാഫിയാക്കാർ 'എസ്കേപ്പ്' എന്ന് പറയുമ്പോഴേക്കും നോട്ടുകളത്രയും നിരോധിച്ചുകഴിഞ്ഞിരുന്നു. ഇതോടെ അങ്കലാപ്പിലായ കള്ളപ്പണ ഉസ്താദുമാർ ജീവനും കൊണ്ടോടാൻ തുടങ്ങി. പുലികൾ നാലു പാടു നിന്നും വളഞ്ഞു പിടിച്ചപ്പോൾ കൂട്ടത്തിലൊരു പുലിപ്പുറത്ത് കേറി ന.മോ.ജി വരികയായിരുന്നു.

ന.മോ.ജിയുടെ കള്ളപ്പണ വേട്ട വേൾഡ് ഫേമസ് ആയത് അങ്ങനെയായിരുന്നു. പിടിച്ച കള്ളപ്പണമത്രയും നീളൻ കുഴലിലൂടെ കടത്തിവിടുക എന്നതായിരുന്നു അടുത്ത ടാസ്ക്. അത് കൃത്യമായി ഒഴുകുന്നുണ്ടോയെന്നാണ് നോക്കിയത്. കുഴലിലൂടെ ഒഴുകി കൃത്യമായി ഒരറ്റത്ത് കൂടെ പുറത്തേക്കെത്തിയാൽ ആ കള്ളപ്പണം വെളുക്കും. ശ്രീരാമൻ തൊട്ട ശില അഹല്യയായി മാറിയ കഥ രാമായണത്തിൽ കേട്ടിട്ടില്ലേ. അതുപോലെ. പുലികളുടെ മടയിലേക്ക് കുഴൽ ബന്ധിപ്പിച്ച് അതിലേക്ക് പണം ഒഴുക്കി വിടാൻ തീരുമാനിച്ചതും അങ്ങനെയാണ്. കൃത്യമായി തന്നെ പുലിമടയിൽ അവയെല്ലാമെത്തിയെന്നാണിപ്പോൾ അറിയാനാവുന്നത്.

കെസുരേന്ദ്രൻപുലിയുടെ മടയിലേക്ക് കുഴലിലൂടെ എത്തിയ നോട്ടുകളിൽ നിന്ന് വേണമായിരുന്നു ഇവിടെയുള്ള ചരാചരങ്ങളുടെയെല്ലാം അക്കൗണ്ടുകളിലേക്ക് 15 ലക്ഷം വീതമെത്തിക്കാൻ. അതീവ ദുഷ്കരമായ ജോലിയാണ് നിർവ്വഹിക്കാനുണ്ടായിരുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ചരാചരങ്ങളിൽ പെട്ട ഒരു മാതിരിപ്പെട്ട അംബുജലോചനന്മാരെല്ലാം നേരിട്ട് ചെന്ന് സ്വയംസേവകരായി ഈ അക്കൗണ്ട് നിക്ഷേപ പരിപാടിയിലേർപ്പെടാൻ സന്നദ്ധരാവുകയുണ്ടായി. ന.മോ.ജിയുടെ ഭാരം അത്രയെങ്കിലും കുറയ്ക്കാനായാൽ നല്ലതാണല്ലോ. സകല ചരാചരങ്ങളുടെയും കാര്യങ്ങൾ നോക്കി ക്ഷീണിച്ചവശനായി നിൽക്കുന്ന ന.മോ.ജിയെ സഹായിക്കാനും വേണം ഒരു നന്മമനസ്സ്. അതില്ലാത്തവർ എത്ര ഹൃദയശൂന്യരും സ്വരാജ് സഖാവിന്റെ ഭാഷ കടമെടുത്താൽ പിതൃശൂന്യരുമാണ്!

അങ്ങനെയാണ് കുഴലിൽ നിന്ന് വീണ്ടെടുത്ത പണത്തിനൊക്കെ ഒരു ഗതിയുണ്ടായിത്തുടങ്ങിയത്. ജനാധിപത്യ രാഷ്ട്രീയസഭയുടെ ജാനുവേടത്തി ന.മോ.ജിയെ അങ്ങോട്ട് സഹായിക്കാമെന്ന സദുദ്ദേശത്തോടെയാണ് പുലി കെസുരേന്ദ്രൻജിയുടെ അടുത്തെത്തി 10ലക്ഷമെങ്കിൽ പത്ത് ലക്ഷം കൈപ്പറ്റിയത് എന്ന് വാർത്തകൾ വരുന്നുണ്ട്. 15 ലക്ഷമായിരുന്നു കൈപ്പറ്റേണ്ടിയിരുന്നത്. ഒരഞ്ചിന്റെ കുറവല്ലേ ഉണ്ടായിട്ടുള്ളൂ. ജാനുവേടത്തി 10 കോടി ചോദിച്ചുവെന്നെല്ലാം അസൂയാലുക്കൾ പറഞ്ഞു പരത്തുന്നതാണ്. ഇനി അഥവാ ചോദിച്ചെങ്കിൽ തന്നെ അത് കുറേപ്പേരുടെ അക്കൗണ്ടുകളിലെത്തിച്ച് ന.മോ.ജിയുടെ ജോലിഭാരം വീണ്ടും കുറയ്ക്കാൻ മാത്രമായിരുന്നു. അത്രയെങ്കിലും ജോലിഭാരം ന.മോ.ജിക്കും കെസുരേന്ദ്രൻജിക്കും കുറയ്ക്കാനായല്ലോ എന്നോർക്കുമ്പോൾ ജാനുവേടത്തി ചെയ്തത് മഹത്തായ കാര്യമാണെന്ന് സിൻഡിക്കേറ്റുകൾ എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത്! ഇതൊന്നും ചിന്തിക്കാത്ത സിൻഡിക്കേറ്റുകളുടേത് അല്ലെങ്കിലും നീച മനസ്സാണ്!

.......................................

-ബാലഗോപാൽ സഖാവിന്റെ ബഡ്ജറ്റിൽ കവിതകളില്ലാത്തത് സിൻഡിക്കേറ്റുകളുടെ നെറ്റി ചുളിപ്പിച്ചിട്ടുണ്ട്. ജി.സു.സഖാവിന്റെ കവിതകൾ ആ ബഡ്ജറ്റിലിടം പിടിക്കുമെന്ന് ചിലരെല്ലാം കരുതിയിരുന്നു. ഐസക് സഖാവിന് കൊന്നാലും കവിത കൊടുക്കാത്ത ജി.സു.സഖാവ് ബാലഗോപാൽ സഖാവിന് കവിത കൊടുത്തേനെയെന്നാണ് പലരും പറയുന്നത്. പക്ഷേ, ബാലഗോപാൽ സഖാവ് കവിതകൾക്ക് മൊത്തത്തിൽ വിലക്കേർപ്പെടുത്തുകയാണുണ്ടായത്. ഇനി, ഐസക് സഖാവിന്റെ ബഡ്ജറ്റിൽ കൊന്നാലും കയറാത്ത കവിതയെ ബാലഗോപാൽ സഖാവ് ഉൾപ്പെടുത്തിയാൽ, അത് നയവ്യതിയാനമാകുമെന്ന് വിലയിരുത്തപ്പെടാൻ സാദ്ധ്യതയുള്ളതിനാലാകുമോ? അതും ഒരു സാദ്ധ്യതയല്ലാതല്ല.

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISESHM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.