SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.51 AM IST

അമ്മായിയമ്മ കമ്മിഷൻ

dronar

മഹിളാ അസോസിയേഷനിലെ അമ്മായിയമ്മമാരുടെ എണ്ണം നിരവധിയാണ്. അമ്മായിയമ്മമാർക്ക് അടുപ്പിലും ആവാം എന്നുണ്ടല്ലോ. മരുമകൾ ഉടച്ചത് മാത്രമാണ് പൊൻചട്ടി. അമ്മായി ഉടച്ചത് വെറും മൺചട്ടിയായിരിക്കും.

ഈ സ്ഥിതിക്ക്, സംസ്ഥാന വനിതാ കമ്മിഷന്റെ അദ്ധ്യക്ഷപദവിയിൽ കുടിയിരിക്കാൻ എന്തുകൊണ്ടും യോഗ്യതയുള്ളത് നമ്മുടെ മഹിളാ അസോസിയേഷന്റെ അമ്മായിമാർക്ക് മാത്രമാണ്.

അങ്ങനെയുള്ളൊരു പാവം അമ്മായിയാണ് ജോസഫൈൻ അമ്മായി. ആളൊരു ഫൈൻ അമ്മായിയമ്മ തന്നെയാണ്. നേരേ വാ, നേരേ പോ പ്രകൃതം. ഈ അമ്മായി എന്ത് ഉടച്ചാലും അത് വെറും മൺചട്ടി മാത്രമായിരിക്കും എന്ന് അമ്മായിക്ക് തന്നെ ഉറപ്പുള്ളത് കാരണമാണ് അമ്മായി വനിതാകമ്മിഷൻ അദ്ധ്യക്ഷപദവിയിലിരുന്ന് സകലതും ഉടച്ചുകൊണ്ടിരുന്നത്. അവസാനം ഉടച്ചത് മാത്രം അല്പം വിനയായിപ്പോയതിനാൽ അമ്മായിക്കൊന്ന് പൊള്ളി. അതിൽ അമ്മായിയുടെ ഭാഗത്ത് തെറ്റൊന്നും കാര്യമായി പറയാനില്ല. ഒരു ചെറിയ കൈയബദ്ധം. വനിതാകമ്മിഷൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് അവർ രാജിവച്ചത് വെറുതെ പൊള്ളിയ കൈയും കൊണ്ട് അവിടെയിരിക്കേണ്ട എന്ന് കരുതിയിട്ടാണ്.

ഈ അമ്മായിയമ്മ ഈയിടെ ഏതോ മരുമകളോട് അനുഭവിച്ചോളാൻ കല്പിച്ചുവത്രെ. കല്പന നാലാളുകൾ കേൾക്കെ ആയിപ്പോയി. അങ്ങനെ ആളുകൾ കേട്ടു എന്നത് അമ്മായിയമ്മയുടെ കുറ്റമല്ല. പക്ഷേ കേട്ടവർക്ക് അതൊരു കുറ്റമായി തോന്നി. ഒരുപക്ഷേ അവരുടെ കുറ്റം കൊണ്ടുമായിരിക്കാം. അതിന് അമ്മായി എന്തു പിഴച്ചു!

അമ്മായിയമ്മയോട് ഏതോ മരുമകൾ എന്തോ വേദന പറയാൻ വിളിച്ചതായിരുന്നു. പൊലീസിനോട് പരാതി പറഞ്ഞോ എന്നുള്ള അമ്മായിയുടെ ചോദ്യം ന്യായമാണ്. പറഞ്ഞില്ല എന്ന് മരുമകൾ പറഞ്ഞത് അക്ഷന്തവ്യമായ അപരാധവുമാണ്. പൊലീസും കോടതിയുമൊക്കെയാണ് നമ്മുടെ നാട്ടുനടപ്പ് എന്നറിയാത്ത ഏത് മരുമകളാണ് ഇന്നത്തെ കാലത്ത് ജീവിച്ചിരിപ്പുണ്ടാവുക. അങ്ങനെ ഏത് അമ്മായിയും സ്വാഭാവികമായും ചിന്തിച്ച് പോവില്ലേ. അത്രയേ നമ്മുടെ അമ്മായിയും ചെയ്തുള്ളൂ. വനിതാ കമ്മിഷനുണ്ട് എന്നു വച്ച് പൊലീസ് പൊലീസല്ലാതാവുമോ? കോടതി കോടതിയല്ലാതാവുമോ? ഇല്ല. അങ്ങനെയായാൽ പിന്നെ ഇന്നാട്ടിൽ പിണറായി സഖാവ് സെക്രട്ടേറിയറ്റിലിരുന്ന് ഭരിക്കേണ്ടതില്ലല്ലോ. വനിതാകമ്മിഷനെയങ്ങ് ഭരണം ഏല്പിച്ചാൽ പോരേ.

എന്തൊക്കെ അസംബന്ധങ്ങളാണ് ഈ മരുമക്കൾ കാട്ടിക്കൂട്ടുന്നത്. അതുകൊണ്ട് മാത്രമാണ് ജോസഫൈൻ അമ്മായിക്ക് ശുണ്ഠി കയറിയത്. വനിതാ കമ്മിഷന് നോക്കി നടത്താൻ ഇന്നാട്ടിൽ എന്തെല്ലാം കാര്യങ്ങൾ കിടക്കുന്നു! ആകാശത്ത് നിന്ന് ഉൽക്കമഴ എപ്പോഴാണ് വീഴുന്നത് എന്ന് നിരീക്ഷിക്കണം. ചൊവ്വാഗ്രഹത്തിൽ ജീവികളുണ്ടോയെന്ന് പരിശോധിക്കണം. പലസ്തീൻ- ഇസ്രായേൽ സംഘർഷത്തിൽ മദ്ധ്യസ്ഥത വഹിക്കണം. രോഹിങ്ക്യൻ അഭയാർത്ഥികൾക്ക് പിണറായി സഖാവിന്റെ മോഡലിൽ കിറ്റ് ഏർപ്പാട് ചെയ്യണം. അങ്ങനെയെന്തെല്ലാം...

അതിനിടയിൽ പീഡനപരാതികൾ പറയാനെത്തുന്ന ഏതെങ്കിലും മരുമകളുടെ പരാതിയിൽ പൊലീസിന്റെ പണി കൂടിയെടുക്കണമെന്ന് പറഞ്ഞാൽ? എന്തിനും പോന്ന അമ്മായിയമ്മയുണ്ട് എന്ന് കരുതി എടുത്താൽ പൊങ്ങാത്ത ജോലികളൊന്നും ആരും ഏല്പിക്കരുത്. ക്രൂരമാണ് സംഗതി!

.............................................

- തൂണിലും തുരുമ്പിലും അവൻ ഉണ്ട് എന്ന് പറയുമ്പോലെയാണ് നമ്മുടെ കെ. സുരേന്ദ്രന്റെ കാര്യം. ഏത് കുഴലെടുത്താലും ആ കുഴലിന്റെ അങ്ങേയറ്റത്ത് സുരേന്ദ്രൻജിയുടെ തല കാണുന്നുവത്രെ. അതിനി കുഴലിന്റെ കുഴപ്പമാണോ, അതോ സുരേന്ദ്രന്റെ കുഴപ്പമാണോ എന്നറിയില്ല.

സൽക്കാരപ്രിയനും ദാനശീലനും ദീനാനുകമ്പനുമാണ് സുരേന്ദ്രൻജി. കൈയിലുള്ളതെന്തും ദാനം ചെയ്താണ് ശീലം. ജനാധിപത്യ രാഷ്ട്രീയസഭയ്ക്ക് ആർഷഭാരത സംസ്കാരം പോരാ എന്ന തിരിച്ചറിവിലാണ് ജാനുവേടത്തി സുരേന്ദ്രന്റെ സഹായം തേടിയത് എന്നാണ് പറയപ്പെടുന്നത്. ജാനുവേടത്തി ഒരു പൂ ചോദിച്ചപ്പോൾ ദാനശീലനായ സുരേന്ദ്രൻജി പൂങ്കാവനം തന്നെയാണ് സമ്മാനിച്ചതെന്ന് അഴീക്കോട്ടുകാരിയായ പ്രസീദേടത്തി വെളിപ്പെടുത്തുന്നുമുണ്ട്.

വാമനൻ മൂന്നടി മണ്ണ് ചോദിച്ചത് അളന്നെടുത്തോളാൻ ഉടനടി അനുവാദം കൊടുത്ത മഹാബലിയുടെ മനസ്സായതിനാലാണ് സുരേന്ദ്രൻ അങ്ങനെ ചെയ്തത്. ജാനുവേടത്തിക്ക് അരക്കാലേ മുക്കാലണ, മഞ്ചേശ്വരത്തെ സുന്ദരയ്ക്ക് കാലണ എന്നിങ്ങനെ സുരേന്ദ്രൻ കൊടുക്കാത്ത ധനസഹായങ്ങളില്ല. അതുകൊണ്ട് ചില്ലറ കേസുകളൊക്കെ ഉണ്ടായെന്ന് വരും. ശബരിമല സന്നിധാനത്ത് നെയ് തേങ്ങയുടച്ച് കേസുണ്ടാക്കിയ

ആളോടാണോ കളി!

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISHESHAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.