SignIn
Kerala Kaumudi Online
Friday, 19 April 2024 12.44 PM IST

പൊലീസിന് മുന്നിലകപ്പെട്ട രാമൻ!

varavisesham

കൃത്യനിഷ്ഠ, അച്ചടക്കം എന്നിവയിൽ കേരളത്തിലെ പൊലീസിനെ കഴിഞ്ഞിട്ടേ ഇന്റർപോളും സ്കോട്ട്ലൻഡ് യാർഡുമൊക്കെ വരൂ. കടുവാ മാത്തനേഡ്, ഇഞ്ചാർജ് കുട്ടൻപിള്ള, ഇടിയൻ നാറാപിള്ള എന്നിവരെ എണ്ണിയിട്ടേ ഇറ്റലി പൊലീസിനെയും ചൈന പൊലീസിനെയും ജർമ്മൻ പൊലീസിനെയും വരെ ആളുകൾ എണ്ണിത്തുടങ്ങൂ. കേരള പൊലീസിന്റെ മുദ്രാവാക്യം തന്നെ മൃദു ഭാവേ, ദൃഢ കൃത്യേ എന്നാണ്. ഭാവത്തിൽ മൃദുലം, കൃത്യനിർവഹണത്തിൽ കടുകട്ടി എന്ന് ചുരുക്കം.

കൃത്യാന്തര ബാഹുല്യത്തിന്റെ സമ്മർദ്ദങ്ങൾ കേരള പൊലീസിനെ ഒരു കാലത്തും തളർത്തിയിട്ടില്ല. അത്തരം ബാഹുല്യങ്ങളെയെല്ലാം റോസാപുഷ്പം പോലെ കൈകാര്യം ചെയ്താണ് ശീലം. കടുവാ മാത്തനേഡ് ഒരു കൃത്യം നിർവഹിച്ച് കൊണ്ടിരിക്കുമ്പോൾ തൊട്ടുപിന്നിലായി ഭൂഗോളം മാഞ്ഞുപോകുന്നുവെന്നോ തൊട്ടുമുകളിലെ ആകാശം ഇടിഞ്ഞുവീഴുന്നുവെന്നോ ആരെങ്കിലും മുന്നറിയിപ്പ് നൽകിയെന്ന് വയ്ക്കുക. അദ്ദേഹം ഉടനേ ആ ഇടിഞ്ഞുവീഴുന്ന ആകാശത്തെയോ മാഞ്ഞുപോകുന്ന ഭൂഗോളത്തെയോ നോക്കി ഒന്ന് മന്ദഹസിക്കുക മാത്രം ചെയ്തശേഷം തന്റെ കൃത്യനിർവഹണം തുടരും. അതാണ് ആ കൃത്യനിഷ്ഠയുടെ കരുത്ത്.

അങ്ങനെയാണ് ചടയമംഗലം പൊലീസിലെ ഇഞ്ചാർജ് കുട്ടൻപിള്ളയോ മറ്റോ കഴിഞ്ഞദിവസം ദശരഥപുത്രനായ രാമനിൽനിന്ന് പെറ്റിയടിച്ചത്. പെറ്റിയടിക്കുമ്പോൾ അത് ആരിൽ നിന്നാണ് എന്നൊക്കെ നോക്കാൻ പോയാൽ കൃത്യനിഷ്ഠയിൽ വെള്ളം ചേർക്കാൻ ചിലപ്പോൾ നിർബന്ധിക്കപ്പെടും. അതോടെ, മൃദു ഭാവേ, ദൃഢ കൃത്യേ എന്നത് വെറുതേ ഒരു കളിപ്പിക്കൽ മുദ്രാവാക്യമായി മുദ്രകുത്തപ്പെടും. വല്‌മീകി, രാമായണത്തിൽ പറഞ്ഞ മര്യാദാപുരുഷോത്തമനല്ലേ ഇദ്ദേഹം എന്നൊക്കെ ചിന്തിച്ചാൽ, പിന്നെ പെറ്റിയടിയും നടക്കില്ല, കൃത്യനിഷ്ഠ അട്ടിമറിക്കപ്പെടുകയും ചെയ്യും. നഷ്ടം അപ്പോളാർക്കാണ്? കേരള പൊലീസിന് !

രാമൻ അപ്പോൾ അയോദ്ധ്യയിൽ നിന്ന് നേരേ കാറിൽ വന്നിറങ്ങിയതായിരുന്നു. പണ്ടാണെങ്കിൽ പുഷ്പകവിമാനം രാവണനോട് പറഞ്ഞ് ഒരെണ്ണം അറേഞ്ച് ചെയ്യാമായിരുന്നു. പക്ഷേ പുഷ്പകവിമാനം ഇപ്പോൾ വിപണിയിലില്ലാത്തതിനാലും രാവണനെ ബന്ധപ്പെടാൻ സാധിക്കാത്തതിനാലുമാണ് രാമൻ കാറിൽ അതുവഴി വരാൻ നിർബന്ധിതനായത്. രാമന്റെ മുഖത്ത് അന്നേരം ചടയമംഗലത്തെ ഇഞ്ചാർജദ്ദേഹം നോക്കിയിരുന്നുവെങ്കിൽ ചില്ലറ കുശലംപറച്ചിലൊക്കെ നടത്തുമായിരുന്നുവെന്ന് കരുതുന്നവരുണ്ട്. അയോദ്ധ്യയിൽ എന്തൊക്കെയുണ്ട് വിശേഷങ്ങൾ, അവിടെ ശിലാന്യാസമൊക്കെ നടത്തി നമ്മുടെ പ്രധാനമന്ത്രിജി ന.മോ.ജി മടങ്ങിപ്പോയപ്പോൾ എന്തു പറഞ്ഞു, സീതയിപ്പോൾ എവിടെയാണ്, ലവനും കുശനും പഠിത്തമൊക്കെ കഴിഞ്ഞ് ജോലിയൊക്കെ സമ്പാദിച്ചോ എന്നിങ്ങനെ എണ്ണമറ്റ ചോദ്യങ്ങൾ ചടയമംഗലം ഇഞ്ചാർജിന് ചോദിക്കാനുണ്ടായിരുന്നുവെന്ന് പലരും പറയുന്നുണ്ട്. പക്ഷേ, കൃത്യനിഷ്ഠയിൽ വെള്ളം ചേർക്കാൻ ഒരുക്കമല്ലാത്തതിനാലും മുഖം നോക്കാതെ ഇടപെടണമെന്ന കർശന നിർദ്ദേശം, മോൻസൻമാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പിന് ശേഷം പിണറായി സഖാവ് നേരിട്ടുതന്നെ നൽകിയതിനാലും ഇഞ്ചാർജ് മുഖം ഉയർത്തിയതേയില്ല. ഇപ്പോൾ വന്നത് രാമനാണ്. ഇനി ദേവേന്ദ്രനോ അദ്ദേഹത്തിന്റെ അച്ഛൻ മുത്തുപ്പട്ടരോ ദേവലോകത്ത് നിന്ന് ഇറങ്ങിവന്നാലും കേരളപൊലീസ് കുലുങ്ങില്ല. രാമനിൽ നിന്ന് ഈടാക്കിയ അതേ പെറ്റി തന്നെ അവരിൽ നിന്നും ഈടാക്കിയിരിക്കും.

കാഞ്ഞങ്ങാട്ട് പശുവിന് പുല്ല് പറിക്കാൻ പോയ ആളിൽനിന്ന് പെറ്റിയടിക്കുന്നതും ദശരഥ പുത്രനായ രാമനിൽ നിന്ന് പെറ്റിയടിക്കുന്നതും ഒരേ ആർജ്ജവത്തോടെയാണ് കേരള പൊലീസ് ചെയ്തുപോരുന്നത് എന്നതിനാലാണ്, കേരള പൊലീസിന് പന്തിയിൽ പക്ഷഭേദമില്ല എന്നെല്ലാവരും പറയുന്നത്. ആ ഇഞ്ചാർജുമാരെപ്പറ്റി എന്തെന്നില്ലാത്ത അഭിമാനബോധം തോന്നാത്തവരായി ആരുണ്ടീ ഭൂഗോളത്തിൽ!

  

ഹിരണ്യകശിപു ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും നിലപാടിൽ ഉറച്ചുനിന്ന പ്രഹ്ലാദനെ ശോഭ സുരേന്ദ്രൻജി ഓർമ്മിച്ചത് വി.മുരളീധർജിയെയും കേസുരേന്ദ്രൻജിയെയും ഒന്ന് പേടിപ്പിക്കാൻ മാത്രമാണ്. ശോഭാജിയുടെ മുന്നറിയിപ്പിന് ശേഷവും ആട്ടുകല്ലിന് കാറ്റടിച്ച രൂപത്തിൽ കേസുരേന്ദ്രൻജിയും മുരളീധർജിയും അനക്കമറ്റ് ഇരിക്കുന്ന സാഹചര്യത്തിൽ അറ്റകൈയ്‌ക്ക് നരസിംഹരൂപത്തിൽ കേസുരേന്ദ്രൻജിയുടെ മുന്നിലെത്തി പേടിപ്പിക്കാനാകുമോയെന്ന ചിന്തയിലാണ് ശോഭാജിയെന്ന് കേൾക്കുന്നു. നരസിംഹം തൂണിലും ഒളിച്ചിരിക്കാനിടയുള്ളതിനാൽ സുരേന്ദ്രൻജി ഒന്ന് കരുതുന്നത് നന്നായിരിക്കും!

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISHESHAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.